ഹാജിമാര്‍ പെരുന്നാല്‍ ദിവസം കൂടാതെ മൂന്നുദിവസമാണ് മിനായില്‍ താമസിക്കേണ്ടത്. ദുല്‍ഹജ്ജ് 11,12,13 ദിവസങ്ങളിലാണത്. ഈ ദിവസങ്ങള്‍ക്ക് അയ്യാമിത്തശ്രീഖ് എന്നും പേരുണ്ട്. പൗരാണിക കാലത്ത് ഹാജിമാര്‍ മിനായില്‍ താമസിക്കുന്ന മൂന്നു ദിവസങ്ങളില്‍ ബലിമൃഗത്തിന്റെ മാംസം വെയിലത്തിട്ട് ഉണക്കി എടുക്കുക പതിവായിരുന്നു. അതു കൊണ്ടാണ് ഈ നാളുകള്‍ക്ക് അയ്യാമുത്തശ്രീഖ് മാംസം വെയിലത്തിട്ട് ഉണക്കിയെടുക്കുന്ന ദിവസങ്ങള്‍ എന്ന് പേര് വന്നത്. മാംസം വെയ്ലത്തിട്ട് ഉണക്കുന്നതിന്ന് ശര്‍ഖ് എന്ന് പറയുന്നു. പ്രസ്തുത ദിവസങ്ങളില്‍ മൂന്ന് ജംറകളില്‍ കല്ലെറിയേണ്ടതാണ്. ആദ്യം ജംറത്തുസ്സഗ്റായിലും പിന്നീട് വുസ്വത്വായിലും അവസാനം അഖബയിലും കല്ലെറിയണം. ഒന്നാമത്തെയും രണ്ടാമത്തെയും ഏറ് കഴിഞ്ഞാല്‍ കഅ്ബക്ക് നേരെ തിരിഞ്ഞ് പ്രാര്‍ഥിക്കണം.
ഓരോ ദിവസവും ഉച്ചക്ക് ശേഷമാണ് കല്ലെറിയേണ്ടത്. അതിന് മുമ്പ് എറിഞ്ഞവര്‍ വീണ്ടും എറിയണം. ഒരു ദിവസം എറിയാന്‍ സൗകര്യപ്പെടാത്തവന് അടുത്ത ദിവസം എണ്ണം കൂട്ടിയെറിഞ്ഞാല്‍ മതി. അതിനും സാധിച്ചില്ലെങ്കില്‍ ഒരാടിനെ ബലിയറുക്കണം. എറിയാന്‍ മറ്റൊരാളെ ഏല്പിക്കാവുന്നതാണ്. ദുല്‍ഹജ്ജ് 12ന് ഹറം വിടാന്‍ ഉദ്ദേശിക്കുന്നവര്‍ സൂര്യാസ്തമയത്തിന് മുമ്പ് ഹറം വിടണം. ഇല്ലെങ്കില്‍ അന്നുകൂടി അവിടെ തങ്ങിയ ശേഷമേ മടങ്ങാവൂ.