Back To Top

 ഹജ്ജ്: ദിനചര്യകൾ

ഹജ്ജ്: ദിനചര്യകൾ

Spread the love

ഒന്നാം ദിവസം (ദുൽഹജ്ജ്-8, യൗമുത്തർവിയ )

* ജലസേചന ദിവസം എന്നാണ് ‘യൗമുത്തർവിയ’യുടെ അർഥം; ആദ്യകാലത്ത് ആവശ്യമായ വെള്ളവും മറ്റും ശേഖരിച്ച് അറഫയിലേക്കുവേണ്ടി തയാറെടുത്തിരുന്നത് അന്നായിരുന്നു.
* കുളിച്ച് വൃത്തിയായി മുറപോലെ ഇഹ്റാം ചെയ്യുക.
* ഇഹ്റാമിൽ ചെയ്യരുതാത്ത കാര്യങ്ങളെല്ലാം പൂർണമായി വർജിക്കുക.
* മിനായിൽ അല്ലാത്തവർ അങ്ങോട്ട് പുറപ്പെടുക.
* തൽബിയത്ത് – ( لبيك اللهم لبيك لبيك لا شريك لك لبيك إن الحمد والنعمة لك والملك لا شريك لك ) ധാരാളമായി ചൊല്ലിക്കൊണ്ടിരിക്കുക. ഇത് ദുൽഹജ്ജ് പത്താം ദിവ സത്തെ ഒന്നാമത്തെ കല്ലേറ് (ജംറത്തുൽ അഖബ) കഴിയുന്നതു വരെ തുടർന്നുകൊണ്ടിരിക്കേണ്ടതാണ്.
* ളുഹ്ർ, അസ്ർ, മ​ഗ് രിബ്, ഇശാ, പിറ്റേ ദിവസത്തെ ഫജ്ർ എന്നിവ മിനായിൽ വെച്ച് നമസ്കരിക്കുക; നാല് റക്അത്തുള്ള നമസ്കാരം ഖസ്വ്റ് ആക്കി, അതതിന്റെ സമയത്ത് (ജംഅ് ആക്കാതെ) നിർവഹിക്കണം. വിത് റും ഫജ്റിന്റെ സുന്നത്തും മിനായിൽ വെച്ചും നബി(സ) നിർവഹിച്ചിരുന്നു.
* പരമാവധി സമയം ദിക്റുകളിലും ദുആകളിലും ഖുർആൻ പാരായണത്തിലും മതപരമായ കാര്യങ്ങൾ വായിച്ചും കേട്ടും പഠിക്കുന്നതിലുമായി ചെലവഴിക്കണം.
* അത്യാവശ്യമല്ലാത്ത സംസാരം ചുരുക്കുക, തർക്കവിതർക്കങ്ങൾ തീർത്തും ഒഴിവാക്കണം.
* രാത്രി മിനായിൽ തന്നെ തങ്ങണം.

രണ്ടാം ദിവസം (ദുൽഹജ്ജ് 9, യൗമു അറഫ )

* ഫജ്ർ നമസ്കാരാനന്തരം, സൂര്യോദയത്തിനുശേഷം അറഫയിലേക്ക് പുറപ്പെടുക.
* ഉച്ചത്തിൽ തൽബിയത്തും തക്ബീറും ചൊല്ലിക്കൊണ്ടിരിക്കണം.
* അറഫയിൽ ഒരു നിമിഷവും പാഴായിപ്പോകാത്ത വിധം പരമാവധി ദിക്റും പ്രാർഥനയും പശ്ചാത്താപവുമായി കഴിഞ്ഞുകൂടുക.
* ളുഹ്റും അസറും രണ്ട് റക്അത്ത് വീതം ളുഹ്റിന്റെ സമയത്ത് ജംഉം ഖസ്റും ആക്കി ഒരു ബാങ്കും രണ്ട് ഇഖാമത്തുമായി നമസ്കരിക്കുക.
* നമസ്കാരശേഷം ഖിബ് ലക്കുനേരെ തിരിഞ്ഞ് കൈ ഉയർത്തി പരമാവധി പ്രാർഥിക്കുക. അറഫയിലെ ഏറ്റവും ശ്രേഷ്ഠമായ പ്രാർഥന
لا إله إلا الله وحده لا شريك له له الملك وله الحمد يحيي ويميت وهو على كل شئ قدير എന്നതാകുന്നു.
* ഹാജിമാർ അറഫാ ദിവസം നോമ്പ് നോൽക്കരുത്.
* സൂര്യാസ്തമനത്തിനു ശേഷം ബഹളമുണ്ടാക്കാതെ മുസ്ദലിഫയിലേക്ക് പുറപ്പെടണം.
* മുസ്ദലിഫയിൽ എത്തിയ ഉടനെ മ​ഗ് രിബും ഇശാഉം ജംഉം ഖസ്റുമായി (മൂന്നും രണ്ടും റക്അത്തുകളായി) നമസ്കരിക്കണം.

* രാത്രി മുഴുവനും അവിടെ തങ്ങി, ഫജ്ർ നമസ്കാരത്തിനു ശേഷം മിനായിലേക്ക് പുറപ്പെടണം. എന്നാൽ വൃദ്ധന്മാർക്കും തീരെ അവശരായവർക്കും നമസ്കാരത്തിനു മുമ്പ് മിനായിലേക്ക് പോകാവുന്നതാണ്.

മൂന്നാം ദിവസം (ദുൽഹജ്ജ് 10, യൗമുന്നഹ് ർ)

* തൽബിയത്ത് ചൊല്ലിക്കൊണ്ട് ശാന്തമായി മിനായിലേക്ക് നീങ്ങുക.
* മുസ്ദലിഫയിൽ നിന്നോ വഴിയിൽ നിന്നോ ഏഴു കല്ലുകൾ പെറുക്കുക.

മിനായിൽ എത്തിയാൽ

* സൂര്യോദയത്തിനുശേഷം അവസാനത്തേതും മക്കയോട് ഏറ്റവും അടുത്തതുമായ ജംറത്തുൽ അഖബയിൽ ഓരോന്നായി ഏഴു കല്ലുകൾ തക്ബീർ ചൊല്ലി എറിയുക.
* അറവ് നിർബന്ധമായിട്ടുള്ള തമത്തുഇന്റെയും ഖിറാനിന്റെയും ഹാജിമാർ അറവ് നിർവഹിക്കുക. നിർബന്ധമല്ലാത്തവർ ഉദ്ഹി യ്യത്ത് അറുക്കുക. വ്യക്തികളെയോ സ്ഥാപനങ്ങളെയോ ചുമതലപ്പെടുത്തിയവരും ഈ ദിവസം ബലിദിവസമാണെന്ന ഓർമയുണ്ടായിരിക്കണം (അറവ് ഒഴിവായിക്കിട്ടാനല്ല, ഒരു ഉദ്ഹിയ്യത്ത് എങ്കിലും അറുക്കാനായിരിക്കണം ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും). നബി (സ) 100 ഒട്ടകത്തെയായിരുന്നു അറുത്തിരുന്നത്, അതിൽ 63 എണ്ണവും സ്വന്തം കൈകൊണ്ട് തന്നെയായിരുന്നു അറുത്തിരുന്നത്.
* പുരുഷന്മാർ മുടി കളയുകയോ വെട്ടുകയോ ചെയ്യുക, സ്ത്രീകൾ വിരലിന്റെ നീളത്തിൽ മുടി വെട്ടുക മാത്രമേ ചെയ്യാവൂ.

ഇതോടെ ഒന്നാമത്തെ തഹല്ലുൽ സംഭവിക്കും. ചെയ്യരുതാത്ത കാര്യങ്ങളിൽ സ്ത്രീസംസർഗം ഒഴിച്ചുള്ള എല്ലാം ചെയ്യാവുന്നതാണ്.

* മക്കയിൽ പോയി ഹജ്ജിന്റെ ത്വവാഫും (ത്വവാഫുൽ ഇഫാള) സഅ് യും നിർവഹിക്കുക.

ഇതോടെ പൂർണ തഹല്ലുലായി.

* മിനായിലേക്ക് മടങ്ങി അവിടെ രാപാർക്കുക.

മേൽ പറഞ്ഞ മുൻഗണനാക്രമം തെറ്റിപ്പോയാൽ പ്രശ്നമില്ല.

നാലാം ദിവസം (ദുൽഹജ്ജ് -11 , യൗമുത്തശ് രീഖ് )

* മിനായിൽനിന്നും 21 കല്ലുകൾ പെറുക്കണം. ഓരോന്നായി ഏഴു കല്ലുകൾകൊണ്ട് ജംറത്തുൽ ഊലായിൽ തക്ബീർ ചൊല്ലി എറിയുക. പിന്നീട് തിരക്കിൽ നിന്നും മാറി കഅ്ബയുടെ നേരെ തിരിഞ്ഞുനിന്ന് പ്രാർഥിക്കുകയും വേണം.
* ഒന്നാമത്തെ ഏറ് കഴിഞ്ഞാൽ ജംറത്തുൽ വുസ്ത്വായിലും ജംറത്തുൽ ഊലായിൽ ചെയ്തതുപോലെ തക്ബീർ ചൊല്ലിക്കൊണ്ടുതന്നെ എറിയുക.
* ജംറത്തുൽ അഖബയിലും ആദ്യത്തെ രണ്ട് ജംറകളിലും എറിഞ്ഞതുപോലെ എറിയുക. എന്നാൽ അതിനുശേഷം പ്രാർഥിക്കേണ്ടതില്ല.
* അന്നും മിനായിൽതന്നെ രാപാർക്കണം.

അഞ്ചാം ദിവസം (ദുൽഹജ്ജ് – 12 , യൗമുത്തശ് രീഖ് )

* തലേദിവസം ദുൽഹജ്ജ് 11-ന് ചെയ്തതുപോലെ മൂന്ന് ജംറകളിലും ഏറ് ആവർത്തിക്കുക.
* അന്നും മിനായിൽ തന്നെ രാപാർക്കണം. പ്രവാചകന്റെ(സ) മാതൃകയും ഇതായിരുന്നു (എന്നാൽ ഒരു ഇളവെന്ന നിലയിൽ ധൃതിയുള്ളവർക്ക് സൂര്യാസ്തമയത്തിനു മുമ്പ് മിനായിൽനിന്നും പോരാവുന്നതാണ്).

ആറാം ദിവസം (ദുൽഹജ്ജ് -13 [ യൗമുന്നഫ് ർ ]

* തലേദിവസം ദുൽഹജ്ജ് 11-നും 12-നും എറിഞ്ഞ അതേ രൂപത്തിൽ തന്നെ മൂന്ന് ജംറകളിലും ഏറ് ആവർത്തിക്കുക.

* മിനായിൽ താമസിച്ച് ദിവസങ്ങളിലെ നമസ്കാരങ്ങളെല്ലാം തന്നെ ഖസ്റ് ആക്കിക്കൊണ്ട് (നാല് റക്അത്തുകൾ ഉള്ളവ), എന്നാൽ ജംഅ് ആക്കാതെ നിർവഹിക്കണം.

* നാട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്ന ഹാജിമാർ വിദാഇന്റെ ത്വവാഫ് പൂർത്തിയാക്കി രണ്ട് റക്അത്ത് നമസ്കരിച്ച വേണം യാത്ര ചെയ്യാൻ. എന്നാൽ ആർത്തവകാരികൾക്ക് വിദാ ഇന്റെ ത്വവാഫ് നിർബന്ധമില്ല.

അറവ് !

– നബി(സ) ഹജ്ജിന് വന്നപ്പോൾ പെരുന്നാൾ ദിവസം 100 ഒട്ടകങ്ങളെ ബലിയറുത്ത് ദാനം ചെയ്തു.
– ഭാര്യമാർ ഓരോരുത്തർക്കും വേണ്ടി ഓരോ പശുവിനെ വീതവും അറുത്തു. പുറമെ രണ്ട് ആടുകളെയും.

– ഒട്ടകങ്ങളിൽ 63 എണ്ണത്തെ സ്വന്തം കരങ്ങൾ കൊണ്ടാണ് ആ 63-ാമത്തെ വയസ്സിൽ പ്രവാചകൻ അറുത്തത്. ബാക്കി അലി( റ)യെ ഏൽപിച്ചു (അദ്ദേഹം 63 അടിമകളെ മോചിപ്പിക്കുകയുമുണ്ടായി).

. നബി(സ) ഓരോ വർഷവും മുടക്കം കൂടാതെ നിർവഹിച്ചിട്ടുള്ള പ്രബലമായ പുണ്യകർമമാണ് പെരുന്നാൾ ദിവസത്തിലെ മൃഗബലി (ഉദ്ഹിയ്യത്ത്). അതിനാൽ, അറവ് എങ്ങനെയെങ്കിലും ഒഴിവായിക്കിട്ടാനല്ല, ഒരറവെങ്കിലും നടത്താനാണ് ഓരോരുത്തരും ഉത്സാഹിക്കേണ്ടത്.

– അറവ് നിർബന്ധമില്ലാത്തവർ സുന്നത്തായി, സ്വദഖയായി ഉദ്ഹിയ്യത്ത് അറുത്ത് ബലിപെരുന്നാൾ ആഘോഷിക്കുക.

🪀 കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Prev Post

ഹജ്ജ് – ഉംറ ചെയ്യേണ്ട കാര്യങ്ങൾ, പാടില്ലാത്തതും

Next Post

മദീനാ സന്ദർശനം

post-bars

Related post

You cannot copy content of this page