Back To Top

 മിനാ താഴ് വരയിൽ
Spread the love

ദുൽഹജ്ജ് എട്ടിലെ പ്രഭാതം പൊട്ടിവിടരും മുമ്പേ ഞങ്ങൾ മിനായിലെത്തി. മക്കയിലെ താമസസ്ഥലത്ത് വെച്ചുതന്നെ ഇഹ്റാമിൽ പ്രവേശിച്ചിരുന്നു. മുതവ്വിഫ് സജ്ജമാക്കിയ ബസ്സിലായിരുന്നു യാത്ര. ആരോഗ്യമുള്ളവർക്ക് നടക്കാവുന്ന ദൂരമേയുള്ളൂ. മസ്ജിദുൽ ഹറാമിൽനിന്ന് ഏതാണ്ട് അഞ്ചര കി.മീറ്റർ മാത്രം. മക്കക്കും മുസ്ദലിഫക്കുമിടയിലെ വിശാലമായ താഴ്വരയാണ് മിനാ. ഇതിന് മുനാ എന്നും പേരുണ്ട്. പ്രത്യാശയുടെ ഇടമാണിത്. ഭൂമിയിൽ പതിച്ച ആദിപിതാവ് ആദം അവിടെവെച്ച് സ്വർഗം ആഗ്രഹിച്ചതിനാലാണ് അഭിലാഷമെന്നർഥമുള്ള മിന എന്ന പേരതിന് ലഭിച്ചതെന്ന് പറയപ്പെടുന്നു.

സഫാ-മർവയ്ക്കു പിന്നിലുള്ള ടണലിലൂടെയാണ് നടവഴി. രണ്ടു മലകൾ തുരന്നാണ് അത് നിർമിച്ചിരിക്കുന്നത്. അത് അവസാനിക്കുന്നിടം മുതൽ മുസ്ദലിഫ വരെ പന്തലുള്ളതിനാൽ കാൽനടയാത്രക്കാർക്ക് സൂര്യതാപമേൽക്കുകയില്ല. മസ്ജിദുൽ ഹറാമിൽ നിന്ന് ജംറതുൽ അഖബയിലേക്കുള്ള ദൂരം നാലു കിലോമീറ്ററാണ്; അവിടെനിന്ന് ജംറതുൽ വുസ്ത്വായിലേക്ക് 116 മീറ്ററും. അതിന്റെ അടുത്തുനിന്ന് ജംറതുസ്സുഗായിലേക്ക് 156 മീറ്ററും. ഞങ്ങളുടെ സംഘത്തിൽ സ്ത്രീകളും വൃദ്ധരുമുണ്ടായിരുന്നതിനാൽ നടന്നുപോവുക പ്രായോഗികമായിരുന്നില്ല.

ജംറതുസ്സുഗ്റായുടെ അടുത്താണ് മസ്ജിദുൽ ഖൈഫ്. 25000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വിശാലമായ ഈ പള്ളിയിൽ കാൽലക്ഷം പേർക്ക് ഒരേസമയം നമസ്കരിക്കാൻ സൗകര്യമുണ്ട്. ഹജ്ജ് വേളയിൽ നബിതിരുമേനി തമ്പടിച്ച് താമസിച്ച സ്ഥലത്താണ് മസ്ജിദുൽ ഖൈഫ് നിർമിച്ചിരിക്കുന്നത്. അതിന്റെ ഓരങ്ങളിൽ നിരവധി ഹാജിമാർ തമ്പടിച്ച് താമസിക്കുന്നുണ്ടായിരുന്നു. തമ്പില്ലാത്തവർ ജംറ മുതൽ മൂന്നു കിലോമീറ്റർ ദൂരെ മുസ്ദലിഫ വരെയുള്ള നടവഴിയിൽ പന്തലിനു ചുവട്ടിലും ഫ്ളൈഓവറിന്റെ തണലിലുമൊക്കെ താമസിക്കുന്നു. മുത്വവ്വിഫില്ലാതെ ഹജ്ജ് നിർവഹിക്കുന്നവരാണവർ. സുഊദി അറേബ്യയിൽ ജോലിചെയ്യുന്ന ധാരാളം മലയാളികളെ അക്കൂട്ടത്തിൽ കണ്ടു മുട്ടുകയുണ്ടായി.

വിശുദ്ധ ഹജ്ജ് ആരംഭിക്കുന്നത് ദുൽഹജ്ജ് എട്ടിനാണ്. ഈ ദിനം യൗമുത്തർവിയ’ എന്നറിയപ്പെടുന്നു. പുരാതനകാലത്ത് മരുഭൂമിയിലെ ഏക വാഹനം ഒട്ടകമായിരുന്നുവല്ലോ. ദുൽഹജ്ജ് ഒമ്പതിന് അറഫാ യാത്രക്കും മറ്റുമായി ഒട്ടകങ്ങൾക്ക് വെള്ളം നൽകി അവയെ ഒരുക്കി നിർത്തിയിരുന്നത് എട്ടിനാണ്. അതിനാലാണ് ദാഹജലം കുടിപ്പിക്കുന്നദിനം എന്നർഥം വരുന്ന ആ പേര് ലഭിച്ചത്.

സാധാരണ പ്രഭാതനമസ്കാര ശേഷമാണ് മക്കയിൽനിന്ന് മിനായിലേക്ക് പുറപ്പെടാറ്. ഗതാഗത പ്രശ്നം ഒഴിവാക്കാനായി നേരത്തെ പുറപ്പെടാവുന്ന താണ്. ഹജ്ജിനുള്ള നിയ്യത്തോടെ ഇഹ്റാമിൽ പ്രവേശിച്ചതു മുതൽ ഞങ്ങൾ തൽബിയത്ത് ചൊല്ലാൻ തുടങ്ങി. പുരുഷൻമാർ ഉറക്കെയും സ്ത്രീകൾ മെല്ലെ യുമാണത് ഉരുവിട്ടുകൊണ്ടിരുന്നത്.

മിനായിലേക്ക് പുറപ്പെടുതിനുമുമ്പുതന്നെ തമ്പ്നമ്പർ രേഖപ്പെടുത്തിയ കാർഡ് എല്ലാ ഹാജിമാർക്കും ലഭിച്ചു. അത് സദാ ധരിക്കുകയാണെങ്കിൽ വഴിതെറ്റി പ്രയാസപ്പെടാൻ ഇടവരില്ല. അഥവാ, കൂട്ടം തെറ്റിയാൽ പോലീസു കാർക്കും മറ്റും തമ്പിലെത്തിച്ചുതരാനും അത് സഹായകമായിത്തീരും. അപകടത്തിലകപ്പെടുന്നവരെ തിരിച്ചറിയാനുള്ള ഏക ഉപാധിയും വസ്ത്രത്തിലണിയുന്ന ഈ തിരിച്ചറിയൽ കാർഡാണ്.

ഞങ്ങളുടെ ബ്ലോക്കിൽ നാലായിരത്തോളം പേരുണ്ടായിരുന്നു. പതിനാറു പേർക്ക് ഒരു തമ്പെന്ന തോതിലാണ് ക്രമീകരിച്ചിരുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും വെവ്വേറെ സൗകര്യങ്ങളേർപ്പെടുത്തുക അവിടെ പ്രായോഗികമല്ല. അതിനാൽ, ഞങ്ങൾ തമ്പുകൾ പൊളിച്ച് പുനഃസംവിധാനിച്ചു. ഞങ്ങളുടെ സംഘത്തിന് അനുവദിച്ചുകിട്ടിയ പതിനെട്ടു തമ്പുകൾ നാലാക്കി മാറ്റി. രണ്ടണ്ണം പുരുഷൻമാർക്കും രണ്ടെണ്ണം സ്ത്രീകൾക്കും. അങ്ങനെ നമസ്കാരം സംഘടിതമായി നിർവഹിക്കാനും പഠനക്ലാസുകൾ നടത്താനും സൗകര്യം ലഭിച്ചു.

സ്ഥലപരിചയം ലഭിക്കാനായി ഹജ്ജ് ആരംഭിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഞങ്ങൾ അറഫയും മിനായും മുസ്ദലിഫയും കാണാൻ പോയി. അന്ന് അവിടെ തമ്പുകളോ ജനവാസമോ ഉണ്ടായിരുന്നില്ല. ഞങ്ങളെപ്പോലെ സന്ദർശനത്തിനെത്തിയ ചുരുക്കം ചിലരേ ഉണ്ടായിരുന്നുള്ളൂ. സാധാരണ സാഹച ര്യത്തിൽ പറയത്തക്ക ജനവാസമില്ലാത്ത വിശാലമായ താഴ്വരയാണ് മിനാ. എന്നാൽ ഹജ്ജ് കാലത്ത് നാലഞ്ചുനാൾ അവിടം തമ്പുകളുടെ നഗരമായി മാറുന്നു; ഒപ്പം ജനലക്ഷങ്ങളുടെയും.

മല-മൂത്ര വിസർജനത്തിനും കുളിയും വുദുവും നിർവഹിക്കാനും മിനായിൽ സാമാന്യ സൗകര്യമേ ഉള്ളൂ. വർഷത്തിൽ നാലഞ്ച് നാളുകൾക്കു വേണ്ടി അതിലേറെ സജ്ജീകരണങ്ങളേർപ്പെടുത്തുക പ്രായോഗികവുമല്ല. അതിനാൽ, ഹാജിമാരുടെ ക്ഷമ ഏറ്റവുമധികം പരീക്ഷിക്കപ്പെടുന്ന സന്ദർഭമാണ് മിനായിലെ താമസക്കാലം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ദീർഘനേരം കാത്തു നിൽക്കേണ്ടിവരുമ്പോൾ പലരും അക്ഷമ കാണിക്കുന്നു. ആരോടെന്നില്ലാതെ കോപിക്കുന്നു; പഴിപറയുന്നു. ചിലരെങ്കിലും ബഹളം വെക്കുന്നു. അണി തെറ്റിച്ച് സ്വന്തം കാര്യം സാധിക്കാൻ ശ്രമിക്കുന്നു. അതിനാൽ, നല്ല ശ്രദ്ധയും സൂക്ഷ്മതയുമില്ലാത്തവർ സംയമനം പാലിക്കുന്നതിലും ക്ഷമ പ്രകടിപ്പിക്കുന്നതിലും പരാജയപ്പെടുന്നു. പരസ്പരം പരിചയമില്ലാത്തവരും ആശയവിനിമയം നടത്താൻ സാധ്യമല്ലാത്തവരുമായ വിവിധ ദേശക്കാരും പരിമിതമായ സൗകര്യം പങ്കിട്ടെടുക്കുമ്പോൾ ഉദാരപൂർവമായ സഹകരണവും സഹിഷ്ണുതയും പുലർത്തേണ്ടതുണ്ട്. അസൗകര്യങ്ങളുടെ പേരിൽ മുത്വവ്വിഫിനെ പഴിക്കു ന്നതും ആരോടെന്നില്ലാതെ പരാതി പറയുന്നതും മുഷിപ്പു പ്രകടിപ്പിക്കുന്നതും പുണ്യങ്ങൾ പാഴാക്കുമെന്നല്ലാതെ ഒരു പ്രയോജനവും ചെയ്യുകയില്ല. ഹജ്ജ് വിശ്വാസികളിൽ വളർത്തേണ്ട വിശിഷ്ട ഗുണങ്ങളിലൊന്ന് കൂട്ടായ്മയിലെ വിട്ടുവീഴ്ചാശീലമത്രെ.

മിനായിൽ നമസ്കാരം നിശ്ചിത സമയങ്ങളിൽത്തന്നെയാണ് നിർവഹിക്കുക. അഥവാ, ജംഅ് ആക്കുകയില്ല. എന്നാൽ, ളുഹ്റും അസം, ഇശാഉം ഖസ്വ്റാക്കി രണ്ടു റക്അത്ത് വീതമാണ് നമസ്കരിക്കുക. കേരളത്തിൽനിന്ന് ഹജ്ജിനെത്തിയ ചിലർ ഇക്കാര്യത്തിലും പ്രവാചകചര്യ ലംഘിക്കുകയും ലംഘിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദുൽഹജ്ജ് എട്ടിലെ പകലും രാത്രിയും ഞങ്ങൾ പ്രാർഥനയിലും കീർത്തനത്തിലും ഖുർആൻ പാരായണത്തിലുമായി കഴിച്ചുകൂട്ടി. നേരത്തെ മിനായിൽ വെള്ളക്ഷാമമനുഭവപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ മിനായിൽ വെള്ളം സുലഭമാണ്. ജലവിതരണത്തിനായി എട്ടുലക്ഷം മീറ്റർ നീളത്തിൽ പൈപ്പ് ലൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. അശ്ശുഅയ്ബയിൽ സ്ഥാപിച്ച വാട്ടർ പ്ലാന്റിൽ നിന്നാണ് പടുകൂറ്റൻ വാട്ടർ ടാങ്കു കളിലേക്ക് വെള്ളമെത്തിക്കുന്നത്. ദിനംപ്രതി അമ്പത് മില്യൻ ഗാലൻ വെള്ളം സംസ്കരിക്കാൻ വാട്ടർ പ്ലാന്റിൽ സംവിധാനമുണ്ട്.

Prev Post

സംസം: അന്നുമുതൽ ഇന്ന് വരെ

Next Post

നിർവൃതിയുടെ നാളുകൾ

post-bars

Related post

You cannot copy content of this page