Back To Top

 ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത

ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത

Spread the love

മുസ്‌ലിം സഹോദരാ.. പവിത്ര മാസമായ ദുല്‍ഹജ്ജിനെ നമ്മല്‍ വരവേല്‍ക്കാന്‍ പോവുകയാണ്. അത് ഹജ്ജിന്റെയും, പവിത്ര മാസങ്ങളുടെയും ഗണത്തില്‍ പെട്ട മാസമാണ്. ഈ പവിത്ര മാസത്തിലെ പ്രഥമ പത്ത് ദിനങ്ങളെപ്പറ്റിയാണ് അല്ലാഹു ‘പ്രഭാതം സാക്ഷി. പത്തു രാവുകള്‍സാക്ഷി.’ (സൂറ : അല്‍ ഫജ്ര്!, 12) എന്ന് പരാമര്‍ശിച്ചത്. അത് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ശ്രേഷ്ഠകരമായ ദിനങ്ങളില്‍ പെട്ടതാണ്. ആ ദിനങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മ്മം അല്ലാഹുവിങ്കല്‍ അനേകമിരട്ടി പ്രതിഫലാര്‍ഹമാണ്. പവിത്രമാസങ്ങള്‍ മറ്റെല്ലാ മാസങ്ങളേക്കാളും അല്ലാഹുവിങ്കല്‍ ശ്രേഷ്ഠകരമാണ്. അല്ലാഹു പ്രസ്താവിക്കുന്നു : ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്.’ ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹറം, റജബ് എന്നിവയാണ് അല്ലാഹുവിങ്കല്‍ യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങള്‍. അല്ലാഹു പറയുന്നു : ‘ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക.’  അക്രമം സ്വതവേ നിഷിദ്ധമാണ്. എന്നാല്‍ ഈ മാസങ്ങളില്‍ അത് കൂടുതല്‍ ഗൗരവത്തോടെ വിലക്കപ്പെട്ടിരിക്കുന്നു. ദുല്‍ഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിനങ്ങള്‍ ശ്രേഷ്ഠ ദിനങ്ങളാണ്. കാരണം, അത് പവിത്രമാസമായ ദുല്‍ഹജ്ജില്‍ പെട്ടതാണ്. ദുല്‍ഹജ്ജിന് രണ്ട് പ്രത്രേകതകളുണ്ട്. അത് ഹജ്ജിന്റെ മാസങ്ങളില്‍ പെട്ടതാണെന്നതാണെന്നതാണ് ഒന്നാമത്തെ പ്രത്രേകത. അത് പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ പെട്ടതാണെന്നതാണ് രണ്ടാമത്തെ പ്രത്രേകത. അല്ലാഹു പറയുന്നു : ‘ഹജ്ജിന്റെ മാസങ്ങള്‍ സര്‍വരാലും അറിയപ്പെട്ടതാകുന്നു.’ ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹജ്ജ് എന്നിവയണാവ. ഇതില്‍ ശവ്വാല്‍ ഹജ്ജിന്റെ മാസങ്ങളില്‍ പെട്ടത് മാത്രമാകുമ്പോള്‍ ദുല്‍ഖഅ്ദും ദുല്‍ഹജ്ജും ഹജ്ജിന്റെയും, പവിത്രമാസങ്ങളുടെയും ഗണങ്ങളില്‍ പെടുന്നു.

ദുല്‍ഹജ്ജിന്റെ ആദ്യ പത്ത് ദിനങ്ങളിലാണ് ഹജ്ജിന്റെ കര്‍മ്മങ്ങളധികവും നടക്കുന്നത്. യൗമുത്തര്‍വ്വിയ്യയും, അറഫാ ദിനവും, പെരുന്നാള്‍ ദിനവും, ബലിയറുക്കലിന്റെ ദിനവുമെല്ലാം ഈ ആദ്യ പത്തിലാണ്.  വര്‍ഷത്തിലെ ഏറ്റവും ശ്രേഷ്ഠകരമായ രാത്രി ലൈലത്തുല്‍ ഖദ്ര്! ആയതുപോലെ വര്‍ഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിനം അറഫാ ദിനമാണ്. അത് ഈ മാസത്തിലാണ്. റമദാനിലെ പത്തു രാത്രികള്‍ ഏറ്റവും ശ്രേഷ്ഠ രാത്രികളായതു പോലെ ദുല്‍ഹജ്ജിലെ പത്തുദിനങ്ങള്‍ ഏറ്റവും ശ്രേഷ്ഠകരമായ ദിനങ്ങളാണ്. ഇവയാണ് ഈ പവിത്രമായ ദിനങ്ങളുടെ ചില പ്രത്യേകതകള്‍. അതിന്റെ ഔന്നത്യത്തെക്കുറിച്ചും ആ ദിനങ്ങളില്‍ അല്ലാഹുവിന് അനുസരണകള്‍ അര്‍പ്പിക്കുന്നതിനെക്കുറിച്ചുമുള്ള പാഠങ്ങള്‍ നബി വചനങ്ങളില്‍ കാണാന്‍ സാധിക്കും.

മറ്റുമാസങ്ങളേക്കാള്‍ അല്ലാഹു ശ്രേഷ്ഠമാക്കിയ ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് വിശ്വാസികളോട് ആവശ്യപ്പെടുന്നത്. ഇത് അല്ലാഹുവിന്റെ ശ്രേഷ്ഠതയിലും കാരുണ്യത്തിലും പെട്ട കാര്യമാണ്. റസൂല്‍(സ) പറഞ്ഞു : ‘നിങ്ങളുടെ നാഥന് സവിശേഷമായ ചില ദിനങ്ങള്‍ നിങ്ങളുടെ കാലത്തിലുണ്ട്. അതിനാല്‍ നിങ്ങളതിനെ വരവേല്‍ക്കുക.’ നമ്മുടെ നാടുകളിലെ പ്രമുഖ കമ്പനികളും മറ്റും പ്രത്രേക സീസണുകളിള്‍ ജനങ്ങള്‍ക്ക് ചില ഓഫറുകള്‍ നല്‍കാറുള്ളതു പോലെ മഹോന്നതനും കാരുണ്യവാനുമായ അല്ലാഹു ഇടക്കിടെ അവന്റെ സച്ചരിതരായ ദാസന്മാര്‍ക്കും ചില ഓഫറുകള്‍ നല്‍കാറുണ്ട്. അത് നന്മകളുടെ കാലമാണ്. അത് അല്ലാഹുവിന്റെ അനുസരണയുള്ളവരും ഭയഭക്തിയുള്ളവരുമായ ദാസന്മാരുടെ കാലമാണ്.

അല്ലാഹു പരലോകത്തിന്റെ ആളുകള്‍ക്കു വേണ്ടിയും ചില പ്രത്രേക കാലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. റമദാന്‍ മാസം, ദുല്‍ഹജ്ജിലെ പത്ത് ദിനങ്ങള്‍, പവിത്ര മാസങ്ങള്‍ എന്നിവയാണ്  കാരുണ്യവാനായ അല്ലാഹു അനുവദിച്ചു തന്ന നന്മയുടെ മാസങ്ങള്‍. സവിശേഷമായ ഈ കാലങ്ങളില്‍ മനുഷ്യര്‍ സല്‍കര്‍മ്മനിരതരായും തിന്മകളില്‍ നിന്ന് അകന്നു നിന്നു കൊണ്ടും അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ സാമീപ്യം കരസ്ഥമാക്കാനും പരിശ്രമിക്കേണ്ടതുണ്ട്. ദുല്‍ഹജ്ജ് മാസത്തിലെ പത്ത് ദിനങ്ങളില്‍ ചെയ്യേണ്ട സല്‍കര്‍മ്മളേക്കുറിച്ച് നബി(സ) പറഞ്ഞു : ‘ ആ ദിനങ്ങളില്‍ നിങ്ങള്‍ തസ്ബീഹും, തഹ്മീദും, തഹ്‌ലീലും, തക്ബീറും വര്‍ധിപ്പിക്കുക.’ സ്വഹാബിമാര്‍ ഈ ദിനങ്ങളില്‍ അല്ലാഹുവിനെ ധാരാളമായി സ്മരിച്ചിരുന്നു. അങ്ങാടികളില്‍ വെച്ചു വരെ അവര്‍ അല്ലാഹുവിനെ സ്മരിച്ചിരുന്നു. അവരില്‍ ചിലര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ‘ അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍’ എന്ന് തക്ബീര്‍ മുഴക്കിയിരുന്നു. അങ്ങാടികള്‍ തക്ബീറുകള്‍ കൊണ്ട് പ്രകമ്പനം കൊണ്ടിരുന്നു.

ഈ ദിനങ്ങളിലെ ദാനധര്‍മ്മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്. ദുല്‍ഹജ്ജ് ഒമ്പതിന് നോമ്പു നോല്‍ക്കല്‍ സുന്നത്തുമാണ്. ആ ദിനത്തെ അറഫാ ദിനം എന്ന് വിളിക്കപ്പെട്ടു. അതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് നബി(സ) പറഞ്ഞു : ‘അറഫാ ദിനത്തിലെ നോമ്പ് നോല്‍ക്കുന്നവന്റെ രണ്ട് വര്‍ഷത്തെ പാപം അല്ലാഹു പൊറുത്തു കൊടുക്കുന്നതാണ്. നോമ്പിന് മുമ്പും ശേഷവുമുള്ള ഓരോ വര്‍ഷമാണത്.’ എന്നാല്‍ ഈ ഐശ്ചികനോമ്പ് ഹാജിമാര്‍ക്ക് ബാധമകല്ല. നബി(സ) അറഫയില്‍ നില്‍ക്കുമ്പോള്‍ നോമ്പനുഷ്ഠിച്ചിരുന്നില്ല. ജനങ്ങളെ ഇക്കാര്യം ബോധ്യപ്പെടുത്താനായി അദ്ദേഹം അവരുടെ മുമ്പില്‍ വെച്ച് വെള്ളം കുടിക്കുകയും ചെയ്തിരുന്നു. അല്ലാഹുവിന് ഇബാദത്ത് ചെയ്യാന്‍ സത്യവിശ്വാസികള്‍ക്ക് ശക്തി ലഭിക്കാനും അന്നേ ദിവസം അവര്‍ ക്ഷീണിക്കാതിരിക്കാനും കൂടിയാണത് പറഞ്ഞത്. അറഫാ ദിനത്തിലും പെരുന്നാള്‍ ദിനത്തിലും ജനങ്ങളുമായി പരസ്പരം സംവദിക്കലും, സത്യവിശ്വാസികള്‍ പരസ്പരം സന്ദര്‍ശിക്കലും ശ്രേഷ്ഠകരമായി കണക്കാക്കപ്പെട്ടിരിക്കുന്നു.

വിവ : മുബഷിര്‍ എം

Prev Post

ഹജറുല്‍ അസ്‌വദും വിഗ്രഹാരാധനയും

Next Post

ബലിയറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നഖവും മുടിയും വെട്ടുന്നതിന്റെ വിധി

post-bars

Related post

You cannot copy content of this page