വിശുദ്ധ കഅ്ബ ചരിത്രത്തിലൂടെ
ഇസ്മാഈൽ നബി യുവാവായിരിക്കെയാണ് ഇബ്റാഹീം നബിയും അദ്ദേഹവും കൂടി വിശുദ്ധ കഅ്ബ നിർമിച്ചത്. അവർ പണിത മന്ദിരത്തിന്റെ ഉയരം ഒമ്പതു മുഴമായിരുന്നു. ചുമരിന്റെ നീളം കിഴക്ക് 32 മുഴവും പടിഞ്ഞാറ് 31 മുഴവും വടക്ക് 22 മുഴവും തെക്ക് 20 മുഴവുമായിരുന്നു. വാതിലും മേൽക്കുരയുമുണ്ടായിരുന്നില്ല.
കാലക്രമേണ കഅ്ബക്ക് കേടുപാടുകൾ പറ്റിയപ്പോൾ അമാഖില-ജുർഹും ഗോത്രങ്ങൾ അത് പുതുക്കിപ്പണിതു. അവരിൽ ആരാണ് ആദ്യമത് ചെയ്തതെന്ന കാര്യത്തിൽ ചരിത്രകാരൻമാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.
ഹിജ്റക്ക് 200 കൊല്ലം മുമ്പ് ഖുസ്വയ്യുബ്നു കിലാബ് കഅ്ബ പുതുക്കിപ്പണിതു. അതിന് ആദ്യമായി മേൽപ്പുര ഉണ്ടാക്കിയത് അദ്ദേഹമാണ്. ഖുസ്വയ്യ് അതിന്റെ ഉയരം വർധിപ്പിക്കുകയും ചുറ്റും താമസ സൗകര്യമേർപ്പെടുത്തുകയും കിഴക്കും പടിഞ്ഞാറും വാതിലുകൾ വെക്കുകയും ചെയ്തു.
ക്രിസ്ത്വബ്ദം 570-ൽ യമൻ ഭരണാധികാരി അബ്റഹത് വിശുദ്ധ മന്ദിരം പൊളിച്ചുമാറ്റാൻ നടത്തിയ ശ്രമത്തെ അല്ലാഹു പൂർണമായും പരാജയപ്പെ ടുത്തി. അയാളെയും സംഘത്തെയും അവൻ നശിപ്പിക്കുകയും ചെയ്തു.
മുഹമ്മദ് നബിയുടെ പ്രവാചകത്വലബ്ധിക്ക് അഞ്ചുവർഷം മുമ്പ് ഖുറൈശികൾ കഅ്ബ പുതുക്കിപ്പണിയാൻ തീരുമാനിച്ചു. ക്രിസ്ത്വബ്ദം 606-ലെ വെള്ളപ്പൊക്കത്തിൽ ചുമരുകൾ ദ്രവിക്കുകയും വിള്ളലുകൾ വന്ന് കേടുപാടു കൾ സംഭവിക്കുകയും ചെയ്തിരുന്നു. വിഹിതവും ന്യായവുമായ മാർഗത്തി ലൂടെ നേടിയ അനുവദനീയമായ ധനം മാത്രമേ കഅ്ബയുടെ നിർമാണത്തിന് ഉപയോഗിക്കാവൂ എന്നവർക്ക് നിർബന്ധമുണ്ടായിരുന്നു. അതിനാൽ, നിലവിലുള്ള വലുപ്പത്തിലത് പുതുക്കിപ്പണിയാൻ ധനം മതിയായിരുന്നില്ല. ഹിജ്ർ ഇസ്മാഈൽ’ ഒഴിവാക്കി നിർമാണം പൂർത്തീകരിക്കലായിരുന്നു അവർ കണ്ടത്തിയ പരിഹാരം. അതോടൊപ്പം നീളവും വീതിയും കുറയ്ക്കലും. അങ്ങനെ ചുമർ ഒന്നരയടി ഉള്ളിലേക്ക് മാറ്റി. അടിത്തറയിൽ നിന്ന് പുതുക്കിപ്പണിത ചുമരിലേക്ക് ഒരു തിണ്ണ ചരിച്ച് പടുത്തുചേർത്തു. ഈ തിണ്ണ “ശാദിർവാൻ’ എന്നാണറിയപ്പെടുന്നത്. കഅ്ബയുടെ കിഴക്കും പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ ശാദിർവാനുണ്ട്. വടക്കുഭാഗത്തില്ല, അനുവദനീയ സമ്പാദ്യം ലഭിക്കാതിരുന്നതിനാൽ കിഴക്കുഭാഗത്ത് മേൽപോട്ടു കെട്ടിയുയർത്താതെ 25 അടി അകലത്തിൽ അർധവൃത്താകൃതിയിൽ അരമതിൽ മാത്രം കെട്ടി മതിയാക്കു കയാണുണ്ടായത്. ഈ മതിൽ അൽഹത്വീം (പൊളിക്കപ്പെട്ടത്) എന്ന പേരിൽ അറിയപ്പെടുന്നു. അതിന്റെ രണ്ടറ്റവും കഅ്ബയുടെ വടക്കും പടിഞ്ഞാറുമുള്ള മൂലകൾക്കഭിമുഖമാണ്. കഅ്ബയുടെ ചുമരിനും അരമതിലിന്റെ അറ്റത്തിനുമിടക്ക് രണ്ടു മീറ്ററും മൂന്നു സെന്റീമീറ്ററും വിടവുണ്ട്. അരമതിലിന്നും ചുമരിന്നുമിടയിലുള്ള സ്ഥലമാണ് ഹിജ്ർ ഇസ്മാഈൽ, അവിടമായിരുന്നു ഇസ്മാഈൽ നബി വിശ്രമത്തിനുപയോഗിച്ചിരുന്നത്. ഹിജ്ർ ഇസ്മാഈലും ശാദിർവാനും കഅ്ബയുടെ ഭാഗമായതിനാൽ അതിന്റെ പുറംഭാഗത്തിലൂടെയാണ് ത്വവാഫ് നിർവഹിക്കേണ്ടത്.
കഅ്ബാ നിർമാണത്തിനാവശ്യമായ മരം സമ്പാദിക്കാൻ ഖുറൈശികൾ ചുമതലപ്പെടുത്തിയിരുന്നത് വലീദുബ്നു മുഗീറയെയാണ്. അദ്ദേഹം ജിദ്ദാ കടപുറത്തെത്തിയപ്പോൾ തകർന്ന ഒരു റോമൻ കപ്പൽ ശ്രദ്ധയിൽപ്പെട്ടു. അതിന്റെ മരം വാങ്ങുകയും അതിലുണ്ടായിരുന്ന കെട്ടിട നിർമാണ വിദഗ്ധൻ ബാഖൂമിനെ കൂടെക്കൂട്ടുകയും ചെയ്തു. റോമക്കാരനായ ബാഖൂമാണ് കഅ്ബാ പുനർ നിർമാണത്തിന് നേതൃത്വം നൽകിയത്. ഖുറൈശികൾ അതിന്റെ ഉയരം 18 അടിയാക്കി വർധിപ്പിച്ചു. തറയോടു ചേർന്നുണ്ടായിരുന്ന വാതിൽ ഏകദേശം നാല് മുഴം ഉയർത്തി സ്ഥാപിക്കുകയും രണ്ടു വാതിലുണ്ടായിരുന്നത് ഒന്നാക്കി ചുരുക്കുകയും ചെയ്തു.
വിശുദ്ധ കഅ്ബയിൽ ആദ്യമായി വിഗ്രഹം പ്രതിഷ്ഠിച്ചത് ഖുസാഅ ഗോത്രത്തലവനായ അംറുബ്നു ലുഅയ്യാണ്. മുആബ് പ്രദേശത്തുനിന്നു കൊണ്ടുവന്ന ഹുബ്ൽ വിഗ്രഹത്തെയാണ് അയാൾ സ്ഥാപിച്ചത്. ഇസ്വാഫിന്റെയും നാഇലയുടെയും വിഗ്രഹങ്ങളും കഅ്ബയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. വിവിധ സന്ദർഭങ്ങളിലായി സ്ഥാപിക്കപ്പെട്ട നിരവധി പ്രതിഷ്ഠകൾ നബിയുടെ നിയോഗ ഘട്ടത്തിൽ അവിടെയുണ്ടായിരുന്നു. മക്കാവിജയവേളയിൽ പ്രവാചകൻ തിരുമേനി കഅ്ബയുടെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു. രണ്ട് റക്അത്ത് നമസ്കരിച്ചു. അദ്ദേഹം അനുയായികളോട് അതിലെ വിഗ്രഹങ്ങളെല്ലാം എടുത്തുമാറ്റി അകം ശുദ്ധീകരിക്കാനാവശ്യപ്പെട്ടു. ഉസ്മാൻ, ഉസാമ, ബിലാൽ എന്നിവരായിരുന്നു നബിതിരുമേനിയോടൊപ്പം കഅ്ബയിൽ പ്രവേശിച്ചത്. വിശുദ്ധ കഅ്ബ ബഹുദൈവത്വത്തിന്റെ എല്ലാ വിധ മാലിന്യങ്ങളിൽനിന്നും ശുദ്ധീകരിക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്ന 360 വിഗ്രഹങ്ങളും നീക്കം ചെയ്തു.
ഇബ്റാഹീം പ്രവാചകൻ പണിതപോലെ പൂർണരൂപത്തിൽ വിശദ്ധ കഅ്ബ മാറ്റിപ്പണിയണമെന്ന് ഒരിക്കൽ നബിതിരുമേനി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതു പരിഗണിച്ച് ഹിജാസ് ഗവർണറായിരുന്ന അബ്ദുല്ലാഹിബ്നു സുബൈർ ക്രിസ്ത്വബ്ദം 684-ൽ ഹിജ്ർ ഇസ്മാഈൽ കഅ്ബയിൽ ഉൾപ്പെടുത്തി പുതുക്കിപ്പണിതു. കിഴക്കുവശത്തെന്നപോലെ പടിഞ്ഞാറുഭാഗത്തും വാതിൽ സ്ഥാപിച്ചു. രണ്ടും തറയോട് ചേർത്തുവെക്കുകയും ചെയ്തു. ഈ ജോലി പൂർത്തിയായത് ഹിജ്റ വർഷം 64 റജബ് 27-നാണ്.
പിന്നീട് ഉമവിയ്യാ ഭരണാധികാരി അബ്ദുൽ മലികിന്റെ കാലത്ത് അദ്ദേഹത്തിന്റെ നിർദേശാനുസരണം ഗവർണർ ഹജ്ജാജുബ്നു യൂസുഫ് കഅ്ബ പൊളിച്ച് ഖുറൈശികൾ പണിതിരുന്നപോലെ പുനർനിർമിച്ചു. പടിഞ്ഞാറുവശത്തെ വാതിൽ കല്ലുവെച്ച് അടച്ചു. ഹിജ്ർ ഇസ്മാഈൽ കഅ്ബയുടെ പുറത്താക്കി. ക്രിസ്ത്വബ്ദം 691-ലായിരുന്നു ഇത്. ഹിജ്റ വർഷം 72-ൽ
ക്രിസ്ത്വബ്ദം 1631-ൽ (ഹിജ്റ വർഷം 1040) തുർക്കിയിലെ ഉസ്മാനിയാ ഖലീഫ മുറാദ് നാലാമൻ മഴകാരണം ദുർബലമായിരുന്ന കഅ്ബയുടെ ഭിത്തികൾ ബലപ്പെടുത്തി. ഹജറുൽ അസ് വദ് നിശ്ചിത സ്ഥാനത്തുനിന്ന് ഇളക്കാതെ വളരെ വിദഗ്ധമായാണ് ചുമർ മാറ്റിപ്പണിതത്. ഇപ്പോഴുള്ള കഅ്ബയുടെ കല്ലുകൾ അദ്ദേഹം സ്ഥാപിച്ചവയാണ്. പണ്ഡിതൻമാരുടെ അനുവാദം നേടിയ ശേഷമാണ് മുറാദ് വിശുദ്ധ മന്ദിരത്തിന്റെ പുനർനിർമാണ ജോലികൾ നിർവഹിച്ചത്.
ഹിജ്റ വർഷം 95-ൽ സുൽത്താൻ സുലൈമാന്റെ കാലത്താണ് കഅ്ബയുടെ വാതിൽ ആദ്യമായി അലങ്കരിക്കപ്പെട്ടത്. സ്വർണവും വെള്ളിയും ഉപയോഗിച്ച് ചിത്രപ്പണികളുണ്ടാക്കി. വിശുദ്ധ മന്ദിരത്തിന്റെ ചരിത്രത്തിനും ചൈതന്യത്തിനും പ്രകൃതത്തിനും ഒട്ടും ചേരാത്ത പണിയുടെ തുടക്കം അവിടെ നിന്നായിരുന്നു. ഹിജ്റ വർഷം 1398-ൽ ഖാലിദ് രാജാവ് 1,34,20000 രിയാൽ ചെലവഴിച്ച് 280 കിലോഗ്രാം സ്വർണമുപയോഗിച്ച് സ്വർണവാതിൽ സ്ഥാപിച്ചു. വിശുദ്ധ മന്ദിരത്തിന്റെ ലാളിത്യത്തോട് ഒട്ടും പൊരുത്തപ്പെടുന്നതല്ല ഈ സ്വർണ്ണ വാതിൽ.
കഅ്ബയുടെ മൂലകൾക്ക് റുക്നുകൾ എന്നാണ് പറയാറുള്ളത്. ഹജറുൽ അസ്വദ് സ്ഥിതിചെയ്യുന്ന വടക്കുകിഴക്കെ മൂല റുക്നുൽ അസ് വദ്, റുക്നുൽ ഹജർ എന്നീ പേരുകളിലറിയപ്പെടുന്നു. തെക്കുപടിഞ്ഞാറെ മൂല റുക്നുൽ ഇറാഖിയും വടക്കുപടിഞ്ഞാറെ മൂല റുക്നുശ്ശാമിയും തെക്കുകിഴക്കേ മൂല റുക്നുൽ യമാനിയുമാണ്.
റുക്നുൽ ഇറാഖിയുടെയും റുക്നുശ്ശാമിയുടെയും ഇടയിൽ കഅ്ബയുടെ മുകളിൽ ഒരു പാത്തിയുണ്ട്. കെട്ടിടത്തിനു മുകളിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഹജ്ജാജുബ്നു യൂസുഫാണ് ആദ്യമായി അതുണ്ടാക്കിയത്. തുർക്കി സുൽത്താൻ സുലൈമാൻ അത് വെള്ളികൊണ്ടാക്കി. ഹി: 1021-ൽ സുൽത്താൻ അഹ്മദ് വെള്ളിയിൽ സ്വർണത്തിന്റെ കൊത്തുപണികളുണ്ടാക്കി മാറ്റിപ്പണിതു. 1273-ൽ സുൽത്താൻ അബ്ദുൽ ഹമീദ് കൊടുത്തയച്ച സ്വർണനിർമിതമായ പാത്തിയാണ് ഇപ്പോൾ നിലവിലുള്ളത്.
കഅ്ബയുടെ അകത്ത് പരവതാനി വിരിച്ചിട്ടുണ്ട്. അകം കൗതുകവസ്തുക്കൾകൊണ്ട് അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. സ്വർണനിർമിതങ്ങളും രത്നങ്ങൾ പതിച്ചതുമായ പല അപൂർവ വസ്തുക്കളും തൂക്കിയിട്ടിട്ടുണ്ട്. ഇപ്പോൾ വിശുദ്ധ മന്ദിരത്തിനകത്തുള്ള വിലപിടിച്ച രത്നക്കമ്പളം വിരിച്ചത് 1982-ലാണ്.
കഅ്ബയുടെ മേൽപ്പുര താങ്ങിനിർത്തുന്ന മൂന്ന് തേക്കിൻതടികൾ കേരളത്തിൽനിന്ന് കൊണ്ടുപോയവയാണെന്ന് വിശ്വസിക്കപ്പെടുന്നു. അബ്ദുല്ലാഹി ബ്നു സുബൈറാണ് അവ സ്ഥാപിച്ചത്.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശുദ്ധ മന്ദിരത്തിന്റെ സാങ്കേതികവും നിർമാണപരവുമായ ഈ വശങ്ങളെക്കാൾ പ്രധാനം അതുൾക്കൊള്ളുന്ന അമാനുഷ ചൈതന്യമാണ്; അത് പകർന്നു തരുന്ന അവാച്യമായ അനുഭൂതിയും. ദിവ്യസാമീപ്യത്തെ സംബന്ധിച്ച് ശക്തമായ ബോധമുണർത്തുന്ന കഅ്ബ കാണുന്ന ഭക്തനൊരിക്കലും അതിന്റെ ബാഹ്യമായ അലങ്കാരമോ ആർഭാടമോ ശ്രദ്ധിക്കുകയില്ല. ആത്മസംസ്കരണവും ജീവിത വിശുദ്ധിയും തേടി അവിടെ എത്തുന്നവരിൽ അതൊട്ടും കൗതുകമുണർത്തുകയുമില്ല.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL