Hajj All Makkah

അറഫാത്ത്

ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണ് അറഫയില്‍ നില്‍ക്കുക എന്നത്. ഹറമില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ തെക്കു കിഴക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹറമിന്റെ അതിര്‍ത്തിക്ക് പുറത്താണിത്. 10 കിലോമീറ്റര്‍ നീളവും 6 കിലോമീറ്റര്‍ വീതിയുമുണ്ട് അറഫാ താഴ്‌വരക്ക്. ഭൂമിയിലെത്തിയ ആദമും ഹവ്വയും ആദ്യമായി കണ്ടുമുട്ടിയത് ഈ താഴ്‌വരയിലാണെന്ന് പറയപ്പെടുന്നു. അവര്‍ പരസ്പരം തിരിച്ചറിഞ്ഞു എന്ന അര്‍ത്ഥത്തിലാണ് അറഫ എന്ന പേര് നല്‍കപ്പെട്ടത്. ജനങ്ങള്‍ ഇവിടെവെച്ച് അല്ലാഹുവോട് തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറയുന്നതുകൊണ്ട് ‘സമ്മതിക്കുക’ എന്ന അര്‍ത്ഥിലുള്ള ‘ഇഅ്തറഫ’യില്‍ നിന്ന് ലഭിച്ചതാണ് ഈ നാമമെന്നും പറയപ്പെടുന്നുണ്ട്. ഹാജിമാര്‍ ഇവിടെ എത്തുമ്പോള്‍ നേരിടുന്ന പ്രയാസങ്ങളെ ക്ഷമാപൂര്‍വം നേരിടുന്നതുകൊണ്ട് ക്ഷമ എന്ന് അര്‍ത്ഥം വരുന്ന ‘ഇര്‍ഫ്’ എന്നപദത്തില്‍ നിന്നാണ് അറഫയുണ്ടായത് എന്നും അഭിപ്രായമുണ്ട്. ജിബ്‌രീല്‍(അ) ഇബ്‌റാഹീമിന് ഹജ്ജിന്റെ കര്‍മങ്ങള്‍ പഠിപ്പിച്ച് കൊടുത്തപ്പോള്‍ ഈ താഴ്‌വരയിലെത്തിയപ്പോള്‍ നിനക്ക് മനസ്സിലായോ എന്ന അര്‍ത്ഥത്തില്‍ ‘അറഫ്ത’ എന്ന് ചോദിച്ചു. ഇതില്‍ നിന്നാണ് അറഫയുണ്ടായതെന്നാണ് മറ്റൊരു മതം.

അറഫയില്‍ എത്താന്‍ 9 പ്രധാന റോഡുകളാണ് ഉള്ളത്. ബൈപ്പാസുകളും റിംഗ്‌റോഡുകളും ധാരാളമുണ്ട്. പുറമെ ചൂട് നിയന്ത്രണത്തിനും അന്തരീക്ഷ വായു ശുദ്ധീകരണത്തിനും പ്രത്യേക സംവിധാനങ്ങളുണ്ട്. തണല്‍ ലഭിക്കുന്നതിനായി വേപ്പുമരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുമുണ്ട്. അറഫയുടെ അതിര്‍ത്തികള്‍ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

About the author