Back To Top

 ഹജ്ജിന്റെ അന്തസ്സത്ത

ഹജ്ജിന്റെ അന്തസ്സത്ത

Spread the love

കഅ്ബ, മനുഷ്യരാശിയുടെ സമ്മേളനകേന്ദ്രം, സമാധാനസങ്കേതം. മനുഷ്യർക്ക് ലഭിച്ച മഹത്തായൊരു അനുഗ്രഹം. കഅ്ബയെ തന്റെ ഭവനമായാണ് അല്ലാഹു പരിചയപ്പെടുത്തിയിരിക്കുന്നത്. അതിനാൽ അതിന് ഏറെ മഹത്വമുണ്ട്, സുരക്ഷിതത്വമുണ്ട്. അതിനെ സന്ദർശിക്കുകയും പ്രദക്ഷിണം ചെയ്യുകയും ചെയ്താൽ ദൈവശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. അതിനാലത് നരകത്തെ തടുക്കുന്നൊരു പരിചയാണ്. ഇക്കാരണങ്ങളാലാണ് ഹജ്ജ് ഇസ്ലാമിന്റെ ഒരു സ്തംഭമായത്. ആയുഷ്കാലത്തിലൊരിക്കൽ ചെയ്യേണ്ട ഒരു ഇബാദത്താണ് ഹജ്ജ്. അത് നിർവഹിച്ചാലേ ഇസ്ലാം പൂർത്തിയാവുകയുളളു. അല്ലാഹു അരു ളുന്നു: “മനുഷ്യരിൽ ഹജ്ജിന് വിളംബരം ചെയ്യുക. ദൂരദിക്കുകളിൽ നിന്നൊക്കെയും കാൽനടക്കാരായും മൃഗങ്ങളിൽ സവാരി ചെയ്തു കൊണ്ടും അവർ നിന്റെ അടുക്കലേക്ക് വരും” നബി (സ) പറഞ്ഞു: ഒരാൾ ഹജ്ജ് ചെയ്തു. അതിന്നിടയിൽ വൃത്തികേട് പറകയുകയോ തെമ്മാടിത്തം ചെയ്യുകയോ ചെയ്തില്ല. എങ്കിൽ അയാൾ അതിൽ നിന്ന് തിരിച്ചുവരിക, പാപങ്ങളെല്ലാം പൊറുക്കപ്പെട്ടവനായി, അന്ന് പിറന്ന കുഞ്ഞിനെ പോലെയായിരിക്കും. ഹസനുൽ ബസ്വരി പറയുന്നു: “കഅ്ബയിൽ വച്ച് ഒരു വെളളി ദാനം ചെയ്താൽ ഒരു ലക്ഷം വെളളിദാനം ചെയ്തതിന്റെ പ്രതിഫലമുണ്ട്. ഇത്രേപ്രകാരം അവിടെ വച്ച് ചെയ്യുന്ന ഓരോ നൻമയും ഓരോ ലക്ഷം നൻമയ്ക്ക് തുല്യം. അവിടെ വച്ച് ചെയ്യുന്ന തിൻമയ്ക്കുളള ശിക്ഷയും ഇതുപോലെത്തന്നെ.

മൂന്ന് പളളികൾക്ക് പ്രത്യേക പുണ്യമുണ്ട്
ഒരിക്കൽ നബി കഅ്ബയിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു: “അല്ലയോ മക്ക, നീ എനിക്ക് അല്ലാഹുവിന്റെ ഭൂമിയിൽ ഏറ്റവും ഉൽകൃഷ്ട സ്ഥാനമാണ് . അല്ലാഹുവിന്റെ നാടുകളിൽ ഏറ്റവും പ്രിയപ്പെട്ട നാടും. ശത്രുക്കൾ നിന്നിൽ നിന്ന് എന്നെ പുറത്താക്കിയിരുന്നില്ലെങ്കിൽ ഞാനൊരിക്കലും നിന്നെ വിട്ട് പോകുമായിരുന്നില്ല.”

മക്ക കഴിഞ്ഞാൽ പിന്നെ ഏറ്റവും പുണ്യമുളള ഭൂമി മദീന. അവിടെ വച്ചുളള കർമ്മങ്ങൾക്കും ഇരട്ടിക്കണക്കിൽ പ്രതിഫലമുണ്ട്. നബി ( സ) പറഞ്ഞു, മദീനയിലെ എന്റെ ഈ പള്ളിയിൽ വച്ചുളള ഒരു നിസ്കാരം മറ്റു പളളികളിൽ വച്ചുള്ള ആയിരം നിസ്കാരങ്ങളെക്കാൾ ശ്രേഷ്ഠമാണ്. മക്കയിലെ മസ്ജിദുൽ ഹറാം മാത്രം ഇതിൽ നിന്നൊഴിവാണ്, മൂന്നാം സ്ഥാനത്ത്, ബൈത്തുൽ മുഖദ്ദസ് പളളി. അവിടെ വച്ചുള്ള ഒരു നിസ്കാരത്തിന് മറ്റു പളളികളിലെ അഞ്ഞൂറ് നിസ്കാരങ്ങളെക്കാൾ ശ്രേഷ്ഠതയുണ്ട്.

ഈ മൂന്ന് പളളികൾ ഒഴികെ മറ്റിടങ്ങളെല്ലാം ഒരുപോലെയാണ് . അവയിലേതെങ്കിലുമൊന്നിന് മറ്റുളളവയെക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല. ഇസ്ലാമിക രാഷ്ട്രത്തിന്റെ അതിർത്തികൾ മാത്രം ഇതിൽ നിന്നൊഴിവ്. അത് കാക്കാൻ അവിടെ നിൽക്കുന്നതിന് അല്ലാഹുവിങ്കൽ പെരുത്ത് പ്രതിഫലമുണ്ട്. നബി:“ശ്രേഷ്ഠത ലഭിക്കുമെന്ന് കരുതി മൂന്ന് പളളികളിലേക്കല്ലാതെ ഒരുങ്ങിപ്പുറപ്പെടേണ്ടതില്ല. അവ മക്കയിലെ മസ്ജിദുൽ ഹറാം, മദീനയിലെ എന്റെ പളളി, മസ്ജിദുൽ അഖ്സ്വ. എല്ലാ നാട്ടിലും പളളിയുണ്ട്. അവയെല്ലാം തുല്യം. അതിനാൽ മറ്റൊരു നാട്ടിലെ പളളിയെ ഉദ്ദേശിച്ചുപോകുന്നതിന് അർത്ഥ മില്ല.

ഹജ്ജ് നിർബന്ധമാകുന്നത് എപ്പോൾ?
ഹജ്ജ് സാധുവാകാൻ രണ്ട് നിബന്ധനകളുണ്ട്. ഹജ്ജ് നിശ്ചിതസമയത്ത് ചെയ്യണം. ചെയ്യുന്നവൻ മുസ്ലിമായിരിക്കണം. അതിനാൽ കുട്ടിയുടെ ഹജ്ജ് സാധുവാണ്. വിവേകമുളള കുട്ടിയാണെങ്കിൽ സ്വയം തന്നെ ഇഹ്റാം കെട്ടണം. നന്നെ ചെറിയ കുട്ടിയാണെങ്കിൽ അവനുവേണ്ടി രക്ഷിതാവ് ഇഹ്റാം കെട്ടിയാൽ മതി. ത്വവാഫ് (കഅ്ബ പ്രദക്ഷിണം), സഅ് യ് (സഫാ മർവാ ഇടയ്ക്കുളള നടത്തം) തുടങ്ങി ഹജ്ജിന്റെ കർമ്മങ്ങൾ കുട്ടിയെക്കൊണ്ട് ചെയ്യിക്കണം.

ഹജ്ജിന്റെ സമയം; ശവ്വാൽ, ദുൽഖഅദ് മാസങ്ങളും ദുൽഹ ജ്ജിലെ ഒമ്പത് ദിവസങ്ങളും പത്താം ദിവസം പ്രഭാതോദയത്തോടെ സമയം കഴിയും. മറ്റു സമയത്ത് ഹജ്ജിന് ഇഹ്റാം കെട്ടിയാൽ അത് ഉംറയായി പരിഗണിക്കപ്പെടും. എന്നാൽ ഇസ്ലാം പൂർത്തീകരണത്തിന്റെ ഹജ്ജ് ആകാനുളള നിബന്ധനകൾ പ്രായപൂർത്തി, ബുദ്ധി സ്ഥിരത, സമയത്തായിരിക്കൽ എന്നിവയാണ്.

ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധന അതിന് കഴിവുണ്ടായിരിക്കുക എന്നതാണ്. കഴിവ് രണ്ടുതരം, ഒന്ന്, നേരിട്ടുള്ള കഴിവ് അതായത് ഹജ്ജ് ചെയ്തുവരാനുളള ആരോഗ്യം, വഴി നിർഭയമായിരിക്കണം. അപകടകരമാവരുത്. അവിടെ തന്നെ കീഴടക്കിക്കളയുന്ന ശത്രു ഉണ്ടാവരുത്. ഹജ്ജിന് പോയി നാട്ടിലേക്ക് തിരിച്ചുവരാനുള്ള സാമ്പത്തികശേഷി വേണം. തന്നെ ആശ്രയിച്ചുകഴിയുന്നവർക്ക്, താൻ ഹജ്ജ് കഴിഞ്ഞ് തിരിച്ചുവരുന്നത് വരെയുളള ചെലവിന് കൊടുക്കാനുളള വകയും വേണം. തന്റെ പേരിൽ കടമുണ്ടെങ്കിൽ അത് വീട്ടാനുളള വകയും സ്വന്തമായി വേണം.

രണ്ട്, ഹജ്ജിന് പോകാൻ ആരോഗ്യപരമായി കഴിവില്ല. സാമ്പത്തികമായി കഴിവുണ്ട്. എങ്കിൽ തനിക്ക് വേണ്ടി ഹജ്ജ് ചെയ്യാൻ മറ്റൊരാളെ കൂലിക്ക് നിശ്ചയിക്കാം. ആ കുലിക്കാരൻ സ്വന്തം പേരിലുളള ഹജ്ജ് നിർവ്വഹിച്ചവനായിരിക്കണം.

മേൽപറഞ്ഞ വിധത്തിൽ കഴിവുണ്ടായാൽ ഹജ്ജ് നിർബന്ധമായി. എന്നാൽ ഉടനെയത് ചെയ്യണമെന്നില്ല. നീട്ടിക്കൊണ്ടുപോകാം. എന്നാൽ നീട്ടിക്കൊണ്ടുപോകാതിരിക്കുന്നതാണ് നല്ലത്. കാരണം, അങ്ങനെ ചെയ്താൽ പിന്നീട് ഹജ്ജ് ചെയ്യുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായേക്കാം.

ഹജ്ജ് ഒരിക്കൽ ചെയ്താൽ തന്റെ പേരിലുളള ചുമതല നിർവഹിച്ചു. കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാതെ മരിച്ചാൽ ഹജ്ജ് ചെയ്യണമെന്ന കൽപന അനുസരിക്കാത്ത ധിക്കാരിയായിട്ടായിരിക്കും അല്ലാഹുവിങ്കൽ ചെല്ലുക.അയാളുടെ അനന്തര സ്വത്ത് ചെലവഴിച്ച് അയാൾക്കുവേണ്ടി ഹജ്ജ് ചെയ്യാൻ ഏർപാട് ചെയ്യണം- അയാൾ ഒസ്യത്ത് ചെയ്തിട്ടില്ലെങ്കിലും. അയാളുടെ പേരിലുളള കടത്തിന്റെ കാര്യത്തിലും ഇങ്ങനെ യാണല്ലോ വേണ്ടത്. കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവന്റെ സ്ഥിതി അല്ലാഹുവിങ്കൽ വളരെ പരുങ്ങലിലായിരിക്കുമെന്നാണ് പ്രമാണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. ഉമർ (റ) പറയുന്നു: “കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവരുടെ പേരിൽ പ്രത്യേക നികുതി ചുമത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ട് പ്രവിശ്യാ ഭരണാധികാരികൾക്ക് എഴുതാൻ ഞാൻ വിചാരിച്ചു. ഹജ്ജ് ചെയ്യാത്ത ധനികർക്ക് തങ്ങൾ മയ്യിത്ത് നിസ്കരിക്കില്ലെന്ന് സഈദ് ബ്നു ജുബൈർ, ഇബ്റാഹീം നഖ്ഈ, മുജാഹിദ്, ത്വാഊസ് എന്നീ മഹാൻമാർ പറഞ്ഞിട്ടുണ്ട്. അത്തരം അയൽവാസികൾ മരിച്ചപ്പോൾ ചില മഹാൻമാർ മയ്യിത്ത് നിസ്കരിച്ചിട്ടില്ലെന്നും കാണുന്നു. ”

ഹജ്ജിന്റെ നിർബന്ധഘടകങ്ങൾ അവ അനുഷ്ഠിച്ചില്ലെങ്കിൽ ഹജ്ജ് സാധുവാകയില്ല – അവ  അഞ്ച് കാര്യങ്ങളാണ്. ഇഹ്റാം, ത്വവാഫ് (കഅ്ബാ പ്രദ ക്ഷിണം),സഅ് യ് (സ്വഫാ-മർവായ്ക്കിടയിലുളള നടത്തം), അറഫ യിൽ ഹാജരാവൽ, മുടി മുറിക്കൽ (ഒരഭിപ്രായമനുസരിച്ച്). ഉംറയുടെ നിർബന്ധ ഘടകങ്ങളും ഇവ തന്നെ. അറഫയിൽ ഹാജരാകുന്നത് മാത്രം ഒഴിവ്.

ഇഫ് റാദ്, ഖിറാൻ, തമത്തുഅ്
ഹജ്ജും ഉംറയും ഒന്നിച്ച് മൂന്നു വിധത്തിൽ നിർവഹിക്കാം :

ഒന്ന്, ഇഫ് റാദ്- അതായത് ആദ്യം ഹജ്ജ് നിർവ്വഹിക്കുക. അതിൽ നിന്ന് വിരമിച്ച ശേഷം തീർത്ഥാടന സ്ഥലത്ത് നിന്ന് പുറത്ത് പോയി ഇഹ്റാം കെട്ടി ഉംറചെയ്യുക.

രണ്ട്, ഖിറാൻ- അതായത് ഹജ്ജും ഉംറയും ഒന്നിച്ചു ചെയ്യുക. രണ്ടും ചെയ്യുന്നുവെന്ന് ഉദ്ദേശിക്കണം. ഇതിൽ ഹജ്ജ് കർമ്മങ്ങൾ മാത്രം ചെയ്താൽ മതി. ഉംറയുടെയും പ്രതിഫലം ലഭിക്കും. പക്ഷേ, അയാൾ ഒരാട് ബലി നൽകണം. മക്കക്കാരൻ മാത്രം ബലി നൽകേണ്ടതില്ല.

മൂന്ന്, തമത്തുഅ്, നിശ്ചിത സ്ഥലത്ത് വച്ച് ഉംറക്ക് ഇഹ്റാം കെട്ടി മക്കയിൽ പ്രവേശിക്കുക. ഉംറ നിർവ്വഹിച്ചു കഴിഞ്ഞാൽ തൽക്കാലം സ്വതന്ത്രമായി . പിന്നെ ഇഹ്റാമിന്റെ പേരിലുളള വിലക്കൊന്നും പാലിക്കേണ്ടതില്ല. ഹജ്ജ് സമയം വരെ അങ്ങനെ കഴിയാം. സമയമായാൽ ഹജ്ജിന് ഇഹ്റാം കെട്ടണം. ഇത്തരക്കാരൻ ഒരാട് നിർബന്ധമായി ബലിയറുക്കണം. അതിന് സാധിച്ചില്ലെങ്കിൽ, ഹജ്ജ് കാലത്ത് തന്നെ, അതായത് ദുൽഹജ്ജ് പത്തിന് മുമ്പ് മൂന്ന് നോമ്പ് നോൽക്ക ണം. നാട്ടിൽ തിരിച്ചെത്തിയ ശേഷം ഏഴു നോമ്പ് കുടി നോൽക്കണം.

വിലക്കപ്പെട്ട കാര്യങ്ങൾ
ഹജ്ജിലും ഉംറയിലും വിലക്കപ്പെട്ട കാര്യങ്ങൾ ആറ് ആണ്- 1) കുപ്പായമോ കാൽകുപ്പായമോ ഷൂസോ തലപ്പാവോ ധരിക്കരുത്. മുണ്ടും തട്ടവും ചെരിപ്പും ധരിക്കാം. കുട പോലുളളത് കൊണ്ട് തണൽ സ്വീകരിക്കാം. എന്നാൽ തല മറക്കുന്ന വസ്ത്രമോ മറ്റോ ധരിക്കരുത്. സ്ത്രീക്ക് തുന്നിയ വസ്ത്രം ധരിക്കാം. പക്ഷേ, അവൾ മുഖവും മുൻ കൈയ്യും മറക്കരുത്.

2- സാധാരണയായി സുഗന്ധമെന്ന് പറയുന്ന ഒരു വസ്തുവും ഉപയോഗിക്കരുത്. സുഗന്ധം ഉപയോഗിക്കുകയോ വസ്ത്രം ധരിക്കുകയോ ചെയ്താൽ പ്രായശ്ചിത്തമായി ഒരാട് ബലിയറുക്കണം.

3- തന്റെ ശരീരത്തിലെ മുടി മുറിക്കരുത്. നഖം വെട്ടരുത്. അങ്ങനെ ചെയ്താൽ പ്രായശ്ചിത്തമായി ഒരാട് ബലിയറുക്കണം. എന്നാൽ സുറുമയിടാനും കുളിപ്പുരയിൽ പോകാനും രക്തസിര പൊട്ടിച്ച് ചോരകളയാനും കൊമ്പ് വച്ച് രക്തം കളയാനും മുടി വാർന്നിടാനും അനുവാദമുണ്ട്.

4- സംഭോഗം- ഇത് ഹജ്ജ് കർമ്മങ്ങളുടെ പ്രഥമ വിരാമത്തിനു മുമ്പാണെങ്കിൽ ഹജ്ജ് തന്നെ അസാധുവാകും. മാത്രമല്ല, അയാൾ ഒരൊട്ടകമോ ഒരു പശുവോ ഏഴ് ആടുകളോ ബലിയറുക്കുകയും വേണം. പ്രഥമ വിരാമത്തിനുശേഷമാണെങ്കിൽ ഹജ്ജ് സാധുവാകും പക്ഷേ, ഒരൊട്ടകം ബലിയറുക്കണം.

5- സംഭോഗത്തിന്റെ മുഖവുരയായ ചുംബനം, ആലിംഗനം പോലുളളതും നിഷിദ്ധമാണ്. അതേതെങ്കിലും ചെയ്താൽ ഒരാടിനെ ബലി യറുക്കണം. അതുപോലെ ഹജ്ജ് ചെയ്തുകൊണ്ടിരിക്കേ വിവാഹം ചെയ്യുന്നതും ചെയ്തുകൊടുക്കുന്നതും നിഷിദ്ധമാണ്. എന്നാൽ അവ മൂലം ബലി നിർബന്ധമില്ല. ആ വിവാഹത്തിന് നിയമസാധുതയില്ല.

6- കരയിലെ ഭക്ഷ്യമൃഗങ്ങളെ വേട്ടയാടരുത്. അത്തരം മൃഗത്തെ കൊന്നാൽ സമാനമായ കാലിയെ ദാനം ചെയ്യണം. സൃഷ്ടിപ്പിൽ സാദൃശ്യമുളളതാണ് സമാനം. കടലിൽ നിന്ന് വേട്ടയാടാം. അതിന് പ്രായശ്ചിത്തം നൽകേണ്ടതില്ല.

ഹജ്ജിലെ അനുഷ്ഠാനങ്ങളുടെ ക്രമം
ഹജ്ജിലെ അനുഷ്ഠാനങ്ങളുടെ ക്രമം ഈ വിധമാണ്: ഒന്ന്, ഇഹ്റാമിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം:

1- ധന സംബന്ധമായ കാര്യങ്ങൾ. തൗബ ചെയ്യണം. വല്ല വസ്തുവും അന്യായമായി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഉടമസ്ഥന് തിരിച്ചേൽപിക്കണം. കടം വീട്ടണം. താൻ ചെലവ് കൊടുക്കേണ്ടവർക്ക് താൻ തിരിച്ചു വരുന്നതുവരെയുളള ചെലവിന്നുളള തുക വയ്ക്കണം. തന്റെയടുത്ത് സൂക്ഷിക്കാൻ ഏൽപിച്ച വസ്തുക്കൾ ഉടമസ്ഥരെ തിരിച്ചേൽപിക്കണം. യാത്രച്ചെലവിനാവശ്യമായ തുക കരുതണം. അനു വദനീയവും നല്ലതുമായ ധനമായിരിക്കണം. അതിൽ പിശുക്ക് കാണിക്കരുത്. കുറച്ച് കൂടുതൽ തന്നെ കരുതണം- പാവങ്ങളെയും ദരിദ്രരെയും സഹായിക്കാൻ. യാത്ര പുറപ്പെടുന്നതിന് മുമ്പ് ദാനധർമ്മം ചെയ്യണം. സാധനങ്ങൾ വാടകയ്ക്ക് വാങ്ങുകയാണെങ്കിൽ അവയിൽ ഏതൊക്കെ കൂടെ കൊണ്ടുപോകുന്നെന്ന് ഉടമസ്ഥനോട് പറഞ്ഞ് അയാളുടെ അനുവാദം വാങ്ങണം. സാധനം കുറച്ചായാലും അധികമായാലും ഇത് വേണം.

2- നല്ലൊരു സഹയാത്രികൻ കൂടെയുണ്ടായിരിക്കുന്നത് നല്ലതാണ്. അയാൾ തന്റെ ഗുണകാംക്ഷിയും സഹായിയുമായിരിക്കണം. താൻ മറന്നാൽ ഓർമ്മിപ്പിക്കണം. ഓർമ്മയുളള കാര്യങ്ങളിൽ തന്നെ സഹായിക്കണം. ഭീരുവാകുമ്പോൾ ധൈര്യപ്പെടുത്തണം. അശക്തനാകുമ്പോൾ ശക്തിപ്പെടുത്തണം. ക്ഷോഭമുണ്ടാകുമ്പോൾ ശാന്തമാക്കണം.

ബന്ധുക്കളോടും സ്നേഹിതന്മാരോടും അയൽവാസികളോടും യാത്ര പറയണം. തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവരോട് പറയണം. യാത്ര പുറപ്പെടുമ്പോൾ ഇങ്ങനെ പറയുന്നത് സുന്നത്താണ് “താങ്കളുടെ ദീനിന്റെയും ചുമതലകളുടെയും കർമ്മങ്ങളുടെയും കാര്യം ഞാൻ അല്ലാഹുവിനെ ഏൽപിക്കുന്നു.

യാത്രപോകുന്നവർക്ക് വേണ്ടി നബി ഇങ്ങനെ പ്രാർത്ഥിക്കാറുണ്ടായിരുന്നു: “താങ്കൾക്ക് അല്ലാഹുവിന്റെ സംരക്ഷണവും കാവലുമുണ്ടായിരിക്കട്ടെ, അവൻ താങ്കൾക്ക് പാഥേയമായി ഭയഭക്തിയെ പ്രദാനം ചെയ്യുമാറാകട്ടെ; താങ്കളുടെ പാപങ്ങൾ പൊറുക്കുമാറാകട്ടെ. എവിടെയായാലും താങ്കൾക്ക് നൻമ ഭവിക്കട്ടെ..

3- യാത്ര പുറപ്പെടാൻ ഉദ്ദേശിച്ചാൽ രണ്ടു റക്അത്ത് നിസ്കരിക്കണം. അനന്തരം ഹദീസിൽ നിർദ്ദേശിച്ച നിശ്ചിത പ്രാർത്ഥന ചൊല്ലണം(ഐശ്ചികമായി).

4- പുറപ്പെട്ട് വീട്ടുവാതിൽക്കലെത്തിയാൽ ചൊല്ലേണ്ട മറ്റൊരു പ്രാർത്ഥന കൂടിയുണ്ട്.

5- വാഹനത്തിൽ കയറുമ്പോൾ ഖുർആനിൽ വന്ന ഈ ദിക്റ് ചൊല്ലണം. “ഇവയെ ഞങ്ങൾക്ക് കീഴ്പ്പെടുത്തി തന്നവൻ എത്ര പരിശുദ്ധൻ! ഇവയെ കീഴ്പ്പെടുത്താൻ ഞങ്ങൾക്ക് കഴിവുണ്ടായിരുന്നില്ല. ഞങ്ങൾ ഞങ്ങളുടെ നാഥനിലേക്ക് മടങ്ങിപ്പോകേണ്ടവരാണ്.. ( ഖുർആൻ 43: 13,14)

രണ്ട്, മീഖാത്തിൽ (നിശ്ചിത സ്ഥലത്ത്) വച്ച് ഇഹ്റാം കെട്ടിയതു മുതൽ മക്കയിൽ പ്രവേശിക്കുന്നതുവരെ പാലിക്കേണ്ട മര്യാദകൾ 1. മീഖാത്തിൽ വച്ച് ഇഹ്റാമിന്റെ നിയ്യത്തോടെ (ഉദ്ദേശ്യത്തോടെ) കുളിക്കണം. താടിയും മുടിയും വാർന്നിടണം, നഖം വെട്ടണം, മീശ വെട്ടണം, മറ്റെല്ലാ വിധ ശുചിത്വവും നേടണം.

2- തുന്നിയ വസ്ത്രം ധരിക്കരുത്. ഇഹ്റാമിന്റെ വസ്ത്രം മാത്രം ധരിക്കുക. അതായത് രണ്ട് വെളള വസ്ത്രം. ഒന്ന് അരയുടുപ്പ്. മറ്റേത് തട്ടം. തല മറക്കാൻ പാടില്ല. മറ്റു ശരീരഭാഗങ്ങൾ മറക്കാം. വസ്ത്രത്തിലും ശരീരത്തിലും സുഗന്ധം പുശണം.

തൽബിയത്ത്
3- അനന്തരം യാത്ര തുടങ്ങുന്നതിന് മുമ്പ് നിയ്യത്ത് ചെയ്യണം. ഹജ്ജ്, ഉംറ, ഖിറാൻ ഇവയിൽ ഏതാണോ ചെയ്യുന്നത് അത് ഉദ്ദേശിക്കണം. തൽബിയത്ത് ചൊല്ലണം. അതിങ്ങനെ: ലബ്ബയ്ക്കല്ലാ ഹുമ്മ ലബ്ബയ്ക്ക്, ലബ്ബയ്ക്ക ലാ ശരീക ലക ലബ്ബയ്ക്ക്, ഇന്നൽ ഹംദ വന്നിഅ്മത ലകൽ മുൽക്, ലാ ശരീക ലക്. (ഞാനിതാ ഹാജർ അല്ലാഹുവേ ഞാനിതാ ഹാജർ! ഞാനിതാ ഹാജർ! നിനക്ക് പങ്കുകാ രനില്ല. ഞാനിതാ ഹാജർ ! സ്തുതി നിനക്ക് എല്ലാവിധ അനുഗ്രഹ ങ്ങളും നിന്നിൽ നിന്ന് സർവ്വവിധ അധികാരവും നിനക്ക്. നിനക്ക് പങ്കുകാരനില്ല).

ഈ തൽബിയത്ത് ഹജ്ജിൽ നിന്ന് വിരമിക്കുന്നതുവരെ ഇടക്കിടെ ചൊല്ലിക്കൊണ്ടിരിക്കണം. പ്രത്യേകിച്ച് സ്നേഹിതൻമാരെ കണ്ടുമു ട്ടുമ്പോൾ, ആളുകൾ ഒരുമിച്ചു കൂടുമ്പോൾ, കയറ്റത്തിൽ, ഇറക്കത്തിൽ, വാഹനത്തിൽ കയറുമ്പോൾ, അതിൽ നിന്ന് ഇറങ്ങുമ്പോൾ അത് ഉറക്കെ ചൊല്ലുകയും വേണം.

മൂന്ന് മക്കയിൽ പ്രവേശിക്കുന്നതു മുതൽ ത്വവാഫ് വരെ പാലിക്കേണ്ട മര്യാദകൾ: മക്കയിൽ പ്രവേശിക്കുന്നതിനുവേണ്ടി സൂത്വുവ എന്ന സ്ഥലത്ത് വച്ച് കുളിക്കുന്നത് സുന്നത്താണ്. കഅ്ബയെ കാണുന്നതോടെ ഹദീസിൽ നിർദ്ദേശിച്ച നിശ്ചിത പ്രാർത്ഥന ചൊല്ലണം. അനന്തരം, ആദ്യമായി ചെയ്യേണ്ടത് ത്വവാഫ് (കഅ്ബാ പ്രദക്ഷിണം). ഇതിന്നാണ് ത്വവാഫുൽ ഖുദും എന്ന് പറയുന്നത്. ജമാഅത്ത് നിസ്കാരം (ഫർള്) നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് അവിടെ എത്തുന്ന തെങ്കിൽ അവരോടൊപ്പം നിസ്കരിച്ച ശേഷം ത്വവാഫ് ചെയ്താൽ മതി.

ത്വവാഫ്
ത്വവാഫിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ :

1- നിസ്കാരത്തിനെന്നപോലെ ത്വവാഫിന്നും ശുചിത്വം വേണം. വസ്ത്രത്തിലോ ശരീരത്തിലോ ത്വവാഫ് സ്ഥലത്തോ അശുദ്ധി പാടില്ല. ഔറത്ത് മറക്കണം. വുളു വേണം, നിർബന്ധമായി . ത്വവാഫ് നിസ്കാരം പോലെ ത്തന്നെ. എന്നാൽ ത്വവാഫ് സമയത്ത് സംസാരം അനുവദനീയമാണ്. ത്വവാഫ് തുടങ്ങുന്നതിന് മുമ്പ് തട്ടം പൂണുലെന്ന പോലെ ധരിക്കണം. അതായത് അതിന്റെ മദ്ധ്യഭാഗം വലത്തെ കക്ഷത്തിന്റെ അടിയിൽ ആക്കി രണ്ടറ്റവും ഇടത്തെ ചുമലിൽ ഇടണം. അതിന്റെ ഒരു ഭാഗം പുറത്തും മറ്റേ ഭാഗം നെഞ്ചിലും താഴ്ത്തിയിടണം. ത്വവാഫിൽ, ഐശ്ചികമായി ചൊല്ലാൻ ചില പ്രാർത്ഥനകളുണ്ട്.

2- മേൽപറഞ്ഞ വിധം തട്ടം ധരിച്ച ശേഷം കഅ്ബ തന്റെ ഇടത് വശത്ത് ആകുന്ന രൂപത്തിൽ, ഹജറുൽ അസദിന്റെ കഴിവതും അടുത്ത് നിന്ന് ത്വവാഫ് തുടങ്ങുക. 3- ത്വവാഫിന്റെ തുടക്കത്തിൽ ഇങ്ങനെ ചൊല്ലണം: “അല്ലാഹുവേ, നിന്നിൽ വിശ്വസിച്ചുകൊണ്ട്, നിന്റെ വേദം അംഗീകരിച്ചുകൊണ്ട്, നിന്നോടുളള കരാറ് പാലിച്ചു കൊണ്ട്, നിന്റെ ദൂതൻ മുഹമ്മദി(സ)ന്റെ ചര്യ പിൻപറ്റിക്കൊണ്ട്. അനന്തരം ത്വവാഫ് ചെയ്യണം.

4- കഅ്ബയെ ഏഴ് പ്രാവശ്യം ചുറ്റണം. ആദ്യത്തെ മൂന്നെണ്ണം ചുവടുകൾ അടുപ്പിച്ചുകൊണ്ടുളള ധൃതിയിലുളള നടത്തം. ബാക്കി നാലെണ്ണം സാധാരണ നടത്തം. പുണൂലെന്നപോലെ തട്ടം ധരിക്കൽ, ധൃതിപ്പെട്ടുളള നടത്തം ഇവകൊണ്ട് ആദ്യകാലത്ത് ഉദ്ദേശിച്ചിരുന്നത് അവിശ്വാസികൾക്കെതിരെ ശക്തി പ്രകടിപ്പിക്കലായിരുന്നു. എന്നാൽ ഇന്നും ആ സുന്നത്ത് നാം പിൻപറ്റണം. ഓരോ ത്വവാഫിലും ഹജറുൽ അസദിനെ തൊട്ടുമുത്തുന്നത് സുന്നത്താണ്. തിരക്ക് മൂലം തൊടാൻ സാധിച്ചില്ലെങ്കിൽ കൈ കൊണ്ട് ചുണ്ടി അത് മുത്തിയാൽ മതി. ഇപ്രകാരം റുക്നുൽ യമാനിയെയും തൊട്ടു മുത്തുന്നതും സുന്നത്താണ്.

5 – ഏഴു പ്രാവശ്യം ത്വവാഫ് ചെയ്തു കഴിഞ്ഞാൽ കഅ്ബയുടെ വാതിലിന്റെയും ഹജറുൽ അസ്വദിന്റെയും ഇടയിലുളള മുൽത്തസം എന്ന സ്ഥലത്ത് ചെന്നു നിന്ന് പ്രാർത്ഥിക്കണം. പ്രാർത്ഥനക്ക് ഉത്തരം കിട്ടാൻ വളരെ സാധ്യതയുള്ള ഒരു പുണ്യ സ്ഥാനമാണത്. ഇങ്ങനെ പ്രാർത്ഥിക്കണം. അല്ലാഹുവേ, കഅ്ബയുടെ നാഥാ, നീ എന്നെ നരകത്തിൽ നിന്ന് രക്ഷിക്കണമേ. അല്ലാഹുവേ, ഇത് നിന്നോട് നരകത്തിൽ നിന്ന് ശരണം തേടാനുളള സ്ഥാനം. അനന്തരം തന്റെ മറ്റാവശ്യങ്ങൾ ചോദിക്കാം. പാപങ്ങൾക്ക് മാപ്പപേക്ഷിക്കാം.

6- അനന്തരം മഖാമു ഇബ്രാഹീമിന്റെ പിന്നിൽ ചെന്നു നിന്ന് രണ്ട് റക്അത്ത് നിസ്കരിക്കണം.

സഅ് യ്
സഅ് യിൽ (സ്വഫാ-മർവാക്കിടയിലുളള നടത്തത്തിൽ) പാലിക്കേണ്ട മര്യാദകൾ: ത്വവാഫ് കഴിഞ്ഞാൽ, സ്വഫാ കവാടത്തിലൂടെ പുറത്തിറങ്ങി മുന്നോട്ട് പോയി സ്വഫാ മലയിൽ അൽപം കയറണം. എന്നിട്ട് മർവ മലയിലേക്ക് നടക്കണം. ഇടക്ക് ഓടേണ്ട സ്ഥലമുണ്ട്. അവിടെ ഓടണം. മർവായിൽ എത്തിയാൽ ഒരു സഅ് യ് ആയി. തിരിച്ച് സ്വഫായിലേക്ക് നടക്കുക. അത് രണ്ടാമത്തെ സഅ് യ്, അങ്ങനെ ഏഴ് സഅ് യ് വേണം. സഅ് യിന് വുളു സുന്നത്താണ്. നിർബന്ധമില്ല.

അറഫയിലെ താമസം

അറഫയിലെ താമസവും അതിന് മുമ്പുളള കാര്യങ്ങളും: ഹജ്ജിന് എത്തുന്നത് അറഫാ ദിവസം (ദുൽഹജ്ജ് 9 ന് അറഫയിലേക്ക് നേരിട്ടാണെന്ന് കരുതുക. എങ്കിൽ അയാളവിടെ താമസിക്കുന്നതിന് മുമ്പ് മക്കയിൽ പ്രവേശിക്കുകയോ ത്വവാഫുൽ ഖുദൂം നിർവഹിക്കുകയോ ചെയ്യരുത്. അറഫാ ദിനത്തിന് മുമ്പ് എത്തുകയും ത്വവാഫുൽ ഖുദും നിർവഹിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ദുൽഹജ്ജ് എഴു വരെ ഇഹ്റാമിൽ തന്നെ കഴിയണം. അന്ന് ളുഹറിനുശേഷം ഇമാം കഅ്ബയിൽ വച്ച് പ്രഖ്യാപിക്കണം, അടുത്ത ദിവസം (ദുൽഹജ്ജ് 8, തർവിയാ ദിനം) മിനായിലേക്ക് പുറപ്പെടാനും അവിടെ രാപ്പാർക്കാനും അവിടന്ന് പിറ്റേ ദിവസം രാവിലെ അറഫ യിലേക്ക് പുറപ്പെടാനും അറഫയിൽ പാർക്കുക എന്ന ഹജ്ജിലെ നിർബന്ധ കർമ്മം നിർവ്വഹിക്കേണ്ടതിന് ഒരുങ്ങാനും അറഫയിലെ പാർപിന്റെ സമയം ദുൽഹജ്ജ് ഒമ്പത് ഉച്ചതിരിഞ്ഞതു മുതൽ ദുൽഹജ്ജ് പത്ത് പ്രഭാതം (ഫജ്ർസാദിഖ്) വരെയാണ്.

ഇത് ഒന്നുകൂടി വിശദീകരിക്കാം: എട്ടാം ദിവസം സുബ്ഹി നിസ്കാരാനന്തരം തൽബിയത്ത് ചൊല്ലിക്കൊണ്ട് മിനായിലേക്ക് പോകണം. അടുത്ത രാത്രി മിനായിൽ പാർക്കണം. പിറ്റേദിവസം രാവിലെ സൂര്യൻ ഉദിച്ചതിനുശേഷം അറഫയിലേക്ക് പുറപ്പെടണം. അറഫാ പാർപിനു വേണ്ടി കുളിക്കുന്നത് സുന്നത്താണ്. ളുഹറും അസ്വറും ഒന്നിച്ച് ഖസ്റാക്കി നിസ്കരിക്കാം. ധാരാളമായി, അല്ലാഹുവിന് ദിക്റ ചൊല്ലണം. അവനെ സ്തുതിക്കണം. തൗബ ചെയ്യണം. അന്ന് നോമ്പ് നോൽക്കണ്ട. ക്ഷീണിച്ചാൽ പ്രാർത്ഥനയിൽ മുഴുകാൻ കഴിഞ്ഞില്ലെന്ന് വരാം. ധാരാളം പ്രാർത്ഥിക്കണം. വേണ്ടതൊക്കെ പ്രാർത്ഥിക്കാം. തൽബിയത്തും ചൊല്ലണം.

ബാക്കികർമ്മങ്ങൾ

ഹജ്ജിലെ ബാക്കി കർമ്മങ്ങൾ താഴെ പറയുന്നവയാണ്. അറഫയിൽ നിന്ന് തിരിച്ചു വരുമ്പോൾ മുസ്ദലിഫയിൽ വച്ച് മ​ഗ് രിബും ഇശാഉം ജംആയും ഖസ്വ്റായും നിസ്കരിക്കണം. അന്ന് രാത്രി മുസ്ദലിഫയിൽ തന്നെ താമസിക്കണം. അർദ്ധരാത്രിക്കു മുമ്പ് അവിടന്ന് പുറപ്പെടുകയാണെങ്കിൽ പ്രായശ്ചിത്തമായി മൃഗം അറുക്കേണ്ടി വരും. മുസ്ദലിഫയിൽ നിന്നാണ് അഖബകളിൽ എറിയാനുളള ചരക്കല്ലുകൾ – എഴുപതെണ്ണം – എടുക്കേണ്ടത്.

ദുൽഹജ്ജ് പത്തിന് രാവിലെ സുബ്ഹി നിസ്കരിച്ചതിന് ശേഷം മിനായിലേക്ക് തിരിക്കണം. വഴിയിൽ ‘വാദിമഹ്സർ ‘ എന്നൊരു സ്ഥല മുണ്ട് . അവിടെ എത്തിയാൽ ധൃതിയിൽ സഞ്ചരിക്കണം. മുസ്ദലിഫയുടെ അതിർത്തിയായ മശ്അർ ഹറാമിൽ എത്തിയാൽ അവിടെ അൽപം തങ്ങി പ്രാർത്ഥിക്കണം. അനന്തരം മിനായിലൂടെ മുന്നോട്ട് പോകണം. വഴിയിൽ മൂന്നു ജംറകളുണ്ട്. ആദ്യത്തെയും രണ്ടാമത്തെയും ജംറകളിൽ ദുൽഹജ്ജ് പത്തിന് എറിയേണ്ടിതില്ല. അന്ന് ജംറത്തുൽ അഖബയിൽ എറിഞ്ഞാൽ മതി – ഏഴ് കല്ല്. അനന്തരം ബലിയറുക്കണം- അറുക്കാനുണ്ടെങ്കിൽ. പിന്നെ തലമുടി മുറിക്കണം. പുരുഷൻ തലമുടി മുഴുവൻ വടിച്ചു കളയുന്നതാണ് നല്ലത്. അൽപം കളഞ്ഞാലും മതിയാകും. കഷണ്ടിക്കാരനും മുടി കളയാനെന്ന പോലെ തലയിൽ കത്തി ചലിപ്പിക്കണം. സ്ത്രീ അൽപം മാത്രം കളഞ്ഞാൽ മതി. മുഴുവൻ കളയാൻ പാടില്ല.

മുടി കളയുന്നതോടെ ഹജ്ജ് കർമ്മങ്ങൾക്കുളള ആദ്യത്തെ വിരാമമായി. അതോടെ സംഭോഗം, വേട്ട എന്നിവയൊഴികെ ബാക്കിയെല്ലാം അനുവദനീയമാകും.

അനന്തരം മക്കയിൽ ചെന്ന് കഅ്ബയിൽ ത്വവാഫ് ചെയ്യണം. ഹജ്ജിന്റെ ഒരു പ്രധാന ഘടകമായ ഈ പ്രദക്ഷിണത്തിന് ത്വവാഫു സ്സിയാറത്ത് എന്ന് പറയുന്നു. ഇത് ദുൽഹജ്ജ് പതിമൂന്ന് വരെ ചെയ്യാമെങ്കിലും പത്തിന് ചെയ്യുന്നതാണ് നല്ലത്. ഈ ത്വവാഫോടെ ഹജ്ജ് കർമ്മങ്ങൾക്കുള്ള രണ്ടാമത്തെ വിരാമവുമായി. അതോടെ സംഭാഗവും അനുവദനീയമാകും. ഇനി ബാക്കിയുളളത് അയ്യാമുത്തശ്രീഖി (ദുൽഹിജ്ജ 11,12,13 ദിവസങ്ങളി)ലെ ഏറും മിനായിലെ രാപാർപും മാത്രം.

മൂന്നു കാര്യങ്ങൾ നിർവ്വഹിക്കുന്നതോടെ മാത്രമേ ഹജ്ജിൽ നിന്ന് പൂർണ്ണമായി വിരമിക്കുകയുള്ളു. ഏറ്,മുടിമുറിക്കൽ, നിർബന്ധ ത്വവാഫ്. ഇവയിൽ രണ്ടെണ്ണം നിർവഹിക്കുന്നതോടെ വിരാമമായി. അവ ക്രമത്തിൽ നിർവ്വഹിക്കണമെന്നില്ല. ക്രമത്തിലല്ലാതിരുന്നാൽ ബലിയറുക്കേണ്ടി വരും. ഏറ്, മുടിമുറിക്കൽ, പിന്നെ ത്വവാ ഫ്- ഇതാണ് ശരിയായ ക്രമം. ആദ്യത്തെ

ഉംറ

ഹജ്ജിന് മുമ്പോ ശേഷമോ ഉംറ ചെയ്യാൻ ഉദ്ദേശിച്ചാൽ മീഖാത്തിൽ(ഹജ്ജിൽ പ്രവേശിക്കാനുളള നിശ്ചിതസ്ഥലത്ത്)ചെന്ന് ഇഹ്റാം കെട്ടി ഉംറയുടെ ബാക്കി കർമ്മങ്ങൾ അനുഷ്ഠിക്കണം. ഉംറയുടെ നിർബന്ധഘടകങ്ങൾ : നിയ്യത്ത് , ഇഹ്റാം, ത്വവാഫ്, സഅ് യ്, മുടി കളയൽ. ഉംറ വളരെ പുണ്യമുളളാരു കർമ്മമാണ്. അതിനാൽ കഴിയുന്നത് കൂടുതൽ ഉംറ ചെയ്യാൻ ശ്രമിക്കുക.

ഹജ്ജ് കഴിഞ്ഞ് മടക്കയാത്ര ചെയ്യാൻ ഉദ്ദേശിച്ചാൽ അവസാനമായി ചെയ്യേണ്ട കർമ്മം ത്വവാഫ്. ഇത് ത്വവാഫുൽ വിദാഅ് എന്നറിയപ്പെടുന്നു. ഇത് ചെയ്യേണ്ടതും സാധാരണ ത്വവാഫ് പോലെത്തന്നെ. എന്നാലിതിൽ പൂണൂൽ രീതിയിൽ വസ്ത്രം ധരിക്കേണ്ടതില്ല. ധൃതിയിലുളള നടത്തവും വേണ്ട.

ത്വവാഫിനുശേഷം മഖാമു ഇബ്റാഹീമിൽ വച്ച് രണ്ടു റക്അത്ത് നിസ്കരിക്കണം. സംസം വെളളം കുടിക്കണം. അനന്തരം മുൽതസമിൽ വെച്ച് പ്രാർത്ഥിച്ചശേഷം മടക്കയാത്ര ആരംഭിക്കാം.

നബിയുടെ ഖബ്ർ സന്ദർശിക്കുന്നത് സുന്നത്താണ്. അവി ടുന്ന് അരുളിയിട്ടുണ്ട്: “എന്റെ മരണശേഷം എന്നെ സന്ദർശിക്കുന്നത് എന്റെ ജീവിതകാലത്ത് എന്നെ സന്ദർശിക്കുന്നതിന് തുല്യമാണ്. സന്ദർശകൻ ധാരാളമായി സ്വാലാത്ത് ചൊല്ലണം, പ്രാർത്ഥിക്കണം, നബിക്ക് സലാം ചൊല്ലണം. എന്നാൽ ആ ഖബറിന് ചുറ്റുമുളള ചുമരിനെ തൊടുകയോ മുത്തുകയോ ചെയ്യുന്നത് സുന്നത്തല്ല.

അനന്തരം അബൂബക്ർ സ്വിദ്ദീഖിന്റെയും ഉമറിന്റെയും ഖബറുകളും സന്ദർശിക്കണം. അവ രണ്ടും നബിയുടെ ഖബറിന്റെ സമീപത്ത് തന്നെ യാണ് സ്ഥിതി ചെയ്യുന്നത്.

ഉഹൂദ് രക്തസാക്ഷികളുടെ ഖബറുകൾ, ബഖീഅ് ശ്മശാനം, ഖുബാഅ് പളളി എന്നിവ സന്ദർശിക്കലും സുന്നത്താണ്. ഈ സ്ഥലങ്ങളിൽ വച്ചും അധികമായി പ്രാർത്ഥിക്കണം.

ഹാജിപാലിക്കേണ്ട മര്യാദകൾ
1-ചെലവിനുളള വക അനുവദനീയ മാർഗ്ഗത്തിലൂടെ നേടിയതായിരിക്കണം. അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്യുന്നുവെന്ന ഏക ഉദ്ദേ ശ്യമായിരിക്കണം അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കണം. മറ്റൊരാൾക്ക് വേണ്ടി ഹജ്ജ് ചെയ്യുന്നവന്റെ ഉദ്ദേശ്യം കഅ്ബാ സന്ദർശനവും തന്റെ ആ മുസ്ലിം സഹോദരനെ സഹായിക്കലും മാത്രമായിരിക്കണം. അതൊരു ധനസമ്പാദനമാർഗ്ഗമായി കരുതരുത്. അതായത് ദീന് കൊണ്ട് ദുനിയാവ് സമ്പാദിക്കലാകരുത്. മറിച്ച്, ദുനിയാവ് കൊണ്ട് ദീൻ സമ്പാദിക്കലാകണം.

2- പാഥേയം കുറച്ച് കൂടുതൽ തന്നെ കരുതണം. കൂട്ടുകാരെയും പാവങ്ങളെയും സഹായിക്കാൻ വേണ്ടി. അതവർക്ക് സന്തോഷപൂർവ്വം നൽകണം-മിതമായ തോതിൽ. പിശുക്കും ധൂർത്തും പാടില്ല.

3-ഹജ്ജ് നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ സംഭോഗം പാടില്ല. മറ്റു യാതൊരുവിധ ദുർവൃത്തിയും വഴക്കും പാടില്ല. സംഭോഗം എന്നതിൽ ശൃംഗാരം, കാമലീലകൾ എന്നിവ കൂടി ഉൾപെടും. ഇവ സംഭോഗത്തിന് പ്രേരകമാകുമെന്നതാണ് കാരണം. സംഭോഗമാകട്ടെ നിഷിദ്ധം. നിഷിദ്ധത്തിലേക്ക് നയിക്കുന്നതും നിഷിദ്ധം തന്നെ. ദുർവൃത്തി എന്നതിൽ എല്ലാവിധ ദൈവധിക്കാരവും പെടും. പ്രതിയോഗിയിൽ വെറുപ്പും പകയുമുണ്ടാക്കുന്നതും സൽസ്വഭാവത്തിന് എതിരായതുമായ തർക്കവും പാടില്ല. സഹയാത്രികരോട് വിനയത്തോടെ പെരു മാറണം. സൽസ്വഭാവമെന്നാൽ മറ്റുളളവരെ ശല്യപ്പെടുത്താതിരിക്കുക എന്നത് മാത്രമല്ല. മറ്റുളളവരിൽ നിന്നുളള ശല്യം ക്ഷമാപൂർവ്വം സഹിക്കുക എന്നത് കൂടിയാണ്.

4- ആഡംബരക്കാരുടെയും അഹങ്കാരികളുടെയും വേഷം വർജ്ജിക്കുക. പൊങ്ങച്ചവും ദുരഭിമാനവും അഹന്തയും വേണ്ട. സദ് വൃത്തരുടെ കൂട്ടത്തിൽ പെടണം. ഒരു ഹദീസിൽ ഇങ്ങനെയുണ്ട്: “ഹാജി മുടി ജട കെട്ടിയവനും മുഷിഞ്ഞ വേഷക്കാരനുമായിരിക്കും. ,, അല്ലാഹു അരുളുന്നു. “പിന്നീടവർ അവരുടെ അഴുക്കുകൾ കളയട്ടെ.”മുടികളഞ്ഞും മീശവെട്ടിയും നഖം മുറിച്ചുമാണ് അഴുക്ക് കളയേണ്ടത്.

5- താൻ സഞ്ചരിക്കുന്ന മൃഗത്തോട് ദയ കാണിക്കണം. വഹിക്കാനാവാത്തത് ഭാരം അതിൽ കയറ്റരുത്. വിശ്രമം നൽകാതെ ദീർഘനേരം ഓടിക്കരുത്. ഇടയ്ക്കിടെ വിശ്രമം നല്കണം.

ബലി

6- ബലി അറുക്കണം. നിർബന്ധമല്ലെങ്കിലും. തടിച്ചതും വിലപിടി ച്ചതുമായ മൃഗമായിരിക്കുന്നത് നന്ന്. മാംസമല്ല, മറിച്ച് ആത്മസംസ്കരണവും പിശുക്കിൽ നിന്നുള്ള മുക്തിയും അല്ലാഹുവോടുള്ള സ്നേഹവുമാണ് പ്രധാനം. അല്ലാഹു: “അല്ലാഹുവിങ്കൽ അവയുടെ മാംസവും രക്തവും എത്തുകയില്ല. നിങ്ങളുടെ സൂക്ഷ്മതാബോധമാണ് എത്തുക.

7- ചെലവ് ചെയ്യുന്നതും ബലിയറുക്കുന്നതും സന്തോഷത്തോടെയായിരിക്കണം, ധനത്തിലോ ശരീരത്തിലോ ഏൽക്കുന്ന കഷ്ട നഷ്ടങ്ങൾ മനോവിഷമമുണ്ടാക്കരുത്. അക്ഷമ കാണിക്കരുത്. സഹിക്കുന്ന ഓരോ വിഷമത്തിനും നഷ്ടത്തിനും അയാൾക്ക് അല്ലാഹുവിങ്കൽ പ്രതിഫലമുണ്ട്.

ഹജ്ജ് അല്ലാഹു സ്വീകരിച്ചു എന്നതിന്റെ ലക്ഷണം താഴെപ്പറയു ന്നവയാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അയാൾ മുമ്പ് ചെയ്തിരുന്ന പാപങ്ങൾ മേലിൽ ചെയ്യില്ല. മുമ്പുണ്ടായിരുന്ന ചീത്ത കുട്ടുകാർക്കുപകരം നല്ല കൂട്ടുകാരെയും തെമ്മാടിത്ത സദസ്സുകൾക്കു പകരം സൽസദസ്സുകളെയും തെരഞ്ഞെടുക്കും.

ഹജ്ജ് കർമ്മങ്ങളിലെ രഹസ്യങ്ങൾ

ഹറമിലെ മൃഗങ്ങളെ വേട്ടയാടാനോ മരങ്ങൾ വെട്ടാനോ പാടില്ലല്ലോ. ആ സ്ഥലത്തിന്റെ ആദരണീയത കൊണ്ടാണിത്. ആ സ്ഥലം രാജാവിന്റെ സന്നിധാനത്തിന് തുല്യം, ലോകത്തിന്റെ പല ഭാഗത്തു നിന്നുമുളള തീർത്ഥാടകർ അവിടെ എത്തുന്നു -അതീവ വിനയത്തോടെ, യാത്ര ചെയ്ത് ക്ഷീണിച്ച്, മുടി ജടകെട്ടി. മഹാരാജാവായ അല്ലാഹുവിനെ ഒരു പ്രത്യേക ഭവനമോ നാടോ ഉൾകൊളളില്ലെന്ന കാര്യം അറിഞ്ഞുകൊണ്ടു തന്നെ. എങ്കിലും അവനോടുളള വിധേയത്വവും അനുസരണവും ദാസൻ തന്റെ കഴിവിന്റെ പരമാവധി രൂപത്തിൽ പ്രകടിപ്പിക്കണമല്ലോ. അതിന് വേണ്ടി മാത്രം അവൻ അവിടെ അപ്രകാരം സന്ദർശിക്കുകയാണ്. ഇഹ്റാമിലൂടെയും തൽബിയത്തിലൂടെയും അവൻ അല്ലാഹുവിന്റെ വിളിക്കുത്തരം ചെയ്യുന്നു. മക്കയിൽ പ്രവേശിക്കുന്നതോടെ താൻ അല്ലാഹുവിന്റെ ഹറമിൽ എത്തി. അവന്റെ സാമീപ്യത്തിൽ നിന്ന് തന്നെ അകറ്റിക്കളയുന്ന ഒന്നും തന്നിൽ നിന്ന് ഉണ്ടാവരുത്. അവനിൽ നിന്നുളള കാരുണ്യം പ്രതീ ക്ഷിക്കുകയും വേണം.

കഅ്ബയെ കാണുന്നതോടെ അതിനോടും അതിന്റെ നാഥനോടുമുളള ബഹുമാനം മനസ്സിൽ പതഞ്ഞു പൊങ്ങണം. അല്ലാഹു ആദരി ച്ചതുകൊണ്ടാണ് കഅ്ബയെ താൻ ആദരിക്കുന്നത്.

മലകുകൾ അർശിനു(ദൈവിക സിംഹാസനത്തിന് ചുറ്റും എപ്പോഴും പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു. അതിനോട് സദ്യശമാണ് ത്വവാഫ്. ശരീരംകൊണ്ടുളള പ്രദക്ഷിണമല്ല യഥാർത്ഥ ഉദ്ദേശ്യം. പ്രത്യുത,മനസ്സ് അല്ലാഹുവിന്റെ സ്മരണയിൽ പ്രദക്ഷിണം ചെയ്യുക എന്നതാണ്.

സ്വഫാ, മർവാ മലകൾക്കിടയിലുളള ഓട്ടവും നടത്തവും താഴെ പറയുന്ന അവസ്ഥക്ക് തുല്യമാണ്. ദാസൻ രാജാവിന്റെ തിരുമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരിക്കുക, പലതവണ. രാജാവിന് സേവനം ചെയ്യുന്നതിൽ താൻ ആത്മാർത്ഥയുളളവനാണെന്ന് തെളിയിക്കാൻ, തന്നോട് രാജാവ് കാരുണ്യം കാണിക്കണമെന്ന് യാചിക്കാൻ തന്റെ കാര്യത്തിൽ രാജാവ് എന്ത് തീരുമാനമെടുക്കുമെന്ന് നിശ്ചയ മില്ലാത്തവൻ രാജാവിന്റെ മുന്നിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കും. സ്വീകരിക്കുമോ? തിരസ്കരിക്കുമോ? എന്ന് നിശ്ചയമില്ലാതെ പലതവണ നടന്നു കൊണ്ടിരിക്കും. ആദ്യത്തെതിൽ കൃപ കാണിച്ചില്ലെങ്കിൽ അടുത്തതിലെങ്കിലും കാണിച്ചേക്കുമെന്ന പ്രതീക്ഷയോടെ.

അറഫയിലെ പാർപ്പ്, അവിടത്തെ തിരക്ക്, വിവിധ ഭാഷകളിലുളള ശബ്ദകോലാഹലം ഇവ ഖിയാമത്തു നാളിൽ ആ തുറന്ന മൈതാനിയിൽ ജനതതികൾ ഒത്തുകൂടുന്നതിനെയും തങ്ങൾ രക്ഷപ്പെടുമോ ഇല്ലയോ എന്ന അവരുടെ ഉൽക്കണ്ഠയെയും ഓർമ്മിപ്പിക്കുന്നു. ഈ ഓർമ്മ അയാളെ അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കണം. അവനിൽ, തന്നെ സമ്പൂർണ്ണമായി അർപ്പിക്കുന്നവനാക്കണം. അങ്ങനെ ഒടുവുനാളിൽ വിജയികളുടെ കൂട്ടത്തിൽ പെടുന്നതിനുളള അർഹത നേടണം. അവന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചാലേ അവൻ വിജയികളിൽ പെടുകയുളളൂ. അറഫയിലെ ആ സദസ്സ് ഒരു മഹാസദസ്സായിരിക്കും. അതിൽ അനേകം പുണ്യവാന്മാരുണ്ടായിരിക്കും. അവരെല്ലാം ഒരുമിച്ച് വിനയാന്വിതരായി പ്രാർത്ഥിച്ചാൽ അല്ലാഹു സ്വീകരിച്ചേക്കും. കരുണകാണിച്ചേക്കും, അങ്ങനെ തനിക്കും അല്ലാഹുവിന്റെ കരുണ ലഭിച്ചേക്കും.

ജംറകളിൽ കല്ലെറിയുന്നതിൽ അല്ലാഹുവിന്റെ യജമാനത്തം അംഗീകരിക്കലും തന്റെ അടിമത്തം പ്രകടിപ്പിക്കലുമുണ്ട്. പിശാചിന്റെ മുഖത്തേക്കാണ് എറിയുന്നത്. അവന്റെ നട്ടെല്ല് തകരണം എന്ന ഉദ്ദേ ശ്യത്തോടെയായിരിക്കണം എറിയേണ്ടത്.

മദീനാ സന്ദർശന സമയത്ത് ഓർക്കണം, ഇത് സൃഷ്ടി ശ്രഷ്ഠനായ നബിക്ക് വേണ്ടി അല്ലാഹു തെരഞ്ഞെടുത്ത നഗരം ഹിജ്റ പോകാൻ, അല്ലാഹുവിന്റെ നിയമങ്ങൾ നടപ്പാക്കാൻ, ശത്രുക്കളെ പ്രതിരോധിച്ച് സത്യദീൻ സ്ഥാപിക്കാൻ. അവിടെയാണ് നബി ജീവി ച്ചത്. അദ്ദേഹം മാത്രമല്ല സ്വഹാബികളും സദ് വൃത്തരായ അനവധി മുസ്ലികളും.

സംഗ്രഹ  വിവർത്തനം- മുഹമ്മദ് ശമീം ഉമരി

Prev Post

കാൽനടയായുള്ള ഹജ്ജിനാണോ കൂടുതൽ പ്രതിഫലം ?

Next Post

ഒരിക്കലും മറക്കാത്ത ഹജ്ജ് – ഉംറ ഓർമ്മകൾ

post-bars

Related post

You cannot copy content of this page