Hajj All Hajj Fatwa

തിരക്കില്‍ സ്ത്രീപുരുഷന്മാര്‍ സ്പര്‍ശിച്ചാല്‍

ചോദ്യം: ത്വവാഫിനിടയില്‍ സ്ത്രീപുരുഷന്മാര്‍ പരസ്പരം സ്പര്‍ശിച്ചാല്‍ ത്വവാഫ് നിഷ്ഫലമാവുമോ?

ത്വവാഫിന്റെ അവസരത്തിലോ തിരക്കിനിടയിലോ എവിടെവെച്ചായാലും സ്ത്രീ പുരുഷന്മാര്‍ പരസ്പരം സ്പര്‍ശിച്ചാല്‍ ത്വവാഫിന് യാതൊരു ദോഷവും വരികയില്ല. പണ്ഡിതന്മാരുടെ പ്രബലമായ അഭിപ്രായമനുസരിച്ച് ത്വവാഫിനെയും വുദുവിനെയും ഇത് ബാധിക്കുകയില്ല. പൗരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ ഈ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്. ഇബ്‌നു ബാസിനെ പോലുള്ള സലഫീ പണ്ഡിതരും ഈ വീക്ഷണത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ത്വവാഫിനിടയില്‍ വൈകാരികതയോടെ സ്പര്‍ശിക്കുന്ന പ്രശ്‌നം വരുന്നില്ല. കാരണം ഭാര്യാഭര്‍ത്താക്കളാണെങ്കിലും പരസ്പരം അത്തരം പ്രവര്‍ത്തികള്‍ ഇഹ്‌റാമിലായിരിക്കേ ചെയ്യാന്‍ പാടില്ല. അതുകൊണ്ട്തന്നെ മനപ്പൂര്‍വ്വം അന്യസ്ത്രീയെ തൊടുകയെന്നത് ഹജ്ജില്‍ സങ്കല്‍പിക്കാന്‍ തന്നെ സാധിക്കില്ല. എന്നാല്‍ തിരക്കിന്റെയും മറ്റും കാരണങ്ങളാല്‍ ഹജ്ജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്ത്രീപുരുഷന്മാര്‍ സ്പര്‍ശിക്കുന്നത് പ്രശ്‌നമല്ല. അത് അനിവാര്യതയാണെന്നതിനാല്‍ നിര്‍ബന്ധിതാവസ്ഥയിലെ വിധിയായി മനസ്സിലാക്കാവുന്നതാണ്.

വുദുവിന്റെ കാര്യത്തില്‍ സ്ത്രീപുരുഷ സ്പര്‍ശനത്തിന്റെ വിധിയിലേക്കും ഇതിനെ ഖിയാസ് ചെയ്യാവുന്നതാണ്. സ്ത്രീപുരുഷ സ്പര്‍ശനമുണ്ടായാല്‍ നിരുപാധികം വുദുമുറിയുമെന്നാണ് ശാഫീ ഇമാമിന്റെ അഭിപ്രായം. എന്നാല്‍ ഭൂരിപക്ഷവും എതിരഭിപ്രായക്കാരാണ്. അതുകൊണ്ടുതന്നെ ത്വവാഫിന്റെ കാര്യത്തില്‍ സ്ത്രീപുരുഷ സ്പര്‍ശനം പ്രശ്‌നമല്ലെന്നാണ് മുന്‍ഗണന നല്‍കാവുന്ന അഭിപ്രായം.

About the author