Back To Top

 ഹജ്ജ്: ത്യാഗസന്നദ്ധതയുടെ അടയാളപ്പെടുത്തലാണ്

ഹജ്ജ്: ത്യാഗസന്നദ്ധതയുടെ അടയാളപ്പെടുത്തലാണ്

Spread the love

ഇത് ആഗോളവല്‍ക്കരണത്തിന്റെ കാലമാണ്. ആഗോളവല്‍ക്കരണം എന്ന പ്രയോഗം നല്ല അര്‍ത്ഥത്തിലും നല്ല രീതിയിലുമല്ല ഇന്ന് പ്രയോഗിക്കപ്പെടുന്നത്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ദുഷ്ട താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ഈ സുന്ദരപദത്തെ ദുരുപയോഗം ചെയ്യുന്നുവെന്നതാണ് സത്യം. ഒരൊറ്റ ലോകം ഒരൊറ്റ ജനത എന്ന അര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണം നല്ല ആശയമാണ്. ഒരൊറ്റ സ്രഷ്ടാവ്; അവന്റെ ഭൂമി; മനുഷ്യന്‍ അവന്റെ സൃഷ്ടികള്‍ എന്നതാണ് പരമസത്യം.

ഈ അര്‍ത്ഥത്തില്‍ ആഗോളതലത്തില്‍ ഉള്‍ക്കരുത്താര്‍ന്ന ഉദ്ഗ്രഥനം സാധിതമാക്കുന്ന മഹല്‍കര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് കര്‍മം. മനുഷ്യന് അല്ലാഹു കനിഞ്ഞേകിയ എല്ലാ അനുഗ്രഹങ്ങളും ഒരുമിച്ച് ഒന്നായി ധാരാളം വിനിയോഗം ചെയ്തുകൊണ്ട് അനുഷ്ഠിക്കുന്ന ത്യാഗപൂര്‍ണമായ അനുഷ്ഠാനമാണത്. ലോകം ഒരു ഗ്രാമമായി ചുരുങ്ങിയ ഈ കാലത്ത് ഹജ്ജും ഉംറയും സാര്‍വത്രികമായിക്കൊണ്ടിരിക്കുകയാണ്. ദൃശ്യമാധ്യമങ്ങളിലൂടെ ലോകത്തെല്ലാവര്‍ക്കും ഹജ്ജിനെ കാണാനും അറിയാനും സാധിക്കുന്നുമുണ്ട്. ആകയാല്‍ ഹജ്ജിന്റെ ബഹുമുഖ സദ്ഫലങ്ങള്‍ വ്യാപകമാവേണ്ടതുണ്ട്. ഹജ്ജിന്റെ സന്ദേശം സകലര്‍ക്കും അനുഭവവേദ്യമാകേണ്ടതുമുണ്ട്. ഹജ്ജിനെപറ്റി ദുര്‍ധാരണകള്‍ ഉണ്ടാവാന്‍ പാടില്ലാത്തതുമാണ്.

ഇസ്‌ലാം മാനവതയുടെ ആദിമതവും പ്രകൃതിമതവുമാണ്. ഈ വിശ്വമതം വാര്‍ത്തെടുക്കുന്നത് വിശ്വപൗരന്മാരെയാണ്. ദേശ-ഭാഷ-വര്‍ണ വര്‍ഗ വിഭാഗീയതകള്‍ക്കതീതമായി വിശാല വീക്ഷണം പുലര്‍ത്തുന്ന വിശ്വ പൗരന്മാര്‍ വഴി ഉദാത്തമായ ഉദ്ഗ്രഥനവും സൃഷ്‌ട്യോന്മുഖമായ ആഗോളീകരണവുമാണ് സുസാധ്യമാവുന്നത്. മനുഷ്യര്‍ ഒരൊറ്റ കുടുംബം ലോകം ഒരേ ഒരു തറവാട് എന്നതാണതിന്റെ ആകെ സാരം. ഇസ്‌ലാമിന്റെ ഈ ഉദാത്ത ദര്‍ശനം പ്രധാനമായും അഞ്ച് സ്തംഭങ്ങളിലാണ് പണിതുയര്‍ത്തിയിട്ടുള്ളത്. ആ സ്തംഭങ്ങളില്‍ സുപ്രധാനമാണ് ഹജ്ജ്.

മറ്റ് അനുഷ്ഠാനങ്ങളില്‍ നിന്ന് ഹജ്ജ് വ്യത്യസ്തമാകുന്നത് പല കാരണങ്ങളിലാണ്. അത് ജീവിതത്തിലരിക്കലേ നിര്‍ബന്ധമുള്ളൂ. മിക്കവാറും ഒരു പ്രാവശ്യമേ നിര്‍വഹിക്കാനാവുകയുള്ളൂ. അതും സാമ്പത്തികമായും ശാരീരികമായും മറ്റും സൗകര്യമുള്ളവര്‍ക്ക് മാത്രം. ലോക മുസ്‌ലിംകളിലെ ക്രീമിലെയര്‍ എന്ന് ഇവരെ വിശേഷിപ്പിക്കാം. നൂറ്റമ്പത് കോടി മുസ്‌ലിംകളില്‍ നിന്ന് ഏതാണ്ട് മൂന്ന് ദശലക്ഷം പേരാണ് ഒരു വര്‍ഷം ഹജ്ജിനെത്താറ്.

ഹജ്ജിന്റെ കേന്ദ്രമായ കഅ്ബാലയം നിലക്കൊള്ളുന്ന മക്കയെ ”ഗ്രാമങ്ങളുടെ മാതാവ്” (ഉമ്മുല്‍ ഖുറാ) എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ഇത് ഇസ്‌ലാം ലോകസമക്ഷം സമര്‍പ്പിക്കുന്ന മാതൃകാപട്ടണം (Modelcity) കൂടിയാണ്. ”ഇസ്‌ലാം” എന്ന പദത്തിന്റെ പൊരുളായ ശാന്തിയും സമാധാനവും എല്ലാ അര്‍ത്ഥത്തിലും നിറഞ്ഞുനില്‍ക്കുന്ന കേന്ദ്രം. പണ്ടു മുതലേ അവിടെ ശാന്തിയുണ്ട്. സ്വന്തം പിതാവിന്റെ ഘാതകനെ കണ്ടുമുട്ടിയാല്‍ പോലും പ്രതികാരത്തിന് മുതിരാത്ത സുരക്ഷിത പ്രദേശം. അവിടെ ഹിംസയോ ധ്വംസനമോ ഇല്ല. അനിര്‍വചനീയമായ വിശുദ്ധിയും ശാന്തിയും അവിടെ തളംകെട്ടി നില്‍ക്കുന്നുവെന്നത് അനുഭവ സത്യം മാത്രമാണ്. മക്കയിലെ കഅ്ബാലയത്തെ ”ചിരപുരാതന ഗേഹം” (ബൈത്തുല്‍ അതീഖ്) എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. ”മാനവതക്കാകെ ദൈവാരാധന നിര്‍വഹിക്കാനായി പണിതുയര്‍ത്തപ്പെട്ട ഭൂമുഖത്തെ പ്രഥമ ദേവാലയം” (3:96) എന്നും ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കഅ്ബാലയത്തെ പരിചയപ്പെടുത്തുമ്പോള്‍ ഖുര്‍ആന്‍ ദീക്ഷിച്ച മാനവികമായ വിശാല വിഭാവന (ലിന്നാസ്) ചിന്തനീയമാണ്. അല്ലാഹു ജനങ്ങളുടെ റബ്ബാണ് (റബ്ബിന്നാസ്); മുഹമ്മദ് നബി ലോകാനുഗ്രഹിയും (21:107) ജനതതികള്‍ക്കാകെ മുന്നറിയിപ്പുകാരനുമാണ്; ഖുര്‍ആന്‍ ‘മാനവതക്കാകെ മാര്‍ഗദര്‍ശനമാണ്’ (ഹുദന്‍ ലിന്നാസ്) മുസ്‌ലിംകള്‍ ‘ജനങ്ങള്‍ക്കുവേണ്ടി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായവുമാണ്’. ഇതിനോടു തികച്ചും ചേര്‍ന്നു നില്‍ക്കുന്ന വിശേഷണമാണ് അല്ലാഹു കഅ്ബാലയത്തിന്ന് നല്‍കിയത്.

മനുഷ്യശരീരത്തില്‍ ഹൃദയത്തിനുള്ള സ്ഥാനമാണ് മനുഷ്യസമൂഹത്തില്‍ കഅ്ബാലയത്തിനുള്ളത്. ഹൃദയം രക്തചംക്രമണ വ്യവസ്ഥയുടെ സിരാകേന്ദ്രമാണ്. ഉപയോഗത്തിലൂടെ ദുഷിച്ചു പോയ രക്തത്തെ വീണ്ടും വീണ്ടും ശുദ്ധീകരിച്ച് ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതില്‍ ഹൃദയം വഹിക്കുന്ന പങ്കാണ് കഅ്ബാലയം മനുഷ്യസമൂഹത്തില്‍ നിര്‍വഹിക്കുന്നത്. അല്ലാമ ഇഖ്ബാലിന്റെ ഭാഷയില്‍ : ”നമ്മുടെ പ്രഥമ ഗേഹം നമ്മുടെ ഖിബ്‌ലയാണ്. നാം അതുമായുള്ള ബന്ധം നിരന്തരം കാത്തുസൂക്ഷിക്കുന്നു: അത് നമ്മെയും (നമ്മുടെ ഒരുമയെ) കാത്തുസൂക്ഷിക്കുന്നു..” ലോകാടിസ്ഥാനത്തില്‍ വിശ്വാസി സമൂഹത്തിന്റെ ഏകീകരണം സാധ്യമാക്കുന്ന കേന്ദ്രമാണ് കഅ്ബ. അവിടെ ഹജ്ജ്, ഉംറ എന്നീ കര്‍മ്മങ്ങളിലൂടെ സാധിക്കുന്നത് – സാധിക്കേണ്ടതും അതു തന്നെ.

ഹജ്ജിന്റെ കര്‍മ്മങ്ങള്‍ക്ക് ആത്മാവുണ്ട്. അത് ആവഹിക്കാതെ അനുഷ്ഠിച്ചാല്‍ ഹജ്ജിലൂടെ കരഗതമാവേണ്ട ബഹുമുഖ നന്മകള്‍ ലഭിക്കാതെ പോകും. വിശുദ്ധഖുര്‍ആന്‍ ഹജ്ജിന്റെ പ്രയോജനങ്ങള്‍ തിട്ടപ്പെടുത്തി പറയാതെ ‘ഹജ്ജിലെ ബഹുമുഖ നന്മകളെ അവര്‍ നേരിട്ടനുഭവിച്ചറിയാന്‍’ (22:28) എന്നാണ് പറയുന്നത്. ഹജ്ജില്‍ എല്ലാവര്‍ക്കും ഒരേ അനുഭവമല്ല ഉണ്ടാവുക. ഓരോരുത്തരുടെയും ആത്മീയമായ – ആന്തരികമായ- ആഴത്തിനനുസരിച്ചായിരിക്കും ഹജ്ജിലൂടെ നമുക്ക് ലഭ്യമാവുന്ന അനുഭൂതികള്‍. അതിനാലാണ് ഹജ്ജിന് വേണ്ടി നന്നായി തയ്യാറെടുക്കുകയും പാഥേയം സമാഹരിക്കുകയും ചെയ്യണമെന്ന് ഖുര്‍ആന്‍ പറഞ്ഞത്. ആത്മീയമായും ഭൗതികമായും ഹജ്ജിന് വേണ്ടി ശരിക്ക് ഒരുങ്ങണം ഏറ്റവും വലിയ ഒരുക്കം- പാഥേയം – തഖ്‌വയാണ്; ഹജ്ജിന്റെ ചട്ടങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ‘തഖ്‌വ’യുടെ കാര്യം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുമുണ്ട് (2:196,197,203). ഹജ്ജിലെ ഓരോ കര്‍മ്മത്തിന്റെയും ആത്മാവിനെ തൊട്ടറിഞ്ഞ് ഹൃദയപൂര്‍വം അനുഷ്ഠിച്ചാലേ നബി(സ) പറഞ്ഞത് പോലെ നവജാത ശിശുവിന്റെ വിശുദ്ധി കൈവരിച്ച് മടങ്ങാന്‍ സാധിക്കുകയുള്ളൂ.

ഹജ്ജിലും ഉംറയിലും പ്രാരംഭം കുറിക്കുന്ന ‘ഇഹ്‌റാമും’ നിയ്യത്തും ഒരുപാട് അര്‍ത്ഥതലങ്ങളുള്ളതാണ്. ഉദ്ദേശ്യശുദ്ധി ഉറപ്പുവരുത്തലാണ് നിയ്യത്ത്. ഹജ്ജിലൂടെ ലാക്കാക്കുന്നതെന്ത് എന്ന കൃത്യമായ ബോധമാണ് ഇത് ഇത് ഹാജിയില്‍ അങ്കുരിപ്പിക്കുന്നത്. ഇഹ്‌റാമില്‍ പ്രവേശിക്കുന്നത് വരെ അനുവദനീയവും അഭിലഷണീയവും ഒരുവേള പുണ്യകരവുമായ ഒട്ടേറെ സംഗതികള്‍ പാടെ നിഷിദ്ധമാകുന്നുവെന്നതാണ് ഇഹ്‌റാമിന്റെ മര്‍മം. ഇതിന്റെ പൊരുളറിയാത്ത ഒരന്വേഷകന് ഒരുവേള ഇവ്വിധം ചോദിക്കാവുന്നതാണ്: ”ഇത്രയും നാള്‍ അനുവദനീയവും അഭിലഷണീയവുമായ കാര്യങ്ങള്‍ ഇത്രപെട്ടെന്ന് പാടെ നിഷിദ്ധമാവുകയോ? ഇതെന്താണിങ്ങനെ? …..” ഇതിന്റെ മറുപടിയിലാണ് ഇഹ്‌റാമിന്റെ മര്‍മ്മം. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെയാവാം, എന്തൊക്കെ പാടില്ല. എപ്പോള്‍ പറ്റും, എപ്പോള്‍ പറ്റില്ല. ഇതൊക്കെ നാമോ നമ്മെ പോലുള്ള സൃഷ്ടികളോ തീരുമാനിക്കേണ്ടതല്ല. മറിച്ച് സൃഷ്ടി കര്‍ത്താവും ഉടയോനും നിയന്താവുമായ ഏകമഹാശക്തിക്കാണ് അതെല്ലാം നിര്‍ണയിക്കാനുള്ള സമ്പൂര്‍ണാധികാരം. അവന്‍ അനുവദിച്ചാല്‍ പറ്റും. ഇല്ലെങ്കില്‍ പറ്റില്ല. ഇതായിരിക്കണം ഒരു വിശ്വാസിയുടെ നിലപാട്. അതെ, അല്ലാഹുവിന്റെ ഉടമാധികാരവും പരമാധികാരവും ശാസനാധികാരവും അറിഞ്ഞംഗീകരിച്ച് ഉള്ളാലെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് ഇഹ്‌റാമിലൂടെ പുലരേണ്ടത്. നാം പലപ്പോഴും വിസ്മരിക്കുന്ന ഈ യാഥാര്‍ത്ഥ്യം ജീവിതത്തിലുടനീളം മുറുകെ പിടിക്കാമെന്ന പ്രതിജ്ഞയും പ്രാര്‍ഥനയും കൂടിയാവണം ഇഹ്‌റാം.

കഅ്ബാലയത്തിലേക്ക് നാം വരുന്നത് രാജതമ്പുരാനായ അല്ലാഹു ജനനേതാവും (2:124) കഅ്ബയുടെ പുനരുദ്ധാരകനും മക്കയുടെ ശില്‍പ്പിയുമായ ഇബ്രാഹീം നബി(അ)യിലൂടെ നടത്തിയ വിളംബരത്തിന് (22:27) ഉത്തരമേകിക്കൊണ്ടാണ്. പടച്ചവന്റെ വിളിക്ക് അടിയാന്റെ ഉത്തരമെന്ന പൊരുളാണ് ”ലബൈക്കല്ലാഹുമ്മ ലബൈക്ക്…” എന്ന തല്‍ബിയത്തിന്ന്. സത്യശുദ്ധവും ദൃഢരൂഡവുമായ ഏക ദൈവവിശ്വാസ (തൗഹീദ്) ത്തിന്റെ പ്രഘോഷണവും ആ വിശ്വാസത്തിന്റെ തേട്ടമനുസരിച്ച് ഉടയ തമ്പുരാനോടുള്ള വിനീത വിധേയത്വവും തുളുമ്പി നില്‍ക്കുന്നതാണത്. നമ്മുടെ പ്രയാണം അല്ലാഹുവിലേക്കാണ്; അവന്റെ രാജകീയ ദര്‍ബാറിലേക്കാണ്. സര്‍വശക്തനും സര്‍വജ്ഞനുമായ യജമാനന്റെ സന്നിധാനത്തിലേക്ക് അതീവ വിനയാന്വിതരായി, അങ്ങേയറ്റത്തെ ലാളിത്യത്തോടെ വരണം. ദാസന്‍ തന്റെ യജമാനന്റെ അടിമത്തം ശരിക്കും അറിഞ്ഞംഗീകരിച്ചുകൊണ്ടുള്ള ഈ ലളിതവേഷം നമ്മുടെ അന്ത്യയാത്രയിണിയിക്കുന്ന ശവപ്പുടവക്ക് തുല്യമാണ്. ഇഹ്‌റാമില്‍ പ്രവേശിച്ച് ഈ വേഷമണിയുമ്പോള്‍ സംഗതിയുടെ പൊരുളോര്‍ത്ത് പലരും മോഹാലസ്യപ്പെട്ടിട്ടുണ്ട്. ഇഹ്‌റാമിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാതെ നാടകത്തിന് വേഷമിടുന്നതുപോലെ ആയിപ്പോകുന്നത് വളരെ സൂക്ഷിക്കേണ്ടതാണ്. ഇഹ്‌റാമില്‍ യാതൊരുവിധ ഹിംസയോ ധ്വംസനമോ പാടില്ല; തികഞ്ഞ സമാധാനചിത്തരും വിനയാന്വിതരുമായിരിക്കണം. ഹാജി നേരത്തെ പല മേല്‍വിലാസങ്ങളും പേറിനടന്നിട്ടുണ്ടാവും. ഇനി ഒരൊറ്റ മേല്‍വിലാസമേ ഉള്ളൂ. അബ്ദുല്ല (ദൈവദാസന്‍) എന്നതാണത്. യഥാര്‍ഥ മേല്‍വിലാസവും ഉത്തമവിലാസവും അതാണ്- മഹാന്മാരായ പ്രവാചന്മാരെ ‘അബ്ദ്’ (അടിമ) എന്നണല്ലോ അല്ലാഹു സ്‌നേഹാദരപൂര്‍വം വിശേഷിപ്പിച്ചത്. തന്റെ ഇഷ്ടദാസന്മാരെ ”ഇബാദുര്‍റഹ്മാന്‍” എന്നാണല്ലോ അല്ലാഹു വിളിച്ചത്. സകല പൊങ്ങച്ചങ്ങളും പൊള്ളയായ മേല്‍വിലാസങ്ങളും തിരിച്ചറിവിന്റെയടിസ്ഥാനത്തില്‍ വെടിഞ്ഞ് പ്രാര്‍ഥനാപൂര്‍വം കഅ്ബാലയത്തിലേക്ക് കടന്നുവരുന്ന തീര്‍ത്ഥാടകന്റെ ഉള്ളില്‍ വിവരണാതീതമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്; ഉണ്ടാവേണ്ടതും.

കഅ്ബാലയമാകുന്ന അല്ലാഹുവിന്റെ ദര്‍ബാറിലെത്തുമ്പോള്‍ നമ്മോട് തമ്പുരാന്‍ ചോദിക്കുകയാണ്: ”എന്താണിങ്ങോട്ട് വന്നത്?” അടിയാന്‍: ”തമ്പുരാനെ നിന്റെ വിളിക്കുത്തരമായിക്കൊണ്ടാണീ വരവ്…” (ലബ്ബൈക്കല്ലാഹുമ്മ…) അപ്പോള്‍ അല്ലാഹു പറയും : ”എങ്കില്‍ ഇതാ എന്റെ അടിയാറുകള്‍ എന്റെ ഭവനത്തിന് ചുറ്റും അനുസരണ പ്രകടനം നടത്തുന്നു. നീയും ആ ജനസാഗരത്തില്‍ ഒരു ബിന്ദുവായി അലിഞ്ഞു ചേരുക….” അതെ, സൃഷ്ടികളിലൂടെയാണ് സ്രഷ്ടാവിലേക്കുള്ള പാത; സൃഷ്ടി നിരീക്ഷണത്തിലൂടെയാണ് നാം സ്രഷ്ടാവിനെ അറിയുന്നത്, അറിയേണ്ടതും. സൃഷ്ടിസേവയിലൂടെയാണ് നാം അല്ലാഹുവിനെ പ്രാപിക്കേണ്ടത്. നബി(സ) നുബുവത്തിന് മുമ്പ് ‘ഹിറ’ യുടെ ഏകാന്തതയില്‍ ധ്യാനനിരതനായി കഴിച്ചുകൂട്ടിയിരുന്നു. പ്രവാചകനായി നിയുക്തനായതിന് ശേഷം നബി പഴയപോലെ ഹിറയുടെ ഏകാന്തതയില്‍ ധ്യാനനിരതനായതായി ചരിത്രം പറയുന്നില്ല. പിന്നെ നാം നബിയെ ദര്‍ശിക്കുന്നത് ജനമദ്ധ്യത്തിലാണ്. സൃഷ്ടികളെ സ്രഷ്ടാവിലേക്കടുപ്പിക്കുന്ന മഹായജ്ഞത്തില്‍. വഴിതെറ്റിയലയുന്ന പടപ്പുകളെ പടച്ചവനിലേക്ക് വഴി നടത്തുക എന്നതിനേക്കാള്‍ വലിയ സൃഷ്ടിസേവ വേറെയില്ല. ഈ തിരിച്ചറിവോടെയാണ് നാം ത്വവാഫിന്റെ തളത്തിലേക്ക് (മത്വാഫ്) ഇറങ്ങേണ്ടത്. ത്വവാഫാണ് കഅ്ബാലയത്തിലെത്തുന്ന തീര്‍ഥാടകന്റെ പ്രഥമ കര്‍മം. കഅ്ബയെ ഇടതുവശത്താക്കി ചുറ്റിക്കറങ്ങുന്ന നടത്തം പ്രദക്ഷിണമോ വലം വെക്കലോ അല്ല. നാഥനോടുള്ള വിധേയത്വത്തിന്റെയും അച്ചടക്കപൂര്‍ണമായ അനുസരണയുടെയും പ്രാര്‍ഥനാനിര്‍ഭരമായ പ്രകടനമാണത്. എല്ലാ ഭിന്നതകള്‍ക്കുമതീതമായി വിശ്വാസികളുടെ ഒരുമ പുലരുന്ന മഹദ്കര്‍മം. ഇതിന്റെ പ്രാരംഭം കറുത്ത ശിലയുടെ മുന്നില്‍ നിന്നാണ്. അല്ലാഹുവിന്റെ തിരുനാമം ഉച്ചരിച്ചുകൊണ്ടുമാണ്. ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ഈ കറുകറുത്ത അടയാളക്കല്ലിന്ന് പഴക്കവും ചരിത്രവും ഒട്ടേറെയുണ്ട്. ഒരുപാട് തലമുറകളുടെ ചുംബനവും സ്പര്‍ശവും ഏറ്റുവാങ്ങിയ ഈ അടയാളക്കല്ല് മാത്രമാണ് അവിടെയുള്ള ചരിത്രത്തിന്റെ ഏറ്റവും പഴയസാക്ഷി. ആര് എപ്പോള്‍, എവിടെനിന്ന് വന്നാലും ത്വവാഫ് ആ ബിന്ദുവില്‍നിന്ന് തുടങ്ങണം. രാജാവായാലും പ്രജയായാലും കറുത്തവനായാലും വെളുത്തവനായാലും അറബിയായാലും അനറബിയായാലും എല്ലാവരും ഈ ബിന്ദുവില്‍ നിന്നാണ് തുടങ്ങുന്നത്. കഅ്ബാലയത്തിലെന്നപോലെ ഈ ബിന്ദുവിലും ലോകമുസ്‌ലിംകള്‍ ഒന്നിക്കുന്നു. ”തീര്‍ച്ചയായും നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായം (ഉമ്മത്ത്) ആണ്; ഞാന്‍ നിങ്ങളുടെ റബ്ബും ആകയാല്‍ എനിക്ക് വിധേയപ്പെടുവീന്‍” (21:92) എന്ന ഖുര്‍ആനിക പ്രസ്താവനയുടെ സുന്ദരരൂപമാണ് ഇവിടെ നാം ദര്‍ശിക്കുന്നത്. തൗഹീദ് എന്നാല്‍ ഉദ്ഗ്രഥനവും ഏകീകരണവും കൂടിയാണെന്ന തിരിച്ചറിവ് ലഭിക്കുന്ന ത്വവാഫ് മനസാ വാചാകര്‍മണായുള്ള പ്രാര്‍ഥനയാണ്. ശാരീരികവും മാനസികവുമായ വിശുദ്ധിയോടുകൂടി നടത്തേണ്ട പ്രാര്‍ഥന. ഒരു ത്വവാഫ് ഏഴ് വട്ടമാണ്. ഈ എണ്ണവും (ഏഴ്) ചിന്തോദ്ദീപകമാണ്. ത്വവാഫ് മാത്രമല്ല സഅ്‌യും പിന്നീട് ജംറകളില്‍ എറിയുന്ന കല്ലും ഏഴാണ്. ആകാശവും ഭൂമിയും ഏഴാണ്. ഒരാഴ്ച എന്നാല്‍ സപ്തദിനങ്ങളാണെന്നതിലും മനുഷ്യകുലം ഏക നിലപാട് പുലര്‍ത്തുന്നു. ഇങ്ങിനെ പല സംഗതികളും ഏഴാണ്. ഇടത്തോട്ട് ചുറ്റുക്കറങ്ങുന്ന രീതി പ്രപഞ്ചത്തില്‍ നടക്കുന്ന ഭ്രമണങ്ങളോട് സദൃശമാണ്. സൗരയൂഥത്തിലും ഗാലക്‌സികളിലും ഇങ്ങേയറ്റം അണുവില്‍ വരെ ചലനം – ഭ്രമണം-ഇതേ ക്രമത്തിലാണ്. ഉപരിലോകത്ത് അല്ലാഹുവിന്റെ അര്‍ശിന് ചുറ്റും മലക്കുകള്‍ നിരന്തരം നിര്‍വഹിക്കുന്ന ത്വവാഫും ഇതേ ക്രമത്തില്‍ തന്നെ. അങ്ങിനെ അങ്ങോളമിങ്ങോളം സൃഷ്ടികര്‍ത്താവിന്റെ കണിശമായ വ്യവസ്ഥയാണ് പുലരുന്നത്. വിശ്വാസി തനിക്ക് ലഭ്യമായ നിസ്സാര സ്വാതന്ത്ര്യം തമ്പുരാന്റെ പൊരുത്തത്തിന്ന് മുമ്പില്‍ അടിയറവെച്ച് ”റബ്ബേ, എനിക്ക് നിന്റെ വ്യവസ്ഥ മതി. ഞാന്‍ നിന്റെ വ്യവസ്ഥയോട് ചേര്‍ന്നു നില്‍ക്കാന്‍ സദാ സന്നദ്ധനാണ്” എന്ന് ഏറ്റു പറയുന്ന പ്രതിജ്ഞയും പ്രാര്‍ത്ഥനയുമാണ് ത്വവാഫ്. അല്ലാഹുവിന്റെ വ്യവസ്ഥയോട് വിഘടിച്ചും ഭിന്നിച്ചും നീങ്ങുന്നവര്‍ പ്രപഞ്ച താളത്തോട് പൊരുത്തപ്പെടാത്ത – താളപ്പൊരുത്തമില്ലാത്ത – അനര്‍ഥത്തിലേക്കാണ് അധഃപതിക്കുന്നതെന്ന തിരിച്ചറിവ് ത്വവാഫ് നമുക്കേകുന്നുണ്ട്.

ത്വവാഫിന്ന് ശേഷമുള്ള സുന്നത്ത് നമസ്‌കാരത്തില്‍ ഹ്രസ്വമായ രണ്ട് ഖുര്‍ആന്‍ അദ്ധ്യായങ്ങളാണ് (അല്‍ കാഫിറൂനും അല്‍ ഇഖ്‌ലാസും) ഓതേണ്ടത്. ദീര്‍ഘമായി നമസ്‌കരിക്കരുത്. എല്ലാവര്‍ക്കും സൗകര്യവും അവസരവും ലഭ്യമാകുന്ന, എല്ലാവരെയും പരിഗണിക്കുന്ന സാമൂഹിക ബോധമാണിതിന്റെ പൊരുള്‍. ഒറ്റക്ക് നമസ്‌കരിക്കുമ്പോള്‍പോലും ”ഞങ്ങളെ നേര്‍വഴി നടത്തേണമേ….” എന്ന് പതിവായി ഉള്ളുരികി പ്രാര്‍ത്ഥിക്കുന്ന വിശ്വാസി പുലര്‍ത്തേണ്ട സാമൂഹിക ബോധവും പരക്ഷേമ തല്‍പരതയുമാണവിടെ പുലരേണ്ടത്. സത്യശുദ്ധവും സമഗ്രസമ്പൂര്‍ണവുമായ ഏകദൈവ വിശ്വാസത്തിന്റെ രണ്ടിതളുകള്‍ (നെഗറ്റീവും പോസിറ്റീവും) ഉള്‍ക്കൊള്ളുന്നതാണ് മേല്‍ പറഞ്ഞ രണ്ട് കൊച്ചു അധ്യായങ്ങള്‍. പിന്നെ ഹാജി പാനം ചെയ്യുന്ന സംസം അവിടെയുള്ള ദൃഷ്ടാന്തങ്ങള്‍ (ആയാത്ത്) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചതില്‍പെട്ട അത്ഭുത നീരുറവയാണ്.

അല്ലാഹുവിന്റെ ചിഹ്നം (2:158) – അടയാളം- എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച രണ്ട് കുന്നുകളാണ് സഫയും മര്‍വയും. ഇതിന്നിടയിലുള്ള നടത്തമാണ് സഅ്‌യ്. സഅ്‌യ് എന്നതിന്റെ അര്‍ഥം പ്രയത്‌നം എന്നാണ്. പ്രാര്‍ത്ഥനക്കൊപ്പം അതു പുലരാനാവശ്യമായ പ്രയത്‌നങ്ങളും വേണമെന്നതാണതിന്റെ സന്ദേശം. സന്താനഭാഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നവര്‍, വിവാഹം കഴിക്കാതെ, ദാമ്പത്യമനുഷ്ഠിക്കാതെ ബ്രഹ്മചാരിയായി നടക്കരുത്. പ്രാര്‍ത്ഥനയുടെ പ്രമേയത്തോട് നീതി പുലര്‍ത്തിക്കൊണ്ട് പ്രയത്‌നിക്കണം. പാത്രം കമഴ്ത്തിവെച്ച് വെള്ളമൊഴിക്കരുത്. അനുഗ്രഹവര്‍ഷത്തിന്നര്‍ഹനാകുംവിധം നാം നമ്മെ തയ്യാറാക്കി മലര്‍ത്തിവെക്കണം. ഹാജറ എന്ന മാതാവ് തന്റെ ഇളം പൈതലിന്ന് ദാഹജലം തേടി നെട്ടോട്ടം ഓടിയതിനെ അനുസ്മരിപ്പിക്കുന്നതാണീ നടത്തം. നിരാശപ്പെട്ട്, പ്രതീക്ഷയറ്റ് ഒന്നും ചെയ്യാതെ ആത്മഹത്യാപരമായ നിഷ്‌കര്‍മ നിലപാട് സ്വീകരിക്കരുത്. ഏത് ചുറ്റുപാടിലും നമ്മളാലാവുന്ന പ്രയത്‌നം പ്രാര്‍ഥനക്കൊപ്പം നാം നടത്തണം. അത്തരം പ്രയത്‌നങ്ങളെല്ലാം ദൈവാരാധനയുടെ ഭാഗംതന്നെ.  ഹജ്ജിലും ഉംറയിലും നാം കുറെ സംഗതികള്‍ സമ്മതിച്ചംഗീകരിച്ച് ഏറ്റു പറയുന്നുണ്ട്. തല്‍ബിയത്തില്‍ നാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത്. ”ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക്ക വല്‍മുല്‍ക്ക് ലാ ശരീക ലക്ക്” (സര്‍വ്വ സ്തുതിയും നിനക്കാണ്. എല്ലാ അനുഗ്രഹങ്ങളും നിന്റെതാണ്; ആധിപത്യവും – ഉടമാധികാരവും – നിനക്ക് മാത്രമാണ്; നിനക്ക് ഒരു പങ്കാളിയുമില്ല.)

സഅ്‌യിലും നാം ഇതേ കാര്യം ഭക്തിപൂര്‍വം പറയുന്നുണ്ട്. ”ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍ മുല്‍ക്കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍” പിന്നീട് അറഫയിലും ഈ പ്രതിജ്ഞയും പ്രാര്‍ത്ഥനയുമൊക്കെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. അതെ, എന്റെതായി എനിക്കൊന്നുമില്ല. എല്ലാം അല്ലാഹുവിന്റെ വരദാനമാണ്. അവന്ന് മാത്രമാണ് പൂര്‍ണമായ ഉടമാധികാരവും പരമാധികാരവും….. ഇങ്ങിനെയൊക്കെ ദൃഢനിലപാട് പുലര്‍ത്തുന്ന വിശ്വാസിയോട് ഉടയതമ്പുരാനായ അല്ലാഹു എന്തു ചോദിച്ചാലും നല്‍കേണ്ടതുണ്ട്. ഇബ്രാഹീം നബി (അ) ഇങ്ങനെ വിലപ്പെട്ട പലതും ത്യാഗപൂര്‍വം ത്യജിച്ചിട്ടുണ്ട്. നമ്മുടെ അവയവങ്ങള്‍ പടച്ചവനോടുള്ള പ്രതിജ്ഞ പാലിക്കാന്‍ വെട്ടിമാറ്റണമെന്ന് സ്രഷ്ടാവും ഉടയവനുമായ അല്ലാഹു നിര്‍ദേശിച്ചാല്‍ അങ്ങിനെ ചെയ്യാന്‍ വിശ്വാസി ബാധ്യസ്ഥനാണ്. പക്ഷെ, ”അല്ലാഹു അടിയാറുകളോട് അളവറ്റ കൃപ കാണിക്കുന്നവനാണ്.” ആകയാല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ വീണ്ടും മുളച്ചുവരുന്ന ഒരു സംഗതി – മുടി – ഉറച്ച ത്യാഗസന്നദ്ധതയുടെ പ്രഖ്യാപനമെന്നോണം പ്രതീകാത്മകമായി ത്യജിക്കുകയാണ്. കുറെ കാലം സൗന്ദര്യത്തിന്റെ ഭാഗമായി നാം ശ്രദ്ധാപൂര്‍വം പരിപാലിച്ച മുടി വടിക്കുമ്പോള്‍, അല്ലാഹുവിന്റെ സൃഷ്ടിയും അടിമയുമായ നാം അവന്‍ തന്നതെന്തും അവന്റെ ഇംഗിതം മാനിച്ചും അവന്റെ പ്രീതി കാംക്ഷിച്ചും സര്‍വാത്മനാ ത്യജിക്കാന്‍ തയ്യാറാണെന്ന ത്യാഗസന്നദ്ധതയുടെ വിളംബരമാണത്.

ഹാജി കഅ്ബാലയത്തിന്റെ പരിസരത്ത് ആത്മീയ നിര്‍വൃതിപൂണ്ട് ആരാധനകളില്‍ ആമഗ്നനായി കഴിയവെ ദുല്‍ഹജ്ജ് എട്ടിന്ന് അല്ലാഹു ഇങ്ങിനെ അരുളുന്നു: ”പിടക്കോഴി മുട്ടക്കുമേല്‍ അടയിരിക്കുംപോലെ ചടഞ്ഞുകൂടലല്ല യഥാര്‍ത്ഥ ആരാധന (ഇബാദത്ത്). മറിച്ച്, കര്‍മഭൂമിയിലേക്ക് ഊര്‍ജ്ജസ്വലതയോടെ ഇറങ്ങല്‍ കൂടിയാണ് ഇബാദത്ത്. ആകയാല്‍ കര്‍മഭൂമിയിലേക്കിറങ്ങൂ…”

ദുല്‍ഹജ്ജ് 8 മുതല്‍ 13 വരെ ആറുനാള്‍ മിന-അറഫ-മുസ്ദലിഫ-മിന എന്നിവിടങ്ങളില്‍ മൂന്ന് മൈതാനങ്ങളിലായി നടത്തിയും കിടത്തിയും ഉരുട്ടിയും നമ്മെ ശരാശരി അനുകമ്പ (Sympathy) എന്ന കേവല അവസ്ഥയില്‍ നിന്ന് തന്മയീഭാവം (Empathy) എന്ന വലിയ അവസ്ഥയിലേക്കുള്ള വളര്‍ച്ചയാണ് ഇതിലൂടെ ലാക്കാക്കുന്നത്. തെരുവിന്റെ സന്തതിയുടെ, കിടപ്പാടമില്ലാത്തവന്റെ, അഭയാര്‍ത്ഥിയുടെ കഷ്ടജീവിതം അനുഭവിച്ചറിയുകയാണിവിടെ. അറഫാദിനം പകലുകളില്‍ വെച്ചേറ്റവും ശ്രേഷ്ടമായ പകലാണ്. അവിടെ നമസ്‌കാരം സംയോജിപ്പിച്ചും ചുരുക്കിയുമാണ്. അവിടെ അന്നത്തെ കര്‍മം സ്വയം വിചാരണയും പശ്ചാത്താപവുമാണ്. സ്വയം വിചാരണയിലൂടെ ഉണ്ടാവുന്ന തിരിച്ചറിവിന്റെയടിസ്ഥാനത്തില്‍ തിരുത്തിന്നും പരിഹാര പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധനാവണം, പ്രതിജ്ഞയെടുക്കണം എന്നിട്ട്, മനസ്സുരുകി പാപമോചനത്തിര്‍ഥിക്കണം. അറഫ നാളില്‍ പിശാച് വിറളി പിടിച്ചോടുമെന്ന് നബി(സ) അറിയിച്ചിട്ടുണ്ട്. പിശാച് ഒരുപാട് കെണികളൊരുക്കി ഉണ്ടാക്കിയെടുത്ത പാപങ്ങള്‍ പശ്ചാത്താപത്തിന്റെ ചുടുകണ്ണീരില്‍ ഒലിച്ചു പോകുന്ന വേവലാതിയാല്‍ ഇബ്‌ലീസ് വളരെയേറെ അസ്വസ്ഥവും പരവശനുമാണന്ന്. കരുണാവാരിധിയായ അല്ലാഹു ധാരാളമായി മാപ്പരുളുന്ന സുദിനം.

”അറഫ” ദിനം പരലോകത്തെ വിചാരണാദിനത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. അറഫയില്‍ ജനലക്ഷങ്ങള്‍ പൊരിവെയിലത്ത് ഏതാനും മണിക്കൂറുകളേ നില്‍ക്കുന്നുള്ളൂ. പരലോകത്ത് മാനവകുലത്തിന്റെ ആദ്യം മുതല്‍ അന്ത്യംവരെയുള്ള സകല മനുഷ്യരും അതിതീഷ്ണമായ അന്തരീക്ഷത്തില്‍ യുഗങ്ങളോളം നില്‍ക്കണം. ഇവിടെ സ്വയം വിചാരണയാണെങ്കില്‍ നാളെ പരലോകത്ത് തീഷ്ണമായി വിചാരണ ചെയ്യപ്പെടുകയാണ്. ഇന്നത്തെ സ്വയം വിചാരണ എത്രകണ്ട് ഫലപ്രദമാകുന്നുവോ അത്രകണ്ട് പരലോക വിചാരണയില്‍ ആശ്വാസം കിട്ടും.

‘അറഫ’ എന്നതിന്റെ സാരം തിരിച്ചറിവ് എന്നാണ്. കുറെ തിരിച്ചറിവുകള്‍ ആണ് നമുക്ക് ‘അറഫയില്‍ നിന്ന് കിട്ടുക. തിരുത്താനും നന്നാവാനും തിരിച്ചറിവ് കൂടിയേ തീരൂ. പക്ഷെ ഒരു ദുഃഖസത്യമുണ്ട്, തിരിച്ചറിവുള്ളവരെല്ലാം നന്നായിത്തീരാറില്ല എന്നതാണത്. പലപ്പോഴും തിരിച്ചറുവുകള്‍ കൈമോശം വരാറുണ്ട്. അവിടെയാണ് മുസ്ദലിഫയുടെ പ്രസക്തി. മുസ്ദലിഫക്ക് ഖുര്‍ആന്‍ പ്രയോഗിച്ച പദം ‘മശ്അറുല്‍ ഹറാം’ എന്നാണ്. പവിത്രബോധം അങ്കുരിക്കുന്ന ഇടം എന്നര്‍ത്ഥം. ദുല്‍ഹജ്ജ് ഒമ്പതിന്റെ (അറഫ) പകലത്തെ വിലപ്പെട്ട തിരിച്ചറിവുകള്‍ നമ്മുടെ അകതാരില്‍ കലാപമുണ്ടാക്കുന്ന തീവ്രമായ അവബോധമായി മാറുന്നു. ഈ അവബോധം ഹാജിയിലുണ്ടാക്കുന്ന മനോഗതമിതാണ്. ”എന്നെ വഞ്ചിച്ച ദുശ്ശക്തി ഇനി ആരെയും വഴി പിഴപ്പിക്കരുത്. എന്നെയും മറ്റു പലരെയും പിഴപ്പിച്ച സകല ദുശ്ശക്തികള്‍ക്കെതിരെയും ഇനി നിരന്തര പോരാട്ടം നടത്തും. ഞാന്‍ സ്വയം പിഴച്ചതിന്നും മറ്റുള്ളവരെ പിഴപ്പിച്ചതിനുമുള്ള എന്നാലാവുന്ന പ്രായശ്ചിത്തം തിന്മക്കും ദുശ്ശക്തികള്‍ക്കുമെതിരെയുള്ള നിരന്തര പോരാട്ടമാണ്…. ഇ:അ: അതാണ് ഇനി എന്റെ ശിഷ്ടകാല ജീവിതം….” ഈ ദൃഢ തീരുമാനം വേഗം നടപ്പാക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പ്രതീകാത്മക ആയുധമായി ഏഴ് ചെറുകല്ലുകള്‍ ശേഖരിച്ചു. 10-ന് രാവിലെ പ്രാര്‍ത്ഥനാപൂര്‍വം ആവേശഭരിതനായി തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് മിനയിലെ ജംറയിലേക്ക് നീങ്ങുകയാണ്. അവിടെ സകല പൈശാചിക ദുശ്ശക്തികള്‍ക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏറ് പൂര്‍ത്തിയാക്കുന്നു. തല്‍ബിയത്ത് ചൊല്ലിക്കൊണ്ട്‌പോയ ഹാജിമാര്‍ വിജയശ്രീലാളിതരായി സാഹ്ലാദം തക്ബീര്‍ ചൊല്ലിയാണ് മടങ്ങുന്നത്. ഇന്ന് ലോകമെങ്ങും ബലിപെരുന്നാളാണ്. ആബാലവൃദ്ധം ലോകമുസ്‌ലിംകള്‍ ഹാജിമാരൊപ്പം തക്ബീര്‍ ചൊല്ലുന്നു. ഹാജിമാര്‍ ബലികര്‍മം നിര്‍വഹിക്കുമ്പോള്‍ ലോകമുസ്‌ലിംകളും ബലികര്‍മം നിര്‍വഹിക്കുന്നു. ഇന്നലെ (9-ാം നു ) ഹാജിമാര്‍ അറഫയിലായിരുന്നപ്പോള്‍ ലോക മുസ്‌ലിംകള്‍ വ്രതമനുഷ്ഠിച്ചും പ്രാര്‍ത്ഥനാ നിരതരായും അറഫാ സമ്മേളനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു.

ബലികര്‍മം കേവല ബലികര്‍മ്മമല്ല. ഇബ്രാഹീം (അ) ദൈവാജ്ഞ പ്രകാരം പ്രിയപുത്രന്‍ ഇസ്മാഈല്‍ (അ)നെ ബലികൊടുക്കാന്‍ സന്നദ്ധനായതിന്റെ ഉജ്ജ്വല മാതൃകയെ പിന്‍പറ്റിക്കൊണ്ടുള്ള ത്യാഗസന്നദ്ധതയുടെ പ്രതിജ്ഞാപൂര്‍വമുള്ള ഒരു കര്‍മമാണത്. ഇബ്രാഹീം (അ) തനിക്കേറ്റവും പ്രിയപ്പെട്ടത്- വാര്‍ദ്ധക്യകാലത്ത് ആറ്റുനോറ്റുകിട്ടിയ പൊന്നോമന പുത്രനെ റബ്ബിന്റെ കല്‍പന പ്രകാരം ബലികൊടുക്കാന്‍ തയ്യാറായി. വേണ്ടി വന്നാല്‍ നാമും നമ്മുടെ വിലപ്പെട്ടതും പ്രിയപ്പെട്ടതും (അതെ, നമ്മുടെ ഇസ്മാഈലിനെ) ത്യജിക്കാന്‍, ബലി കൊടുക്കാന്‍ തയ്യാറാവേണ്ടതുണ്ട്. എങ്കിലേ നമ്മുടെ ബലിക്ക് ഒരര്‍ത്ഥമുള്ളൂ. ”ബലി മൃഗത്തിന്റെ മാംസമോ രക്തമോ അല്ലാഹുവിങ്കലേക്കെത്തില്ല; മറിച്ച് നിങ്ങളുടെ തഖ്‌വയാണ് അല്ലാഹുവിലേക്കെത്തുക.” (22:37) ”നിങ്ങള്‍ക്കേറ്റവും പ്രിയങ്കരമായത് വ്യയം ചെയ്യാത (ത്യജിക്കാതെ ) നിങ്ങള്‍ പുണ്യം (ബിര്‍റ്) പ്രാപിക്കുകയേ ഇല്ല” (3:92)

പിശാചിന്നെതിരെ പോരാടി ജയിച്ച ശേഷം പോരാട്ട മാര്‍ഗത്തിലെ ത്യാഗസന്നദ്ധത ഒരിക്കല്‍കൂടി ഉറപ്പിക്കാന്‍ തലമുണ്ഡനം ചെയ്തിരിക്കവെ ഒരു ശങ്കയുദിക്കുന്നു; പിശാച് എന്നെന്നേക്കുമായി തോറ്റോടിയോ? ഇല്ല; ബദ്‌റില്‍ തോറ്റോടിയര്‍ പുതിയ ആയുധങ്ങളും തന്ത്രങ്ങളുമായി ഉഹ്ദില്‍ വീണ്ടും വന്നത് ചരിത്രമാണ്. ആകയാല്‍ പോരാട്ടം നിറുത്തി വെച്ചുകൂടാ. അങ്ങിനെ ദുല്‍ഹജ്ജ് 11-നും 12-നും 13-നും ഏറ് തുടരുന്നു. ഒടുവില്‍ കരുണാവാരിധിയായ റബ്ബ് ഇങ്ങിനെ നമ്മോട് പറയുന്നതായി നമുക്ക് കരുതാം: ”പാവപ്പെട്ട ഹാജീ, നീ വിദൂര ദിക്കില്‍ നിന്ന് വന്ന് കുറെ നാളുകളിലായി കര്‍മ്മനിരതനാണ്; പരീക്ഷീണിതനാണ്; തല്‍ക്കാലം ഏറ് നിര്‍ത്താം. പക്ഷെ, ഒന്നുണ്ട്, നാട്ടില്‍ തിരിച്ചെത്തിയാല്‍ നീ ഇവിടെ തല്‍ക്കാലം നിറുത്തിവെച്ച പോരാട്ടം നിന്റെ ജീവിതാന്ത്യംവരെ അക്ഷീണം അനവരതം തുടരണം…” അങ്ങിനെ ഹാജി ഒരു സജീവ പോരാളിയായിക്കൊണ്ട് നവജാത ശിശുവിന്റെ നൈര്‍മല്യത്തോടെ ഒരു പുതിയ മനുഷ്യനായി നാട്ടിലേക്ക് മടങ്ങുന്നു. തിരിച്ചറിവും തീവ്രമായ അവബോധവും, തിന്മക്കെതിരായ പോരാട്ട വീര്യവുമായിട്ടാണ് മടക്കം. വര്‍ഷാ വര്‍ഷം ഇങ്ങിനെ ദശലക്ഷങ്ങള്‍ ലോകത്തിന്റെ സകല മുക്കു മൂലകളിലേക്ക് ഈ വിശുദ്ധ പോരാളികള്‍ വന്നെത്തുമ്പോള്‍ ഉണ്ടാവേണ്ട, ഉണ്ടാകുന്ന മാറ്റം വിവരണാതീതമാണ്.

ഹജ്ജുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ മുഖ്യമായും മൂന്ന് പേരുണ്ട് ഇബ്രാഹീം, ഹാജറ, ഇസ്മാഈല്‍ (അ). ഭര്‍ത്താവ്, ഭാര്യ, സന്തതി എന്നിവകളുടെ ഉജ്ജ്വല പ്രതീകങ്ങളാണിവര്‍. ഇബ്രാഹീം (അ) സാധിച്ച മഹാവിപ്ലവത്തിലെ മാതൃക ഓരോ മുസ്‌ലിം കുടുംബത്തിനും അനുകരണീയമാണ്. ഈ മൂന്ന് വിഭാഗവും പരസ്പരപൂരകമായി വര്‍ത്തിക്കണമെന്നതാണാ ഗുണപാഠം. എങ്കിലേ മാറ്റം – വിപ്ലവം – പൂര്‍ണമാകൂ. അല്ലാഹു അക്ബർ

( കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയുടെ മുൻ മെമ്പറാണ് ലേഖകൻ )
Prev Post

ഉംറ

Next Post

അറഫയിലും മുസ്ദലിഫയിലും നടത്താവുന്ന പ്രാർഥനകൾ

post-bars

Related post

You cannot copy content of this page