ഹജ്ജ് കാലത്തെ സഹായഹസ്തങ്ങൾ
ഹജ്ജ് കാലങ്ങളിൽ നിരാലംബർക്ക് താങ്ങായിരുന്ന മുസ്ലിംവനിതകൾ ചരിത്രത്തിലൊരുപാടുണ്ട്. കലർപില്ലാത്ത വിശുദ്ധിയും അചഞ്ചലമായ വിശ്വാസവും ആ മഹിളകളിൽ തെളിഞ്ഞ്കാണാമായിരുന്നു. ഹാജിമാർക്കു വേണ്ടി തങ്ങളുടെ സമയവും ആരോഗ്യവും ഉപയോഗപ്പെടുത്തുകയായിരുന്നു അവർ. അവരിൽ ചിലരെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പ്. നിസ്വാർത്ഥ കർമ്മം കൊണ്ട് ജീവിതം മഹനീയമാക്കിയ വനിതകളെ കുറിച്ച് ഒരു ചെറു വായനയാവാം.
മഹ്ദിയുടെ പത്നി
അബ്ബാസി ഖലീഫ മഹ്ദിയുടെ പത്നി ഖൈസറാൻ ഹറം സന്ദർശകരിൽ പ്രധാനിയായിരുന്നു. നീണ്ടകാലം ഖലീഫയുടെ കൂടെ കൊട്ടാരത്തിലായിരുന്നു താമസം. ഭരണകാര്യങ്ങൾ കൂടിയാലോചിക്കാനും ചർച്ച ചെയ്യാനും അദ്ധേഹം മഹതിയെ സമീപിക്കാറുണ്ടായിരുന്നത്രെ. പള്ളികൾ നിർമ്മിക്കാനും അനാഥരെയും അഗതികളെയും സംരക്ഷിക്കാനും പരിപാലിക്കാനും അവരെപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹജ്ജിന് വേണ്ടി ഒരുങ്ങുമ്പോൾ കൂടെയുള്ളവർക്കും മറ്റുമായി ഭക്ഷണവും വസ്ത്രവും പണവും അവർ കയ്യിൽ കരുതുമായിരുന്നു.
അക്രമികളുടെ കണ്ണിൽ നിന്നും രക്ഷനേടാൻ ആദ്യകാലമുസ്ലിംകൾ ഒരുമിച്ച് രഹസ്യമായി ദീൻ പഠിച്ച വീടാണ് ദാറുൽഅർഖം. മഹതിയുടെ കാലത്ത് അവരതിനെ വിലക്ക് വാങ്ങി, ശേഷം ചുറ്റുമുള്ള വീടുകളും പണം നൽകി വാങ്ങിക്കുകയും വീടുകൾക്ക് ചുറ്റും മതിൽ പണിഞ്ഞ് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുകയും വീടുകളിലെല്ലാം തന്നെ മുസ്ലിം സഹോദരങ്ങൾക്ക് താമസിക്കാനുള്ള സൌകര്യമേർപ്പെടുത്തുകയും ചെയ്തു.
മക്ക വിട്ട് മദീനയിലേക്ക് പോകാനൊരുങ്ങുമ്പോൾ ഹജറുൽ അസ് വദിനെ നിറങ്ങൾ ചാലിച്ച പട്ട്തുണി കൊണ്ട് പുതപ്പിച്ച്, ചുറ്റുപാടുള്ളവർകൊക്കെയും സ്വദഖ നൽകിയുമായിരുന്നു മഹതി മടക്കത്തിനൊരുങ്ങിയത്. അതോടെ ഹജറുൽ അസ് വദിനെ ആദ്യമായി പുതപ്പിച്ചയാളെന്ന് ഇവരെ ചരിത്രം അടയാളപ്പെടുകയുമുണ്ടായി.
സയ്യിദത്ത് സുബൈദ
അനിതരസാധാരണമായ ധിഷണയും പ്രഭാവവും ഈ വനിതയെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തിയിരുന്നു. അബ്ദുള്ളാ അഫീഫി എന്ന ഗ്രന്ഥകാരൻ തന്റെ അൽ മർഅത്തുൽ അറബിയ്യ എന്ന ഗ്രന്ഥത്തിൽ മക്കയിലെ വരണ്ട കാലാവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്; ഇടക്കിടെ ലഭ്യമാവുന്നതൊഴിച്ച് മക്കകാർക്ക് മഴ അപൂർവമായ ഒന്നായിരുന്നു. പെയ്ത മഴയിൽ ചില കിണറുകൾ മാത്രം നിറയുകയും മറ്റു പലതും പഴയപടി വറ്റിക്കിടക്കുകയുമായിരുന്നു പതിവ്. വിരളമായ വർഷക്കാലം മക്കാനിവാസികൾക്ക് പ്രയാസങ്ങൾ വരുത്തിവെച്ചു. ഹാജിമാരെല്ലാം വെള്ളത്തിന് അതിരൂക്ഷമായ ദൌർലഭ്യം നേരിട്ടു. ഇതേ സമയത്ത് ഹജ്ജിന് വേണ്ടി മക്കയിലെത്തിയ സയ്യിദത്ത് സുബൈദ ഈ ക്ലേശങ്ങൾ നേരിട്ട്കാണുകയും മക്കക്കാർക്ക് വേണ്ടി കിണർ കുഴിക്കുകയും ചാൽ കീറി മഴവെള്ളം സംഭരിക്കാനുള്ള സൌകര്യങ്ങളൊരുക്കി നൽകുകയുമുണ്ടായി. മക്കയുടെ ദുർഘടമായ വഴികളിലൊക്കെയും അവർ സേവനങ്ങളുമായെത്തി. വെള്ളത്തിന്റെ ലഭ്യത വ്യാപിപ്പിക്കാൻ തന്റെ സൂക്ഷിപ്പുകാരനെ വിളിച്ച് നിർമ്മാണവിദഗ്ദരെ ഒരുമിച്ച് കൂട്ടാനുള്ള ആവശ്യമായ ഉപദേശനിർദേശങ്ങൾ നൽകി. ഒടുവിൽ ജോലിക്കാരൊരുങ്ങി പാറകൾക്കും നിവർന്നിനിന്ന കുന്നുകൾക്കുമിടയിലൂടെ വെള്ളം നദിയായൊഴുകി.
മഹതിയുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട സുപ്രധാന നിർമ്മിതികളിലൊന്നാണ് ഹുനൈനിലെ ത്വാവി പർവതത്തിലെ തടാകം. മക്കയിൽ നിന്ന് മുപ്പത്തഞ്ച് കിലോമീറ്ററോളം ജലം സുലഭമായി. വഴിയെ, നുഅ്മാൻ താഴ്വരയിലൂടെയും കിസ്റാ മലഞ്ചെരുവുകളുടെ കിഴക്ക് മുതൽ അറഫാമൈതാനിയിലേക്ക് വരെ ജലം പരന്നൊഴുകി. മിനാതാഴ്വാരത്ത് ‘ബിഅ്റു സുബൈദ’ എന്ന പേരിലൊരു കിണറുമുണ്ട്.
ഖാത്തൂൻ രാജ്ഞിയും അമീറത്തുമാരും
ഹാജിമാരെ കുറിച്ച് അധിമൊന്നും ചരിത്രഗ്രന്ഥങ്ങളെഴുതപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ പല വിലപ്പെട്ട വിവരങ്ങളും നമുക്ക് നഷ്ട്ട്ടപ്പെട്ടിട്ടുണ്ട്. ഹാജിമാരെ കുറിച്ചിട്ട അപൂർവ്വമായ ഗ്രന്ഥങ്ങളിലൊന്നാണ് സ്പെയ്നുകാരനായ ഇബ്നു ജുബൈറിന്റേത്. സൽജൂഖി കാലഘട്ടത്തിലെ അതിശ്രേഷ്ഠരായ മൂന്ന് വനിതകളെ കുറിച്ച്അദ്ധേഹത്തിന്റെ കുറിപ്പുകൾ വിവരിക്കുന്നുണ്ട്. സൽജൂഖി രാജാവായിരുന്ന മസ്ഊദിന്റെ മകൾ ഖാത്തൂനും ഉമ്മു ഇസ്സുദ്ദീൻ, ദിഖൂസ്സിന്റെ മകളുമായിരുന്നു ആ മൂന്നുപേർ. അവർ ചെയ്ത സുകൃതങ്ങളുടെ പട്ടിക അതിശയകരമാണെന്ന് കൂടി ഗ്രന്ഥകാരൻ രേഖപ്പെടുത്തുന്നു.
തികഞ്ഞ ഭക്തിയും ആത്മാർത്ഥതയും രാജ്ഞിയുടെ മുഖമുദ്രയായിരുന്നു. ശാഫിഈ മദ്ഹബിന്റെ പണ്ഡിതരിലൊരാളായ സ്വദ്റുദ്ദീൻ അസ്വബഹാനിയുടെ ശിഷ്യഗണങ്ങളിലൊരാൾ കൂടിയായിരുന്നു അവർ. ധനികരായ അമീറത്തുമാരും രാജ്ഞിയും ആവശ്യക്കാരെ കയ്യും മെയ്യും മറന്ന് സഹായിച്ചു. ഉദാരതയിൽ അവരിലേറ്റവും മികച്ചത് രാജ്ഞിയായിരുന്നു.
ഹജ്ജ് വേളകളിൽ ഹറമിൽ വെച്ച് മാത്രമല്ല, ഹിജാസിലും ഇസ്വബഹാനിലുമായി യാത്രാവഴികളിലെല്ലാം അവർ ഹാജിമാരെ സഹായിച്ചു. വഴിയിലുള്ള കൊള്ളക്കാരെയും പിടിച്ചുപറിക്കാരെയും നിരാലംബരായ ഹജ്ജാജിമാർക്കു വേണ്ടി ആ വനിതകൾ പ്രതിരോധിച്ചു. അവരുടെ കൂടെ ഹജ്ജിന് പുറപ്പെട്ട യാത്രക്കാരിലൊരാളായിരുന്നു ഗ്രന്ഥകാരൻ ഇബ്നു ജുബൈർ.
ഖുനാസ ബിൻത് ശൈഖ് ബക്കാർ
ഇസ്മാഈൽ ബ്നു മുഹമ്മദ് അലവി(1139വഫാത്ത്) എന്ന മൊറോക്കോയിലെ രാജാവിന്റെ പത്നിയായിരുന്നു മഹതി. മതപരമായും സാംസ്കാരികമായും സാഹിത്യലോകത്തും രാഷ്ട്രീയ പരിസരങ്ങളിലും മഹതി തന്റേതായൊരിടം സൃഷ്ടിച്ചെടുത്തിരുന്നു. രാഷ്ട്രതലവനായ തന്റെ പ്രിയതമന്റെ ഇടപാടുകളും സുപ്രധാന നേട്ടങ്ങളും ചരിത്രകാരന്മാർ രേഖപ്പെടുത്തി വെച്ചിരുന്നു. യുദ്ധമുറകളും നിർമ്മാണ പ്രവർത്തനങ്ങളും മറ്റുമായി ഒന്നൊന്നായി വിവരിക്കുമ്പോഴും ഈ വനിതയെ കുറിച്ചുള്ള വിവരങ്ങൾ അതിവിരളമാണെന്നത് നിരാശാജനകമാണ്.
ഹജ്ജിന്റെ നാളുകളിൽ നിർധനരായ കുടുംബങ്ങളെ മഹതി പണവും ഉടയാടകളും അവശ്യവസ്തുക്കളും നൽകി സഹായിക്കുമായിരുന്നു. മുമ്പെങ്ങും പരിചയമില്ലാത്ത ദരിദ്രജനങ്ങളെയെല്ലാം യാത്രാമദ്ധ്യേ സഹായഹസ്തം നീട്ടി ആ വനിത അനുഗ്രഹിച്ചു. 1142ൽ ഹജ്ജിന് പോയ അവർ ആയിരത്തിഒരുന്നൂറോളം വരുന്ന ദീനാറുകൾ മറ്റുള്ളവർക്കായി ചെലവിട്ടിരുന്നു എന്ന് ചരിത്രകാരൻ ഇസ്ഹാഖി രേഖപ്പെടുത്തുന്നുണ്ട്. ഉദാരതയിൽ മക്കാപട്ടണത്തിലെ മുഖ്യന്മാരെ പോലും അവർ മുൻകടന്നിരുന്നു. വിലപിടിപ്പുള്ള സ്വർണ്ണവും മുത്തുപവിഴങ്ങളും അവർ ദാനമായി പാവപ്പെട്ടവർക്ക് നൽകി. അറേബ്യൻ കവികൾ ആ വിശാലമനസ്സിനെ ആവോളം പുകഴിത്തിപ്പാടി.
ഇനിയും എണ്ണിയാലൊടുങ്ങാത്ത പുണ്യവതികളുടെ ചരിത്രമുണ്ട്. രേഖപ്പെടുത്തിയതും അല്ലാത്തതുമായി അവ പരന്നു കിടക്കുന്നു. സ്ത്രീവിഭാഗത്തോട് ചരിത്രകാരന്മാർ കാണിച്ച വിമുഖത പല വിവരങ്ങളും അപ്രത്യക്ഷമായതിന്റെ സുപ്രധാന കാരണങ്ങളിലൊന്നാണ്. ലഭ്യമായ സ്രോതസ്സുകയളെ ഉപയോഗപ്പെടുത്തി മറഞ്ഞ് കിടക്കുന്ന ചരിത്രത്തെ മറനീക്കി പുറത്ത് കൊണ്ട് വരേണ്ടതുണ്ട്.
അവലംബം-islamonline.net