തിരിച്ചറിവിന്റെ താഴ് വരയിൽ
ഇന്ന് ദുൽഹജ്ജ് ഒമ്പത്; അറഫാദിനം. ഹജ്ജിലെ ഏറ്റവും പ്രധാന ദിവസം. പുലരുന്നതിനു മുമ്പുതന്നെ പ്രഭാതകൃത്യങ്ങൾ പൂർത്തീകരിച്ചു. പൂർവ ചക്രവാളത്തിൽ ഉദയ സൂര്യന്റെ ആദ്യ കിരണങ്ങൾ പ്രത്യക്ഷപ്പെടുന്നത് പ്രതീക്ഷയോടെ കാത്തിരുന്നു. സൂര്യോദയത്തിനു ശേഷമാണ് അറഫയിലേക്കുള്ള പുറപ്പാട്.
ഹജ്ജ് അറഫയാണെന്ന് പ്രവാചകൻ പറഞ്ഞിരിക്കുന്നു. അവിടെ സമ്മേളിക്കൽ ഹജ്ജിന്റെ പ്രധാന ചടങ്ങാണ്. ഇത്തിരി നേരമെങ്കിലും അറഫയിൽ നിൽക്കാത്തവർക്ക് ഹജ്ജ് ലഭ്യമല്ല. അതുകൊണ്ട് ആസന്നമരണരായ രോഗികളെപ്പോലും വാഹനത്തിൽ അവിടെ കൊണ്ടുവരുന്നു.
മക്കയിൽനിന്ന് ഏകദേശം 22 കിലോമീറ്റർ കിഴക്കാണ് അറഫാമൈതാനം. വിശാലമായ ആ പ്രദേശത്തിന് പത്തു കിലോമീറ്റർ നീളവും ആറു കിലോമീറ്റർ വീതിയുമുണ്ട്. അറഫ എന്ന പേരിന്റെ പൊരുളിനെപ്പറ്റി പല അഭിപ്രായങ്ങളുമുണ്ട്. അവയിൽ പ്രധാനപ്പെട്ടത് നാലെണ്ണമാണ്.
1. വിലക്കപ്പെട്ട കനി തിന്ന് സ്വർഗത്തിൽനിന്ന് നിഷ്കാസിതരായ ആദം നബിയും ഹവ്വാബീവിയും കണ്ടുമുട്ടി തിരിച്ചറിഞ്ഞത് അവിടെ വെച്ചായതി നാൽ ‘അറിവ്’ എന്നർഥമുള്ള അറഫ എന്ന പേരു ലഭിച്ചു.
2. മനുഷ്യൻ തെറ്റുകുറ്റങ്ങൾ ഓർത്ത് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുന്ന സ്ഥലമായതിനാൽ “സമ്മതിക്കുക’ എന്നർഥമുള്ള ‘ഇഅറഫയിൽ നിന്നാണ് അറഫയുണ്ടായത്.
3. തീർഥാടകൻ എന്തു പ്രയാസവും ക്ഷമാപൂർവം തരണം ചെയ്യുന്ന ഇടമായതിനാൽ ‘ക്ഷമ’യെന്നർഥമുള്ള ‘ഇർഫി’ൽനിന്ന് അറഫയുണ്ടായി.
4. ഇബ്റാഹീം നബിക്ക് ജിബ്രീൽ ഹജ്ജ് കർമം പഠിപ്പിച്ചുകൊണ്ടിരിക്കെ ജിബ്രീൽ അദ്ദേഹത്തോട് താങ്കൾക്ക് മനസ്സിലായോ എന്ന അർഥത്തിൽ “അറഫ്ത?’ എന്നുചോദിച്ചു. അതിൽ നിന്നാണ് അറഫ എന്ന പദമുണ്ടായത്.
ആരോഗ്യവാന്മാർക്ക് മിനായിൽനിന്ന് അറഫിലേക്ക് നടക്കാവുന്നതേയുള്ളൂ. ലക്ഷക്കണക്കിന് തീർഥാടകർ കാൽനടയായാണ് പോകാറുള്ളത്. സംഘത്തിൽ സത്രീകളും വൃദ്ധരുമുണ്ടായിരുന്നതിനാൽ ഞങ്ങൾ മുത്വവ്വിഫിന്റെ ബസ്സിൽ പോകാൻ നിർബന്ധിതരായി. ഇഴഞ്ഞുനീങ്ങുന്ന ബസ്സിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ വാഹനത്തെക്കാൾ വേഗത്തിൽ നടന്നുപോകുന്ന പതിനായിരക്കണക്കിന് സ്ത്രീ-പുരുഷന്മാരെ കണ്ടു. തസ്ബീഹും തഹ് ലീലും കീർത്തനവും പ്രാർഥനയുമായി മുന്നോട്ടു നീങ്ങുന്ന വിശ്വാസിവ്യൂഹത്തോടൊപ്പം ചേരാൻ മനസ്സ് വെമ്പിയെങ്കിലും സംഘത്തെ പിരിയാൻ നിർവാഹമുണ്ടായിരുന്നില്ല. പണ്ട് ഏറെപ്പേരും കാൽനടയായാണ് അറഫയിലെത്തിയിരുന്നത്. അപൂർവം ചിലർ ഒട്ടകപ്പുറത്തും കഴുതപ്പുറത്തും. 1931-ലാണ് മോട്ടോർ വാഹനങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്.
തുർക്കി, അൾജീരിയ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലനിന്നുള്ള ബസ്സു കളാണ് തീർഥാടകരുടെ യാത്രക്ക് ധാരാളമായി ഉപയോഗിക്കുന്നത്. അപൂർവം ചിലതൊഴിച്ചെല്ലാം എയർകണ്ടീഷനുള്ളവയാണ്.
നബി തിരുമേനി ഹജ്ജ് വേളയിൽ അറഫയുടെ അതിർത്തിയിലെ നമിറയിലാണ് താവളമടിച്ചിരുന്നത്. വൈകുന്നേരമാണ് ഒട്ടകപ്പുറത്ത് അറഫാ താഴ്വരയിലെ ബൽവാദിയിലേക്ക് പോയത്. അവിടെ വെച്ച് ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നിർവഹിച്ചു. പിന്നീട് റഹ്മത്ത് മലയുടെ താഴ് ഭാഗത്തുള്ള ജബൽ മശാത്തിന്റെ പിന്നിലെ പാറക്കൂട്ടത്തിനിടയിൽ ഖിബ് ലക്ക് അഭിമുഖമായി നിന്ന് കീർത്തനവും പ്രാർഥനയുമായി സൂര്യാസ്തമയം വരെ കഴിച്ചുകൂട്ടി. പലരും ധരിക്കുന്നതുപോലെ ജബലുർറഹ്മയുടെ മുകളിലായിരുന്നില്ല നബി നിന്നിരുന്നത്. അതിനാൽ തിക്കിത്തിരക്കി മലകയറുന്നതിലർഥമില്ല.
നമിറയിലെത്തിയപ്പോൾ 1,24,000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള വിശാല മായ പള്ളിയുണ്ട്. അതിൽ മൂന്നുലക്ഷം പേർക്ക് നമസ്കരിക്കാൻ സൗകര്യമുണ്ട്. അതിന്റെ ഖിബ് ലയുടെ ഭാഗം അറഫക്ക് പുറത്താണ്. അതിനാൽ അവിടെ നിന്നാൽ ഹജ്ജ് സ്വീകാര്യമാവുകയില്ല. അവിടെനിന്ന് നമസ്കരിക്കുകയും ഖുത്വ് ബ ശ്രവിക്കുകയും ചെയ്യുന്നവർ പിന്നീട് അറഫയുടെ അതിർത്തി കടന്ന് താഴ്വരയിൽ പ്രവേശിക്കുന്നു. അറഫാമൈതാനം ഹറമിനു പുറത്താണ്. നമിറ പള്ളിക്ക് മസ്ജിദ് ഇബ്റാഹീം എന്നും പേരുണ്ട്. ഇവിടെ വെച്ചാണ് ഹജ്ജ് അമീർ ലോകമുസ്ലിംകളോട് പ്രസംഗിക്കുക. പ്രവാചകന്റെ ഹജ്ജത്തുൽ വിദാഇലെ പ്രസംഗം അനുസ്മരിച്ചുള്ളതാണ് ഈ പ്രഭാഷണം.
മൂന്നുഭാഗവും മലനിരകളാൽ വലയംചെയ്യപ്പെട്ട വിശാലമായ താഴ്വരയാണ് അറഫ. മുമ്പ് അവിടെ തീരെ തണൽ വൃക്ഷങ്ങളുണ്ടായിരുന്നില്ല. കുറ്റിച്ചെടികളും മുള്ളുകളുമായിരുന്നു. ഇപ്പോൾ ഒരു ലക്ഷം വേപ്പുമരങ്ങൾ പിടിപ്പിച്ചിരിക്കുന്നു. ഉയരത്തിൽ കറങ്ങുന്ന ജലധാരായന്ത്രങ്ങളും ഇടയ്ക്കിടെയുണ്ട്. അതിനാൽ ചൂട് ഗണ്യമായി കുറഞ്ഞു. ഒരൊറ്റ പകലിനുവേണ്ടിയാണ് ഇത്രയേറെ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഏകദിനനഗരമാണ് അറഫ. അന്നവിടെ അനേകായിരം തമ്പുകൾ രൂപം കൊള്ളുന്നു. നിരവധി ലക്ഷങ്ങൾ ഒത്തുകൂടുന്നു. ലോകം മുഴുവൻ അവിടെ സമ്മേളിക്കുന്നു. അങ്ങനെ അതൊരു ലോകമായി മാറുന്നു. വർഗ-വർണ ദേശ-ഭാഷാ-ലിംഗ ഭേദങ്ങൾക്കൊട്ടും പ്രസക്തിയില്ലാത്ത സമത്വസുന്ദര ലോകം. ഇസ്ലാം വിഭവനം ചെയ്യുന്ന ഏകലോകത്തിന്റെ കൊച്ചുപതിപ്പ്. അവിടെ ശത്രു തയില്ല, സംഘർഷമില്ല, ആരുടെയും അന്തരംഗത്ത് അഹിത വികാരങ്ങൾ അശേഷമില്ല. അറഫയിൽ മനുഷ്യരാശി ഒന്നാകുന്നു. അവർക്കിടയിൽ അദൃശ്യവും അതോടൊപ്പം അവിഛേദ്യവുമായ ഒരു വൈകാരികബന്ധം നില നിൽക്കുന്നു. അങ്ങനെ ആദർശസമൂഹത്തെ സംബന്ധിച്ച വിശുദ്ധ ഖുർആന്റെ പ്രഖ്യാപനം അറഫയിൽ അർഥപൂർണമാകുന്നു: “നിങ്ങളുടെ ഈ സമുദായം ഒരൊറ്റ സമുദായമാകുന്നു. ഞാൻ നിങ്ങളുടെ നാഥനും. അതിനാൽ എനിക്കു മാത്രം വഴിപ്പെടുക.” (അൽഅമ്പിയാഅ്: 92)
ലോക ഇസ്ലാമിക സമൂഹത്തിന്റെ കൊച്ചുരൂപമാണ് അറഫ. ഭൂമിയിലെങ്ങുമുള്ള വിശ്വാസി സമൂഹത്തിന്റെ ചേതോഹരമായ പരിഛേദം. ഹജ്ജ് ലോക മുസ്ലിംകളുടെ ഒത്തുകൂടലാണല്ലോ. ഒരർഥത്തിൽ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം. അതിനാൽ അറഫ, ഓരോ മുസ്ലിമിനും താൻ വിശാലമായ ഇസ്ലാമിക സമൂഹഗാത്രത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് നൽകുന്നു. അത് സമത്വബോധവും പരസ്പര സ്നേഹവും സഹകരണവും സഹജീവികൾക്കു വേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളർത്തുന്നു.
അറഫയിലെ ഒത്തുകൂടൽ വിശ്വാസികളെ വികാരഭരിതരാക്കുന്നു. ഭൂമിയുടെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ള മുഴുവൻ തീർഥാടകരും തങ്ങളെ വേർതിരിക്കുന്ന എല്ലാവിധ വിവേചനങ്ങളിൽ നിന്നും വിശേഷതകളിൽനിന്നും മോചിതരായി സ്രഷ്ടാവിന്റെ മുമ്പിൽ സമ്മേളിച്ചിരിക്കയാണല്ലോ. പാലുപോലെ വെളുത്തവരും കാക്കയെപ്പോലെ കറുത്തവരും ഓറഞ്ചുപോലെ ചുവന്നവരും ഇരുമ്പുപോലെ ഇരുണ്ടവരും ഒരേ വേഷത്തിൽ ഒത്തുചേർന്നിരിക്കുന്നു. അതോ, ലോകത്തിലെ പരമ ദരിദ്രനുപോലും അണിയാവുന്ന ലളിതമായ വേഷത്തിൽ.
നിവരധി നൂറ്റാണ്ടുകൾക്കു മുമ്പ് നബിതിരുമേനി അറഫയിൽ നടത്തിയ പ്രഖ്യാപനം ഇന്നും ഇവിടെ ഇങ്ങനെ പുലരുന്നു. ഇതുപോലൊരു ദിനത്തിൽ ഈ മൈതാനിയിലെ ‘ഉർനാ’യിൽ വെച്ച് പ്രവാചകൻ നടത്തിയ വിടവാങ്ങൽ പ്രസംഗത്തിലെ വാചകങ്ങൾ മനസ്സിലൂടെ കടന്നുപോയി.
അറഫയിൽ വിശ്വാസികൾ എല്ലാവിധ സ്വാർഥതകളിൽനിന്നും ശാരീരികേച്ഛകളിൽ നിന്നും മലിന മോഹങ്ങളിൽനിന്നും മുക്തരാണ്. പ്രൗഢിയുടെയും പൊങ്ങച്ചത്തിന്റെയും നേരിയ പ്രകടനം പോലുമില്ല. പ്രത്യക്ഷത്തിൽ ഇസ്ലാമിക സമൂഹത്തിന്റെ ശക്തിയുടെയും പ്രഭാവത്തിന്റെയും പ്രകടനമാണ് ഹജ്ജ്. അത് സമൂഹാവസ്ഥയാണ്. എന്നാൽ, വ്യക്തികളിവിടെ ഏറ്റവും വിനീതരും പശ്ചാത്താപ വിവശരുമാണ്. അറഫയിൽ വെച്ചവർ ജീവിതത്തിൽ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ആത്മപരിശോധന നടത്തുന്നു. ഗതകാല ജീവിതത്തിലെ ഏടുകളൊക്കെയും മറിച്ചുനോക്കി സംഭവിച്ചുപോയ പാപങ്ങൾ ചികഞ്ഞെടുക്കുന്നു. അവ അല്ലാഹുവിന്റെ മുമ്പിൽ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്നു, പശ്ചാത്തപിച്ചു മടങ്ങുന്നു. അവിടെ തേങ്ങാത്ത ഹൃദയങ്ങളും വിതുമ്പാത്ത ചുണ്ടുകളും നനയാത്ത നയനങ്ങളും വളരെ വിരളമായിരിക്കും. അതിനാലാവാം പ്രവാചകൻ ഇങ്ങനെ പറഞ്ഞത്: “അറഫാ ദിനത്തെപ്പോലെ പിശാച് നിന്ദ്യനും ഇളിഭ്യനും കോപാകുലനുമാകുന്ന മറ്റൊരു ദിവസവുമില്ല.
അറഫ അന്ത്യനാളിനെ അനുസ്മരിപ്പിക്കുന്നു; ഒപ്പം അന്ത്യയാത്രയും. ഇഹ്റാമിന്റെ വസ്ത്രത്തോട് ഒന്നുകൂടി കൂട്ടിയാൽ മരണാനന്തരയാത്രയിലെ കഫൻ പുടവയായി. അറഫയിൽ സമ്മേളിക്കുന്നത് അല്ലാഹുവിന്റെ സന്നിധിയിൽ ഹാജരാക്കപ്പെടുന്നതിനെ ഓർമിപ്പിക്കുന്നതിനാലായിരിക്കാം വിശുദ്ധ ഖുർആനിലെ ‘ഹജ്ജ്’ എന്ന അധ്യായത്തിന്റെ പ്രാരംഭം പുനരുത്ഥാനനാളിനെ പരാമർശിച്ചുകൊണ്ടായത്. അതിങ്ങനെ വായിക്കാം: “ജനങ്ങളേ, നിങ്ങളുടെ നാഥന്റെ കോപത്തെ കാത്തുകൊൾക. പുനരുത്ഥാന നാളിന്റെ പ്രകമ്പനം അതിഭയാനകം തന്നെ. നിങ്ങളത് കാണുംനാൾ അവസ്ഥയിതായിരിക്കും: മുല യൂട്ടുന്നവരൊക്കെയും തങ്ങളുടെ മുലകുടിക്കുന്ന കുട്ടികളെ മറക്കുന്നു. ഗർഭിണികളെല്ലാം അവരുടെ ഗർഭം വിസർജിക്കുന്നു. ജനത്തെ നീ ഉന്മാദരായിക്കാണും. എന്നാലോ, അവർ ഉന്മാദരായിരിക്കയില്ല. പിന്നെയോ, അല്ലാഹുവിന്റെ ശിക്ഷ അത്രയേറെ ഗുരുതരമായിരിക്കും.” (ഹജ്ജ്: 1,2)
തമ്പിൽനിന്ന് പുറത്തിറങ്ങി ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ട ദൃശ്യം ഈ വിശുദ്ധ വാക്യങ്ങൾ മനസ്സിൽ പുനർജനിക്കാനിടയാക്കി. ശരീരം അതിന്റെ പ്രതി ഫലനം ഏറ്റുവാങ്ങുകയും ചെയ്തു. എന്നാൽ മഹ്ശറയിൽനിന്ന് അറഫയെ വ്യത്യസ്തമാക്കുന്ന ചിലതുണ്ട്. മഹ്ശറയിൽ ആദം നബി മുതൽ ലോകാന്ത്യം വരെ ഉണ്ടായ മുഴുവൻ മനുഷ്യരുമുണ്ടാകും. അറഫയിൽ ലോക ഇസ്ലാമിക സമൂഹത്തിന്റെ പ്രതിനിധികളേയുള്ളൂ. അന്ന് അവിടെ സൂര്യൻ ഒരു ചാൺ മാത്രം മുകളിലായിരിക്കും. ഇവിടെ അങ്ങനെയല്ലല്ലോ. അവിടെ വിചാരണ ചെയ്യുക. അല്ലാഹുവാണ്. ഇവിടെ സ്വയം വിചാരണയും. ഇവിടത്തെ വിചാരണ കഠിനമായാൽ അവിടത്തേത് ലളിതമാകും. ഇവിടെ സംസാരിക്കുന്നത് നാവും ചുണ്ടിണകളുമാണ്. അവിടെ അവ മുദ്രവെക്കപ്പെടും. കൈയും കാലും തൊലിയുമൊക്കെയാണ് അവിടെ സംസാരിക്കുക. സ്വന്തത്തെ തിരിച്ചറിയുന്ന ഇടമാണ് അറഫ. ഓരോരുത്തരും തങ്ങളുടെ തെറ്റുകൾ കണ്ടെടുക്കുന്നു. അവ എടുത്തുപറഞ്ഞ് മാപ്പിരക്കുന്നു. ഒറ്റപ്പെട്ട പാപങ്ങളെക്കാൾ ആവർത്തിക്കപ്പെടുന്ന പാപങ്ങളെക്കുറിച്ചാണ് ഭയപ്പെടേണ്ടത്.
അമീറിന്റെ നേതൃത്വത്തിൽ ഞങ്ങൾ ളുഹ്റും അസ്വറും രണ്ട് റക്അത്ത് വീതം ജംഉം ഖസമായി ഒന്നിച്ചു, ചുരുക്കി നമസ്കരിച്ചു. നബിതിരുമേനി അറഫിൽ അവ്വിധമാണ് നമസ്കരിച്ചത്. എന്നാൽ കേരളത്തിൽ നിന്നെത്തിയ ചില സുഹൃത്തുക്കൾ പ്രവാചകചര്യ ലംഘിച്ച് അവ നാലുറക്അത്ത് വീതം അതതിന്റെ സമയങ്ങളിൽ നിർവഹിക്കുന്നതു കണ്ടു. ശരിയായരീതിയും പ്രവാചക ചര്യയും പറഞ്ഞുകൊടുത്താൽ ഉൽക്കൊള്ളാനാവാത്തവിധം അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു.
നമസ്കാരശേഷം ഞങ്ങളിൽ ആരോഗ്യവും കരുത്തുമുള്ളവർ തമ്പ് വിട്ടിറങ്ങി പരിസരത്തെ സൗകര്യപ്രദമായ സ്ഥലങ്ങളിൽ സ്ഥാനം പിടിച്ചു. എല്ലാ വരും ദൈവകീർത്തനങ്ങളിലും പ്രാർഥനകളിലും വ്യാപൃതരായി. തപിച്ചുപൊള്ളുന്ന മരുഭൂമിയിൽ, കത്തിയാളുന്ന സൂര്യനു ചുവട്ടിൽ ചുടുകാറ്റേറ്റ് ഖിബ് ലക്കഭിമുഖമായി നിന്നപ്പോൾ അകത്തെ താപം നിമിത്തം പുറത്തെ ചൂട് അറിഞ്ഞതേയില്ല. പുറംലോകത്തെ അവസ്ഥയെ വിസ്മരിപ്പിക്കുന്ന അഭൗമമായ ലോകത്തെത്തിപ്പെട്ട അനുഭവമായിരുന്നു.
അറഫയെപ്പോലെ മനുഷ്യലക്ഷങ്ങളുടെ കണ്ണുനീർത്തുള്ളികൾ ഇറ്റിവീഴുന്ന വേറൊരിടം ഭൂമിയിലുണ്ടാവില്ല; പശ്ചാത്താപവിവശരായ വിശ്വാസികളുടെ തപ്തനിശ്വാസങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സ്ഥലവും.
ഭക്തരായ തീർഥാടകർ തങ്ങൾക്കു വേണ്ടിയെന്നപോലെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മിത്രങ്ങൾക്കും നാട്ടുകാർക്കും ലോകമെങ്ങുമുള്ള മുഴുവൻ വിശ്വാസികൾക്കും വേണ്ടി പ്രാർഥിക്കുന്നു. അങ്ങനെ ലോകമെങ്ങുമുള്ള ദൈ വദാസന്മാർ അറഫയിലൊത്തുകൂടുന്നവരുടെ പ്രാർഥനകളാൽ അനുഗൃഹീതരായിത്തീരുന്നു.