ഹജ്ജ് പകര്‍ന്നു നല്‍കുന്ന സാംസ്‌കാരിക മൂല്യങ്ങള്‍
ഇസ്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നും നിര്‍ബന്ധ കര്‍മവുമാണ് ഹജ്ജ്. പെരുമാറ്റത്തില്‍ വീഴ്ച്ചകളില്ലാതെ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നയാള്‍ പാപങ്ങളില്‍ നിന്നും ശുദ്ധനാകുന്നു. അബൂഹുറൈറയില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു, അദ്ദേഹം പറയുന്നു: ”കുറ്റകരമായ കാര്യവും ലൈംഗിക ചോദനയും കൂടാതെ അല്ലാഹുവിന് വേണ്ടി ആരെങ്കിലും ഹജ്ജ് നിര്‍വഹിച്ചാല്‍ മാതാവ് അവനെ പ്രസവിച്ച ദിനത്തിലെന്ന പോലെയാണ് അവന്‍ മടങ്ങുക.’ (ബുഖാരി, മുസ്‌ലിം)
ഹജ്ജിന്റെ സംസ്‌കാരം അത് അനുഷ്ഠിക്കുന്നവനില്‍ നിന്നും നിര്‍ഗളിക്കുകയും അവനെ ചൂഴ്ന്നു നില്‍ക്കുകയും ചെയ്യുന്ന മൂല്യങ്ങളാണ്. ഹജ്ജിന്റെ സംസ്‌കാരവും യാഥാര്‍ഥ്യവും ആത്മാവും എടുത്തണിഞ്ഞ് അത് നിര്‍വഹിക്കുമ്പോഴാണത് പുണ്യകരമായ ഹജ്ജായി മാറുന്നത്. അതോടൊപ്പം ഹജ്ജിന്റെ ആന്തരികവും ബാഹ്യവുമായ നന്മകളും മര്യാദകളും പാലിച്ച് നിര്‍വഹിക്കേണ്ട രൂപത്തില്‍ അത് നിര്‍വഹിക്കുകയും വേണം. ഇത്തരത്തില്‍ നിര്‍വഹിക്കുമ്പോഴാണ് അതിന്റെ പൂര്‍ണ ഫലം നേടാനാവുക.
അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും നേടുന്നതിന് ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെക്കുകയെന്നത് ഹജ്ജിന്റെ സാംസ്‌കാരിക മൂല്യത്തില്‍ പെട്ടതാണ്. ജീവിതത്തിന്റെ സകല മേഖലകളിലും അല്ലാഹുവിനെ അനുസരിക്കുന്ന അടിമയായി അവന്‍ മാറണം. അല്ലാഹുവിനും അവന്റെ ദൂതനുമുള്ള അനുസരണം ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്. ദൈവഭക്തി പുലര്‍ത്തുകയെന്നത് ഓരോ വിശ്വാസിയുടെയും ജീവിതലക്ഷ്യമാണ്. അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവ സ്വീകരിക്കലും അവന്റെ കോപത്തിന് കാരണമാകുന്നവയില്‍ നിന്ന് വിട്ടുനില്‍ക്കലുമാണ് ദൈവഭക്തി. ഹജ്ജിന്റെ വിധികള്‍ വിശദീകരിച്ച ശേഷം തഖ്‌വ മുറുകെ പിടിക്കണമെന്നാണ് അല്ലാഹു ആവശ്യപ്പെട്ടിരിക്കുന്നത്. ഹജ്ജ് യാത്രയിലെയും ജീവിതയാത്രയിലെയും ഏറ്റവും ഉത്തമമായ പാഥേയമാണത്. അല്ലാഹു പറയുന്നു: ‘ഹജ്ജുയാത്രക്കുള്ള പാഥേയങ്ങള്‍ വഹിച്ചുകൊള്ളുക. എന്നാല്‍ സര്‍വോല്‍കൃഷ്ടമായ പാഥേയം ദൈവഭക്തിയത്രെ. ബുദ്ധിമാന്മാരേ, എന്നെ ധിക്കരിക്കുന്നതു സൂക്ഷിക്കുവിന്‍.’ (അല്‍ബഖറ: 197)
ഹജ്ജിന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍ പെട്ടതാണ് കുഫ്‌റിന്റെയും ശിര്‍കിന്റെയും മാലിന്യങ്ങളില്‍ നിന്ന് ശുദ്ധി നേടല്‍. ആളുകള്‍ക്ക് ഉപദ്രവവും ദ്രോഹവും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കലും അതിന്റെ ഭാഗമാണ്. സാര്‍വലൗകിക സാഹോദര്യമാണ് ഹജ്ജ് ഉയര്‍ത്തി പിടിക്കുന്നത്. ഇസ്‌ലാം ഏതെങ്കിലും വിഭാഗത്തിന്റെയോ ദേശത്തിന്റെയോ ദീനല്ല എന്നത് തന്നെയാണതിന് കാരണം. മുഴു ലോകത്തിനും അതിലെ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള ദീനാണത്. സാര്‍വലൗകിക നന്മയുടെയും വിപ്ലവത്തിന്റെയും പ്രസ്ഥാനമാണത്. അല്ലാഹുവിന്റെ പ്രീതിക്കും അവന്റെ നിയമവ്യവസ്ഥകള്‍ക്കും അനുസൃതമായി മനുഷ്യന്റെ വ്യക്തി സാമൂഹിക ജീവിതത്തെ മാറ്റിപണിയലാണ് ഈ പ്രസ്ഥാനം കൊണ്ടുദ്ദേശിക്കുന്നത്. മുഴുവന്‍ മനുഷ്യരെയും അതിന്റെ വൃത്തത്തില്‍ ഉള്‍ക്കൊള്ളിക്കാനാണ് അതുദ്ദേശിക്കുന്നത്. ഈ ദീനിനെ സ്വീകരിച്ച് അതിന്റെ പാതയിലൂടെ ചരിക്കുന്നവനാണ് മുസ്‌ലിം. അവന്‍ ജനിച്ച വര്‍ഗമോ ജീവിക്കുന്ന നാടോ അവനെ മുസ്‌ലിം എന്ന വിശേഷണത്തില്‍ നിന്നും അകറ്റുന്നില്ല. ഇങ്ങനെ മുഴുവന്‍ മുസ്‌ലിംകളും ചേര്‍ന്ന് രൂപപ്പെടുന്ന സമൂഹമാണ് ‘മുസ്‌ലിം ഉമ്മത്ത്’.
ഈ ദീനിനും പ്രസ്ഥാനത്തിനും ഒരു ആസ്ഥാന കേന്ദ്രമുണ്ട്. വിശുദ്ധ കഅ്ബയാണത്. ഈ ദീനിന്റെ സുപ്രധാന സ്തംഭമാണ് ഹജ്ജ്. ഈ പ്രസ്ഥാനത്തിന്റെ വാര്‍ഷിക കൂടിച്ചേരലാണത്. ഈ അന്താരാഷ്ട്ര പാര്‍ട്ടിയുടെ വിവിധ നാടുകളില്‍ നിന്നുള്ള അംഗങ്ങള്‍ അതില്‍ പങ്കെടുക്കുന്നു. ദീനിന്റെ നവചൈതന്യവും പുതിയ വിപ്ലവത്തിന്റെ കരുത്തും ആധുനിക പരിഷ്‌കരണ പദ്ധതികളും നേടുന്നതിനാണത്. അവയെല്ലാം സ്വീകരിച്ച് തങ്ങളുടെ നാടുകളിലേക്ക് മടങ്ങുന്ന അവര്‍ അവിടത്തെ സമൂഹത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലും പ്രബോധന പ്രവര്‍ത്തനങ്ങളിലും ഇസ്‌ലാമിനെ വിജയിപ്പിക്കാന്‍ വേണ്ട് കാര്യങ്ങളിലും തങ്ങളുടെ പങ്ക് വഹിക്കുന്നു.
ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കുവഹിക്കുന്ന സമര്‍പ്പണം, സ്വന്തത്തേക്കാള്‍ മറ്റുള്ളവരെ പരിഗണിക്കല്‍, സഹനം, സല്‍സ്വഭാവം തുടങ്ങിയ വിശേഷണങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള പ്രയോജനപരമായ പരിപാടിയാണ് ഹജ്ജ്. ഹജ്ജ് ചെയ്യുന്ന ഒരാള്‍ തന്റെ കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും നീണ്ട് കാലം അകന്നു നില്‍ക്കുകയാണ്. യാത്രയുടെയും അപരിചിതമായ സ്ഥലങ്ങളുടെയും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അവന്‍ സഹിക്കുന്നു. അല്ലാഹുവിന്റെ പ്രീതിക്കായി അവന്‍ തന്റെ സമ്പത്തും അഭിമാനവും സമര്‍പ്പിക്കുന്നു. ഒരു പോരാളിയായി അവന്‍ ഹജ്ജിലെ കര്‍മങ്ങളും അനുഷ്ഠിക്കുന്നു.
അപ്രകാരം മറ്റുള്ളവരിലെ നല്ല സംസ്‌കാരവും പെരുമാറ്റ രീതികളും മര്യാദകളും പ്രബോധന രീതികളും ഉപയോഗപ്പെടുത്താനുള്ള സുവര്‍ണാവസരം കൂടിയാണ് ഹജ്ജ്.
- ഡോ. മുഹമ്മദ് ഷാജഹാന്‍ നദ്‌വി
മൊഴിമാറ്റം: നസീഫ്