Hajj All Hajj Experiences

കഅ്ബ കാണുന്ന നേരം

ശീതീകരിച്ച ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഹൃദയമിടിപ്പ് കൂടിക്കൂടി വരുന്നു. ആത്മാവില്‍ കടലിരമ്പം. ശരീരത്തിലെ രോമകൂപങ്ങള്‍ പോലും വിറകൊള്ളുന്നത് പോലെ. പുറപ്പെടുന്നത് മറ്റെവിടേക്കുമല്ല. ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയിച്ച, എന്നാല്‍ ഓരോ വിശ്വാസിയുടെയും സ്വപ്‌നങ്ങളില്‍ അടങ്ങാത്ത അഭിനിവേശമായ് കടന്നുവരാറുളള കഅ്ബ കണ്ണു കരളും നിറയെ കാണാന്‍ പോവുകയാണ്. ആ പ്രഥമ ദര്‍ശ വേളയില്‍ ഓരോ വിശ്വാസിയുടെയും വികാരവായ്പുകള്‍ എവ്വിധമായിരിക്കും ! കൗതുകവും ആശ്ചര്യവും നിറഞ്ഞതായിരിക്കും ആ കാഴ്ച്ച, തീര്‍ച്ച!!

ഹോട്ടലിന്റെ പുറത്ത് ഒരല്‍പം ഉയരമുള്ള സ്ഥലത്ത് തേജസ്സാര്‍ന്ന മുഖമുള്ള ഒരു യുവാവ് എഴുന്നേറ്റ് നിന്ന് നിര്‍ദേശങ്ങള്‍ നല്‍കാനാരംഭിച്ചു. എഴുതിവെച്ച കടലാസിലെ വരണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നില്ല അദ്ദേഹം. ആത്മാവിന്റെ മൃതസ്ഥലികളെ തൊട്ടുണര്‍ത്തുന്നതായിരുന്നു ആ സംസാരം. മക്കയിലെയും മദീനയിലെയും ഓരോ മണല്‍തരികളിലും നിലീനമായിട്ടുള്ള പ്രവാചകന്റെ കാല്‍പാടുകളെ കുറിച്ചും ഈ മണ്ണിന്റെ പവിത്രതയെ കുറിച്ചും അദ്ദേഹം മനം കുളിര്‍ക്കെ വിവരിച്ചു. ഇബ്‌റാഹീമി സ്മൃതികളുടെ പുനരാവിഷ്‌കാരമാണ് ഇവിടെ നടക്കാന്‍ പോകുന്നത്.

ഹോട്ടല്‍ മുറിക്ക് പുറത്ത് പ്രതീക്ഷക്ക് വിപരീതമായി നല്ല തണുപ്പാണ് യഥ്‌രിബിനെയും ഹിജാസിനെയുമെല്ലാം തഴുകിയെത്തുന്ന ആ തണുത്ത കാറ്റിന് എന്തൊക്കെ വിശേഷങ്ങളാകും പറയാനുണ്ടാകുക? ആ യുവാവ് സംസാരം അവസാനിപ്പിച്ചു. കരുളായിക്കാരന്‍ അബൂബക്കറാണ് അദ്ദേഹമെന്ന് പിന്നീട് വിശദമായ പരിചയപ്പെടലില്‍ മനസ്സിലായി. കഷ്ടിച്ച് അര കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ നമ്മുടെ ഹോട്ടല്‍ മുറിയില്‍ നിന്നും ഹറമിലേക്ക്. എല്ലാവരും കൂട്ടം ചേര്‍ന്ന് പുറപ്പെട്ടു തുടങ്ങി. ഞാന്‍ എന്റെ സഹയാത്രികരുടെ കണ്ണുകളിലേക്ക് നോക്കി. അഭിനിവേശത്തിന്റെ രണ്ടു മഹാഗോളങ്ങളായി അവ എനിക്ക് തോന്നി. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. ചിലരുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. പ്രാര്‍ഥനാ നിര്‍ഭരമായ മഹാമൗനങ്ങളാണ് ആത്മീയതയുടെ ഏറ്റവും പവിത്രമായ ആനന്ദം എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി.

ഇപ്പോള്‍ ദൂരെ നിന്ന് മസ്ജിദുല്‍ ഹറാമിലെ കൂറ്റന്‍ മിനാരങ്ങള്‍ കാണാം. ഹറം വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുകയാണ്. അവിടെ ചുണ്ടുകളിലും ഹൃദയങ്ങളിലും ഒന്നു മാത്രമേയുള്ളൂ. നിലക്കാത്ത പ്രാര്‍ഥന.. പലരാജ്യത്തു നിന്നും വന്ന തീര്‍ത്താടകര്‍ കൂട്ടംകൂട്ടമായും ഒറ്റക്കും മസ്ജിദുല്‍ ഹറാമിനെയും കഅ്ബയെയും ലക്ഷ്യം വെച്ച് നീങ്ങുകയാണ്.

മസ്ജിദുല്‍ ഹറാമിന്റെ അകത്ത് പ്രവേശിക്കാന്‍ എല്ലാവരും തെരെഞ്ഞെടുക്കുന്നത് ‘ബാബുസ്സലാം’ എന്ന കവാടമാണ്. അതിന്റെ നേരെ എതിര്‍വശത്ത് അകലെ ഒരു ചെറിയ ലൈബ്രറി കാണാം. അത് പ്രവാചകന്‍(സ) ആഇശ(റ)വിനോടൊപ്പം താമസിച്ച വീടായിരുന്നുവത്രെ. സമാധാനത്തിന്റെ കവാടത്തിലൂടെ അകത്ത് കടക്കാന്‍ ഹാജിമാര്‍ ധൃതികൂട്ടി. കവാടത്തിലൂടെ അകത്തേക്ക് ആദ്യകാലെടുത്ത് വെക്കുമ്പോള്‍ തന്നെ കഅ്ബയുടെ കില്ലയുടെ അറ്റം പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ സംഭവിച്ച വികാരത്തള്ളിച്ച വാക്കുകള്‍ കൊണ്ട് വര്‍ണിക്കുക ശ്രമകരമാണ്. അല്ലാഹുവിനെ ഓര്‍ത്ത് കരയാന്‍ സാധിക്കുക വലിയൊരു അനുഗ്രഹമാണ്. പക്ഷെ അധിക പേര്‍ക്കും അങ്ങനെ കരയാന്‍ കഴിയാറില്ല. പക്ഷെ കഅ്ബ കണ്ടതും ഉള്ളിലുള്ള പാപത്തിന്റെ മുഴുവന്‍ സാഗരങ്ങളും ആര്‍ത്തിരമ്പി കണ്ണീരായ് പ്രവഹിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. കഅ്ബയുടെ ചിത്രം പൂര്‍ണമായി കണ്ട ഉടനെ ചില ഹാജിമാര്‍ സുജൂദില്‍ വീണ്ട് അല്ലാഹു അക്ബര്‍ പറഞ്ഞ് നിര്‍ത്താതെ തേങ്ങുകയാണ്. മറ്റ് ഹാജിമാരിലേക്കും ഞാന്‍ നോക്കി. ചിലര്‍ നിശ്ചേതനരായി കഅ്ബയെ സാകൂതം നോക്കുന്നു. കണ്ണീരിറ്റുന്ന ആ കണ്ണുകളില്‍ നിറയെ വിസ്മയം. കഅ്ബയുടെ പ്രഥമ ദര്‍ശനത്തിന്റെ അനുഭൂതിയിലാണ് യഥാര്‍ത്ഥത്തില്‍ പരിപാവനമായ ഹജ്ജ് ആരംഭിക്കുന്നത്.

About the author

ഷംസീര്‍. എ.പി