Back To Top

 മീഖാത്തുകൾ

മീഖാത്തുകൾ

Spread the love

ഉംറയിലും ഹജ്ജിലും ഔപചാരികമായി പ്രവേശിക്കുന്നതിന് നിശ്ചയിക്കപ്പെട്ട സ്ഥലത്തിന് സ്ഥലപരമായ മീഖാത്ത് (മീഖാത്ത് മകാനി) എന്നു പറയുന്നു. അത് രണ്ടിലും പ്രവേശിക്കുന്ന സമയത്തിന് സമയപരമായ മീഖാത്ത് (മീഖാത്ത് സമാനി) എന്നും പറയുന്നു. മീഖാത്തിന്റെ നാമവൈശിഷ്ട്യം നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ലോകമുസ്ലിംകൾക്കാകമാനമായി 5 മീഖാത്തുകളാണ് നബി(സ) നിശ്ചയിച്ചുതന്നിട്ടുള്ളത്. അവിടത്തുകാർക്കും ആ ദിശയിലൂടെ കടന്നുവരുന്നവർക്കുമുള്ള മീഖാത്തുകളാണവ. മീഖാത്തിനും മക്കക്കുമിടയിലുള്ളവർക്ക് (ഉദാഹരണമായി ജിദ്ദ, മസ്തൂറ, ബദ്ർ, ബഹ്റ, ഉമ്മുസ്സലാം, ശറാഇഅ്) അവരുടെ വാസസ്ഥലങ്ങൾ തന്നെയാണ് മീഖാത്ത്. മക്കക്കാർ ഹജ്ജിന് അവിടെവെച്ചും ഉംറക്ക് ഹറമിനുവെളിയിൽ തൻഈം പോലുള്ള സ്ഥലങ്ങളിൽ വെച്ചുമാണ് ഇഹ്റാം ചെയ്യേണ്ടത്. താഴെ പറയുന്നവയാണ് പ്രസ്തുത 5 മീഖാ ത്തുകൾ:

1. ദുൽ ഹുലൈഫ: മദീനയിൽനിന്നും മദീന വഴിക്കും വരു ന്നവരുടേത്. “അബ് യാർ അലി’ എന്നാണ് ഇപ്പോഴത്തെ പേര്. അവിടെനിന്ന് മക്കയിലേക്കുള്ള ദൂരം 450 കി.മീ.

2. അൽജുഹ്ഫ: സിറിയ, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിൽനിന്നും ആ വഴിക്കും വരുന്നവരുടേത്. റാബഗിനടുത്താണിത്. റാബഗ് നഗരത്തിൽനിന്നാണ് ആളുകളിപ്പോൾ ഇഹ്റാം ചെയ്യാറ്. അവിടെനിന്ന് മക്കയിലേക്കുള്ള ദൂരം 183 കി.മീ.

3. ഖർനുൽ മനാസിൽ: നജ്ദ് മേഖലയിൽനിന്നും ആ വഴിക്കും (ഉദാഹരണമായി ദമ്മാം, രിയാദ്) വരുന്നവരുടേത്. “അസ്സൈലുൽ കബീർ’ എന്നാണിപ്പോഴത്തെ പേര്. അവിടെനിന്ന് മക്കയിലേക്കുള്ള ദൂരം 75 കി.മീ.

4. യലംലം: യമനിൽ നിന്നും ആ വഴിക്കും വരുന്നവരുടേത്. ‘അസ്സദിയ’ എന്നാണിപ്പോഴത്തെ പേര്. അവിടെനിന്ന് മക്കയിലേക്കുള്ള ദൂരം 92 കി.മീ.

5. ദാതുൽ ഇർഖ്: ഇറാഖിൽനിന്നും ആ വഴിക്കും വരുന്നവരുടേത്. അവിടെനിന്ന് മക്കയിലേക്കുള്ള ദൂരം 92 കി.മീ.

Prev Post

സൗർ ഗുഹ

Next Post

മാതാപിതാക്കൾക്കുവേണ്ടിയുള്ള മക്കളുടെ ഹജ്ജ്

post-bars

Related post

You cannot copy content of this page