Back To Top

 അല്ലാഹുവിന്റെ പ്രിയ കൂട്ടുകാരന്‍

അല്ലാഹുവിന്റെ പ്രിയ കൂട്ടുകാരന്‍

Spread the love

പ്രവാചക പ്രഭു മുഹമ്മദ് നബി(സ)യുടെയും കുടുംബത്തിന്റെയും പേരില്‍ സ്വലാത്ത് ചൊല്ലുമ്പോള്‍ കൂടെ സ്മരിക്കപ്പെടുന്ന ഏക പ്രവാചകന്‍ ഇബ്‌റാഹീം നബിയാണ്. അതിനുമാത്രം എന്തു പ്രത്യേകതയാണ് അദ്ദേഹത്തിനുള്ളത്? ഇബ്‌റാഹീം നബിയെ കുറിച്ച ഖുര്‍ആനിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിന്റെ മറുപടി ലഭിക്കും. അതില്‍ സുപ്രധാനമായ ചുവടെ വിവരിക്കുന്നു.

1.ഹലീം
വിശാലമനസ്‌കന്‍, ശാന്തഹൃദയന്‍, സഹനശീലന്‍, വിവേകശാലി  എന്നീ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വിശേഷണം ഖുര്‍ആന്‍ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കുമ്പോള്‍ അതിന്റെ അനുയോജ്യത നമുക്ക് ഗോപ്യമല്ല.

ഇബ്‌റാഹീം (അ) പിതാവിന്റെ മുന്നില്‍ ഇസ്‌ലാമിന്റെ സന്ദേശം അവതരിപ്പിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും വീട്ടില്‍ നിന്ന് ആട്ടിയിറക്കുകയും ചെയ്തുകൊണ്ടാണ് പിതാവ് അതിനോട് പ്രതികരിച്ചത്. പക്ഷേ ഇബ്‌റാഹീം (അ) ഒട്ടു പ്രകോപിതനാവുന്നില്ല. എല്ലാം സഹനപൂര്‍വം നേരിട്ട് വളരെ ശാന്തനായി പറഞ്ഞു: താങ്കള്‍ക്ക് രക്ഷയുണ്ടാവട്ടെ. ഞാന്‍ താങ്കളുടെ പാപം പൊറുത്തുതരാനായി എന്റെ നാഥനോട് പ്രാര്‍ഥിക്കും.

പിന്നീട് സമൂഹമധ്യേ ഇസ്‌ലാമിക സന്ദേശപ്രചാരണാര്‍ഥം കര്‍മനിരതനായപ്പോള്‍, വളരെ അവധാനതയോടെയും വിവേകത്തോടെയും തൗഹീദ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സമൂഹത്തിന്റെ എതിര്‍പ്പുകളെയും പരിഹാസങ്ങളെയും സഹനപൂര്‍വം മറികടക്കാനുള്ള വിശാലത അദ്ദേഹം പ്രകടിപ്പിക്കുന്നു.

രാജാവുമായുള്ള സംഭാഷണത്തിലും ഈ വിവേകം നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നു. ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നനാണ് എന്റെ റബ്ബ് എന്ന ഇബ്‌റാഹീം നബിയുടെ പ്രസ്താവനയെ ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് രാജാവ് പ്രതിരോധിച്ചത്. വേണമെങ്കില്‍ അക്കാര്യം ഇബ്‌റാഹീം നബിക്ക് കുറച്ചുകൂടി വിശദമാക്കാമായിരുന്നു. എന്നാല്‍, തര്‍ക്കമറ്റ മറ്റൊരു കാര്യത്തിലേക്ക് രാജാവിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അദ്ദേഹം ചെയ്തത്. അതോടെ രാജാവിന് ഉത്തരം മുട്ടി. പ്രബോധകന്‍ കാണിക്കേണ്ട വിവേകത്തിന്റെ ഉത്തമ നിദര്‍ശനമാണത്.

അതുപോലെ, വിഗ്രഹങ്ങളുടെ ബലഹീനത തുറന്നുകാട്ടിയപ്പോഴും അദ്ദേഹത്തിലെ വിവേകശാലിയെ നാം തിരിച്ചറിയുന്നു. അവിടെയുണ്ടായിരുന്ന സംഘര്‍ഷ സാധ്യത വളരെ അവധാനതയോടെ കൈകാര്യം ചെയ്ത് അവരുടെ ചിന്തയെ ഉദ്ദീപിപ്പിക്കുകയായിരുന്നു അദ്ദേഹം. വിഗ്രഹങ്ങള്‍ തകര്‍ത്തത് അവരോട് ദേഷ്യമോ വെറുപ്പോ ഉണ്ടായിരുന്നതുകൊണ്ടല്ല. മറിച്ച്, തന്റെ ജനയോടുള്ള സ്‌നേഹമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. വിശ്വാസത്തിന്റെ മാര്‍ഗത്തിലുള്ള തടസ്സം നീക്കുകയായിരുന്നു അതുമുഖേന ലക്ഷ്യം വെച്ചത്. എന്നാല്‍ പരാജയം ബോധ്യപ്പെട്ട അവര്‍ നാണക്കേട് മറച്ചുവെക്കാന്‍ ഇബ്‌റാഹീമിനെ ശിക്ഷിക്കാന്‍ തീരുമാനിക്കുന്നു. താന്‍ തീകുണ്ഠാരത്തില്‍ എറിയപ്പെടാന്‍ പോവുകയാണെന്നറിഞ്ഞിട്ടും അക്ഷോഭ്യനായി നിലകൊള്ളുന്ന ഇബ്‌റാഹീം നബിയുടെ ഈമാന്‍ നാം തിരിച്ചറിയേണ്ടതുണ്ട്. തീയിലേക്ക് എടുത്തെറിയപ്പെടുമ്പോള്‍, എനിക്ക് അല്ലാഹുമതി, അവന്‍ ഭരമേല്‍പിക്കാന്‍ എത്ര അനുയോജ്യന്‍ എന്ന മന്ത്രമായിരുന്നു ഹൃദയത്തില്‍ നിന്നുറവയെടുത്ത് അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ തത്തിക്കളിച്ചിരുന്നത്.

ലൂത്വ് നബിയുടെ ജനതയെ നശിപ്പിക്കാന്‍ മലക്കുകള്‍ ആഗതരായപ്പോള്‍ ആ ശിക്ഷ നീട്ടിവെക്കാനും അവര്‍ക്ക് കുറച്ചുകൂടി സാവകാശം നല്‍കാനും  ആവശ്യപ്പെട്ടുകൊണ്ട് അല്ലാഹുവിനോട് തര്‍ക്കിച്ച ഇബ്‌റാഹീം നബിയുടെ ഹൃദയവിശാലത അനുക്തസിദ്ധമത്രെ.

സൂദീര്‍ഘമായ പ്രാര്‍ഥനകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ജീവിതത്തിന്റെ സായംസന്ധ്യയില്‍ അല്ലാഹു കനിഞ്ഞരുളിയ പിഞ്ചോമനയെയും പ്രിയതമയെയും ഫലജലജന ശൂന്യമായ മക്കാമരുഭൂമിയില്‍ കൊണ്ടുപോയി താമസിപ്പിക്കാനും പിന്നീട് ആ കുഞ്ഞിന്റെ കളിയും ചിരിയും കൊഞ്ചലും കൊണ്ട് സന്തോഷഭരിതമായ നാളുകള്‍ പിന്നിടവെ, അവനെ ബലിയര്‍പ്പിക്കാനും അല്ലാഹു ആജ്ഞാപിച്ചപ്പോള്‍ അതും നടപ്പിലാക്കാന്‍ തയ്യാറാവുന്നു ഇബ്‌റാഹീം (അ).  സന്താനസൗഭാഗ്യമില്ലായ്മയുടെ പേരില്‍ ദശാബ്ദങ്ങള്‍ സഹിച്ചു. കുഞ്ഞുണ്ടായപ്പോള്‍ അവരുടെ വേര്‍പാടും സഹനപൂര്‍വം തരണം ചെയ്തു. ഒടുവില്‍ തന്റെ പൊന്നോമനയെ ബലി നല്‍കാനും സജ്ജമായി. ഏതൊരു ഭര്‍ത്താവിന് / പിതാവിന് കഴിയും ഇതൊക്കെ? അല്ലാഹുവിന് വേണ്ടി ഭൗതികമായ എല്ലാ താല്പര്യങ്ങളും ത്യജിക്കാന്‍ ഇബ്‌റാഹീം തയ്യാറായി എന്നത് അസാമാന്യ ഈമാനും സഹനശേഷിയും ഉണ്ടെങ്കില്‍ മാത്രം സാധിക്കുന്ന കാര്യമാണ്.

2. അവ്വാഹ്
അങ്ങേയറ്റം മനോവ്യഥയുള്ളവന്‍ എന്നാണ് ഇതിന്റെ ആശയം. ജീവിതത്തില്‍ നേരിടേണ്ടി വന്ന പീഡനങ്ങളോ പരീക്ഷണങ്ങളോ സുഖസമൃദ്ധിയുടെ അഭാവമോ ഒന്നുമല്ല ഇബ്‌റാഹീമിനെ യഥാര്‍ത്ഥത്തില്‍ ഖിന്നനാക്കിയത്. മറിച്ച്, തന്റെ ജീവിതത്തില്‍ എന്തെങ്കിലും പാകപ്പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയായിരുന്നു . അതിന്റെ നെടുവീര്‍പ്പുകളെയാണ് അവ്വാഹ് എന്ന പദം ധ്വനിപ്പിക്കുന്നത്. കഅ്ബാ നിര്‍മ്മാണ ശേഷം ‘നാഥാ ഇത് സ്വീകരിക്കേണമേ’ എന്ന പ്രാര്‍ഥന തന്നെ ഈ കര്‍മം നിഷ്ഫലമായേക്കുമോ എന്ന ഭീതിയില്‍ നിന്നാണ് ഉയരുന്നത്.

3. മുനീബ്
നിരന്തരം പാപമോചന പ്രാര്‍ഥന നടത്തിയും കര്‍മങ്ങള്‍ നിഷ്‌കളങ്കമാക്കിയും അല്ലാഹുവിന്റെ സാമീപ്യവലയത്തില്‍ നിന്ന് പുറത്തുപോകാതിരിക്കാന്‍ സദാ ജാഗ്രത പുലര്‍ത്തി അദ്ദേഹം.

ഇബ്‌റാഹീം നബിയുടെ അനുപമ വ്യക്തിത്വത്തിന്റെ താക്കോല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ മൂന്ന് സ്വഭാവഗുണങ്ങളും സൂറത്തു ഹൂദിലെ 75ാം വചനത്തില്‍ അല്ലാഹു എടുത്തു പറയുന്നു. പ്രസ്തുത മൂന്ന് ഗുണങ്ങളുടെയും പര്യായമായിരുന്നു ഇബ്‌റാഹീം (അ).

4. ഏല്‍പിച്ച ദൗത്യങ്ങള്‍ വീഴ്ചവരുത്താതെ പൂര്‍ണമായി നിര്‍വഹിച്ചവന്‍
എന്നതാണ് ഇബ്‌റാഹീം നബിയെ കുറിച്ച് ഖുര്‍ആന്‍ പറയുന്ന മറ്റൊരു ഗുണം. ‘ദൗത്യം പൂര്‍ത്തീകരിച്ച ഇബ്‌റാഹീം’ (അന്നജ്മ് : 34) എന്ന പ്രസ്താവനയില്‍ പൂര്‍ണതയുടെ എല്ലാ വശങ്ങളും അന്തര്‍ലീനമായിരിക്കുന്നു. ആദര്‍ശം, ഇബാദത്ത്, ദഅ്‌വത്ത് എന്നിവയിലെല്ലാം തന്നില്‍ അര്‍പ്പിതമായ ബാധ്യതകള്‍ സമ്പൂര്‍ണമായി നിറവേറ്റി. അതുപോലെ, അല്ലാഹുവിന്റെ നിരോധനങ്ങള്‍ അതിലംഘിക്കാതിരിക്കാന്‍ പൂര്‍ണ ജാഗ്രത പാലിച്ചു.

5. ഖലീലുള്ളാഹ്
തനിക്ക് പ്രിയങ്കരമായതെല്ലാം അല്ലാഹുവിന്റെ താല്പര്യത്തിന് മുന്‍ഗണന നല്‍കി, അവന്റെ പ്രീതിയും ഇഷ്ടവും സമ്പാദിക്കാന്‍ വേണ്ടി ത്യജിച്ച ഇബ്‌റാഹീമിന് അല്ലാഹു പകരം നല്‍കിയ മഹോന്നതമായ സ്ഥാനമാണ് ഖലീലുള്ളാഹ് എന്നത്. ഒരാളെ അല്ലാഹു ആത്മമിത്രമായി സ്വീകരിക്കുക എന്നതിനര്‍ഥം അയാളെ അങ്ങേയറ്റം ഇഷ്ടപ്പെടുകയും അയാള്‍ക്ക് സവിശേഷം അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞുകൊടുക്കുകയും ചെയ്യുക എന്നാണ്. അല്ലാഹു ഇബ്‌റാഹീമിന് നിരവധി അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്തു. ലോകജനതയുടെ ഇമാമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍ അനവധി പേരെ പ്രവാചകന്‍മാരായി നിയോഗിച്ചു. അങ്ങനെ പ്രവാചകന്‍മാരുടെ പിതാവായി (അബുല്‍ അമ്പിയാഅ്) അദ്ദേഹം ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി.

6. ഉമ്മത്ത്
ജനങ്ങള്‍ക്ക് നന്മയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും അവര്‍ക്ക് വഴികാട്ടിയാവുകയും ഒരു യഥാര്‍ഥ ദൈവദാസന്റെ ഉദാത്ത മാതൃക ലോകത്തിന് സമര്‍പ്പിക്കുകയും ചെയ്ത അദ്ദേഹം ഒരു സമൂഹത്തെ ഗര്‍ഭം ധരിച്ച വ്യക്തിയായിരുന്നു. അഥവാ, ഒരു സമൂഹത്തിന്റെ ദൗത്യം ഒറ്റക്ക് ചുമലിലേറ്റിയ മഹാന്‍. അദ്ദേഹത്തിന്റെ കാല്പാടുകള്‍ അന്ത്യനാള്‍ വരെയുള്ള ജനസമൂഹങ്ങളില്‍ സജീവമായി നിലനില്‍ക്കുകയും ചെയ്യും.
അതുപോലെ, അനുസരണ ശീലനും, തൗഹീദ് മുറുകെ പിടിച്ച് ശരിയായ പാതയില്‍ നിലകൊള്ളുന്നവനും, അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുന്നവനുമായിരുന്നു അദ്ദേഹമെന്ന് ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നു. (അന്നഹ്ല്!: 120,121).
അദ്ദേഹത്തിന്റെ ഈ നിലപാടുകള്‍ക്ക് ഇഹത്തില്‍ നിരവധി സമ്മാനങ്ങള്‍ നല്‍കി. പരലോകത്തും വിലയേറിയ പാരിതോഷികങ്ങള്‍ ലഭിക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (അന്നഹ്ല്!:122). ഇഹത്തിലും പരത്തിലും നന്മ വരുത്തേണമേ എന്ന് നാം പ്രാര്‍ഥിക്കുമ്പോള്‍ ഇബ്‌റാഹീമിന് അത് ലഭിച്ചതായുള്ള ഖുര്‍ആനിന്റെ പ്രസ്താവന നാം ഗൗരപൂര്‍വം പഠിക്കേണ്ടതുണ്ട്. പ്രാര്‍ഥനയും പ്രവര്‍ത്തനവും ഒത്തുചേര്‍ന്നപ്പോഴാണ് അദ്ദേഹത്തിന് അത് ലഭിച്ചത് എന്ന് നാം അടിവരയിട്ട് മനസ്സിലാക്കണം.

7. അല്ലാഹുവിന്റെ പരീക്ഷണങ്ങളില്‍ വിജയം കരസ്ഥമാക്കിയപ്പോള്‍, അല്ലാഹു ഇബ്‌റാഹീം നബിയെ ലോകനേതാവായി പ്രഖ്യാപിച്ചു. ആ ഇമാമിന്റെ മില്ലത്ത് പിന്തുടരാന്‍ മുഹമ്മദ് നബിയോടും സത്യവിശ്വാസികളോടും അല്ലാഹു ആജ്ഞാപിക്കുകയും ചെയ്തു. മഖാമു ഇബ്‌റാഹീമില്‍ നമസ്‌കരിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിച്ചു. മക്കയെ നിര്‍ഭയ നാടാക്കാനുള്ള അദ്ദേഹത്തിന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ഇതിനേക്കാളെല്ലാം വലിയ ആദരവ് മറ്റെന്തുണ്ട്?

പച്ചയായ ഈ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും അത് പകര്‍ത്താനുള്ള മാനസികമായ തയ്യാറെപ്പുകളുണ്ടാവുകയും ചെയ്യുമ്പോഴാണ് ഹജ്ജും ബലി പെരുന്നാളുമെല്ലും സാര്‍ഥകമാവുന്നത്.

  • അബൂദര്‍റ് എടയൂര്‍
Prev Post

പെരുന്നാളിന് ബലിയറുക്കും മുമ്പ്‌

Next Post

സ്ത്രീകളും ഇഹ്‌റാം വസ്ത്രവും

post-bars

Related post

You cannot copy content of this page