Hajj All Hajj Fatwa

ഇഹ്‌റാം ചെയ്യാതെ മീഖാത്ത് വിട്ടുകടന്നാല്‍

ചോദ്യം: ഹജ്ജിനോ ഉംറക്കോ മറ്റേതെങ്കിലും ആവശ്യത്തിനോ വേണ്ടി ഇഹ്‌റാം ചെയ്യാതെ മീഖാത്ത് കടന്നു പോയാല്‍ എന്താണ് വിധി?

ഹജ്ജോ ഉംറയോ ഉദ്ദേശിച്ച വ്യക്തി ഇഹ്‌റാമില്‍ പ്രവേശിക്കാതെ മീഖാത്ത് കടന്ന് പോയാല്‍ തിരിച്ചുവന്ന് മീഖാത്തില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിക്കേണ്ടതാണ്. പ്രവാചകന്റെ കല്‍പന അപ്രകാരമാണ്. മദീനക്കാര്‍ ദുല്‍ഹുലൈഫയില്‍ നിന്നും ശാമുകാര്‍ അല്‍ജുഹ്ഫയില്‍ നിന്നും നജ്ദുകാര്‍ ഖര്‍നില്‍ മനാസിലില്‍ നിന്നും യമന്‍കാര്‍ യലംലമില്‍ നിന്നും ഇഹ്‌റാം ചെയ്യണമെന്ന് ഇബ്‌നു അബ്ബാസ് നിവേദനം ചെയ്ത ഹദീസില്‍ രേഖപ്പെടുത്തുന്നു. ഹജ്ജോ ഉംറയോ ഉദ്ദേശിച്ചുവരുന്ന തദ്ദേശവാസികള്‍ക്കും അതിലൂടെ കടന്നുവരുന്ന മറ്റ് രാജ്യനിവാസികള്‍ക്കുമുള്ള മീഖാത്താണവ.

ഹജ്ജോ ഉംറയോ ആണ് ഉദ്ദേശമെങ്കില്‍ മീഖാത്തില്‍ നിന്ന ഇഹ്‌റാം ചെയ്യല്‍ നിര്‍ബന്ധമാണ്. ഹജജ് മാസങ്ങളിലാണ് യാത്രയെങ്കില്‍ ആദ്യം ഉംറക്കുവേണ്ടി ഇഹ്‌റാം ചെയ്യുക. ത്വവാഫും സഅ്‌യും നിര്‍വഹിച്ച് മുടി വെട്ടുകയോ വടിക്കുകയോ ചെയ്തു ഇഹ്‌റാമില്‍ നിന്ന് ഒഴിവാകുക. സമയമാകുമ്പോള്‍ ഹജ്ജിന് ഇഹ്‌റാം ചെയ്യുക. മീഖാത്തിലൂടെ കടന്നു പോകുന്നത് ഹജ്ജ് മാസങ്ങളിലല്ലെങ്കില്‍ ഉംറക്കുവേണ്ടി മാത്രം ഇഹ്‌റാം ചെയ്യുക.

മക്കയിലെത്തിയത് ഹജ്ജോ ഉംറയോ ഉദ്ദേശിച്ചുകൊണ്ടല്ലെങ്കില്‍ ഇഹ്‌റാം ചെയ്യാതെ മക്കയില്‍ പ്രവേശിക്കാവുന്നതാണ്. ഇതാണ് മിക്ക പണ്ഡിതരുടെയും അഭിപ്രായം. എന്നാല്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തി ഉംറ നിര്‍വഹിക്കുന്നതാണ് ഉത്തമം.

About the author

admin