ജിഹാദിന്റെ ഇബ്‌റാഹീമി മാതൃക
ദുല്‍ഹജ്ജ് മാസം , മാസങ്ങളില്‍ വളരെയധികം ശ്രേഷ്ഠതകളുള്ള മാസമാണിത്. അതില്‍ തന്നെ ആദ്യ പതിമൂന്ന് നാളുകള്‍ക്ക് കൂടുതല്‍ പ്രത്യേകതയുണ്ട്. ഹജ്ജ്, ബലി, അറഫ, അറഫ നോമ്പ്, പെരുന്നാള്‍, അയ്യാമുത്തശ്‌രീഖ് ഇതെല്ലാം ഉള്‍പ്പെടുന്ന പതിമൂന്ന് ദിവസങ്ങള്‍ അല്ലാഹുവുമായി കൂടുതല്‍ അടുക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തേണ്ട ദിവസങ്ങളാണ്. സാധാരണ മാസങ്ങളില്‍ അനുവദിക്കപ്പെട്ട കാര്യങ്ങള്‍ വിലക്കപ്പെട്ട മാസം എന്ന പ്രത്യേകതയും പവിത്രമാസങ്ങള്‍ക്കുണ്ട്. അല്ലാഹുവിന്റെ ചിഹ്നമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ മാസത്തെ ആദരിക്കാന്‍ കഴിഞ്ഞാല്‍ അത് ഹൃദയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന തഖ്‌വയുടെ ഭാഗമാണെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്.
ഇബ്‌റാഹീം നബി(അ)യുടെ ഓര്‍മകള്‍ നിറഞ്ഞ് നില്‍ക്കുന്ന സന്ദര്‍ഭമാണ് ഹജ്ജിന്റെ സമയം. ഇബ്‌റാഹീം നബിയെ മാതൃകയാക്കാന്‍ ഖുര്‍ആന്‍ അടിക്കടി നമ്മോട് ആവശ്യപ്പെടുന്നുണ്ട്. പല നാമങ്ങളില്‍ അല്ലാഹു അദ്ദേഹത്തെ നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. ജനനായകനായി അദ്ദേഹത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ‘നാം നിന്നെ സകല ജനത്തിനും നേതാവായി നിശ്ചയിക്കുന്നതാകുന്നു.’ (അല്‍ബഖറ : 124) നമ്മുടെയെല്ലാം പിതാവായി അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. ‘നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മതത്തില്‍ നിലകൊള്ളുന്നവരാകുവിന്‍.’ (അല്‍ഹജ്ജ് : 78) അല്ലാഹു തന്റെ കൂട്ടുകാരനായി ഇബ്‌റാഹീം നബിയെ വിശേഷിപ്പിക്കുന്നു. ‘ഇബ്‌റാഹീമിനെ അല്ലാഹു തന്റെ സുഹൃത്തായി വരിച്ചിരിക്കുന്നു.’ (അന്നിസാഅ് : 125) അല്ലാഹുവല്ലാത്ത മറ്റൊന്നിലേക്ക് ചായാത്ത വ്യക്തിയായും അല്ലാഹു അദ്ദേഹത്തെ പരിചയപ്പെടുത്തുന്നു. ‘ഇബ്‌റാഹീം ജൂതനായിരുന്നില്ല. ക്രിസ്ത്യാനിയുമായിരുന്നില്ല. എന്നാല്‍ അദ്ദേഹം നിഷ്‌കളങ്കനായ മുസ്‌ലിമായിരുന്നു.’ (ആലുഇംറാന്‍ : 67) മറ്റൊരിടത്ത് വിശേഷിപ്പിക്കുന്നത് ‘ഇബ്‌റാഹീം സ്വയംതന്നെ ഒരു പൂര്‍ണസമുദായമായിരുന്നു. അല്ലാഹുവിനോട് വണക്കമുള്ളവനും ഏകാഗ്രചിത്തനും.’ (അന്നഹ്ല്! : 120) അല്ലാഹുവിന് വിധേയപ്പെട്ട ഒരു സമുദായമായിരുന്നു, പ്രസ്ഥാനമായിരുന്നു എന്നൊക്കെ അതിനെ പരിഭാഷപ്പെടുത്താവുന്നതാണ്.
ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന സമൂഹം എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന്റെ ഉത്തരമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ ഇബ്‌റാഹീം നബിയെ വിവിധ വാക്കുകളില്‍ നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുള്ളത്. ഖുര്‍ആന്‍ നമ്മോട് ആവശ്യപ്പെടുന്നതിന്റെ ആകെതുക ജിഹാദാണ്. നാം ജീവിക്കേണ്ടത് എങ്ങനെയാണെന്ന ചോദ്യത്തിനുള്ള ഉത്തരത്തിന്റെ ആകെ സാരം ജീവിതം ജിഹാദില്‍ ആയിരിക്കുക എന്നതാണ്. അക്കാര്യം ഇബ്‌റാഹീം നബിയുമായി ബന്ധപ്പെടുത്തി തന്നെയാണ് ഖുര്‍ആന്‍ നമ്മോട് പറഞ്ഞിരിക്കുന്നത്. ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ടവണ്ണം ജിഹാദ് ചെയ്യുവിന്‍. അവന്‍ തന്റെ ദൗത്യത്തിനുവേണ്ടി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാകുന്നു. ദീനില്‍ നിങ്ങളുടെ മേല്‍ യാതൊരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മതത്തില്‍ നിലകൊള്ളുന്നവരാകുവിന്‍.’ (അല്‍ഹജ്ജ് : 78) എന്ന് പറഞ്ഞു കൊണ്ടാണ് സൂറത്തുല്‍ ഹജ്ജ് അവസാനിക്കുന്നത്. തഖ്‌വയും പരലോകവും ഓര്‍മിപ്പിച്ച് കൊണ്ടാണ് പ്രസ്തുത സൂറത്ത് തുടങ്ങുന്നത്. ജനങ്ങളേ നിങ്ങള്‍ക്കൊരു റബ്ബുണ്ട്. ആ റബ്ബിനെ ശ്രദ്ധിച്ചും അവന്റെ കല്‍പനകള്‍ പാലിച്ചും കൊണ്ടായിരിക്കണം നിങ്ങള്‍ ജീവിക്കേണ്ടത്. അതിനുള്ള പ്രേരണയായി പറയുന്ന കാര്യം അന്ത്യദിനത്തിന്റെ മുഴക്കം വലിയൊരു സംഭവം തന്നെയാണെന്നാണ്. അതിന്റെ ഗൗരവം ഖുര്‍ആന്‍ പലയിടത്തും പരാമര്‍ശിച്ചിട്ടുള്ളതാണ്. അന്ന് നിങ്ങളൊക്കെ ഒന്ന് കിടുങ്ങും, അശ്രദ്ധകളൊക്കെ അവസാനിക്കും. ആ സന്ദര്‍ഭം നമുക്ക് മനസ്സിലാക്കി തരാന്‍ അല്ലാഹു ചില ഉപമകള്‍ നമുക്ക് പറഞ്ഞു തരുന്നു. സ്ത്രീകള്‍ അറിയാതെ പ്രസവിച്ചു പോകുമെന്നത് അതിലൊന്നാണ്. ഒരു സ്ത്രീ ശരിക്കും അറിഞ്ഞ് അനുഭവിച്ച് നടക്കുന്ന പ്രസവം പോലും അറിയാതെ കഴിഞ്ഞുപോകുന്ന അവസ്ഥായിരിക്കുമത്. മുലയൂട്ടുന്ന കുഞ്ഞിനെ ഉമ്മ ശ്രദ്ധിക്കില്ലെന്നാണ് മറ്റൊന്ന്. അന്ത്യദിനത്തിന്റെ അസ്വസ്ഥകള്‍ മറ്റെല്ലാ കാര്യങ്ങളും അവരെ മറപ്പിക്കുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഇങ്ങനെ ആരംഭിക്കുന്ന സൂറത്ത് അവസാനിക്കുന്നത് ജിഹാദിനുള്ള ആഹ്വാനത്തോടെയാണ്. നേരത്തെ പറഞ്ഞ അന്ത്യദിനത്തിന് വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ പേരാണ് ജിഹാദ് എന്നതാണ് അതിന് കാരണം. അല്ലാതെ ഏതോ വഴിപിഴച്ച ആളുകളുടെ വികാര വിക്ഷോഭങ്ങളുടെ പേരല്ല ജിഹാദ്. സമൂഹവും സമുദായവുമൊക്കെ അങ്ങനെയാണിന്ന് ജിഹാദിനെ മനസ്സിലാക്കിയിട്ടുള്ളത്. ഇന്ന് ജിഹാദിനെ ജനങ്ങളുടെ മുമ്പില്‍ അവമതിക്കുകയും തെറ്റിധരിപ്പിക്കുകയും ചെയ്ത് ജിഹാദികള്‍ എന്ന വാക്കും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
പരലോകത്തെ വിചാരണയെ അഭിമുഖീകരിക്കാനുള്ള മുന്നൊരുക്കത്തെ കുറിച്ചാണ് അല്ലാഹു ജിഹാദ് എന്ന് പ്രയാഗിച്ചിരിക്കുന്നത്. ജിഹാദിനുള്ള ആഹ്വാനം അല്ലാഹു തന്നെ നടത്തിയിട്ടുണ്ട്. അതുകൊണ്ട് ഇനി മറ്റൊരു ആഹ്വാനത്തിന്റെ ആവശ്യം അതിനില്ല. സമയമാകാതെ അവര്‍ ജിഹാദിനുള്ള ആഹ്വാനം നടത്തിയിരിക്കുന്നുവെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ചിലരുടെയൊക്കെ എഴുത്തിലും പ്രസംഗത്തിലും കടന്നു വരാറുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ജിഹാദ് ചെയ്യണമെന്നത് അല്ലാഹുവിന്റെ നിര്‍ബന്ധ കല്‍പനയാണ്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ഉംറ തുടങ്ങിയ പോലെ നിര്‍ബന്ധമായ ഒന്നാണ് ജിഹാദും. അതിന്റെ മുറ പോലെ അത് നിര്‍വഹിക്കണമെന്നാണ് നമ്മോടുള്ള കല്‍പന. അതിന്റെ മുറ എന്താണെന്ന് ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മുന്‍കാല മുജാഹിദുകളുടെ ചരിത്രത്തില്‍ നിന്നും പഠിക്കണം. ഒരു കാര്യം മുറപ്രകാരം നിര്‍വഹിക്കുകയെന്ന് അല്ലാഹുവിന്റെ ദീനില്‍ ഗൗരവപ്പെട്ട കാര്യമാണ്. താന്തോന്നിത്തവും തന്നിഷ്ടവും ഒരിക്കലും പാടില്ല. ഒരാളുടെ ബുദ്ധിയില്‍ തെളിയുന്നതല്ല അല്ലാഹുവിന്റെ ദീന്‍. മറിച്ച് പ്രമാണങ്ങള്‍ തെളിയിക്കുന്നതാണത്. എന്നാല്‍ ബുദ്ധിക്ക് പങ്കുണ്ടെന്ന കാര്യത്തെ നിഷേധിക്കുന്നുമില്ല.
‘അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവോട് തഖ്‌വ പുലര്‍ത്തേണ്ടവണ്ണം തഖ്‌വ പുലര്‍ത്തുവിന്‍.’ (ആലുഇംറാന്‍ : 102) എന്നാണ് തഖ്‌വയെ കുറിച്ചും അല്ലാഹു പറഞ്ഞിരിക്കുന്നത്. മുത്തഖിയായതു കൊണ്ട് ഞാന്‍ പള്ളിവിട്ട് എവിടെയും പോകില്ലെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് തഖ്‌വയാവില്ല. കാരണം പള്ളിയില്‍ പ്രവേശിക്കലും അതിന് പുറത്ത് പോകലും തഖ്‌വയുടെ ഭാഗമായിട്ട് അല്ലാഹു പഠിപ്പിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പാരായണത്തെ കുറിച്ചും പാരായണം ചെയ്യേണ്ട പോലെ പാരായണം ചെയ്യണമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.
ജിഹാദ് അതിന്റെ മുറപ്രകാരം നിര്‍വഹിക്കണമെന്ന് പറയുമ്പോള്‍ അത് തുടങ്ങേണ്ടടത്ത് തുടങ്ങണം, കുറിക്ക് കൊള്ളുന്ന സ്വഭാവത്തിലായിരിക്കണം, അനുയോജ്യമായ ഭാഷ ഉപയോഗിക്കണം, ചേരുന്ന ആയുധം പ്രയാഗിക്കണം, സന്ദര്‍ഭവും ചുറ്റുപാടും മനസ്സിലാക്കണം. ഇത് ഏതെങ്കിലും പ്രത്യേക ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല. നിങ്ങള്‍ ജിഹാദിന് വേണ്ടി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ജനതയാവുന്നു എന്നാണ്. ഈ ജനതയുടെ ഉത്തരവാദിത്വമായിട്ടാണ് ജിഹാദിനെ പരിചയപ്പെടുത്തുന്നത്. അതിന് തടസ്സങ്ങളും പ്രയാസങ്ങളും മനുഷ്യമനസ്സുകളില്‍ ഉയര്‍ന്നു വന്നേക്കാം. എന്നാല്‍ അല്ലാഹു പറയുന്നത് ഈ ദീനില്‍ നിങ്ങള്‍ക്ക് ഒരു പ്രയാസവുമില്ലെന്നാണ്.
ജിഹാദിന് മാതൃകായി ഖുര്‍ആന്‍ നമുക്ക് കാണിച്ചു തരുന്നത് നമ്മുടെ പിതാവായ ഇബ്‌റാഹീമിന്റെ(അ) പാതയാണ്. സന്ദര്‍ഭത്തെയും സാഹചര്യത്തെയും പരിഗണിച്ചു കൊണ്ടുള്ള, മുന്‍ഗണനാ ക്രമം പാലിച്ചു കൊണ്ടുള്ള, ഏറ്റവും യോജിച്ച ഭാഷ ഉപയോഗിച്ചു കൊണ്ടുള്ള ജിഹാദാണത്. അങ്ങേയറ്റത്തെ ത്യാഗവും സഹനവും സമര്‍പ്പണവും അടിസ്ഥാനമാക്കിയുള്ള ജിഹാദാണത്. അത് തുടങ്ങുന്നത് സ്വന്തം വീട്ടില്‍ നിന്നാണ്. അതിനെ മാതൃകാപരമാക്കുന്ന അടിസ്ഥാനപരമായുള്ള ഒരു പ്രത്യേകതയാണത്. നമ്മള്‍ പലപ്പോഴും ജിഹാദ് ആരംഭിക്കാറുള്ളത് തെരുവിലാണ്. സ്വന്തം പിതാവിനോട് ജിഹാദ് നടത്തുകയെന്നത് നിസ്സാര കാര്യമല്ല. ഒരു ഭരണാധികാരിയെ വിമര്‍ശിക്കുന്നതിനേക്കള്‍ പ്രയാസകരമാണത്. ഇബ്‌റാഹീം നബിയുടെ പിതാവ് നാട്ടിലെ മതനേതാവും പുരോഹിതനും കൂടിയാണ്. എന്നാല്‍ യാതൊരു കൂസലുമില്ലാതെ ഇബ്‌റാഹീം(അ) പിതാവിനോട് പറഞ്ഞു : അല്ലയോ പിതാവേ, നിങ്ങള്‍ പിഴച്ച മാര്‍ഗത്തിലാണ്. ബുദ്ധിശൂന്യമായ വിഗ്രഹാരാധനയാണ് നിങ്ങള്‍ ചെയ്യുന്നത്. പുനരാലോചന നടത്തണം. യഥാര്‍ത്ഥ അല്ലാഹുവിനെ കണ്ടെത്തണം. സ്വന്തം വീടകത്തെ ജിഹാദിന്റെ വേദിയാക്കിയതിലൂടെ ഇബ്‌റാഹീം നബി ജിഹാദിന്റെ മാതൃകയാവുന്നത്. ദുല്‍ഹജ്ജും ബലിയും നമ്മോട് ആവശ്യപ്പെടുന്നത് നിങ്ങള്‍ വീടുകളില്‍ ജിഹാദ് ആരംഭിക്കുന്ന എന്ന് തന്നെയാണ്.
അതേ ജിഹാദുമായി നാട്ടിലേക്ക് ഇറങ്ങുന്നതാണ് ഇബ്‌റാഹീം നബിയുടെ ജിഹാദിന്റെ രണ്ടാമത്തെ ഘട്ടം. നാടോ ഭരണകൂടമോ എങ്ങനെ പോയാലും അത് തന്നെ അസ്വസ്ഥപ്പെടേണ്ടതില്ല എന്ന ഉള്‍വലിയല്‍ ചിന്ത അദ്ദേഹത്തില്‍ കാണുന്നേയില്ല. നാട്ടുകാരോട് അല്ലാഹുവിന്റെ ദീനിനെ കുറിച്ച് സംസാരിക്കുന്നു. ആ സംസാരം ഭരണസിരാ കേന്ദ്രങ്ങളില്‍ വരെ പ്രതിധ്വനികളുണ്ടാക്കുന്നു. ഇബ്‌റാഹീം നബിയുമായി രാഷ്ട്രത്തലവന്‍ സംവാദത്തിലേര്‍പ്പെട്ടത് പരിശോധിക്കണമെന്ന് ഖുര്‍ആന്‍ നമ്മോട് കല്‍പിക്കുന്നുണ്ട്. ‘നീ കണ്ടില്ലേ; ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം അല്ലാഹു അവന്ന് രാജാധികാരം നല്‍കി. ഇബ്‌റാഹീം പറഞ്ഞു: ”ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്‍.” അയാള്‍ അവകാശപ്പെട്ടു: ”ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു.” ഇബ്‌റാഹീം പറഞ്ഞു: ”എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക.” അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി. അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.’ (അല്‍ബഖറ : 258) പിതാവായ ആസറിനോടും ഭരണാധികാരിയായ നംറൂദിനോടും അങ്കംവെട്ടിയ ഇബ്‌റീഹിമിന്റെ ചരിത്രം പഠിക്കാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അല്ലാഹു നല്‍കിയ അധികാരത്തിലുള്ള ഗര്‍വാണ് നബിയായി അല്ലാഹു അയച്ച ഇബ്‌റാഹീമിനോട് അങ്കം വെട്ടാന്‍ ഭരണാധികാരിയെ പ്രേരിപ്പിച്ചത്. ജീവിതവും മരണവും തന്റെ അധികാരത്തിന് കീഴിലാണെന്ന് നംറൂദ് പറയുന്നത് അധികാര ഗര്‍വില്‍ നിന്നാണ്. ഞാനാണ് ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും എന്നുള്ളത് എല്ലാകാലത്തെയും ഭരണാധികാരികളുടെ വാക്കിലോ പ്രവര്‍ത്തിയിലോ ഉണ്ടായിരുന്ന മുദ്രാവാക്യമാണ്. എന്റെ അധികാരത്തിന് തടസ്സം നില്‍ക്കുന്നവരെ ഞാന്‍ വധിക്കും, അല്ലാത്തവരെ ജീവിക്കാന്‍ അനുവദിക്കും എന്നതാണ് അവയുടെ നയം. സാമ്രാജ്യത്വം, ഏകാധിപത്യം, ജനാധിപത്യ വിരുദ്ധം എന്നൊക്കെ ഇക്കാലത്ത് നാം പ്രയോഗിക്കുന്ന ഭരണകൂടങ്ങളെ ഖുര്‍ആനികമായി പരിചയപ്പെടുത്താന്‍ പറ്റിയ വാക്കാണ് ജീവിതവും മരണവും വിധിക്കുന്ന ഭരണകൂടങ്ങള്‍ എന്നത്. അങ്ങനെയുള്ള ഭരണകൂടത്തോട് പോരാടിയ ഇബ്‌റാഹീം നബിയുടെ പാത പിന്തുടര്‍ന്ന് ജിഹാദ് ചെയ്യാനാണ് നാം കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
യുക്തിഭദ്രതയുള്ള പ്രബോധ പരിപാടികളും ഇബ്‌റാഹീം നബിയുടെ ഒരു സവിശേഷതയാണ്. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ആരാധിച്ച് അവയില്‍ നിന്ന് പുണ്യം തേടിയിരുന്ന ഒരു ജനതയോടാണ് ഇബ്‌റാഹീം(അ) പ്രബോധനം നടത്തിയത്. അവരെ അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിന് പകരം അവരെ കയ്യിലെടുത്തു കൊണ്ടാണദ്ദേഹമത് ചെയ്തത്. ഒരു ജനതയുടെ യുക്തിബോധത്തെ ഇളക്കി അവരെ ചിന്തിപ്പിക്കുന്ന ഒരു ശൈലിയാണ് നമുക്കതില്‍ കാണാന്‍ സാധിക്കുന്നത്. പ്രബോധിത സമൂഹത്തെ കയ്യിലെടുത്ത് മുന്നേറാന്‍ ശ്രമിക്കലും മുറപ്രകാരമുള്ള ജിഹാദിന്റെ ഭാഗമാണ്.
ഒരേ സമയം അല്ലാഹുവിന്റെ കൂട്ടുകാരനാകാനും ജനങ്ങളുടെ നേതാവാകാനും അദ്ദേഹത്തിന് സാധിച്ചു. മുജാഹിദാവുക എന്നതിന്റെ സാക്ഷാല്‍ താല്‍പര്യവും അതാണ്. നിങ്ങള്‍ ശരിയായ രൂപത്തില്‍ ജിഹാദ് ചെയ്യുകയാണെങ്കില്‍ അവ രണ്ടും പ്രാപിക്കാമെന്നാണ് ഇബ്‌റാഹീം നബിയെ മുന്‍നിര്‍ത്തി അല്ലാഹു നമ്മോട് പറയുന്നത്. അങ്ങനെ ആകാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ മുജാഹിദ്. അവനാണ് ഒരേസമയം അല്ലാഹുവിനും ജനങ്ങള്‍ക്കും പ്രിയപ്പെട്ടവന്‍. ഒരേ സമയത്ത് ഇഹലോകത്തെ അല്ലാഹുവിന്റെ പ്രതിനിധിയും പരലോകത്ത് വിജയിച്ചെത്തുന്ന ആളുമാണവന്‍. ഹജ്ജും ബലിയും അറഫാ സംഗമവും പെരുന്നാളും അങ്ങനെയുള്ള ഒരു വ്യക്തിത്വത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ്.
(2014 സെപ്റ്റംബര്‍ 26ന് കോഴിക്കോട് ലുഅ്‌ലുഅ് മസ്ജിദില്‍ ഖാലിദ് മൂസ നദ്‌വി നടത്തിയ ജുമുഅ ഖുതുബയുടെ സംഗ്രഹം)
തയ്യാറാക്കിയത് : നസീഫ്