Hajj All Makkah

ജംറകള്‍

ഹജ്ജിന്റെ ഭാഗമായി കല്ലേറ് നടത്തുന്ന സ്ഥലമാണ് ജംറകള്‍.

ഇവ മൂന്നെണ്ണമാണുള്ളത്. എല്ലാം സ്ഥിതിചെയ്യുന്നത് മിനയിലാണ്.
1) ജംറത്തുല്‍ ഊലാ (ജംറത്തുസ്സുഗ്‌റ): മസ്ജിദുല്‍ ഖൈഫിന്റെ ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്നു.
2) ജംറത്തുല്‍ വുസ്ത്വ: സുഗ്‌റയില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലാണിത് സ്ഥിതിചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ മറ്റ് രണ്ട് ജംറകള്‍ക്കിടയിലാണിതുള്ളത്.
3) ജംറത്തുല്‍ അഖബ: വുസ്ത്വയില്‍ നിന്ന് 247 മീറ്റര്‍ അകലെ മക്കയുടെ ദിശയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ജംറയില്‍ കല്ലെറിയുന്നതിന് സ്തൂപവും ചുറ്റും തളവും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. സ്തൂപം ഇബ്‌റാഹിം നബി(അ)യെ ബലിയറുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഇബ്‌ലീസിനെയാണ് പ്രതിനിധീകരിക്കുന്നത്. വെറും കുന്നുകളായിരുന്ന ഈ ഭാഗം ഹാജിമാരുടെ സൗകര്യാര്‍ഥം ഇപ്പോള്‍ നിരപ്പാക്കിയിട്ടുണ്ട്. കല്ലെറിയുന്ന സന്ദര്‍ഭത്തില്‍ സാധാരണ ഉണ്ടാകാറുള്ള തിക്കുംതിരക്കും ഒഴിവാക്കുന്നതിന്ന് സര്‍ക്കാര്‍ അവിടെ വ്യത്യസ്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ധാരാളം ഓവര്‍ബ്രിഡ്ജുകളും മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നാല് നിലകളിലായുള്ള ഓവര്‍ബ്രിഡ്ജിന്റെ എല്ലാ നിലകളില്‍ നിന്നും ഇപ്പോള്‍ ജംറയെ എറിയാന്‍ സൗകര്യമുണ്ട്. ഈ നാല് നിലകളിലുമായി 11 പ്രവേശനകവാടങ്ങളും 12 പുറത്തേക്കുള്ള വഴികളുമുണ്ട്. അടിയന്തിരഘട്ടങ്ങളില്‍ രക്ഷപ്പെടാനുള്ള ഹെലിപ്പാടുകളും അന്തരീക്ഷ ഊഷ്മാവ് 29 ഡിഗ്രിയില്‍ നിലനിര്‍ത്താനുള്ള സംവിധാനങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 12 തട്ടുകളിലായി അഞ്ചു മില്യണ്‍ ഹാജിമാരെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന തരത്തിലുള്ള മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.

About the author