Back To Top

 പരലോകത്തേക്കുള്ള പരിശീലനം

പരലോകത്തേക്കുള്ള പരിശീലനം

Spread the love

“ഈ ഭവനത്തിനു മീതെ എല്ലാ ദിവസവും 120 റഹ് മത്തിന്റെ മലക്കുകൾ അവതരിക്കും; 60 എണ്ണം ത്വവാഫുകാർക്കുള്ളതാണ്. 40 എണ്ണം നമസ്കരി ക്കുന്നവർക്കും 20 എണ്ണം നോക്കിയും ആലോചിച്ചുമിരിക്കുന്നവർക്കും ഉള്ള തായിരിക്കും’ എന്ന നബി വചനത്തിൽ നിന്ന് കഅ്ബയുടെയും മസ്ജിദുൽ ഹറാമി(കഅ്ബക്ക് പള്ളി)ന്റെയും പവിത്രതയും പ്രാധാന്യവും മനസ്സിലാക്കാവുന്നതാണ്. മക്കയിലുള്ള നാളുകളിൽ കിട്ടാവുന്നതിന്റെ പരമാവധി സമയം എങ്ങനെ ചെലവഴിക്കണം എന്നതിലേക്കുള്ള സൂചനകൂടിയാണിത്. ത്വവാഫ്, ഖുർആൻ മനഃപാഠമാക്കൽ, ഖുർആൻ പാരായണം, ദിക് റുകളും ദുആകളും തുടങ്ങിയ പുണ്യകർമങ്ങൾക്കു പുറമെ വെറുതെ മൗനമായി ഇരുന്നാൽ തന്നെ എന്തെല്ലാം കാര്യങ്ങളാണ് ആലോചി ക്കാനുള്ളത്. ആത്മപരിശോധനയാവാം, പശ്ചാത്താപവും പുനഃപ്രതിജ്ഞയുമാവാം, കഅ്ബയും മക്കയും മറ്റുമായി നൂറ്റാണ്ടുകളിലൂടെ നീണ്ടുപരന്നുകിടക്കുന്ന ചരിത്രസംഭവങ്ങൾ അറിവനുസരിച്ച് അയവിറക്കുകയുമാവാം. എന്തെന്തെല്ലാം സ്മാരകങ്ങളും ഓർമകളുമാണവിടെ. ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച് ക്രിസ്തു വിനു മുമ്പ് 1871-ാമാണ്ടിലാണ് ഇബ്റാഹീം നബി (അ) ആദ്യമായി മക്കയിൽ കാലുകുത്തിയത് മുതൽക്കുള്ള സംഭവപരമ്പരകൾ…..! ഏകദൈവാരാധനക്കുള്ള ആഗോള അഖില കാല കേന്ദ്രമായി കഅ്ബ നിർമിച്ചത്. മുഹമ്മദ് നബി(സ)യുടെ കാലമായപ്പോഴേക്ക് അതിനകത്തും പുറത്തുമായി ശതക്കണക്കിന് വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടത്…. കഅ്ബയുടെ വീണ്ടെടുപ്പിനായി മുഹമ്മദ് നബി(സ)യും കുടുംബാംഗങ്ങളും അനുയായികളും നടത്തിയ ജീവന്മരണ സമരങ്ങൾ…. മനുഷ്യവാസമുള്ള ഏതാണ്ടെല്ലാ സ്ഥലങ്ങളിൽനിന്നുമായി ഇബ്റാഹീമിന്റെ വിളിയും മുഹമ്മദിന്റെ ഏറ്റുപറച്ചിലും ഉൾക്കൊണ്ട് നാനാത്വത്തിൽ ഏകത്വം വിളംബരം ചെയ്ത് എത്തിച്ചേർന്നിരിക്കുന്ന ജനലക്ഷങ്ങൾ….. എല്ലാം ആലോചിക്കുമ്പോൾ മക്കയിൽ നിന്നുള്ള തിരിച്ചുപോക്ക് ഒരു പുതിയ തിരിച്ചറിവോടെ. സ്വയം തിരുത്താനും തിരുത്തൽശക്തികളോട് അണിചേർന്നടരാടാനും ഞാനുമിതാ എന്ന പ്രതിജ്ഞ അറിയാതെ എടുത്തുപോകുന്നു. അങ്ങനെ എത്ര സായൂജ്യദായകമാണ് വാചാലമൂകമായ ആ ഇരുത്തംപോലും!

ഒരു നബിവചനത്തിലുണ്ട്: “ജനങ്ങൾക്കൊരു കാലം വരും അന്ന് ഹജ്ജ് ചെയ്യുന്നത് ധനികന്മാർ ഒരു ഉല്ലാസത്തിനുവേണ്ടിയും ഇടത്തരക്കാർ കച്ചവടത്തിനുവേണ്ടിയും പണ്ഡിതന്മാർ പേരിനും പെരുമക്കും വേണ്ടിയും ദരിദ്രന്മാർ യാചനക്കുവേണ്ടിയുമായിരിക്കും.” പ്രസ്തുത നാലു തരക്കാരിൽ ആരെങ്കിലുമാണോ താങ്കൾ? എന്തൊക്കെയാണ് ഹജ്ജ് യാത്രക്കു പിന്നിലെ താങ്കളുടെ താൽപര്യങ്ങൾ?

സ്വന്തം നാട്ടിൽ സുരക്ഷിതമായ സ്ഥലങ്ങളിൽ അല്ലലില്ലാതെ കഴിയാനാവശ്യമായ ചുറ്റുപാടുകളിൽ കുടുംബങ്ങളെ വിട്ടേച്ചു പോന്ന ഹാജിമാർ ഒന്നോർക്കണം. വിശുദ്ധ കഅ്ബാലയത്തിന്റെ നിർമാതാവായ ഇബ്റാഹീം (അ) ആദ്യമായി മക്കയിൽ വരുമ്പോൾ കുടിവെള്ളം പോലും കിട്ടാത്ത ഒരു കാലി സ്ഥലമായിരുന്നു അവിടം. ഭാര്യ ഹാജറയെയും ഇസ്മാഈലെന്ന കൈക്കുഞ്ഞിനെയും ആ വിജനസ്ഥലത്ത് വിട്ടേച്ചുപോകുമ്പോൾ അവരെയൊന്ന് തിരിഞ്ഞു നോക്കുക പോലുമുണ്ടായില്ല. അദ്ദേഹം. “എങ്ങോട്ടാണ് പോകുന്നതെന്ന് മൂന്നു പ്രാവശ്യം ഹാജറ ചോദിച്ചപ്പോഴും കനത്ത മൗനത്തിന്റെ മുഴക്കം മാത്രമാണ് അവർ കേട്ടത്. അവസാനം അല്ലാഹു പറഞ്ഞിട്ടാണോ’ എന്നൊരു ചോദ്യം. ‘അതേ’ എന്ന മറുപടി. അതും തിരിഞ്ഞുനോക്കാതെ. കേട്ടപാട് ആ മഹതി മൊഴിയുകയാണ്. “എന്നാൽ അവൻ ഞങ്ങളെ കൈവെടിയുകയില്ല. കണ്ണിൽ ചോരയില്ലാഞ്ഞിട്ടായിരുന്നില്ല. ഇബ്റാഹീം തിരിഞ്ഞുനോക്കാതിരുന്നത് എന്നതിനു തെളിവാണ് കൺമറഞ്ഞപ്പോൾ അവർക്കുവേണ്ടി അല്ലാ ഹുവിനോട് അദ്ദേഹം മുട്ടിപ്പായി ഇങ്ങനെ പ്രാർഥിച്ചത്. “നാഥാ, എന്റെ സന്തതികളിൽ ഒരു വിഭാഗത്തെ ഞാൻ കൃഷിയില്ലാത്ത ഈ താഴ്വരയിൽ നിന്റെ ആദരണീയഗൃഹത്തിൽ പാർപ്പിച്ചിരിക്കുന്നു… – (ഖുർആൻ- 14:35-41). അദ്ദേഹം ആർദ്രതയുള്ള ഒരു മനുഷ്യനായിരുന്നു. ദിവസങ്ങൾ പിന്നിട്ടപ്പോൾ ആകെയുണ്ടായിരുന്ന ഒരു കൊട്ട ഈത്തപ്പഴവും ഒരു പാത്രം വെള്ളവും തീർന്നുകൊണ്ടിരുന്നു. അല്ലാഹു കൈവെടിയില്ലെന്ന നല്ല ഉറപ്പുണ്ടായിരുന്ന ഹാജറയെന്ന മഹതി കുഞ്ഞിനെ ഒരിടത്ത് കിടത്തി അടുത്തുകണ്ട കുന്നിൻമുകളിൽ കയറി നോക്കി; ആരെയും കണ്ടില്ല, വെള്ളവും കണ്ടില്ല. അവിടെനിന്നിറങ്ങി അൽപം കൂടി അകലെയുള്ള മറ്റൊരു കുന്നിൽ കയറിനോക്കി. ഫലം വ്യത്യസ്തമായിരുന്നില്ല. അങ്ങനെ നിരാശപ്പെടാനിരിക്കുമ്പോഴാണ് പേമാരിക്ക് മുന്നോടിയായി വരുന്ന ആരവം പോലുള്ള ഒരു ശബ്ദം (സംസം – ) കേട്ടത്. ഭയപ്പാടോടെ തിരിഞ്ഞുനോക്കുമ്പോൾ കുഞ്ഞ് കിടന്ന് കാലിട്ടടിക്കുന്നു. കാൽചുവട്ടിൽനിന്ന് വെള്ളം തെറിച്ചും തള്ളിയും വരുന്നു. അതൊലിച്ചു പോയി നഷ്ടപ്പെടാതിരിക്കാൻ അവരൊരു കുഴിയുണ്ടാക്കിയിരുന്നില്ലെങ്കിൽ ലോകാവസാനം വരെ അതൊരു മഹാനദിയായി പ്രവഹിക്കുമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട് അന്ത്യപ്രവാചകൻ. അങ്ങനെയാണ് “സംസ’മുണ്ടായതെന്ന് എല്ലാവർക്കുമറിയാം. എല്ലാം പൂർണ മനസ്സോടെ അല്ലാഹുവിലർപ്പിച്ച് ആത്മാർഥമായി അധ്വാനിച്ചാൽ മനുഷ്യനറിയാത്ത ഭാഗത്തിലൂടെ അവൻ സഹായിക്കുമെന്ന് പാഠം. മർയം ബീവി മിഹ്റാബിൽ ഭജനമിരിക്കുമ്പോൾ സകരിയ്യ (അ) മിഹ്റാബിൽ കൊണ്ടുകൊടുത്താലേ അവർക്ക് ആഹാരം കിട്ടുമായിരുന്നുള്ളൂ. ഒരിക്കൽ താൻ കൊണ്ടുകൊടുക്കാതെത്തന്നെ ആഹാരം കണ്ടപ്പോൾ സ്വാഭാവികമായും അദ്ദേഹം തിരക്കി: “മർയമേ, നിനക്കിത് എവിടെ നിന്നു കിട്ടി?” “അല്ലാഹുവിങ്കൽ നിന്ന് അവനുദ്ദേശിക്കുന്നവർക്ക് അവൻ കണക്കില്ലാതെ കൊടുക്കും -മർയം. സകരിയ്യ കൊണ്ടുകൊടുത്താലേ മർയമിന് കിട്ടുകയുള്ളൂ, ഇബ്റാഹീം കൊണ്ടുകൊടുത്താലേ ഹാജറക്ക് കിട്ടുകയുള്ളൂ എന്ന കണക്കില്ലാതെ, കാര്യകാരണ ബന്ധങ്ങൾക്കതീതമായി അല്ലാഹു നിസ്സഹായരായ മനുഷ്യരെ സഹായിക്കുകതന്നെ ചെയ്യും. അതിനാൽ ജീവിക്കാൻ വേണ്ടി ഹറാം പ്രവർത്തിക്കുന്നത്, ആഹാര കടന്നുകൂടുന്നത് അവസാനത്തെ പിടിവള്ളിയായ, വിശിഷ്യാ പുണ്യസ്ഥലങ്ങളിലെ പ്രാർഥന പോലും നിഷ്ഫലമാക്കുമെന്ന കാര്യം ഗൗരവമായെടുക്കുക.

സംസം കുടിക്കുമ്പോൾ “രിസ്ഖൻ വാസിഅൻ’ എന്ന് പറയുന്നതിനും അർഥമുണ്ട്. ഉംറയും ഹജ്ജും പാപങ്ങളെ മാത്രമല്ല, ദാരിദ്ര്യത്തെയും ഉരുക്കിക്കളയുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ഉലയിലിട്ട് ഉരുക്കിയാൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇരുമ്പിന്റെയും കീടങ്ങൾ പുറത്തുപോകുന്നതുപോലെ. അതിന് അവ മൂന്നും തീക്കു മുകളിൽ കാണിച്ചാൽ മതിയാവുകയില്ല. അതിൽ കിടന്ന് ഉരുകുകതന്നെ വേണമല്ലോ. അതിനാൽ ഹാജി മനസ്സാവാചാകർമണാ ഹജ്ജിൽ കിടന്നുരുകണം. അങ്ങനെ ഉള്ളുരുകാൻ തയാറില്ലാത്തവർ സംസം കുടിച്ചിട്ടെന്തു കാര്യം? ഉള്ളം തണുക്കണമെങ്കിൽ അതാദ്യം ചൂടായിട്ടുവേണ്ടേ?

പാപമോചനത്തെക്കുറിച്ച് പറയുമ്പോൾ ഒരു കാര്യം ഓർക്കണം. “മനുഷ്യൻ ചെയ്യുന്ന ചില പാപങ്ങൾക്ക് അറഫയിലെ നിൽക്കൽ മാത്രമേ പ്രായശ്ചിത്തമുള്ളൂ’ എന്ന് പറഞ്ഞിട്ടുണ്ട് പ്രവാചകൻ (സ). ആ അറഫയിലെ പ്രാർഥനയെക്കുറിച്ച് അവിടുന്ന് പറഞ്ഞിട്ടുള്ളതു നോക്കൂ: “പ്രാർഥനകളിൽ ഉത്തമമായിട്ടുള്ളത് അറഫയിലെ പ്രാർഥനയാകുന്നു. ഞാനും എനിക്കു മുമ്പുള്ള നബിമാരും പ്രാർഥിച്ചതിൽ ഏറ്റവും ഉത്തമമായിട്ടുള്ളത് ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ എന്നുള്ളതാണ്.” പ്രാർഥന എന്നുപറയുമ്പോൾ ആവശ്യങ്ങൾ അടങ്ങിയിട്ടുള്ളതായിരിക്കണമല്ലോ. മേൽപറഞ്ഞ ദിക്ക് റിൽ എവിടെയാണ് ദുആയുള്ളത് എന്നു സംശയിച്ചേക്കാം. എല്ലാമെല്ലാമറിയുന്ന അല്ലാഹുവിനോട് എണ്ണിപ്പറഞ്ഞ് ചോദിച്ചിട്ടുവേണ്ട. “തന്നെ സ്തുതിച്ചുകൊണ്ടേയിരിക്കുന്നതി നിടയിൽ സ്വന്തം ആവശ്യങ്ങൾ ചോദിക്കാൻ മറന്നു പോയ ദാസന്നും എണ്ണിപ്പറഞ്ഞ് ചോദിച്ച ദാസന് കൊടുക്കുന്നതുപോലെത്തന്നെ കൊടുക്കുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്” (ഹദീസു ഖുദ്സീ). അതിനാൽ പ്രസ്തുത പ്രവാചക പ്രാർഥന സദാ ഉരുവിട്ടു കൊണ്ടിരിക്കുക.

സംസംവെള്ളം കുടിച്ച് സ്വഫായിലേക്ക് പോകുമല്ലോ സഅ് യ് തുടങ്ങാൻ. കുടിവെള്ളം തീർന്നുകൊണ്ടിരുന്നപ്പോൾ അതും തേടി ആ കുന്നിൻമുകളിലേക്ക് പോയി, മുകളിൽ അല്ലാഹുവുണ്ടെന്ന ആശ്വാസത്തോടെ താഴെ നാലുപാടും വെള്ളം തേടി കണ്ണുകളെ അലയാൻ വിട്ട ആ മഹതിയുടെ നിസ്സഹായത ഒരു നിമിഷം ഓർക്കുക. ഇനി നാം അലയുന്നത് ഹൗദുൽ കൗസറിലെ വെള്ളം കുടിക്കാനാകട്ടെ.

രഹസ്യപ്രബോധനം മൂന്നു വർഷം പിന്നിട്ടശേഷം കഅ്ബക്ക് കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന അബൂഖൈസ് മലയുടെ അടി ഭാഗത്തെ ഒരു ചെറിയ കുന്നായിരുന്ന സ്വഫായുടെ മുകളിൽ കയറി നിന്ന് അന്ത്യപ്രവാചകൻ തന്റെ ദൗത്യം പരസ്യമായി വിളംബരം ചെയ്തതും അതു പിന്നീട് നിഷ്ഠൂരമായ പീഡനപരമ്പരക്ക് തിരികൊളുത്തിയതും ഓർമയുണ്ടാകണം.

അതുകഴിഞ്ഞ് ഇരുപതാമത്തെ വർഷം ഹിജ്റ 10 ദുൽഹജ്ജ് മാസം ഹജ്ജിനു വന്നപ്പോൾ ഹാജറയുടെയും തന്റെയും നിസ്സഹായതക്ക് സാക്ഷ്യം വഹിച്ച അതേ സ്വഫായുടെ മുകളിൽ കയറിനിന്ന് നബി (സ) പറഞ്ഞു: “അവൻ വാക്കുപാലിച്ചു. തന്റെ ദാസനെ സഹായിച്ചു. ശത്രുസൈന്യത്തെ അവൻ തുരത്തിയോടിച്ചു. രാത്രിക്കുശേഷം സൂര്യനുദിക്കുന്നതുപോലെ ഉറപ്പായും നാളെ നീ വിജയിക്കും, ധീരമായി മുന്നോട്ടുപോവുക, ഞാൻ നിന്റെ കൂടെയുണ്ട്. ലോകം നിന്റെ കാൽക്കൽവരും, വൻശക്തികളുടെ ഖജനാവുകൾ നിനക്കുവേണ്ടി തുറക്കപ്പെടും’ എന്നൊക്കെയുള്ള അല്ലാഹുവിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിച്ചുകൊണ്ട് ഏകനായി എഴുന്നേറ്റുനിന്ന് ലാ ഇലാഹ ഇല്ലല്ലാഹ് എന്നുറക്കെ വിളിച്ചുപറയുകയും ധനവും ജീവനും നൽകി മുന്നോട്ടു കുതിക്കുകയും ചെയ്തതിന്റെ ഫലം കണ്ടുകൊണ്ടാണ് അദ്ദേഹം അതു പറഞ്ഞത്. ഹിറാ ഗുഹ യിൽനിന്ന് ഇറങ്ങി സ്വഫാ കുന്ന് കയറുന്നതുവരേക്കുള്ള സംഭവബഹുലമായ ജീവിതത്തിന്റെ രത്നച്ചുരുക്കമാണ് ആ വാക്കുകൾ. അങ്ങനെ എന്തെങ്കിലുമൊന്ന് അവകാശപ്പെടാനുണ്ടോ ഇന്നവിടെ കയറി നിൽക്കുന്ന ലോക മുസ്ലിം പരിഛേദത്തിന്; അവരുടെ സൈന്യങ്ങൾ നിരന്തരം തുരത്തപ്പെടുമ്പോൾ അവർ വിശുദ്ധഖുർ ആനെപ്പോലും പാഠ്യപദ്ധതികളിൽനിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കു മ്പോൾ.

നാട്ടിലും വീട്ടിലും വെച്ച് അനുഭവിച്ചുപോന്നിട്ടുള്ള ഒരു സുഖ സൗകര്യവും ഹജ്ജ് യാത്രയിലോ പുണ്യസ്ഥലങ്ങളിലോ വെച്ച് ബലികഴിക്കാൻ തയാറില്ലെങ്കിൽ പിന്നെയെന്ത് ഇബ്റാഹീമീത്യാഗമാണ്, മുഹമ്മദീയ മാർഗമാണ് മുറുകെപ്പിടിച്ചിരിക്കുന്നു എന്നവകാശപ്പെടുന്നത്? പരലോകത്തേക്കുള്ള പരിശീലനമാണല്ലോ ഹജ്ജ്. പട്ടാളക്കാർ പരുക്കൻ ജീവിതം ശീലിക്കുന്നു. കരയിലും കടലിലും ആകാശത്തുമൊക്കെയുള്ള ജീവന്മരണ പരിശീലനങ്ങൾ. പടക്കളത്തിലേക്ക് വിളിക്കപ്പെടുന്നത് പെട്ടെന്നായിരിക്കും. അതിനാൽ ഒരുങ്ങിയിരിക്കുക; “യുദ്ധവിളി’ മരണരൂപത്തിൽ എപ്പോഴുമാകാം.

ഹജ്ജിനു മുമ്പ് മക്കയിൽ താമസിക്കുന്ന ദിവസങ്ങളിൽ മിനാ അറഫ, മുസ്ദലിഫ, ജംറകൾ എന്നിവ ഒന്നു പോയി കണ്ടുമനസ്സിലാക്കി വരിക. അതു പിന്നീട് വലിയ ഫലം ചെയ്യും.

അങ്ങനെ ആകാംക്ഷയോടും ആവേശപൂർവവും കാത്തിരുന്ന ആ ദിനങ്ങൾ ഇതാ സമാഗതമായിരിക്കുന്നു. ഇന്ന് ദുൽഹജ്ജ് മാസം ഏഴാണ്. ഇന്ന് രാത്രിയോ നാളെ കാലത്തോ മുതവ്വിഫ് നിർദേശിക്കുന്നതനുസരിച്ച് മിനായിലേക്കു പുറപ്പെടണം. ദുൽഹജ്ജ് എട്ടു മുതൽ പതിമൂന്നു വരെയുള്ള ആറു ദിവസങ്ങളിൽ അവിടെ കഴിയാനുള്ള അത്യാവശ്യസാധനങ്ങൾ കരുതുക. വേണ്ടി വന്നാൽ ദീർഘദൂരം കൈയിൽ കൊണ്ടുനടക്കാവുന്നതിൽ കൂടുതൽ ഭാരമില്ലാതിരിക്കുന്നതാണ് ഉത്തമം. തിരിച്ചറിയൽ കടലാസുകൾ, അത്യാവശ്യ വസ്ത്രം, സ്ഥിരം മരുന്നുകൾ, ഉണങ്ങിയതും പച്ചയുമായ പഴങ്ങൾ, കേടുവരാത്ത ചില്ലറ ആഹാരസാധനങ്ങൾ മുതലായവ കൈയിൽ കരുതുക.

മക്കയിൽ നിന്ന് ആദ്യമായി മദീനയിലേക്ക് പോകുന്നതും അവിടെനിന്ന് അറഫയിലേക്ക് പോകുന്നതും മുതവ്വിഫുമാരുടെ വാഹനങ്ങളിൽ തന്നെയായിരിക്കണം. അല്ലാത്തപക്ഷം നമുക്കു വേണ്ടി അവർ അവിടെ ഏർപ്പെടുത്തുന്ന താമസസൗകര്യങ്ങൾ (ടെന്റുകൾ) കണ്ടുപിടിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല.

അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കും (കൂടിയാൽ 10 കി. മീ.) അവിടെനിന്ന് രാപ്പാർപ്പും വിശ്രമവും കഴിഞ്ഞ് മിനായിലേക്കും (കൂടിയാൽ 10 കി.മീ.) മടങ്ങിവരുന്നത് കാൽനടയായി നിർവഹിക്കുന്നതാണ് ആരോഗ്യമുള്ളവരെ സംബന്ധിച്ചേടത്തോളം കൂടുതൽ സൗകര്യപ്രദം. അതിന് വാഹനങ്ങളുണ്ടെങ്കിലും ഒച്ചുവേഗതയിൽ അരിച്ച് മണിക്കൂറുകൾ അവക്കകത്തു കഴിയേണ്ടിവരും.

മിനായിലെ ടെന്റുകളിൽ ഭക്ഷണം ലഭിക്കുക മുതവ്വിഫുമായി ഉണ്ടാക്കിയ വ്യവസ്ഥയനുസരിച്ചായിരിക്കും. സ്വകാര്യ ഗ്രൂപ്പുകാർ നിശ്ചയമായും അതു നൽകുമെങ്കിലും സ്വതന്ത്ര ഹാജിമാർക്ക് ഭക്ഷണം കൊടുക്കുന്നവരും കൊടുക്കാത്തവരുമുണ്ട്. സ്വന്തമായി ഉണ്ടാക്കാൻ അറിവും കഴിവുമുള്ളവർക്ക് മുതവ്വിഫിന്റെ അടുക്കളയിൽ വെച്ച് പാകം ചെയ്യാവുന്നതാണ്. ഭക്ഷണം വാങ്ങിക്കഴിക്കാനുള്ള സൗകര്യവും സുലഭമാണ്. എന്നാൽ അറഫയിൽ എല്ലാ മുതവിഫുമാരും ഉച്ചഭക്ഷണം തരുന്നതാണ്. രാത്രി മുസ്ദലിഫയിലേക്കുള്ള ഭക്ഷണപ്പൊതിയും അവർ തന്നെ നൽകുന്നതായിരിക്കും. എന്നിരുന്നാലും മിനായിലേക്ക് പോകുമ്പോൾ കേടുവരാത്ത ഭക്ഷണസാധനങ്ങൾ കൂടെക്കരുതുന്നത് നന്നായിരിക്കും. അവിടെ വെച്ചും ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യാൻ അമാന്തിക്കരുത്.

മുസ്ദലിഫയിൽനിന്ന് മടങ്ങിവന്നിട്ടുള്ള ആദ്യത്തെ ഏറിന് ഏഴു ചെറിയ കല്ലുകൾ മുസ്ദലിഫയിൽ നിന്നുതന്നെ പെറുക്കുന്നതായിരിക്കും സൗകര്യം. മറ്റു ദിവസങ്ങളിലെ ഏറുകൾക്ക് മിനായിൽനിന്നുതന്നെ പെറുക്കാവുന്നതാണ്.

വെള്ളം സുലഭമാണെന്നുവെച്ച് ദിവസേന കുളിച്ച് കുപ്പായം മാറി പുതിയാപ്പിളയായി നടക്കാനും അതിന് കണ്ടമാനം സമയം ചെലവഴിക്കാനും കുളിമുറിക്കു മുന്നിൽ തിരക്കുണ്ടാക്കാനും ഉള്ളതല്ല മിനായിലെ ചുരുങ്ങിയ ദിവസങ്ങൾ. ഒരു ഗ്രാമീണൻ പ്രവാചകനോട് ചോദിച്ചു: “ആരാണ് ഹാജി?” തിരുമേനി പറഞ്ഞു: “തലമുടിയിൽ പൊടിപുരണ്ടവനും കുളിക്കാത്തതിന്റെ വാടയടിക്കുന്നവനും. അയാൾ വീണ്ടും ചോദിച്ചു: “ഏതാണ് ശ്രേഷ്ഠമായ ഹജ്ജ്?” തിരു മേനി പറഞ്ഞു: “പാഥേയം കരുതിയിട്ടുള്ളതും ഉറക്കെ തൽബിയത്ത് ചൊല്ലുന്നതുമായ ഹജ്ജ്. വെടിപ്പും വൃത്തിയും വേണ്ട എന്നല്ല ഇപ്പറഞ്ഞത്. കല്ലെറിയേണ്ട സമയത്തിന്റെ അഫ്ദൽ നോക്കുന്നവർ മിനാ വിട്ടുപോകേണ്ട സമയത്തിന്റെ അഫ്ദൽ നോക്കാത്തതെന്തേ?

ദുൽഹജ്ജ് 13-ലെ ഏറു കഴിഞ്ഞ് സാവകാശം മിനായിൽനിന്ന് മടങ്ങുക. പ്രവാചകന്റെ മാതൃക അതാണ്. 12-നു തന്നെ മടങ്ങി പിറ്റേന്ന് കാലത്ത് മക്ക വിടേണ്ടതായ നിർബന്ധിതാവസ്ഥയില്ലാത്തവരും 12-നു തന്നെ മടങ്ങാൻ ധൃതിപ്പെടുന്നത് എന്തിനാണാവോ?

ഹജ്ജ് കഴിഞ്ഞ് മക്കയിൽ നിന്ന് മടങ്ങിപ്പോകുന്ന അല്ലാഹു വിന്റെ അതിഥികൾ ഗൃഹനാഥനോട് യാത്രപറയുക എന്ന മര്യാദ കാണിക്കണം. അതിനുള്ളതാണ് വിടത്വവാഫ് എന്ന വിദാഇന്റെ ത്വവാഫ് . തൽക്കാലം അതു ചെയ്യാതെ സ്ഥലം വിട്ട് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാ പിന്നീടു വരാൻ സൗകര്യപ്പെടുമ്പോഴോ പ്രസ്തുത ത്വവാഫ് ചെയ്താൽ പറ്റുകയില്ല. ഒരു കല്യാണ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചിട്ട് കൈ കഴുകി സ്ഥലം വിട്ട് പിന്നെ യൊരവസരത്തിൽ വന്ന് യാത്ര പറയുന്നത് മാന്യതയല്ലല്ലോ. ആർത്തവകാരികളായ സ്ത്രീകളൊഴിച്ച് ആര് വിടത്വവാഫ് ഒഴിവാക്കിയാലും ഒരാടിനെ അറുത്ത് ദാനം ചെയ്യേണ്ടതാണ്. മക്കയുടെ പരിസരപ്രദേശത്തുള്ള ആളുകൾ ഇന്ന് ചെയ്തുവരുന്ന രീതി പരിഹാസ്യവും പരിശുദ്ധ ഇസ്ലാം അനുവദിച്ചിട്ടില്ലാത്തതുമാകുന്നു.

ഹജ്ജ് കഴിയുന്നതോടെ മടങ്ങി പോകുന്ന തിനുള്ള “കൗണ്ട്ഡൗൺ’ ആയല്ലോ. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഓരോ ദിവസവും ഹജ്ജിനു മുമ്പെന്നപോലെ പരമാവധി പ്രയോജനപ്പെടുത്തുക. ജീവിതത്തിൽ ഇനിയുമൊരിക്കൽ ഈ സൗഭാഗ്യം സിദ്ധിച്ചു കൊള്ളണമെന്നില്ല.

തിരിച്ചു പോകുമ്പോൾ എന്തെങ്കിലും സമ്മാനങ്ങളൊക്കെ സ്നേഹജനങ്ങൾക്കു വേണ്ടി കൊണ്ടുപോകുന്നത് അഭികാമ്യമാണെങ്കിലും ആകപ്പാടെ മക്കയിൽ വന്നതുതന്നെ കണ്ടമാനം സാധനങ്ങൾ വാങ്ങിക്കൂട്ടാനാണെന്നതുപോലുള്ള ആക്രാന്തം കാണിക്കരുത്. നാട്ടിൽ നിന്നും വീട്ടിൽനിന്നും വന്നിട്ടുള്ള ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ പക്കൽ താങ്ങാൻ കഴിയാത്ത ഭാരങ്ങൾ കൊടുത്തുവിടുന്നതും ശരിയല്ല. പലപ്പോഴും മനമില്ലാമനസ്സോടെയായിരിക്കും അവരതു കൊണ്ടുപോകുന്നത് എന്നത് ഒരു യാഥാർഥ്യമാണ്.

ഹാജിമാർ മടങ്ങിപ്പോകുമ്പോൾ മറ്റെല്ലാവർക്കും സമ്മാനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ നാട്ടിലെ പള്ളിയിലേക്കോ മറ്റു വിജ്ഞാനകേന്ദ്രങ്ങളിലേക്കോ നല്ല കിതാബുകൾ വാങ്ങിക്കൊണ്ടുപോയി വഖ്ഫ് ചെയ്യുക. ഒന്നോ രണ്ടോ കൊണ്ടുപോവുക വിഷമകരമായിരിക്കില്ല (ഏതു കിതാബാണ് വേണ്ടതെന്ന് നേരത്തെ എഴുതി വാങ്ങുന്നത് നന്നായിരിക്കും). അതൊരു സ്വദഖതുൻ ജാരിയ’യായി അവശേഷിക്കും. എന്നാൽ നാട്ടിനും നാട്ടാർക്കുമുള്ള ഏറ്റവും വലിയ സമ്മാനം ഹാജിയുടെ വർധിച്ച ഈമാനും നേടിയെടുത്ത തഖ് വയുമാണെന്നും അതിന്റെ സദ്ഫലങ്ങൾ തിരിച്ചുവന്നിട്ടുള്ള ജീവിതത്തിൽ പ്രകടമാകണമെന്ന പ്രതിജ്ഞയും പ്രാർഥനയും പ്രവർത്തനവും കൂടിയാണെന്നുമുള്ള കാര്യം വിസ്മരിക്കാതിരിക്കുക.

🪀 കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Prev Post

ഇഹ്റാം, ത്വവാഫ്, സഅ് യ്

Next Post

ഹജ്ജ് – ഉംറ ചെയ്യേണ്ട കാര്യങ്ങൾ, പാടില്ലാത്തതും

post-bars

Related post

You cannot copy content of this page