Hajj All

എബോളയെ തുരത്തി സീറാ ലിയോണ്‍ മുസ്‌ലിംകള്‍ ഈ വര്‍ഷം ഹജ്ജിനെത്തുന്നു

ഫ്രീടൗണ്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സീറാ ലിയോണില്‍ നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം യാത്ര പുറപ്പെട്ടു. രാജ്യത്ത് പടര്‍ന്ന് പിടിച്ച എബോള വൈറസ് ബാധയെ തുടര്‍ന്നാണ് അവിടെ നിന്നുള്ള തീര്‍ഥാടകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 800 പേരുള്ള ആദ്യ സംഘത്തെ സീറാ ലിയോണ്‍ പ്രസിഡന്റ് ഏണസ്റ്റ് ബായ് കൊറോമ യാത്രയയച്ചു. വീണ്ടും തീര്‍ഥാടകര്‍ക്ക് വിശുദ്ധ നാടുകളിലേക്ക് യാത്ര തിരിക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. ഇസ്‌ലാമിന്റെ ഇരുണ്ട ചിത്രം അവതരിപ്പിക്കാനാണ് ഭീകരത ശ്രമിക്കുന്നത്. എന്നാല്‍ അതില്‍ നിന്നും തീര്‍ത്തും വിരുദ്ധമായി സമാധാനത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും സാഹോദര്യത്തിന്റെയും മതമാണ് ഇസ്‌ലാമെന്നും കൊറോമ പറഞ്ഞു. ഹജ്ജ് വേളയിലും തുടര്‍ന്നും സമാധാന ദൂതന്‍മാരായി തീര്‍ഥാടകര്‍ മാറണമെന്നാണ് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും ഹാജിമാരോട് അദ്ദേഹം പറഞ്ഞു.
സീറാ ലിയോണില്‍ എബോള വൈറസിനെ പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്തതായി കഴിഞ്ഞ മാര്‍ച്ചിലാണ് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്. 2012 ഡിസംബറിലാണ് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള രോഗം പ്രത്യക്ഷപ്പെട്ടത്. പതിനൊന്നായിരത്തോളം ആളുകളുടെ മരണത്തിന് അപകടകരമായ ഈ വൈറസ് കാരണമായിട്ടുണ്ടെന്നും അനദോലു റിപോര്‍ട്ട് സൂചിപ്പിച്ചു.

About the author

Islam Onlive