ഒരിക്കലും മറക്കാത്ത ഹജ്ജ് – ഉംറ ഓർമ്മകൾ
രണ്ടു പതിറ്റാണ്ട് മുമ്പത്തെ ആ ഉംറ – ഹജ്ജ് ഓർമ്മകൾ അത്രമാത്രം സജീവമായി മനസ്സിൽ നില്ക്കുന്നു. 1421 AH/2000 CE ൽ മൂന്നു മാസം മുമ്പ് മാത്രം ഖത്വറിൽ വന്ന രണ്ടു വിദ്യാർത്ഥികളെ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ അവിടെയുള്ള അമ്പതോളം ഇന്ത്യൻ – ബംഗ്ലാദേശി തൊഴിലാളികളുമായി റോഡ് മാർഗ്ഗം ഉംറക്ക് വേണ്ടി പറഞ്ഞു വിട്ട സാഹസികത ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഞെട്ടലാണ്.
മർഹൂം അബ്ദുൽ ഗഫൂർ സാഹിബിനും ഗുരുവായൂർ നൂറുദ്ദീൻ സാഹിബിനുമായിരുന്നു അക്കാലത്ത് ഖത്വർ IIA യുടെ ഹജ്ജ് – ഉംറ ചാർജ് . അത്യാവശ്യത്തിന് ഉറുദു സംസാരിക്കുമെന്നതായിരിക്കണം ബംഗാളികൾ കൂടുതലുള്ള ആ ലേബർ ടീമിന്റെ അമീറുമാരായി എന്നെയും സുഹൃത്ത് എടവനക്കാട് ശരീഫ് നദ്‌വിയെയും നിയമിക്കാൻ കാരണം. രണ്ടു പേരും കിതാബിലും സ്വപ്നത്തിലുമേ ഹജ്ജ് / ഉംറ യാത്ര നടത്തിയിട്ടുണ്ടായിരുന്നുള്ളൂ. ഇസ്തിഖാറത് നമസ്കരിച്ച് ആ ഉത്തരവാദിത്തം ഏറ്റെടുത്തു. ദോഹാ നഗരത്തിൽ നിന്നു പോലും പുറത്തേക്ക് പോയി പരിചയമില്ലാത്ത ഞങ്ങൾ രണ്ടും അല്ലാഹുവിൽ തവക്കുൽ ചെയ്ത് അസോസിയേഷൻ ഓഫീസിലേക്ക് പുറപ്പെട്ടു. ഖോറിലുള്ള സീഷോർ കമ്പനിയുടെ സ്വന്തമായുള്ള 1980 മോഡൽ ലെയ്ലന്റ് ബസിൽ ഒരു പാകിസ്ഥാനി ഡ്രൈവറുടെ നേതൃത്വത്തിൽ റമദാനിലെ അവസാനത്തെ ആഴ്ചത്തെ ഉംറ പ്രോജക്റ്റായിരുന്നു. നോമ്പു തുറന്ന് മഗ്രിബ് നമസ്കരിച്ച ഉടൻ പുറപ്പെട്ട സംഘംഒരു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഖത്വർ ബോർഡർ കടന്ന് സൽവയിലെത്തി. സൗദി പോലീസിന്റെയും പോലീസ് നായയുടെയും ശുഷ്കാന്തി ബോധ്യപ്പെട്ട മണിക്കൂറുകൾ. ഓരോരുത്തരുടെയും പാസ്പോർട്ടും പ്രത്യേകം പ്രത്യേകം എടുത്തു മുഖം നോക്കി ഉറപ്പുവരുത്തിയിട്ടാണ് അന്ന് പറഞ്ഞുവിട്ടത്. അപ്പോഴേക്കും സമയം 12 AM . അഥവാ ഞങ്ങൾ മദീനത്തേക്കെത്തേണ്ട ദിവസമായിരിക്കുന്നു. മദീന പോയിട്ട് ഒന്നും തന്നെ കാണാത്ത കൂരാകൂരിരുട്ട് .
പുലർച്ചെക്കെപ്പോഴോ വഴി തെറ്റി ഔദിയ എന്ന കുഗ്രാമത്തിലെത്തി നില്ക്കുന്നു. അതിനിടയിൽ വണ്ടിയുടെ ഗിയർ പണിമുടക്കി. ആരും പരിസരത്തൊന്നുമില്ല. IIA യിൽ നിന്നേൽപിച്ച മൊബൈൽ ഉപയോഗിച്ച് 100 കറക്കി. യാതൊരു ഉറപ്പുമില്ലാതെ വിളിച്ച 100 പക്ഷേ ട്രാഫിക്ക് പോലീസിന്റെ നമ്പറായിരുന്നു. അവർ സ്പോട്ടിലെത്തി സലാം പറഞ്ഞ ശേഷം ചോദിച്ചു: അയ്യു ഖിദ്മ ?(എന്ത് സേവനമാണ് വേണ്ടതെന്നർഥം?)
സംഗതി ഖുർആന്റെ ഭാഷയിൽ ഞങ്ങൾ പറഞ്ഞൊപ്പിച്ചു. ഞങ്ങളുടെ രണ്ടാളുടെയും സംസാരം കേട്ടിട്ടാവണം അവരും ഞങ്ങളോട് ക്ലാസിക്കൽ ഭാഷയിലാണ് സംസാരിച്ചത്. ശരീഫ് സാഹിബിനെ അവരുടെ വണ്ടിയിലിരുത്തി കുറച്ചകലെയുള്ള ഒരു പാകിസ്താനി മെക്കാനിക്കിന്റെ ഹൗസ് കം വർക്‌ഷോപ്പിലെത്തിച്ച് അപ്പോൾ തന്നെ പരിഹാരമുണ്ടാക്കി. അപ്പോഴാണ് നമ്മുടെ നാട്ടിലെ രാത്രി യാത്രകളിലുണ്ടാവുന്ന പ്രയാസങ്ങൾ ഓർത്തത്. പോലീസ് ജീപ്പിൽ തന്നെ മെക്കാനിക്കിനെ എത്തിച്ചു വണ്ടി റിപ്പയറിങ്ങിന് ശേഷം വണ്ടിയെടുത്തു. അധികം താമസിയാതെ അത്താഴത്തിന്റെ സമയമായി. എവിടെയും പള്ളികളോ ചായക്കടകളോ പെട്ടിക്കടകളോ കാണാനില്ല. തൊട്ടടുത്ത് കണ്ട പെട്രോൾ പമ്പിൽ ബസ് നിർത്തി അവിടെയുള്ള പ്രാർഥനാ മുറിയിലേക്ക് എല്ലാവരും കയറി.അപ്പോഴാണ് കറണ്ടും മൊബൈൽ കവറേജുമില്ലാത്ത സ്ഥലങ്ങൾ ഗൾഫിലുമുണ്ടെന്ന് മനസ്സിലാക്കിയത്. (ഇപ്പോഴത്തെ കഥയറിയില്ല)
മൂന്നു നാലു മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ വട്ടത്തിലിരുന്ന് കയ്യിലുള്ള ഫ്രൂട്ട്സും ഈത്തപ്പഴവുമെല്ലാം സുപ്രയിലിട്ട് ‘നിർബന്ധിത സാഹചര്യത്തിൽ ‘ എല്ലാവരും കൂടി സുന്നത്തായ രൂപത്തിൽ അത്താഴം കഴിച്ചു. അവിടെ നിന്ന് തന്നെ വിത്റും ഫജ്റും നമസ്കരിച്ച് മദീന ലക്ഷ്യമാക്കി പുറപ്പെട്ടു. 80 / 100 KM / hr ൽ പോവുന്ന വഴിയിലൂടെ 30/35 ലാണ് വണ്ടി പോവുന്നുണ്ടായിരുന്നുള്ളൂ. മദീനത്തെ പള്ളിയിൽ ജുമുഅ നമസ്കരിക്കാനുള്ള പൂതി അപ്പോൾ തന്നെ അസ്തമിച്ചിരുന്നു. മഗ്രിബിന് മുമ്പ് മദീനയിലെത്തിക്കാമെന്ന ഡ്രൈവറുടെ ഉറപ്പിൽ സംഘാഗങ്ങളോട് ളുഹറും അസ്വറും ജംഉം ഖസ്വറുമാക്കി മദീനയിലെത്തി പിന്തിച്ച് നമസ്കരിക്കാമെന്ന് അനൗൺസ് ചെയ്തു . ഏകദേശം നാലുമണിയായപ്പോഴേക്കും മദീനത്തെ പള്ളിയുടെ വാതിലിന്റെ അടുത്തെത്തി. ജമാഅതായി ളുഹറും അസ്വറും നമസ്കരിച്ചു കഴിയുമ്പോഴേക്കും ചെറിയ മക്കൾ വന്ന് നമ്മെ അവരുടെ സുപ്രയിലേക്ക് ക്ഷണിച്ചു.
തുഫ്ത്വിർ മആനാ യാ അഖൂയ് (ഞങ്ങളുടെ കൂടെയാക്കാം സഹോദരാ താങ്കളുടെ നോമ്പുതുറ ) എന്ന് ഓരോ മക്കളും പറയുന്നുണ്ടായിരുന്നു.
നബി തങ്ങൾ അനുഭവിച്ച അൻസ്വാരീ സ്വീകരണത്തിന്റെ ഊഷ്മളത എത്രയായിരുന്നിരിക്കണം എന്നായിരുന്നു അപ്പോൾ എന്റെ ചിന്ത നിറയെ. അന്നവിടെയുള്ള ഒരു ഡോർമിട്ടറിയിൽ തങ്ങി തറാവീഹും തഹജ്ജുദും ഫജ്ർ നമസ്കാരവും കഴിഞ്ഞ് വളരെ പ്രധാനപ്പെട്ട സ്ഥലങ്ങൾ (ജന്നതുൽ ബഖീഅ് ,ബദർ, ഖുബാ ….) സന്ദർശിച്ച് മക്കത്തേക്ക് പുറപ്പെടുന്ന നേരത്ത് മദീനത്തെ പ്രാവുകൾക്ക് ഗോതമ്പ് കൊടുക്കാൻ നിയ്യത്തു ചെയ്ത് ഖത്വറിൽ നിന്നും ഞങ്ങളോടൊപ്പം വന്ന നാലു ബംഗാളി ചങ്ങാതിമാരെ കാണാതാവുന്നത്. അവരുടെ വിചിത്രമായ നേർച്ച കാരണം ബാക്കി 46 പേരുടെ നാലു മണിക്കൂറാണ് ഒറ്റയടിക്ക് പോയിക്കിട്ടിയത്.ദുൽ ഹുലൈഫ / അബ്യാറു അലിയിലെത്തി ഇഹ്റാമിൽ പ്രവേശിച്ചു മക്കത്തെത്തി രണ്ടു മണിക്കൂറിനുള്ളിൽ ഉംറ നിർവഹിച്ചു. കൂട്ടത്തിലുള്ള പ്രായമായവരാണ് മുറിയിലേക്ക് പോവുന്നതിന് മുമ്പ് ഉംറ നിർവഹിക്കാൻ പ്രേരിപ്പിച്ചത് . എല്ലാവർക്കും നോമ്പായിരുന്നിട്ടും മുറിയിലേക്ക് പോവാനോ നോമ്പ് മുറിക്കുന്നത് വരെ വിശ്രമിക്കാനോ അവരാരും തയ്യാറായിരുന്നില്ല.
ഉംറയും കഴിഞ്ഞ് എല്ലാവരും മുടിയെടുക്കുമ്പോഴേക്കും ഞങ്ങൾ രണ്ടുപേരും ദാറു ബാഫഖിയിൽ പോയി നമ്മുടെ അക്കൊമഡേഷനും ഭക്ഷണവും ശരിയാക്കി. ചിലരെല്ലാം ഒരാഴ്ചത്തേക്ക് 100 രിയാൽ വീതം ഭക്ഷണത്തിന് ഏല്പിക്കുകയും ചെയ്തു. എന്നാൽ ഹറമിലെ നോമ്പുതുറ വിഭവങ്ങൾ കഴിച്ച് കഴിഞ്ഞാൽ റൂമിലേക്ക് പോയി കേരളക്കഞ്ഞി കുടിക്കാൻ പലർക്കും മനസ്സുണ്ടായിരുന്നില്ല. കൊടുത്ത 100 രിയാൽ ഓർത്ത് ഞാൻ പലപ്പോഴും അത്താഴത്തിന് മാത്രം റൂമിൽ പോവാറായിരുന്നു പതിവ്. അങ്ങനെയുള്ള ഒരു നടത്തത്തിനിടയിലാണ് ഒരിക്കൽ മർഹൂം രിയാലു സാഹിബിനെയും മറ്റൊരിക്കൽ നമ്മുടെ (എന്റെയും ശരീഫിന്റെയും )രണ്ടു പേരുടേയും ഗുരു മൗലാനാ ഖാലിദ് സാഹിബ് ഗാസിപൂരിയെയും കാണുന്നത്. രണ്ടുപേരും ഹറമിൽ ഇഅതികാഫിലാണെന്നും മത്വാഫിന്റെ താഴെ ഭാഗത്ത് രണ്ടിടങ്ങളിലായുള്ള മുഅതകഫുകളിലാണ് അവരുള്ളതെന്നും മനസ്സിലാക്കി. പിന്നെ വിശ്രമം അവിടേക്ക് മാറ്റാമെന്നു കരുതി ആ ഭാഗത്ത് ചെന്നപ്പോൾ അവരെ കണ്ടെത്താനായില്ലെങ്കിലും പല യമൻ കുടുംബങ്ങളെയും അടുത്തു പരിചയപ്പെട്ടു. അവരിൽ നിന്നാണ് ഹദീസുകളിൽ വന്നിട്ടുള്ള ഹബ്വ, ഖുർഫുസാ തുടങ്ങിയ നിരവധി ഇരുത്തങ്ങളെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞത്.
പിറ്റേന്ന് ഇരുപത്തിയേഴാം രാവിലെ തറാവീഹിലെ ഖത്മുൽ ഖുർആന് വേണ്ടി ലക്ഷങ്ങൾ ഹറമിലെത്തി. ആ സമയത്താണ് ഗ്രൂപ്പിലുണ്ടായിരുന്ന പലരുടെയും ചെരിപ്പുകൾ ക്ലീനിങിന്റെ ഭാഗമായി നഷ്ടപ്പെട്ടത്. ഇതിനിടയിൽ ആ സംഘത്തിന്റെ നേതൃത്വത്തിലുള്ളവരായത് കൊണ്ട് കൂടുതൽ നേരിടേണ്ടി വന്ന ചോദ്യമായിരുന്നു രണ്ടു രിയാൽ ഉംറ . അഥവാ തൻഈമിൽ പോയി ഇഹ്റാം ചെയ്ത് ഹറമിലെത്തി ചെയ്യുന്ന ഈസി ഉംറ . ഹറമിലെത്തിയ ചില ഇന്ത്യൻ, പാകിസ്താനി, ബംഗ്ലാദേശി ഗ്രൂപ്പുകളും അതിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാവണം നമ്മൾ നടത്തിയ ബോധവത്കരണങ്ങൾ തനി നാടന്മാരായിരുന്ന ഗ്രൂപ്പംഗങ്ങൾക്ക് ബോധ്യപ്പെടാഞ്ഞത്. നാല് ദിവസം കൊണ്ട് 8 ഉംറവരെ നിർവഹിച്ച സാധുക്കൾ ഗ്രൂപ്പിലുണ്ടായിരുന്നു. പലർക്കും നാട്ടിലെ ഉസ്താദുമാരുടെ പ്രത്യേക ഉപദേശം കിട്ടിയിട്ടുണ്ടായിരുന്നു. ഏതായാലും പെരുന്നാൾ ദിവസം അതിരാവിലെ എഴുന്നേറ്റ് ഹറമിലെത്തി സുബഹി നമസ്കാരവും പെരുന്നാൾ നമസ്കാരവും കഴിഞ്ഞു മുറിയിലെത്തി ഭക്ഷണം പാർസലാക്കി വണ്ടിയിൽ വെച്ച് വീണ്ടും ഹറമിലേക്ക് ത്വവാഫുൽ വിദാഇനായി പുറപ്പെട്ടു.
ജീവിതത്തിൽ അമൂല്യവും മനോഹരവുമായ ആ യാത്രയും ആത്മാവിനും ഹൃദയത്തിനും മധുരതരമായ ഓർമ്മകളാണ് ആ ഒരാഴ്ച കൊണ്ട് ലഭിച്ചത്. കഅബയിലേക്ക് നോക്കി നോക്കി കണ്ണുകൾ നിറഞ്ഞു തുളുമ്പി അവിടെ നിന്നും മനസ്സില്ലാ മനസ്സോടെ ഇറങ്ങി. എത്രയും പെട്ടെന്ന് തിരിച്ചു വരുമെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
يَرجِعُ الطَرفُ عَنها حينَ أُبصِرُها حَتّى يَعودَ إِلَيها الطَرفُ مُشتاقا (നോക്കുന്തോറും വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന കാഴ്ച ) എന്ന് അബൂ നുവാസ് പറഞ്ഞത് ഏറ്റവും കൂടുതൽ ഫിറ്റായത് കഅബയിലേക്കുള്ള നോട്ടമാണെന്ന് അന്ന് വണ്ടിയിലിരുന്ന് ആലോചിക്കുകയായിരുന്നു. ഏതായാലും പിറ്റേന്ന് ഖത്വർ യൂണിവേഴ്സിറ്റിയിലെത്തിയെങ്കിലും മനസ് നിറയെ മക്കയായിരുന്നു. കൃത്യം രണ്ടു മാസം കഴിഞ്ഞപ്പോഴേക്കും ഹമ്മാദി ഗ്രൂപ്പിന്റെ സൗജന്യ നിരക്കിലുള്ള ഹജ്ജിന്റെ പരസ്യം കാണുകയും മക്കത്തേക്ക് ഒരിക്കൽ കൂടി തിരിച്ചെത്തിയതുമാണ്
ഹറമിലെ രണ്ടാമത്തെ ഓർമ.
റമദാനിൽ ത്വവാഫും സഅയുമെല്ലാം ഗ്രൗണ്ട് ഫ്ലോറിലാണ് നിർവഹിച്ചിരുന്നതെങ്കിലും ദുൽഹജ്ജിൽ ഹജ്ജിന് വേണ്ടി അവിടെയെത്തുമ്പോൾ ഒരിക്കൽ മാത്രമാണ് കഅബയുടെ തൊട്ടടുത്ത് ചെന്ന് ത്വവാഫിന് കഴിഞ്ഞത്. അക്ഷരാർത്ഥത്തിൽ ശുഭ്രസാഗരം.
ആ വേളകളിൽ ഹജറുൽ അസ്‌വദ് തൊട്ടുമുത്തുക, കില്ലയിൽ തൊട്ടു പ്രാർഥിക്കുക തുടങ്ങിയ നിരവധി ആഗ്രഹങ്ങൾ മാറ്റിവെക്കേണ്ടി വന്നു. റമദാനിൽ ആ പൂതി തീർത്തത് ഒരു രാത്രി മുഴുവൻ ഉറക്കമൊഴിച്ചാണ് . അതേ ആഗ്രഹങ്ങൾ നെഞ്ചിലേറ്റിയാണ് ഈ ജനലക്ഷങ്ങൾ അവിടെയെത്തിയിട്ടുള്ളത് എന്ന് അവരുടെ ശരീരഭാഷയിൽ നിന്നും കണ്ണുകളുടെ ചലനങ്ങളിൽ നിന്നും വായിച്ചെടുക്കാനാവും. ആൾക്കൂട്ടത്തിനിടയിൽ വെച്ച് അത്തരം സാഹസങ്ങൾ ഒഴിവാക്കലാണ് നല്ലത് എന്നാണ് ആദ്യമായി അവിടേക്ക് പോവുന്നവരോട് ഉണർത്താനുള്ളത്. ഹറമിനോട് എത്ര അടുക്കുന്നുവോ അപ്പോഴാണ് വിശ്വാസി തന്റെ നിസ്സാരതയും റബ്ബിന്റെ മഹത്വവും കാണുന്നത് . ഹറമിനോട് എത്രമാത്രം അടുക്കുന്നുവോ അത്രമാത്രം റബ്ബ് അവനെ വലയം ചെയ്തതായി തോന്നുകയും ചെയ്യും.
ദയയും സംതൃപ്തിയും നിറഞ്ഞ നോട്ടത്തോടെ നാഥൻ നമ്മെ നോക്കി പലതും പറയുന്നുണ്ട് എന്ന് പലപ്പോഴും അനുഭവപ്പെടും. “എന്റെ ദാസാ, സ്വാഗതം. ഇഹലോകവും അതിന്റെ അലങ്കാരങ്ങളും അല്ലാതെ മറ്റൊരു ലോകമുണ്ട് , അത് നീ ഇവിടെ അനുഭവിക്കൂ ” എന്ന് കഅബയുടെ ഭാഗത്ത് നിന്നും ഒരശരീരി പോലത്തെ അനുഭവം നേരത്തെ റമദാനിലെ അവസാന നാളുകളിലും ഹജ്ജിനായി രണ്ടാമതു വന്നപ്പോഴും ഒരുപോലെ അനുഭവപ്പെട്ടു.
റബ്ബിന്റെ സാന്നിധ്യം ഹൃദയം ആസ്വദിക്കുന്ന പ്രതീതി കഅബയുടെ അകത്ത് മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളൂ. (തീർത്തും വ്യക്തിപരം ) . ആത്മാവ് പദാർത്ഥ ലോകത്തിന്റെ മാലിന്യങ്ങളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും അതിന്റെ അശുദ്ധികളിൽ നിന്നും മോചനം നേടിയിരിക്കുന്നതായ തോന്നൽ ലോകത്ത് വേറെ ഒരിടത്തും ആസ്വദിക്കാനായിട്ടില്ല. നാനാദേശങ്ങളിൽനിന്നും ഭാഷകളിലും നിറത്തിലും വ്യത്യസ്‌തരായ ആയിരക്കണക്കിനാളുകൾക്കിടയിൽ ഹജ്ജിന്റെ കർമ്മങ്ങൾ ഒരു ദാസൻ നിർവഹിക്കുന്നത് എത്ര കൃത്യവും മഹനീയവുമായിട്ടാണെന്ന് ബോധ്യപ്പെട്ടു.
അവിടെ കർമശാസ്ത്രത്തിന്റെ നൂലാമാലകൾക്ക് പകരം” ആളുകൾ എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. 2:199″ എന്ന ഖുർആനികാഹ്വാനം നെഞ്ചിലേറ്റാൻ ഓരോ ഹാജിയേയും സജ്ജരാക്കും. ജനങ്ങളുടെ ഒഴുക്കിനോടൊപ്പം നിന്നു കൊടുത്താൽ മതി , നാട്ടിലെ ഉസ്താദുമാരുടെ ക്ലാസുകളിലെ അക്ഷരങ്ങളിലെ ഹജ്ജും ജനസാഗരത്തിലലിഞ്ഞ് നാം ചെയ്യുന്നതും തമ്മിലെ അന്തരം പലപ്പോഴും അനുഭവിച്ചറിയാനാവും.
ദുൽഹജ്ജ് 8 ന് മിനയിലേക്ക് പോവുമ്പോഴും ഒമ്പതിന് അറഫയിലായിരിക്കുമ്പോഴും അന്ന് മുസ്ദലിഫയിൽ രാപാർക്കുമ്പോഴും തുടർന്നുള്ള ദിവസങ്ങളിൽ ജംറകളിൽ വരുമ്പോഴും അവസാനം വിദാഇന്റെ ത്വവാഫ് ചെയ്യുമ്പോഴും ഉപരിസൂചിത സൂക്തം ഓർമയുണ്ടായാൽ മാത്രം മതിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം ആ ഒഴുക്കിനെതിരെ ഒരു കർമം പോലും നിർവഹിക്കാനാവില്ല.
പരിമിത ദിവങ്ങൾക്കുള്ളിൽ കാണാൻ ആഗ്രഹിച്ച സംഘമായിരുന്നു കേരള ഹജ്ജ് ഗ്രൂപ്പിന്റെ കീഴിലുള്ള ഹാജിമാർ. ആ സംഘത്തെയും അവരിലെ പരിചയമുള്ള ആളുകളെയും നേരിട്ട് കാണാൻ സാധിച്ചു. അന്നത്തെ JIH കേരള അമീർ ടി ആരിഫലി സാഹിബ്, സെക്രട്ടറി ടി കെ ഹുസൈൻ സാഹിബ്, മർഹൂം എൻ എ മുഹമ്മദ് സാഹിബ് എന്നിവരെ കണ്ടതും അവരുടെ ടീമിനോടൊപ്പം വന്ന എന്റെ വല്ലിമ്മയെ സന്ദർശിക്കാനും ദുൽ ഹജ്ജ് 11ന് സമയം കണ്ടെത്തി.
നമ്മുടെ കൂടെ വന്നിട്ടുള്ള മലയാളികൾക്ക് വേണ്ടി മിനയിൽ വെച്ച് മുഹമ്മദ് സാഹിബ് നടത്തിയ ക്ലാസ് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
ഈ വരവിൽ അലീ ശരീഅത്തിയുടെ ഹജ്ജ് കൈയ്യിൽ വെച്ച് വിശ്രമിക്കാൻ കിടന്ന ശേഷം ആ പുസ്തകം കാണാതായ സംഭവം ഒരിക്കലും മറക്കാൻ കഴിയില്ല.
ശരീഅത്തിയുടെതല്ല, വ്യക്തികളുടെ ഫോട്ടോയുള്ള ഏതു പുസ്തകവും ഇന്റലിജൻസ് വിഭാഗം വായിക്കാൻ അനുമതി നൽകിയിരുന്നില്ല എന്ന് ചിലരിൽ നിന്നും കേട്ടറിഞ്ഞു. അന്ന് ദാറു ബാഫഖിയുടെ ചാർജുണ്ടായിരുന്ന കരുളായി അബൂബക്ർ സാഹിബ്, ജിദ്ദയിൽ നിന്നും എന്നെ കാണാൻ വന്ന കൊച്ചീക്കാരൻ അബ്ദുൽ ജബ്ബാർ (ടൈലർ ) തുടങ്ങി പേരോർമയുള്ളവരും ഇല്ലാത്തവരുമായ ഒരുപിടിയാളുകളെ അനുസ്മരിക്കാതെ ഈ ഓർമക്കുറിപ്പ് അവസാനിപ്പിക്കാൻ കഴിയില്ല.
حَدِيثُ غَرامِي في هَواكِ قَديمُ
وَفَرْطُ عَذابِي في هَواكِ نَعيمُ
നിന്നോടുള്ള പ്രണയ സൗഹൃദങ്ങളുടെ
സംസാരം പഴയതാണ് ;
നിന്റെ സ്നേഹത്തിൽ എന്റെ മനസ്സിന്റെ വ്യഥ ആനന്ദപൂർണവുമാണെന്ന് കവി പറഞ്ഞത് ആരെ കുറിച്ചാണെന്നറിയില്ല. പക്ഷേ ഹിജാസിലെ ഓരോ കല്ലിനോടും മണ്ണിനോടും ഓരോ ഹാജിക്കുമുണ്ടാവുന്ന പ്രണയം അതിനേക്കാൾ എത്രയോ കൂടുതലാണ് എന്ന്
ഹിജാസ് ഓർമകൾ ഓളം തല്ലുമ്പോൾ മനസ്സിൽ പലപ്പോഴും പറയാറുണ്ട്.