Back To Top

 ഹജ്ജ്: ആരാധനയും ജീവിതവും

ഹജ്ജ്: ആരാധനയും ജീവിതവും

Spread the love

ശഹാദത്ത് പ്രഖ്യാപിച്ചവനിൽ നിർബന്ധമാകുന്നത് നാല് അനുഷ്ഠാനങ്ങളാണ്. സ്വലാത്ത്, സകാത്ത്, സൗം, ഹജ്ജ് . നിത്യവും അഞ്ച് നേരം നിർവഹിക്കൽ നിർബന്ധമായതാണ് പ്രഥമ സ്ഥാനത്തുള്ള നമസ്കാരം. ശാരീരികവും മാനസികവുമായ ആരാധനയാണ് നമസ്കാരം. എക്കാലവും ഉള്ളതും അന്ത്യനാൾ വരെ അവസാനിപ്പിക്കാൻ പറ്റാത്തതുമായ ആരാധനയാണ് നമസ്കാരം.

ധനശേഷി ഉള്ളവർ സമയമാകുമ്പോൾ നിർവഹിക്കേണ്ടതാണ് സകാത്ത്. പ്രതിവർഷം ഒരു മാസക്കാലം ആഹാരത്തിനും ദേഹേഛകൾക്കും നിയന്ത്രണമേർപ്പെടുത്തി നിർവഹിക്കുന്നതാണ് വ്രതം. ആയുസ്സിൽ ഒരിക്കൽ മാത്രം സാധ്യതയുള്ളവർ നിർവഹിക്കൽ നിർബന്ധമായ ആരാധനയാണ് ഹജ്ജ്. ഒരു തീർത്ഥാടനമായ ഹജ്ജ് നിർവഹിക്കാൻ ശാരീരികാരോഗ്യവും സമ്പത്തും ആവശ്യമാണ്. ഹജ്ജെന്ന ആരാധനക്ക് കൃത്യമായ രൂപവും സമയവും സ്ഥലവും ഉണ്ട്.

ആരാധനകൾ ജീവിതത്തിലുടനീളം ദൈവസ്മരണകൾ പകർന്ന് നൽകി വിശ്വാസിയെ വിമലീകരിക്കുന്ന പ്രക്രിയയാണ്. സത്യവിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ ഉന്നതങ്ങളിലേക്ക് ചിറകടിച്ച് പറന്നുയരാൻ സാധിച്ച സന്ദർഭമായിരുന്നു റമദാൻ. അവിടുന്ന് നൂലറ്റ പട്ടം കണക്കെ മൂക്ക് കുത്തി വീഴാൻ വിശ്വാസികൾക്ക് കഴിയില്ല. കാരണം, അവരുടെ ആദർശം അറ്റുപോകുന്ന ഒരു നൂലിനോളം ദുർബലമല്ല. വിശ്വാസികൾ പിടിമുറുക്കിയത് ബലിഷ്ടമായ ദൈവിക പാശത്തിലാണ്. ആയതിനാൽ താൽക്കാലിക സമയമോ സ്ഥലമോ അല്ല വിശ്വാസിയെ നിർണയിക്കുന്നത്. അനശ്വരനായ നാഥന്റെ നിയന്ത്രണത്തിൽ ശാശ്വത സ്വർഗീയ ജീവിതം മോഹിച്ചാണവർ ജീവിക്കുന്നത്. അതിലേക്ക് ഊർജം പകർന്നു നൽകുന്ന ചില സമയങ്ങളും സ്ഥലങ്ങളും പടച്ചവൻ ഈ താൽക്കാലിക ജീവിതത്തിൽ കരുതിവെച്ച് അനുഗ്രഹിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു റമദാൻ. അതുപോലെ മറ്റൊന്നാണ് ദുൽഹിജ്ജ മാസം.

റമദാൻ ഒരു മാസക്കാലത്തെ പകലിലെ വ്രതവും രാത്രിയിലെ നമസ്കാരവുമായിരുന്നു. പകലിരവുകളിലെ ദിക്റ് ദുആകളായിരുന്നു. ആശ്രിതരായി പടച്ചവനിലേക്കും ആശ്വാസമായി പടപ്പുകളിലേക്കും കരങ്ങൾ നീട്ടുകയായിരുന്നു. ദൈവാനുസരണത്തിന്റെ പൂർണത മികവോടെ പ്രദർശിപ്പിക്കുന്ന സന്ദർഭമായാണ് റമദാനിനെ കാണാൻ കഴിഞ്ഞിരുന്നത്. അതേവിധം ദിവസങ്ങൾ നീണ്ട സവിശേഷ ചടങ്ങുകളിലൂടെ പുരോഗമിക്കുന്ന ഹജ്ജിലും ഹജ്ജ് അനുബന്ധ ദിനങ്ങളിലും അല്ലാഹുവിനോടും പ്രവാചകനോടുമുള്ള അനുസരണം നിറഞ്ഞു നിൽക്കുന്നതായി കാണാം.

ഹജ്ജിൽ ഒരു ജീവിതമുണ്ട്. അതൊരു യാത്രയാണ്. മുനുഷ്യൻ ഭൂമിയിൽ ഒരു യാത്രക്കാരനാണെന്നാണല്ലോ പ്രവാചക പാഠം. ചെറുതെങ്കിലും പ്രവാസത്തിന്റെ അനുഭവം സമ്മാനിക്കുകയാണ്. ഇഹ്റാമിൽ സമത്വത്തിന്റെയും ലാളിത്യത്തിന്റെയും വിളംബരമുണ്ട്. രണ്ട് തൂവെള്ള തുണിക്കഷണങ്ങളിൽ പൊതിഞ്ഞ കാഴ്ച്ച മരണത്തെയും ഓർമപ്പെടുത്തുന്നുണ്ട്.

ഹജ്ജിന്റെ ഭാഗമായി വിശ്വാസികൾക്കോർക്കാൻ ഒത്തിരി കാര്യങ്ങളുണ്ട്.
ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ ഭൂമിയിൽ ആദ്യമായി നിർമിക്കപ്പെട്ട ഭവനമായ കഅ്ബാലയം. വിശ്വാസി ലോകത്തിന്റെ ഖിബ് ലയാണത് . എല്ലാ സുജൂദുകളും ആ ദിശയിലേക്കാണ്. മനസ്സുകൾ കൊതിക്കുന്നത് ആ പുരാതന ഗേഹം നേരിൽ കാണാനാണ് ; ആ അനുഗ്രഹീത മണ്ണിൽ പാദം സ്പർശിക്കാനാണ്.

വലിയ പാഠപുസ്തകമായി ആ പുണ്യ മന്ദിരം നിർമിച്ച ഇബ്റാഹീം, ഇസ്മാഈൽ പ്രവാചകന്മാരുണ്ട്. അവർക്ക് കരുത്തേകി കൂടെ നിന്ന ഹാജറയുണ്ട്. ദൈവിക മാർഗത്തിലെ ആ കുടുംബത്തിന്റെ ഒത്തുചേർന്നുള്ള അതുല്യമായ സമർപ്പണമുണ്ട്. ശിർക്കിനെതിരായ ഇബ്റാഹീം നബിയുടെ കലഹങ്ങളും യുക്തിഭദ്രമായ പ്രബോധന പ്രവർത്തനങ്ങളും ആവേശകരമാണ്. ഇളം പ്രായത്തിൽ ഇസ്മാഈൽ നബി ബലി സന്നദ്ധതയിലൂടെ പ്രഖ്യാപിച്ച ദൈവ സ്നേഹവും ഖുർആൻ വരച്ചു വെച്ചത് കാണാം. പ്രവാചകനും പ്രബോധകനും പ്രവാസിയുമായ ഒരു മഹാമനീഷിയുടെ പത്നീപഥം അലങ്കരിച്ച ഹാജറയെന്ന ഇണയിൽ, ആകാശം മുട്ടെ അഭി മാനമായി വളർന്ന ഇസ്മാഈലിന്റെ മാതാവിൽ വിശ്വാസികൾക്ക് അനശ്വര മാതൃകയുണ്ട്.

പിഞ്ചുകുഞ്ഞിനെയുമായി തുള്ളി വെള്ളമോ മനുഷ്യന്റെ സാനിധ്യമോ പോലുമില്ലാതെ കഴിയുമ്പോഴും അല്ലാഹുവിന്റെ കാവലുണ്ടാകുമെന്ന പ്രത്യാശ ഉറക്കെ പ്രഖ്യാപിച്ച മഹതിയാണവർ. സ്വഫ – മർവകൾക്കിടയിലെ സഅ് യിൽ ഓരോ ഹാജിയും ഓടുന്നത് ഹാജറയോടൊപ്പമാണ്. ദാഹജലത്തിനായ് കാലിട്ടടിച്ച് കരഞ്ഞ സ്വന്തം കുഞ്ഞിന് ആശ്വാസമേകാൻ പ്രതീക്ഷയോടെ, പരീക്ഷണത്തിൽ തളരാതെ ഓടി വിജയിച്ച ഹാജറക്ക് നാഥൻ നൽകിയ സമ്മാനമാണ് സംസം. ആ സംസം കുടിച്ചാണ് നൂറ്റാണ്ടുകളായി ലക്ഷോപലക്ഷം തീർത്ഥാടകർ ദാഹം ശമിപ്പിക്കുന്നത്. ഓരോ തുള്ളി സംസമിലും ആ മാതാവിന്റെ വിയർപ്പ് ചേരുവയായുണ്ട്.

മാതാപിതാക്കൾക്ക് കുഞ്ഞ് എത്ര പ്രധാനമാണ്; ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ പിറന്നതാകുമ്പോൾ വിശേഷിച്ചും. ആ കുഞ്ഞ് ഓടി നടക്കാൻ പ്രായമായപ്പഴാണ് ഇബ്റാഹീം നബി അല്ലാഹുവിൽ നിന്നുള്ള വലിയ ഒരു പരീക്ഷണത്തിന് വിധേയമാകുന്നത്. ആ കുഞ്ഞിനെ നൽകിയ നാഥൻ അവനെ തിരിച്ചാവശ്യപ്പെട്ടിരിക്കുന്നു. ആ പിതാവ് മകനെ വിവരമറിയിച്ചു. മകൻ ഇസ്മാഈൽ സർവാത്മനാ അത് അംഗീകരിച്ചു. അവരിരുവരും ബലി നൽകാനായി ഒരുങ്ങി. മാനുഷികമായ ഒരു ദൗർബല്യവും ബാധിക്കാതെ ഇബ്റാഹീം ആയുധമെടുത്ത് ഉദ്യമിച്ചു. ആ സമർപ്പണം ഭൗതിക നഷ്ടമേതും വരുത്താതെ നാഥൻ സ്വീകരിച്ചു. ആ കുടുംബം സമർപ്പണ സന്നദ്ധരായി യാത്ര തുടർന്നു. അതായിരുന്നു അവരുടെ ബലി അഥവാ ഉദുഹിയത്ത്.

ഹജ്ജിന്റെ കർമ്മങ്ങളിലെല്ലാം ആ കുടുംബമുണ്ട്. അവരുടെ ജീവിതമുണ്ട്. ഇസ്‌ലാമിലെ ആരാധനകൾ ജീവിതത്തെ തൊടുന്നവയാണ്. അതറിഞ്ഞു കൊണ്ടു വേണം അവ നിർവഹിക്കാൻ. അപ്പഴാണ് ആരാധനകൾ അർഥവത്താകുന്നത്. അവ്വിധം ഹജ്ജ് നിർവഹിക്കുന്നവർക്കാണ് ‘മാതാവ് പ്രസവിച്ച നാളിലെ വിശുദ്ധി നേടി മടങ്ങാൻ’ കഴിയുക എന്ന് റസൂൽ(സ) പറഞ്ഞത്. ഈ മൊഴിയിലൂടെ ഹജ്ജിൽ എന്നും ജീവിക്കുന്ന ഒരു മാതാവിനെയും കുഞ്ഞിനെയും വരച്ചിടുകയാണ് പ്രവാചകൻ.

തിരിച്ചറിവിന്റെ മഹാസമ്മേളന ശേഷമുള്ള ഹാജിയുടെ ജീവിതം അടിമുടി വ്യത്യസ്മാകും. ഹജ്ജ് ഒരു പരിണാമ പ്രക്രിയയാണ്. ‘ഹാജി’ എന്നത് പുതുജീവിതം സാധ്യമായ സൗഭാഗ്യവാന്റെ പേരാണ്. മാതൃകാപരമായ ഒരു കുടുംബ ജീവിതം ഹജ്ജിന്റെ ഗർഭസാരമാണ്.

🪀 കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Prev Post

ഹജ്ജിന്റെയും ദുൽഹിജ്ജ മാസത്തിന്റെയും പ്രാധാന്യം

Next Post

ഹജ്ജ് മനുഷ്യ സമത്വം പരിശീലിപ്പിക്കുന്ന വിധം

post-bars

Related post

You cannot copy content of this page