Back To Top

 സ്വഫാ-മർവക്കിടയിൽ

സ്വഫാ-മർവക്കിടയിൽ

Spread the love

സംസമിന്റെ കരയിൽ നിന്ന് ഞങ്ങൾ സ്വാഫായുടെ നേരെ നടന്നു. ഹാജറബീവിയുടെ പാദസ്പർശമേറ്റ, ദൈവിക ചിഹ്നമായ മലഞ്ചെരുവിലേക്ക്. ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾക്ക് അവിടം സാക്ഷിയായിട്ടുണ്ട്. കഅ്ബാ പുനർനിർമാണവേളയിൽ ഹജറുൽ അസ് വദ് പുനഃ സ്ഥാപിക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കം തീർക്കാൻ മക്കാനിവാസികൾ കണ്ടെത്തിയ പരിഹാരം സ്വഫായുടെ ഭാഗത്തുകൂടി ആദ്യം വരുന്ന വ്യക്തിയെ മധ്യസ്ഥനാക്കാമെന്നായിരുന്നു. ദൈവനിശ്ചയമനുസരിച്ച് അതുവഴി ആദ്യം വന്നത് അബ്ദുല്ലയുടെ മകൻ മുഹമ്മദുൽ അമീനായിരുന്നു.

പരസ്യപ്രബോധനത്തിന് നിർദേശം ലഭിച്ചപ്പോൾ നബിതിരുമേനി സ്വഫാ മലയുടെ മുകളിൽ കയറി നിന്ന് മക്കാനിവാസികളെ വിളിച്ചു: “അല്ലയോ ഖുറൈശിഗോത്രമേ…’ ഇതുകേട്ട് അവർ അവിടെ ഓടിക്കൂടി. എല്ലാവരും മുന്നിൽ വന്നുനിന്നപ്പോൾ പ്രവാചകൻ പറഞ്ഞു: “നോക്കൂ! ഈ പർവതത്തിന്റെ മറു വശത്ത് നിങ്ങൾക്കെതിരെ ഒരു കുതിരപ്പട നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?” അവർ പറഞ്ഞു: “തീർച്ചയായും. നിന്നെ അവിശ്വസിക്കാൻ ഞങ്ങൾ കാരണമൊന്നും കാണുന്നില്ല. ഇന്നോളം നീയൊരു കളവ് പറഞ്ഞതായി ഞങ്ങൾക്കറിയില്ല. അപ്പോൾ നബിതിരുമേനി തുടർന്നു: “എന്നാൽ അറിയുക! കഠിനമായ ശിക്ഷയെ സംബന്ധിച്ച് മുന്നറിയിപ്പുകാരനാണ് ഞാൻ. അബ്ദുൽ മുത്ത്വലിബ് വംശമേ! അബ്ദുമനാഫ് വംശമേ! സുഹ്റാ വംശമേ! തൈം വംശമേ! മഖ്സൂം വംശമേ! അസദ് വംശമേ! എന്റെ അടുത്ത ബന്ധുക്കൾക്ക് മുന്നറിയിപ്പ് നൽകാൻ അല്ലാഹു എന്നോടാജ്ഞാപിച്ചിരിക്കുന്നു. അല്ലാഹുവല്ലാതെ ദൈവമില്ല എന്ന് നിങ്ങൾ പ്രഖ്യാപിക്കുക. അങ്ങനെ നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ ഇഹലോകത്ത് എന്തെങ്കിലും ഗുണമോ പരലോകത്ത് വല്ല നേട്ടമോ നിങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ അശക്തനാണ്.” ഇങ്ങനെ പ്രവാചകൻ പരസ്യപ്രബോധനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സ്വഫാ പർവതത്തിൽ വെച്ചാണ്. പതിനാല് നൂറ്റാണ്ടുമുമ്പ് നടത്തിയ ആ പ്രഖ്യാപനത്തിന്റെ പ്രതിധ്വനി കാതുകളിൽ വന്നലയ്ക്കുന്നു. നബിതിരുമേനിയെ സംബന്ധിച്ചേടത്തോളം അത് കഠിനാധ്വാനത്തിന്റെയും തീവ്രയത്നത്തിന്റെയും തുടക്കം കൂടിയായിരുന്നു. അതിനാൽ, സ്വഫായിൽ നിന്നാരംഭിക്കുന്ന പ്രയാണത്തിന് പ്രയത്നം, സംരംഭം എന്നൊക്കെ അർഥം വരുന്ന ‘ സഅ് യ് ‘ എന്ന് നാമകരണം ചെയ്തത് ഏറെ അർഥപൂർണമാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സർവതും സമർപ്പിച്ച് സേവനനിരതവും പ്രയത്നപൂർണവുമായ ജീവിതം നയിക്കുമെന്ന തിന്റെ വാചാലവും പ്രതീകാത്മവുമായ പ്രഖ്യാപനമാണ് തീർഥാടകന്റെ സ്വഫാ-മർവക്കിടയിലെ പ്രയാണം അഥവാ, സഅ് യ്

പ്രവാചകനും കൂടെയുള്ള ഏതാനും അനുയായികളും രഹസ്യമായി സമ്മേളിച്ചിരുന്ന “ദാറുൽ അർഖം’ ഉണ്ടായിരുന്നത് സഫാ പർവതത്തിന്റെ പാർശ്വത്തിലാണ്. മനുഷ്യചരിത്രത്തിലെ നിത്യവിസ്മയമായി നിലകൊള്ളുന്ന ഉമറുൽ ഫാറൂഖിന്റെ ആദർശ പരിവർത്തനത്തിന് സാക്ഷ്യംഹിച്ചത് അവിടമാണല്ലോ. വർഷങ്ങൾക്കു ശേഷം ജേതാവായി മക്കയിൽ പ്രവേശിച്ച പ്രവാചകൻ തദ്ദേശീയരെ സത്യമാർഗത്തിലേക്ക് ക്ഷണിച്ചതും സ്വഫാ മലയുടെ മുകളിൽ വെച്ചുതന്നെ. അങ്ങനെ അനേകമനേകം അവിസ്മരണീയ സംഭവങ്ങൾക്ക് സാക്ഷിയായ ആ മലയിലെ പാറക്കല്ലുകൾക്ക് മുകളിൽ കയറി നിന്നപ്പോൾ അവിടം സ്പർശിച്ച പുരുഷാന്തരങ്ങളിലെ പുണ്യവാൻമാരെയും പരിഷ്കർത്താക്കളെയും യുഗപുരുഷൻമാരെയും ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.

ഇപ്പോൾ സ്വഫായിലും മർവയിലും കാണാൻ ബാക്കിനിൽക്കുന്നത് ഏതാനും പാറക്കല്ലുകൾ മാത്രമാണ്. അവക്ക് മലയുടെ ആകൃതിയോ പ്രകൃ തമോ ഇല്ല. രണ്ടിനും ഇടയിലുള്ള ഇടം താഴ്വരയാണെന്നും തോന്നുകയില്ല. അവിടം മണ്ണിട്ട് തൂർത്ത് മാർബിൾ പതിച്ചിരിക്കുന്നു. നേരത്തെ, സ്വഫായും മർവയും മസ്ജിദുൽ ഹറാമിനു പുറത്തായിരുന്നു. പിന്നീട് പള്ളി വിപുലീകരിച്ചപ്പോൾ രണ്ടു കുന്നുകളിലെയും ഏതാനും പാറക്കല്ലുകൾ മാത്രം മാറ്റിനിർത്തി ബാക്കി പള്ളിയുടെ വിതാനത്തിലാക്കുകയാണുണ്ടായത്. അതിനാൽ, സ്വഫായിലേക്കും മർവയിലേക്കും പറയത്തക്ക കയറ്റമില്ല. അൽപം ഉയരത്തിലാണ് പാറക്കെട്ടുകളെന്നുമാത്രം.

ഏതാനും കൊല്ലം മുമ്പുവരെ അബൂഖുബൈസ് പർവതത്തോട് ചേർന്നാണ് സ്വഫാമല ഉണ്ടായിരുന്നത്. പിന്നീട് സ്വഫായുടെ തെക്കും കിഴക്കും ഭാഗം കിളച്ചുമാറ്റി നിരപ്പാക്കുകയും മാർബിൾ പതിക്കുകയും ചെയ്തു. ഇപ്പോൾ സ്വഫായുടെ കിഴക്കുഭാഗത്തെ മൈതാനത്തോട് ചേർന്ന് രാജകുടുംബത്തിന്റെ കൂറ്റൻ കൊട്ടാരങ്ങളാണുള്ളത്.

സ്വഫാ സ്ഥിതിചെയ്യുന്നത് ഹജറുൽ അസ് വദിന്റെ കിഴക്കു ഭാഗത്താണ്. അവിടെനിന്ന് 395 മീറ്റർ ദൂരെ മർവയും. സഅ് യ് നിർവഹിക്കുന്ന സ്ഥലത്തിന് 20 മീറ്റർ വീതിയുണ്ട്. പോവാനും വരാനും വൺവേ സമ്പ്രദായം ഏർപ്പെടുത്തിയിരിക്കുന്നു. നടക്കാൻ കഴിയാത്തവരെ വണ്ടിയിലിരുത്തി ഉന്തിക്കൊണ്ടുപോവാൻ മധ്യത്തിൽ പ്രത്യേകം വഴികളുണ്ട്. സ്വഫാ-മർവക്കിടിയിൽ പുറത്തേക്ക് പതിനാറ് വാതിലുകളുണ്ട്. തിരക്കുള്ളപ്പോൾ മുകളിലത്തെ നിലകളിൽ സഅ് യ് നടത്തുന്നവർക്ക് പ്രയാസമുണ്ടാവാതെ മസ്ജിദുൽ ഹറാമിലേക്ക് പോവാനും വരാനും മേൽപ്പാലങ്ങളുമുണ്ട്. തിരക്കുള്ളപ്പോൾ മുകളിലത്തെ നിലകളിൽ സഅ് യ് നടത്താൻ സൗകര്യം ചെയ്തിട്ടുണ്ട്.

ഹാജറാബീവി കയറിയിറങ്ങിയ കുന്നുകളുടെയും ഓടിനടന്ന താഴ്വരയുടെയും രൂപവും സ്വഭാവവും ഒട്ടും മനസ്സിലാക്കാൻ സാധ്യമല്ലാത്തവിധം അവിടം വമ്പിച്ച മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു. അതിനാൽ, നാലായിരത്തി ഒരുനൂറിലേറെ കൊല്ലം മുമ്പത്തെ ആ പ്രദേശത്തിന്റെ ചിത്രം സങ്കൽപിക്കുക എളുപ്പമല്ല.

സ്വഫായിൽ കയറി കഅ്ബയുടെ നേരെ തിരിഞ്ഞ്, “അല്ലാഹു ഏറ്റവും മഹാൻ. അല്ലാഹുവല്ലാതെ ഒരു ഇലാഹുമില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. രാജാധിപത്യം അവന്റേതുമാത്രം. സർവസ്തുതിയും അവനുതന്നെ. അവൻ ജീവിപ്പിക്കുന്നു. മരിപ്പിക്കുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവൻ. അല്ലാഹു അല്ലാതെ വേറെ ദൈവമില്ല. അവൻ ഏകൻ. അവൻ തന്റെ വാഗ്ദാനം പൂർത്തീകരിച്ചു. തന്റെ അടിമയെ സഹായിച്ചു. ശത്രുസേനാസഖ്യത്തെ ഒറ്റക്ക് പരാജയപ്പെടുത്തുകയും ചെയ്തു’ എന്നർഥം വരുന്ന കീർത്തനം ചൊല്ലി. സഹസ്രാബ്ദങ്ങൾക്കപ്പുറം ഹാജറാബീവി ഇവിടെ കയറി നിന്നപ്പോൾ ഞങ്ങൾ തിരിഞ്ഞുനിന്ന ഭാഗത്തേക്ക് തീച്ചയായും നോക്കിയിരിക്കണം. അവിടെ കാണാൻ കഅ്ബ ഉണ്ടായിരുന്നില്ലെങ്കിലും അവർ തന്റെ പിഞ്ചോമനയെ കിടത്തി യിരുന്നത്അവിടെയായിരുന്നുവല്ലോ.

അൽപസമയം അവിടെനിന്ന് പ്രാർഥിച്ചശേഷം വലത്തോട്ട് തിരിഞ്ഞ് മെല്ലെ മുന്നോട്ടു നടന്നു. പച്ചവെളിച്ചം കൊണ്ട് അടയാളപ്പെടുത്തിയേടത്ത് എത്തിയപ്പോൾ ഓടി. ഇപ്പോൾ നീളത്തിൽ ഏർപ്പെടുത്തിയ പച്ചവെളിച്ചം തീർന്നപ്പോൾ വീണ്ടും സാവധാനം നടക്കാൻ തുടങ്ങി. കാരണം, അന്ന് സമതലത്തിലെത്തുന്നതുവരെ കല്ലും മുള്ളും പാറക്കൂട്ടങ്ങളുമുള്ള താഴ്വരയിലൂടെ സാവധാനം നടക്കാനേ ഹാജറാബീവിക്ക് സാധിച്ചിരുന്നുള്ളൂ. നിരന്ന സ്ഥലത്തെത്തിയപ്പോൾ ഓടി. അവരെ അനുകരിച്ച് സഅ് യ് നിർവഹിക്കാനെത്തുന്നവരൊക്കെയും അതുതന്നെ ചെയ്യുന്നു. എത്ര സൂക്ഷ്മമായ അനുകരണം, അതും ഒരടിമപ്പെണ്ണിനെ! വിശന്നും ദാഹിച്ചും മരിക്കാറായ കുഞ്ഞിന് വെള്ളം തേടി ഓടിയ ആ മാതാവിന്റെ വേദനയും വേവലാതിയും വിഹ്വലതയും തീർഥാടകൻ ചരിത്രത്തിൽ നിന്നേറ്റുവാങ്ങി സ്വന്തമാക്കുന്നു. അവർ ദാഹജലം തേടിയപോലെ ഇന്ന് തീർഥാടകർ പാപമോചനം തേടുന്നു. ഹാജറാബീവിയെപ്പോലെ അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് അവന്റെ കാരുണ്യം തേടുന്നു. അനുഗ്രഹത്തിന് കേഴുന്നു. ത്വവാഫിലെപോലെത്തന്നെ സഅ് യിലും നിശ്ചിത പ്രാർഥനകളില്ല. പക്ഷേ, ഏവരും മുഴുശ്രദ്ധയും സ്രഷ്ടാവിൽ കേന്ദ്രീകരിച്ച് അവനോട് നിരന്തരം പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.

മർവയുടെ മുകളിലെത്തിയപ്പോൾ വിശുദ്ധ മന്ദിരത്തിന്റെ നേരെ തിരിഞ്ഞ് കീർത്തനവും പ്രാർഥനയും നടത്തി. സ്വഫായുടെ മുകളിലേക്ക് കയറിയപ്പോഴെന്നപോലെ, “നിശ്ചയം, സ്വഫായും മർവായും അല്ലാഹുവിന്റെ ചിഹ്നത്തിൽ പെട്ടതാണ്” (അൽബഖറ: 158) എന്ന് തുടങ്ങുന്ന വിശുദ്ധവാക്യം മർവയുടെ മുകളിലേക്ക് കയറിയപ്പോഴും പാരായണം ചെയ്തു.

മർവയിൽനിന്ന് സ്വഫായിലേക്ക് പോയപ്പോഴും പച്ചവെളിച്ചം കൊണ്ട് അടയാളപ്പെടുത്തിയേടത്ത് ഓടി, ഹാജറബീവി ചെയ്തപോലെത്തന്നെ. പുരുഷ മാർ മാത്രമേ ഇങ്ങനെ ചെയ്യേണ്ടതുള്ളൂ. സാധാരണ ആരാധനാകർമങ്ങളിൽ സ്ത്രീകൾ മാത്രമേ സ്ത്രീകളെ പിന്തുടരാറുള്ളൂ. പുരുഷൻമാർ പിന്തുടരാറില്ല. എന്നാലിവിടെ പുരുഷൻമാരും ഹാജറാബീവിയെ പാദാനുപാദം പിന്തുടരുകയാണ്. കാരണം, അവർ സാധാരണ സ്ത്രീയുടെ സ്ഥാനത്തല്ല. മനുഷ്യരാശിയുടെ മാതാവാണവർ. ആത്മീയമായ മാതൃത്വം! അവർ മഹാൻമാരായ പ്രവാചകൻമാരുടെ ഉമ്മയാണ്; അല്ലാഹുവിന്റെ സംബോധിതയും. ഒപ്പം മക്കാനഗരത്തിന്റെ മാതാവാണ്. വിശുദ്ധ മന്ദിരത്തിന്റെ മാതാവും മറ്റാരുമല്ല. അവരുടെ വീട് കൂടി ഉൾക്കൊള്ളുന്നതാണല്ലോ ആദരണീയമായ കഅ്ബ. ഒരു ഈജിപ്ഷ്യൻ അടിമപ്പെണ്ണിനെ ഇത്ര മഹിതമായ പദവിയിലേക്കുയർത്തുകയും അവരെ അനുധാവനം ചെയ്യുന്നത് അതിശ്രേഷ്ഠമായ ആരാധനാകർമമായി നിശ്ചയിക്കുകയും ചെയ്ത അല്ലാഹുവിന്റെ യുക്തി അത്യപാരം തന്നെ!

വർഗത്തിന്റെയും വർണത്തിന്റെയും പണത്തിന്റെയും പദവിയുടെയും ദേശത്തിന്റെയും ഭാഷയുടെയും പേരിൽ വിവേചനം പുലർത്തുന്ന സാമൂ ഹിക വ്യവസ്ഥയെ മാറ്റിയെടുക്കാൻ ഈയൊരൊറ്റ കാര്യം മാത്രം മതി. ഏതു രാജാവിനും ചക്രവർത്തിക്കും പ്രമാണിക്കും ഹജ്ജ് നിർവഹിക്കണമെങ്കിൽ ഹാജറാബീവിയുടെ പാതയും പാദവും പിന്തുടരുകതന്നെ വേണം. അതിനാൽ, ബഹുദൈവത്വത്തിന്റെ വ്യവസ്ഥയിലേ വിവേചനത്തിന്റെ ഭൗതികമാനദണ്ഡങ്ങൾ നിലനിൽക്കുകയുള്ളൂ. ഏകദൈവത്വത്തിന്റെ വ്യവസ്ഥക്ക് അത്തരം എല്ലാ മാനദണ്ഡങ്ങളും അന്യമാണ്, വർജ്യമാണ്. ത്വവാഫ് പോലെ സഅ് യും ഇത് വിളംബരം ചെയ്യുന്നു.

സ്വഫായിൽ നിന്നാരംഭിച്ച് അവിടെ തിരിച്ചെത്തുമ്പോൾ സഅ് യ് രണ്ടു തവണയാകുന്നു. അങ്ങനെ ഏഴു പ്രാവശ്യമാണ് പ്രയാണം നടത്തേണ്ടത്. തുടക്കം സ്വഫായിൽ നിന്ന്. ഒടുക്കം മർവയിലും. പശ്ചാത്താപനിർഭരവും പ്രത്യാശാപൂർണവുമായ പ്രാർഥനകൾ സ്വഫാ-മർവക്കിടയിലെ പ്രയാണത്തെ അർഥ പൂർണമാക്കുന്നു. അർഥനകളും കീർത്തനങ്ങളും കൊണ്ട് മുഖരിതമായ ആ അന്തരീക്ഷത്തിൽ ഭക്തന്റെ തപ്ത നിശ്വാസങ്ങൾ സദാ തളംകെട്ടിനിൽക്കുന്നു.

സഅ് യ് ഒരന്വേഷണമത്രെ. അതിന് ലക്ഷ്യമുണ്ട്. അതിൽ ഓട്ടവും തിക്കും തിരക്കും തിടുക്കവുമുണ്ട്, ഹാജറക്കുണ്ടായിരുന്നപോലെ. അത് ഇസ്ലാമിന്റെ മൗലികമായ തത്ത്വം നമ്മെ പഠിപ്പിക്കുന്നു. വിജയത്തിനും ഫലസിദ്ധിക്കും ഭക്തിമാത്രം പോരാ; യുക്തിയും വേണം. വിശ്വാസത്തോടൊപ്പം കർമവും വേണം. ഹാജറ തികഞ്ഞ ഭക്തയായിരുന്നു; ദൃഢവിശ്വാസിനിയും. അതിനാലാണവർക്ക് വിജനവും വന്യവും വിദൂരവുമായ മക്കയിൽ തനിച്ച് താമസിക്കാൻ സാധിച്ചത്. എന്നാൽ, കുഞ്ഞിന് ദാഹിക്കുകയും വിശക്കുകയും ചെയ്തപ്പോൾ അവർ എല്ലാം വിധിയിലർപ്പിച്ച് അടങ്ങിയിരുന്നില്ല. പ്രാർഥന കൊണ്ടുമാത്രം മതിയാക്കിയില്ല. അവർ കുഞ്ഞിനെ ദിവ്യകാരുണ്യത്തിന്റെ തണലിൽ വിട്ടേച്ച് കുന്നിൽ നിന്ന് കുന്നിലേക്ക് ഓടി. തണ്ണീർ തേടി നടന്നു. അദ്ഭുതം പ്രതീക്ഷിച്ച് അനങ്ങാതിരിക്കുന്നതിനു പകരം കഠിനമായി ശ്രമിച്ചു. ആ തീവ്രയത്നത്തിന്റെ ഒടുക്കത്തിലാണ് അല്ലാഹു അവരെ സംസം കൊണ്ടനുഗ്രഹിച്ചത്. അവരുടെ മാതൃക പിന്തുടർന്ന് സഅ് യ് നടത്തുന്ന തീർഥാടകർ അറിയുന്നു. പ്രാർഥനയും പ്രവർത്തനവും വിശ്വാസവും കർമവുമാണ് ഇസ്ലാമിക ജീവിതം. വിജയത്തിന്റെ വഴിയും അതുതന്നെ. തീവ്രമായ നിരാശയുടെ നിമിഷത്തിലും പ്രത്യാശ പുലർത്തണമെന്ന് സ്വഫാ-മർവക്കിടയിലെ പ്രയാണം നമ്മെ പഠിപ്പിക്കുന്നു. തീർത്തും ഒറ്റപ്പെട്ടവളും നിരാലംബയും പ്രതീക്ഷയറ്റവളുമായിരിക്കെ, പ്രതീക്ഷയോടെ ദാഹജലം പരതി പ്രയാണം നടത്തിയ ഹാജറ ബീവിയെ പിന്തുടർന്ന് സഅ് യ് നടത്തുന്ന ഭക്തന്റെ ജീവിതത്തിൽ നിഷ്ക്രിയത്വത്തെ ഗർഭം ധരിക്കുന്ന നിരാശ എന്ന ആശയം പോലുമുണ്ടാവില്ല. അയാൾ ഏതു പ്രതികൂല പരിതഃസ്ഥിതിയിലും പ്രത്യാശ പുലർത്തുന്നവനായിരിക്കും.

മർവയുടെ മുകളിൽനിന്ന് സഅ് യ് പൂർത്തിയാക്കി, പ്രാർഥന നിർവഹിച്ച് മടങ്ങിയ ഞങ്ങൾ വടക്കുകിഴക്കുവശത്തെ വാതിലിലൂടെ പുറത്തുകടന്നു. കെെ വശമുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് പരസ്പരം മുടി മുറിച്ചു. അങ്ങനെ ഇഹ്റാമിൽ നിന്ന് ഒഴിവായി. ഉംറയുടെ കർമങ്ങൾ പൂർത്തീകരിച്ചു. സ്ത്രീകൾ താമസസ്ഥലത്തെത്തിയശേഷമാണ് മുടിമുറിച്ചത്. ഇഹ്റാമിൽ നിന്ന് വിരമിച്ച ശേഷമാണ് വാച്ചു നോക്കിയത്. നാലഞ്ച് മണിക്കൂർ കഴിഞ്ഞുപോയതറിഞ്ഞില്ല. ഞങ്ങളിലെ വൃദ്ധരും രോഗികളും പോലും ഉന്മേഷഭരിതരായിരുന്നു. സഅ് യിൽ മാത്രമവർ രണ്ടേമുക്കാൽ കിലോമീറ്ററിലേറെ നടന്നുകഴിഞ്ഞിരുന്നു. ഞങ്ങൾ കുളിച്ച് വസ്ത്രം മാറാൻ താമസസ്ഥലത്തേക്ക് പോയി. അപ്പോഴും കണ്ണുകൾ വിശുദ്ധ കഅ്ബയുടെ നേരെ തിരിയുകയായിരുന്നു.

Prev Post

മസ്ജിദുൽ ഹറാം

Next Post

കഅ്ബയുടെ മേൽക്കൂരയിലുള്ള സ്വർണ്ണ പാത്തി

post-bars

Related post

You cannot copy content of this page