Back To Top

 ഇസ്‌ലാം ഒരു മതം മാത്രമല്ലെന്നാണ് ഹജ്ജ് വിളംബരം ചെയ്യുന്നത്

ഇസ്‌ലാം ഒരു മതം മാത്രമല്ലെന്നാണ് ഹജ്ജ് വിളംബരം ചെയ്യുന്നത്

Spread the love

ഇന്ന് ലോകം ഒരാഗോള ഗ്രാമമാണ്. ലോകം ഏറെ പരസ്പര ബന്ധങ്ങളില്ലാത്ത ഗ്രാമങ്ങള്‍ മാത്രമായിരുന്ന കാലത്താണ് ഇബ്‌റാഹീം നബി ഹജ്ജിനു വേണ്ടിയുള്ള വിളംബരം നടത്തുന്നത്. ദൈവം ഒന്നായതുപോലെ, മനുഷ്യരാശി ഒന്നായതു പോലെ ലോകവും ഒന്നാണെന്ന സന്ദേശമാണ് ഇബ്‌റാഹീം നബി അതിലൂടെ വിളംബരപ്പെടുത്തിയത്. കടല്‍ കടക്കാനും പര്‍വതങ്ങള്‍ താണ്ടിക്കടക്കാനും ഇന്നത്തെപ്പോലെ എളുപ്പങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് ഇബ്‌റാഹീം നബി ഇത്തരമൊരാഹ്വാനം നടത്തിയത്. എന്നുമാത്രമല്ല, ഗ്രാമം വിട്ടുപോകുന്നതും കടല്‍ കടക്കുന്നതും മനുഷ്യരുമായി സമ്പര്‍ക്കപ്പെടുന്നതും അശുദ്ധിക്ക് കാരണമാകുമെന്ന് കരുതപ്പെട്ടിരുന്ന വിശ്വാസങ്ങളുടെ ലോകത്താണ് ഇബ്‌റാഹീം കടല്‍ കടക്കാനും അതിരുകളെ ഭേദിക്കാനും ആവശ്യപ്പെട്ടത്. കാരണം, ലോകം നിങ്ങളുടെ ഗ്രാമമോ പരിചിത പ്രദേശമോ അല്ല. ലോകം ലോകത്തോളം വിശാലമാണ്. ഈ വിശാലതയെയാണ് ഹജ്ജ് ഓരോ അനുവാചകന്റെയും മനസ്സില്‍ കൊണ്ടുവരുന്നത്, ഓരോ തീര്‍ഥാടകന്റെയും ജീവിതത്തില്‍ അനുഭവവേദ്യമാക്കുന്നത്. നിങ്ങളുടെ ചെറിയ വട്ടങ്ങളില്‍നിന്ന് ലോകത്തിന്റെ വലുപ്പത്തിലേക്ക് സഞ്ചരിക്കുക. ഇതാണ് ഹജ്ജ് പകരുന്ന പല ആശയങ്ങളില്‍ ഒന്ന്. ഒന്നാം ലോക യുദ്ധത്തിനു ശേഷമാണ് ലീഗ് ഓഫ് നാഷന്‍സ് എന്ന പരാജയമായിത്തീര്‍ന്ന ശ്രമത്തിന് തുടക്കം കുറിക്കുന്നത്. രണ്ടാം ലോക യുദ്ധത്തിനു ശേഷമാണ് ഇന്നും നിലനില്‍ക്കുന്ന ഐക്യരാഷ്ട്ര സംഘടന ജന്മമെടുക്കുന്നത്. അതിനും ആയിരത്താണ്ടുകള്‍ക്കു മുമ്പാണ് ഹജ്ജ് എന്ന ആഗോളവേദി പിറവിയെടുക്കുന്നത്. ലീഗ് ഓഫ് നാഷന്‍സും യു.എന്നും രാഷ്ട്രങ്ങളുടെ വേദിയാണെങ്കില്‍ ഹജ്ജ് ജനങ്ങളുടെ വേദിയാണ്. ഇന്നും ഏറ്റവും ജനകീയമായ അന്താരാഷ്ട്ര വേദി ഹജ്ജാണ്.

ഇസ്‌ലാം ഓരോ വര്‍ഷവും ഹജ്ജില്‍ സമ്മേളിക്കുകയാണ്. സംസ്ഥാന പ്രസ്ഥാനങ്ങള്‍ സംസ്ഥാന സമ്മേളനങ്ങളും ദേശീയ പ്രസ്ഥാനങ്ങള്‍ ദേശീയ സമ്മേളനങ്ങളും സംഘടിപ്പിക്കുമ്പോള്‍ ആഗോള പ്രസ്ഥാനമായ ഇസ്‌ലാം എല്ലാ വര്‍ഷവും ആഗോള സമ്മേളനം സംഘടിപ്പിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള വ്യത്യസ്ത വംശങ്ങളിലെയും ഭാഷകളിലെയും പ്രതിനിധികള്‍ ഒത്തുചേരുകയാണ്. ഇസ്‌ലാമിന്റെ വളര്‍ച്ചക്കനുസൃതമായ ശക്തി പ്രകടിപ്പിക്കുകയാണ്. തീര്‍ഥാടകനില്‍ ആഴമേറിയ ചൈതന്യം നിറക്കുകയും ലോകത്തിനു മുമ്പില്‍ ഇസ്‌ലാമിന്റെ കരുത്ത് പ്രകടിപ്പിക്കുകയും ചെയ്യുന്ന ദ്വിമുഖതയാണ് ഹജ്ജ്. ഹജ്ജ് ഒരു തീര്‍ഥാടനം മാത്രമല്ല, അത് വെറും സമ്മേളനവുമല്ല, തീര്‍ഥാടനവും സമ്മേളനവും ഒത്തുചേരുന്ന ഇസ്‌ലാമികതയാണ്. ഒരു മത തീര്‍ഥാടനത്തിന്റെ എല്ലാ ചേരുവകളും ഹജ്ജിനുണ്ട്. സാമ്പ്രദായിക മതത്തിന്റെ ജീര്‍ണതകളില്‍നിന്നെല്ലാം മുക്തമായ തീര്‍ഥാടനമാണ് അത്. ഒരു സമ്മേളനത്തിന്റെ എല്ലാ രൂപഭാവങ്ങളും ഹജ്ജിനുണ്ട്. വെറും ഭൗതിക സമ്മേളനം മാത്രമായി വെട്ടിച്ചുരുക്കാനാവാത്ത സമ്മേളനമാണ് ഹജ്ജ്.

ഇസ്‌ലാം വെറും ഒരു മതല്ലെന്നും അത് ഒരു പ്രസ്ഥാനവും പ്രവാഹവുമാണെന്നുമാണ് ഹജ്ജ് പ്രഖ്യാപിക്കുന്നത്. പ്രസ്ഥാനരഹിതരായ മനുഷ്യര്‍ അവരവരുടെ ജീവിത പരിസരങ്ങളില്‍ മാത്രം ജീവിക്കുന്നവരായിരിക്കും. എവിടെപ്പോയാലും വീട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ അസ്വസ്ഥരാവുന്നവരായിരിക്കും. സ്വന്തം വീട്ടിലെ സ്വന്തം കിടപ്പുമുറിയില്‍ തന്നെ കിടന്നില്ലെങ്കില്‍ ഉറക്കം കിട്ടാത്തവരായിരിക്കും. അത്തരം വിശ്വാസികളെയും ഹജ്ജ് ഇറക്കിക്കൊണ്ടു പോവുകയാണ്. സ്വന്തം നാട്ടിനും കാതങ്ങള്‍ക്കപ്പുറത്തുള്ള ഒരു ദേശത്തിലേക്ക്. ഒത്തുചേരലിന്റെ നഗരിയിലേക്ക്. എല്ലാ ആരാധനകളും പ്രതീകപരമായ അര്‍ഥങ്ങള്‍ നിറഞ്ഞവയാണ്. ഹജ്ജില്‍ ഈ പ്രതീകപരത ഏറെ അധികമാണ്. വീടു വിട്ട് സഞ്ചരിച്ച ഒരുപാട് വിശ്വാസികളുടെ പ്രയത്‌നങ്ങളെയാണ് ഹജ്ജ് പ്രതീകവത്കരിക്കുന്നത്. വീട്ടില്‍ മാത്രം ജീവിച്ച് വ്യക്തിപരമായി വിശുദ്ധി പുലര്‍ത്തി ചെയ്തുതീര്‍ക്കാവുന്ന കര്‍മസംഹിതയുടെ പേരല്ല ഇസ്‌ലാം എന്നാണ് ഹജ്ജ് ഓരോ ഹജ്ജാജിയോടും പറയുന്നത്. ഇറങ്ങി പുറപ്പെടലിന്റെയും പലായനത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രത്തിലെ നിരവധി ഓര്‍മകളെ ഹജ്ജ് അനുസ്മരിപ്പിക്കുന്നുണ്ട്. വീട്ടില്‍ മാത്രം കിടന്നുറങ്ങേണ്ടവനല്ല വിശ്വാസി എന്നാണ് ഹജ്ജ് പഠിപ്പിക്കുന്നത്. ആവശ്യമായ ഘട്ടങ്ങളില്‍ വീട്ടില്‍നിന്ന് വിട്ടുനില്‍ക്കാനും, ആവശ്യമായ ഇടങ്ങളില്‍ താമസിക്കാനും കഴിവുള്ളവന്റെ പേരാണ് വിശ്വാസി. ഹജ്ജില്‍ ഒരു ഹാജി മിനയില്‍ ടെന്റുകെട്ടി താമസിക്കുകയാണ്. ചരിത്രത്തില്‍ ഒരുപാട് സ്ഥലങ്ങളില്‍ ഇങ്ങനെ ടെന്റുകെട്ടി തന്റെ നാടും വീടുമല്ലാത്ത ഇടങ്ങളില്‍ സ്ഥിരവും താല്‍ക്കാലികവുമായ താമസ സൗകര്യങ്ങള്‍ കെട്ടിയുണ്ടാക്കി പണിത് പടുത്തുയര്‍ത്തിയ ഒരിസ്‌ലാമിന്റെ ഭാഗമാവുകയാണ് ഓരോ ഹാജിയും ചെയ്യുന്നത്. ഇസ്‌ലാമിന്റെ കര്‍മോത്സുകമായ ചരിത്രത്തിലേക്ക് തന്റെ ശരീരത്തെ പ്രതീകാത്മകമായി ചേര്‍ത്തുവെക്കലാണിത്.

ഇസ്‌ലാം ഒരു മതം മാത്രമല്ലാത്തതുകൊണ്ടാണ് അതിന്റെ അനുചരന്മാര്‍ നാടുകളെ മുറിച്ചു സഞ്ചരിച്ചത്. എവിടെയെല്ലാം മനുഷ്യരുണ്ടോ അവിടങ്ങളിലേക്കെല്ലാം അവര്‍ മനുഷ്യരെ തേടി പുറപ്പെട്ടു. മനുഷ്യരുടെ ഏറ്റവും വലിയ സ്വത്ത് അവരെ കണ്ടെത്തി ഏല്‍പ്പിക്കാന്‍. ഹജ്ജ് ചെയ്യുന്നത് ഈ അമൂല്യ സ്വത്ത് ലഭിച്ച ലോകത്തിന്റെ നാനാഭാഗത്തുമുള്ളവരെ ഹറമിലേക്ക് ഒരുമിച്ചുകൂട്ടുന്നു. എന്നിട്ട് വീണ്ടും ലോകത്തിലേക്ക് വിന്യസിക്കുന്നു. അവരിലൂടെ ഉണ്ടായിത്തീരുന്ന പുതിയ മനുഷ്യരെ വീണ്ടും ഹറമിലേക്ക് വിളിക്കുന്നു. അവരെ വീണ്ടും ലോകത്തില്‍ വിന്യസിക്കുന്നു. ഹജ്ജ് പ്രബോധനത്തിനുള്ള ആഹ്വാനമാണ്. പ്രബോധനത്തിന്റെ ഫലപ്രഖ്യാപനവുമാണ്. ഹജ്ജും ഇസ്‌ലാമിക പ്രബോധനവും തമ്മില്‍ ഇങ്ങനെ ഒരു ജൈവബന്ധമുണ്ട്.

ആദ്യകാല വിശ്വാസികള്‍ അവരുടെ നാടുകളില്‍ ചടഞ്ഞുകൂടിയിരുന്നുവെങ്കില്‍, സ്വന്തം കാര്യം മാത്രം നോക്കി നടത്തിയിരുന്നുവെങ്കില്‍ ഇന്നു കാണുന്ന ഇസ്‌ലാം ഉണ്ടാകുമായിരുന്നില്ല. ഇസ്‌ലാം അതിന്റെ സത്തയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഒരു ആഗോള ആദര്‍ശമായിത്തീരുമായിരുന്നില്ല. ഹജ്ജ് ഒരു സമ്മേളനമാണ്. കാലഘട്ടത്തിലെ ഇസ്‌ലാമിന്റെ അധികാരി അതിന്റെ മുഴുവന്‍ അനുയായികളെയും നേരിട്ടോ പ്രതിനിധികളിലൂടെയോ അഭിസംബോധന ചെയ്യുന്ന സമ്മേളനം. ‘അല്‍ഹജ്ജു അറഫ’ (ഹജ്ജെന്നാല്‍ അറഫയാണ്). ഒരര്‍ഥത്തില്‍ ഹജ്ജിലെ ബാക്കി കാര്യങ്ങളെല്ലാം അറഫക്കു വേണ്ടിയാണ്. അറഫയേക്കാള്‍ വലിയ ഒരു സമ്മേളനവും ഇന്നും ലോകത്തെവിടെയും സംഘടിപ്പിക്കപ്പെടുന്നില്ല. അറഫയോളം മനുഷ്യ വൈവിധ്യങ്ങളെ ഒരു സദസ്സും ഉള്‍ക്കൊള്ളുന്നില്ല. മനുഷ്യരാശിയുടെ ഏറ്റവും മഹത്തായ സ്വന്തം സമ്മേളനമാണത്. ആദര്‍ശപ്രസ്ഥാനത്തിന്റെ തലവന്‍ അന്ന് അവിടെ വെച്ച് അനുയായികളെയും ലോകത്തെയും അഭിസംബോധന ചെയ്യും. അതാണ് അറഫയിലെ പ്രഭാഷണം.

പ്രവാചകന്റെ അറഫാ പ്രഭാഷണത്തിനൊടുവില്‍ പറഞ്ഞു: ഹാജറുള്ളവര്‍ ഹാജറില്ലാത്തവര്‍ക്ക് എത്തിച്ചു കൊടുക്കുക. അഥവാ, എത്തിയവര്‍ എത്താത്തവരിലേക്ക്. എത്തിയ സ്ഥലങ്ങളില്‍നിന്ന് എത്താത്ത സ്ഥലങ്ങളിലേക്ക് ഒരു പ്രവാഹമായി, ഒരു പ്രസ്ഥാനമായി ഇത് സഞ്ചരിക്കണം. ഈ പ്രവാചക സരണിയെക്കുറിച്ച് എങ്ങനെയാണ് വെറും മതം എന്നു പറഞ്ഞ് നമുക്ക് സമാധാനിക്കാനാവുക? ഒരാള്‍ക്ക് എങ്ങനെയാണ് സ്വസ്ഥനായ ഭക്തന്‍ മാത്രമാകാനാവുക? ചരിത്രം അതിന്റെ കാവ്യ ഭാഷയില്‍ പറയുന്നത്, ഇതു കേട്ട അനുചരന്മാര്‍ അവരുടെ ഒട്ടകത്തിന്റെ മുഖം എങ്ങോട്ടാണോ തിരിഞ്ഞിരുന്നത് അങ്ങോട്ടേക്ക് ഒട്ടകത്തെയും തെളിച്ചുകൊണ്ട് സഞ്ചരിച്ചു എന്നാണ്. ലോകത്തിന്റെ വിദൂരതകളിലേക്ക് ഒട്ടകപ്പുറമേറി സഞ്ചരിച്ച പ്രബോധകരെ സൃഷ്ടിച്ച ഹജ്ജായിരുന്നു പ്രവാചകന്റെ ആദ്യത്തെയും ഒടുവിലത്തെയുമായ ആ ഹജ്ജ്. ‘ഞാന്‍ എത്തിച്ചു തന്നില്ലയോ’ എന്ന് പ്രവാചകന്‍ ആ പ്രഭാഷണത്തില്‍ ചോദിച്ചു. അത് ചോദിക്കേണ്ടത് അവിടെ വെച്ചു തന്നെയാണ്. കാരണം ഹജ്ജും പ്രബോധനവും തമ്മില്‍ അങ്ങനെ ഒരു ജൈവ ബന്ധമുണ്ട്. ഇസ്‌ലാം ആകെക്കൂടി പുണ്യം നുകരാനുള്ള പാനപാത്രമല്ല. അല്ലെങ്കില്‍ പുണ്യത്തിലേക്കുള്ള ഒരു കുറുക്കുവഴിയുടെ പേരല്ല. അതിന്റെ പുണ്യം മനുഷ്യരുമായും ചരിത്രവുമായും ബന്ധപ്പെട്ടതാണ്. ഇസ്‌ലാമിന്റെ ചരിത്രനിരപേക്ഷമായ ആരാധനാ ഭാവത്തെ, മതഭാവത്തെ ഹജ്ജിന്റെ തീര്‍ഥാടനപരതയെ മറന്നുവെക്കാതെ തന്നെയാണ് ഇത് പറയുന്നത്. മസ്ജിദുല്‍ ഹറമില്‍ രണ്ട് റക്അത്ത് നമസ്‌കരിച്ചാല്‍ ആയിരം റക്അത്ത് നമസ്‌കരിച്ചതിന്റെ പ്രതിഫലമുണ്ട്. അവിതര്‍ക്കിതമായ പ്രവാചക അധ്യാപനമാണിത്. ഇതിനെക്കുറിച്ച ബോധം തഴച്ച് മുറ്റി നില്‍ക്കുമ്പോള്‍ തന്നെയാണ് ആയിരക്കണക്കിന് അനുചരന്മാര്‍ സത്യത്തെ ലോകത്തിന്റെ അറ്റത്തോളമുള്ള മനുഷ്യര്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള ആഹ്വാനത്തിന് ഉത്തരം നല്‍കി, പ്രത്യേകിച്ച് പുണ്യങ്ങളൊന്നുമില്ലാത്ത നാടുകളിലേക്ക് പുറപ്പെട്ടത്. മക്ക പുണ്യ നഗരമാണ്. അവര്‍ പുറപ്പെട്ടത് അവിടെ നിന്നാണ്; സവിശേഷ പുണ്യങ്ങളൊന്നുമില്ലാത്ത സാധാരണ സ്ഥലങ്ങളിലേക്ക്. അസാധാരണമായ ഒരു നാട്ടില്‍നിന്ന് സാധാരണമായ നാടുകളിലേക്ക്. പുണ്യം നിറഞ്ഞ മണ്ണില്‍നിന്ന് പ്രത്യേകിച്ച് പുണ്യമില്ലാത്ത മണ്ണിലേക്ക്. പക്ഷേ അവര്‍ നിര്‍വഹിച്ചത് അസാധാരണ ദൗത്യമായിരുന്നു. മക്കയില്‍ ഇരിക്കുന്നതിനേക്കാള്‍, മസ്ജിദുല്‍ ഹറമില്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യം നിറഞ്ഞ കാര്യമായിരുന്നു അത്. അല്ലെങ്കില്‍, ഇത്രയും പുണ്യത്തെ ഉപേക്ഷിക്കാന്‍ മാത്രം ആത്മീയ വിവരദോഷികള്‍ ആവുകയില്ലല്ലോ അവര്‍. അല്ലാഹു തൃപ്തിപ്പെട്ട, അല്ലാഹുവിനെ തൃപ്തിപ്പെട്ട നക്ഷത്ര തേജസ്സകളാണവര്‍. പ്രവാചകന്‍ ഒരൊറ്റ ഹജ്ജിലൂടെ ആ നക്ഷത്ര തേജസ്സുകളെ ലോകത്തിന് സമര്‍പ്പിച്ചു. ലോകത്തിന്റെ ആയിരം ദിക്കുകളില്‍ വിന്യസിച്ചു. പ്രതിഫലത്തെയും പുണ്യത്തെയും കുറിച്ച സാമ്പ്രദായിക മത ധാരണകളെ തെറ്റിച്ചുകളഞ്ഞു. ഏറ്റവും വലിയ പുണ്യം സത്യത്തിനു വേണ്ടി ചരിത്രത്തെ നിര്‍മിക്കുന്നതിലാണ്. അതിന്റെ ഇന്ധനശാലകളാണ് ആരാധനകള്‍. പ്രവാചകന്റെ ചാരത്ത് മറമാടപ്പെടുക എന്ന ആത്മീയ കാല്‍പ്പനികതയിലല്ല, ലോകത്തിന്റെ വിശാലതയുടെ യാഥാര്‍ഥ്യങ്ങളിലാണ് ആയിരക്കണക്കിന് സ്വഹാബികള്‍ അന്ത്യവിശ്രമം കൊള്ളുന്നത്. സ്വഹാബികളുടെ ഖബ#്‌റുകള്‍ ലോകത്തിന്റെ എല്ലാ ദിക്കുകളിലുമുണ്ട്.

ഇബ്‌റാഹീം നബിയോട് ഹജ്ജിന് വിളംബരം ചെയ്യാന്‍ പറഞ്ഞ ദിവ്യവചനത്തില്‍ ഇങ്ങനെ പറയുന്നുണ്ട: ”മെലിഞ്ഞൊട്ടിയ ഒട്ടകപ്പുറമേറി വിദൂരദിക്കുകളില്‍നിന്ന് അവര്‍ വന്നണയും” (അല്‍ഹജ്ജ്: 27). ഈ ദിവ്യവചനത്തില്‍ ദൂരയാത്രയുടെ ഒരു ചിത്രമുണ്ട്. ഒട്ടകം മെലിഞ്ഞൊട്ടിയത് ദീര്‍ഘ യാത്രയില്‍ മരുപ്പറമ്പില്‍ ആവശ്യമായ വെള്ളവും ഭക്ഷണവും കിട്ടാതെയാണ്. ഹജ്ജത്തുല്‍ വിദാഇലെ പ്രഭാഷണത്തെക്കുറിച്ച് ചരിത്രം നല്‍കുന്ന ചിത്രം ഇതേ ഒട്ടകപ്പുറങ്ങളിലേറി പ്രവാചകന്റെ അനുചരന്മാര്‍ ലോകത്തോളം വ്യാപിക്കുന്നതാണ്. ഈ മതത്തിനൊരിക്കലും മതം മാത്രമായിരിക്കാനാവില്ല. ദൗത്യമുള്ള ആദര്‍ശമാണത്. അതില്‍ പുണ്യത്തിന്റെ പാന പാത്രം നുകര്‍ന്നു മാത്രം ജന്മം കഴിച്ചുകൂട്ടാനാവില്ല. പുണ്യത്തെക്കുറിച്ചുപോലും സാമ്പ്രദായിക മതധാരണകളെ തകിടം മറിക്കുന്ന പ്രബോധനത്തിന്റെയും വിമോചനത്തിന്റെയും കാഴ്ചപ്പാടാണ് അതിനുള്ളത്. ചരിത്രത്തിലൂടെയാണ് സ്വര്‍ഗത്തിലേക്കുള്ള വഴി എന്നാണ് അത് പഠിപ്പിക്കുന്നത്. ദൈവത്തെ അത് നിരന്തരം മനുഷ്യനുമായും ലോകവുമായുമാണ് ബന്ധിപ്പിക്കുന്നത്. ദൈവത്തെ മനുഷ്യനുമായി ബന്ധിപ്പിക്കുന്ന ദൈവിക ആവിഷ്‌കാരത്തിന്റെ പേരാണ് ഇസ്‌ലാം. ഹജ്ജ് ഒരു വെറും ചടങ്ങല്ല. ഇബ്‌റാഹീമീ ചരിത്രത്തിന്റെ പുനരാവിഷ്‌കാരവും മാത്രമല്ല. സത്യസംസ്ഥാപനത്തിനു വേണ്ടി നടത്തപ്പെട്ട ചരിത്രത്തിലെ നിരവധി യാത്രകളെയും പരിശ്രമങ്ങളെയും സഹനങ്ങളെയും ഓരോ ഹാജിയും പ്രതീകാത്മകമായി പുനരാവിഷ്‌കരിക്കുന്നുണ്ട്. അതിനെയൊന്നും ഓര്‍മിക്കാതെ ഒരാള്‍ക്കും ഹജ്ജിലൂടെ കടന്നുപോകാനാവില്ല.

സ്ത്രീകള്‍ വീട്ടില്‍ മാത്രമിരിക്കേണ്ടവരാണ് എന്നതാണ് പൊതുധാരണ. പ്രകൃതിപരമായിത്തന്നെ അവര്‍ക്ക് യാത്ര പ്രയാസകരമാണ്. എന്നിട്ടും ഹജ്ജ് അവരെ അതിന്റെ കാന്തിക പരിധിക്ക് പുറത്തു നിര്‍ത്തിയില്ല. അടിസ്ഥാനപരമായി പുരുഷന് നിര്‍ബന്ധമാക്കിയതുപോലെത്തന്നെ അവള്‍ക്കും നിര്‍ബന്ധമാക്കി. പുരുഷനുള്ളതിനേക്കാള്‍ പ്രയാസങ്ങള്‍ സ്ത്രീകള്‍ക്കുണ്ട്. പക്ഷേ, സമൂഹത്തിന്റെ പകുതിയായ അവളെ ഉള്‍ക്കൊള്ളാതെ ഇസ്‌ലാമിന് എങ്ങനെയാണ് ഒരു പ്രസ്ഥാനമാവാന്‍ കഴിയുക എന്ന സംഘടനാ യുക്തിയായിരിക്കണം ഇതില്‍ പ്രവര്‍ത്തിച്ചിട്ടുാവുക. പുരുഷനെക്കൊുമാത്രം പൂര്‍ത്തിയാക്കാന്‍ ആവുന്നതല്ലല്ലോ സാമൂഹിക പരിവര്‍ത്തനം. സ്ത്രീ പള്ളിപ്രവേശത്തിനെതിരായ എല്ലാ വാദങ്ങളും തകര്‍ന്നടിയുന്ന സ്ഥലമാണ് ഹറം. ഹജ്ജില്‍ ലോകത്തിലെ ഏറ്റവും വലിയ പള്ളിയിലേക്ക് അല്ലാഹു സ്ത്രീകളെ വിളിക്കുകയാണ്. അതിനേക്കാള്‍ ചെറിയ പള്ളിയില്‍ പ്രവേശിക്കരുത് എന്ന വിലക്ക് പിന്നെ നിലനില്‍ക്കില്ലല്ലോ. ദൈവം നൈഷ്ഠിക ബ്രഹ്മചാരിയായതുകൊ് സ്ത്രീത്വമുള്ള സ്ത്രീകള്‍ തീര്‍ഥാടനത്തിനു വരരുത് എന്ന വിലക്കിനെ എത്ര ഉജ്ജ്വലമായാണ് ഹജ്ജ് മറികടക്കുന്നത്. സ്ത്രീകള്‍ കൂടി അത്യധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ ഒരിസ്‌ലാമിനെയാണ് ഹജ്ജില്‍ ആണും പെണ്ണും അനുസ്മരിക്കുന്നത്. ഹജ്ജിനെ കുറിച്ച് അല്ലാഹു പറയുന്നത് അവിടെ അവര്‍ തങ്ങള്‍ക്ക് ഉപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകാന്‍ എന്നാണ് (അല്‍ഹജ്ജ്: 28). ആ ഉപകാരങ്ങള്‍ ആത്മീയവും ഭൗതികവുമാണ്, വ്യക്തിപരവും പ്രാസ്ഥാനികവുമാണ്. പാന്‍ ഇസ്‌ലാം അവതരിപ്പിച്ചത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളല്ല, ഹജ്ജാണ്. ഓരോ മുസ്‌ലിമിനും ഓരോ ഹാജിയിലും ഞാന്‍ ഒരാഗോള പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന ബോധമാണ് ഹജ്ജ് സൃഷ്ടിക്കുന്നത്. ദേശരാഷ്ട്രങ്ങള്‍ അതിന്റെ ഏറ്റവും വലിയ ഭീകരതയില്‍ മതിലുയര്‍ത്തി നി ല്‍ക്കുമ്പോഴും ഹജ്ജില്‍ എല്ലാ ദേശക്കാരും അതിരുകള്‍ കലര്‍ന്ന് സമ്മേളിക്കുകയാണ്. ശത്രുരാജ്യങ്ങള്‍ എന്ന് അധികാരികള്‍ വിധിച്ചവര്‍ വിശ്വാസ സൗഹൃദത്തില്‍ ഒത്തുചേരുകയാണ്, ഹജ്ജുള്ള കാലത്തോളം ഇസ്‌ലാം ആഗോള പ്രസ്ഥാനമാണ്.

Prev Post

കഅ്ബയുടെ ശാസ്ത്ര വിശകലനം

Next Post

രക്തസാക്ഷിക്ക് വേണ്ടിയുള്ള ഹജ്ജ് നിര്‍വഹണം

post-bars

Related post

You cannot copy content of this page