Hajj All

ഹജ്ജിന്റെ വിജയം ശത്രുക്കള്‍ക്കുള്ള മറുപടി: അമീര്‍ ഖാലിദ് ഫൈസല്‍

മിന: അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെ ഏറ്റവും ഭംഗിയായി ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയായത് ശത്രുക്കളുടെ കുപ്രചാരണങ്ങള്‍ക്കുളള മറുപടിയാണെന്ന് മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് ഫൈസല്‍ പറഞ്ഞു. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഭീകരതയും തീവ്രവാദവും മതമല്ലെന്ന് ഹജ്ജ് തീര്‍ഥാടകര്‍ തെളിയിച്ചു. വളരെ ചെറിയ ന്യൂനപക്ഷമാണ് ഇസ്‌ലാമിന്റെ ചിത്രം വികൃതമാക്കുന്നത്. കുറ്റമറ്റ ഹജ്ജ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സഊദി അറേബ്യക്കുള്ള കഴിവില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അല്ലാഹുവിന്റെ അതിഥികള്‍ക്ക് സേവനം നല്‍കുന്നതില്‍ സഊദി അറേബ്യ വിജയിച്ചു.
ഹജ്ജ് സീസണ് തൊട്ടുമുമ്പ് സൗദി അറേബ്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കുളള മറുപടിയാണ് ഈ വിജയം. ഹജ്ജ് തീര്‍ഥാടകരെ സേവിക്കുന്ന കാര്യത്തില്‍ സുരക്ഷാ സൈനികര്‍ ഏറ്റവും മികച്ച മാതൃകയാണ് കാണിച്ചത്. മക്കയും പുണ്യസ്ഥലങ്ങളും വികസിപ്പിക്കുന്നതിന് പദ്ധതികളുണ്ട്. ഇതില്‍ ചില പദ്ധതികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റ് ചില പദ്ധതികള്‍ സംബന്ധിച്ച് പഠനം നടത്തിവരുകയാണെന്നും അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു.
അറഫയില്‍ ഭീകരാക്രമണത്തിന് ശ്രമം ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി പറഞ്ഞു.
അറഫയില്‍ സുരക്ഷാ വകുപ്പുകളുടെ ക്യാമ്പിന് സമീപം ഭീകരാക്രമണത്തിനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സംശയകരമായ വസ്തു അറഫയില്‍ സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന വസ്തുവായിരുന്നില്ലെന്ന് തെളിഞ്ഞു. പകുതിയിലേറെ ഹജ്ജ് തീര്‍ഥാടകര്‍ ഇന്നലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി മിന വിട്ടു. ഇതോടെ മിനയില്‍ തിരക്കൊഴിഞ്ഞു. അവശേഷിക്കുന്ന ഹാജിമാര്‍ ഇന്ന് കല്ലേറ് കര്‍മം നിര്‍വഹിച്ച് മിനയോട് വിടപറയും.
ജിദ്ദ എയര്‍പോര്‍ട്ട് വഴി ഹജ്ജ് തീര്‍ഥാടകരുടെ മടക്കയാത്ര ഇന്ന് ആരംഭിക്കും. മദീന വിമാനത്താവളത്തില്‍ നാളെ മുതലാണ് ഹാജിമാരുടെ മടക്കയാത്ര. ജിദ്ദ വഴി ഏഴര ലക്ഷം ഹാജിമാരും മദീന വിമാനത്താവളത്തിലൂടെ അഞ്ച് ലക്ഷ ം തീര്‍ഥാടകരും സ്വദേശങ്ങളിലേക്ക് മടങ്ങും. ഹാജിമാരെ തിരിച്ചുകൊണ്ടുപോകുന്നതിന് 41 വിമാന കമ്പനികള്‍ 2,091 സര്‍വീസുകള്‍ മദീനയില്‍ നിന്ന് നടത്തും. മുഹറം പതിനഞ്ചിന് ഹാജിമാരുടെ മടക്കയാത്ര പൂര്‍ത്തിയാകും.

About the author

Islam Onlive