അല്ലാഹുവിന്റെ അതിഥികളോട്
ഹജ്ജിന് പുറപ്പെടുന്നവർ അളവറ്റ ദയാപരനായ അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ച് വിരുന്നിന് പോകുന്നവരാണ്. “ദുയൂഫുർറഹ്മാൻ’ എന്നുപറയും അറബിയിൽ. നേരത്തെ അവർ അളവറ്റ ദയാ പരന്റെ ദാസന്മാരായിരുന്നു ഇബാദുർറഹ്മാൻ. ഇപ്പോൾ അവന്റെ അതിഥികൾ കൂടിയാണ്. എപ്പോഴാണ് അവനവരെ വിരുന്നിനു വിളിച്ചത്?
അല്ലാഹു ഇബ്റാഹീം നബി(അ)യോട് നിർദേശിച്ചു: “ഹജ്ജ് ചെയ്യാൻ ജനങ്ങളിൽ പൊതു വിളംബരം ചെയ്യുക. ദൂരദിക്കുകളിൽനിന്നൊക്കെയും കാൽനടക്കാരായും ഒട്ടകങ്ങളിൽ സവാരിചെയ്തും അവർ താങ്കളുടെ അടുക്കൽ എത്തിച്ചേരുന്നതാകുന്നു” (ഖുർ ആൻ: 22:27).
അദ്ദേഹം ചോദിച്ചു: “ഞാൻ എങ്ങനെയാണ് ആളുകളെ അഖിലം വിളികേൾപ്പിക്കുക?” (ഇന്നത്തെപ്പോലെ വാർത്താവിനിമയസൗകര്യങ്ങളുള്ള കാലമല്ലല്ലോ).
അല്ലാഹു പറഞ്ഞു: “നീ വിളിക്കുക, വിളംബരം ചെയ്യുക; ഞാനാണ് വിളിക്കുന്നത് ഞാൻ കേൾപ്പിച്ചുകൊള്ളും. ഇന്ന് ആർക്കെങ്കിലും ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷം ഹജ്ജിന് പോകണമെന്ന് കലശലായ മോഹമുണ്ടാകുകയും തിരുമാനമെടുക്കുകയും ചെയ്യുന്നുവെങ്കിൽ അത് അല്ലാഹുവിന്റെയും ഇബ്റാഹിമിന്റെയും ആ വിളി തന്റെ ഉൾവിളിയായി കേൾക്കുമ്പോഴാണെന്ന് അറിവുള്ള ആളുകൾ പറഞ്ഞിട്ടുണ്ട്.
അതിഥികൾ രണ്ടു തരമുണ്ട്. നാം വിളിച്ചുവരുത്തുന്നവരും വിളിക്കാതെ വരുന്നവരും. പ്രത്യേകം വിളിക്കേണ്ടതില്ലാത്തവരെപ്പോലും വിളിച്ചുവരുത്തുമ്പോൾ അതിന് ആദരണീയത കൂടുമല്ലോ. അതിനാൽ അല്ലാഹു വിളിച്ചുവരുത്തുന്ന ആദരണീയരായ അതിഥികളാണ് ഹാജിമാർ. നാമൊരു വിവാഹാഘോഷത്തിൽ സംബന്ധിക്കുന്ന വേഷത്തിലും ഭൂഷയിലും ഭാവത്തിലുമല്ല ഒരു മരണവീട്ടിൽ സാന്ത്വനത്തിനും പ്രാർഥനക്കും പോകുന്നത്. ഒരു യാത്ര പോകേണ്ടിവരുമ്പോൾ തയാറെടുക്കുന്നത് കാസർകോട്ടേക്കും കശ്മീരിലേക്കും ഒരുപോലെയാവില്ല. അതുപോലെത്തന്നെ സുഊദി അറേബ്യയിലെ മക്കയിലേക്ക് ഹജ്ജ് എന്നൊരു പുണ്യകർമത്തിന് അതും സാക്ഷാൽ “അല്ലാഹുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ അതിന്നനിവാര്യമായ അതിന്റേതായ മുന്നൊരുക്കങ്ങൾ ചേയ്യേണ്ടതാണ്. അതിനാൽ സ്ഥലകാല ബോധത്തോടു കൂടിയതും സർവോപരി ഹജ്ജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോട് നീതിപുലർത്തുന്നതുമായ ചില ഒരുക്കങ്ങൾ ഏവരും ചെയ്യേണ്ടതുണ്ട്.
എന്തൊക്കെ മുന്നൊരുക്കങ്ങളാണ്, തയാറെടുപ്പുകളാണ് ഒരു ഹജ്ജ് തീർഥാടകൻ എടുത്തിരിക്കേണ്ടത്? അതു പറയുന്നതിനു മുമ്പൊരു കാര്യം: ഹജ്ജ് എന്നല്ല, ഒരാരാധനയും നിർവഹിക്കുന്നത് ഒരു നിർബന്ധ ബാധ്യത നിർവഹിക്കുന്നു, ഒരു കടമ കഴിക്കുന്നു എന്ന നിലക്കായിരിക്കരുത്. കാരണം നിർബന്ധമോ ഐഛികമോ ആയ ആരാധനാകർമങ്ങൾ മാത്രമല്ല, ഒരു സത്യവിശ്വാസിയുടെ മനസാ വാചാ കർമണായുള്ള ഏതു ചലനവും അല്ലാഹുവിന്റെ പ്രീതിയും പരലോകമോക്ഷവും ലക്ഷ്യം വെച്ചിട്ടുള്ളതാവും. അല്ലാഹുവിന് തൃപ്തികരമാവുക എന്നതിലപ്പുറം മറ്റൊന്നുമില്ല. കാരണം അവനിൽ വിശ്വസിക്കുന്നവർ സർവോപരി അവനെ അളവറ്റ് സ്നേഹിക്കുന്നവരായിരിക്കും (2:165). നാം ഒരാളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് അയാൾക്ക് ഹിതകരമായത് ചെയ്തുകൊടുത്തും സന്തോഷകരമായത് സമ്മാനിച്ചുമായിരിക്കുമല്ലോ. അത്തരത്തി ലുള്ള സ്നേഹപ്രകടനങ്ങളാണ് ആരാധനാനുഷ്ഠാനങ്ങൾ. മനുഷ്യന്റെ എന്തെല്ലാം ചെയ്തികളും എന്തെല്ലാം സമ്മാനങ്ങളുമാണ് അല്ലാഹുവിന് ഇഷ്ടമെന്ന് അവൻ തന്നെ അറിയിച്ചുതന്നിട്ടുള്ളതാണ്; അന്ത്യപ്രവാചകൻ കാണിച്ചുതന്നിട്ടുള്ളതുമാണ്. സർവോപരി അല്ലാഹുവിനെ അളവറ്റ് സ്നേഹിക്കുന്നുവെങ്കിൽ അന്ത്യപ്രവാചകനെ അനുധാവനം ചെയ്യണം. അനുസരണം എന്ന മിനിമം പരിപാടിയേക്കാൾ ആഴമുള്ളതും വൈകാരികവുമാണ് അനുധാവനം. അല്ലാഹുവിന്റെ സ്നേഹം തിരിച്ചുകിട്ടാനും വേറെ വഴിയൊന്നുമില്ല. അതിനാൽ കാമുകിയെ തേടിയുള്ള കാമുകന്റെയും കാമുകനെ തേടിയുള്ള കാമുകിയുടെയും യാത്രപോലെ സ്നേഹോഷ്മളമായ ഒന്നാണ് ഹജ്ജ് യാത്ര. ഖിബ് ല (കഅ്ബ)യെ കണ്ടുമുട്ടുന്നപാടെ ഒരു ഖുബ് ല (ചുംബനം) കൊടുക്കാൻ തോന്നുന്നതും അതുകൊണ്ടാണ്.
അല്ലാഹുവിന്റെ ആത്മമിത്രങ്ങൾ (ഖലീലുല്ലാഹ്) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രണ്ടേ രണ്ടു പേർ ഇബ്റാഹീം നബി(അ)യും മുഹമ്മദ് നബി(സ)യുമാണ് ഹജ്ജ് പഠിപ്പിച്ചിട്ടുള്ളത്. (ഞങ്ങളുടെ ആരാധനാകർമങ്ങൾ ഞങ്ങൾക്കു നീ കാണിച്ചുതരേണമേ -2:128) എന്ന് ഇബ്റാഹീം നബി (അ) അല്ലാഹു വിനോട് ചോദിച്ചു മനസ്സിലാക്കിയതും (നിങ്ങളുടെ ആരാധനാകർമങ്ങൾ എന്നിൽനിന്ന് കൈപ്പറ്റുക) എന്നുപറഞ്ഞ് മുഹമ്മദ് നബി (സ) നമുക്ക് കൈമാറിത്തന്നിട്ടുള്ളതുമാണ് ഹജ്ജ്കാര്യങ്ങൾ.
ഹജ്ജ് യാത്രക്കായി ഒരാൾ മുൻകൂട്ടി ഇറങ്ങുന്നതോടെത്തന്നെ അയാൾ ഒരർഥത്തിൽ ഹജ്ജിൽ പ്രവേശിച്ചുകഴിയുന്നു. അതുകൊണ്ടാണ് ഹജ്ജിനൊരുങ്ങിയ ഒരാൾ ഹജ്ജിനു മുമ്പ് മരിച്ചാലും അയാൾക്ക് ഹജ്ജ് ചെയ്തതിന്റെ പ്രതിഫലം ലഭിക്കുന്നത്. ഹിജ്റാബ്ദം 12-ാം മാസം ദുൽഹജ്ജ് 8 മുതൽ 13 വരെയുള്ള അഞ്ചാറു ദിവസങ്ങളിലെ ചടങ്ങുകളും ചിട്ടകളും മാത്രമല്ല ഹജ്ജ് ഇനി പറയാൻ പോകുന്ന തയാറെടുപ്പുകളും മുന്നൊരുക്കങ്ങളും കുടി ഹജ്ജിൽ ഉൾപ്പെട്ടതാണെന്നും അതിനാൽ അവ മർമപ്രധാനമാണെന്നും നന്നായി മനസ്സിലാക്കുക. ഈ മനസ്സിലാക്കൽ തന്നെയാണ് ഹജ്ജിലേക്കുള്ള ഒന്നാമത്തെ ചുവടുവെപ്പ്.
ഹജ്ജ് യാത്രക്കുള്ള തയാറെടുപ്പിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന്റെ മുമ്പ് തദ്സംബന്ധമായി ഖുർആനിൽ വന്ന ഒരു പൊതു പരാമർശമിതാ- وتزودوا فإن خير الزاد التقوى واتقون يا أولي الألباب (ഹജ്ജ് യാത്രക്കുള്ള പാഥേയങ്ങള്‍ വഹിച്ചുകൊള്ളുക. എന്നാല്‍ സര്‍വോത്കൃഷ്ടമായ പാഥേയം ദൈവഭക്തിയാണ്. ഓ ബുദ്ധിമാന്മാരേ, നിങ്ങള്‍ എന്നോട് ഭക്തിയുള്ളവരായിരിക്കുവിന്‍ – 2:197).
“നിങ്ങൾ പാഥേയം കരുതുക, യാത്ര ദൈർഘ്യമേറിയതാണ്. നിങ്ങൾ ഭാരങ്ങൾ കുറക്കുകയും ചെയ്യുക’ എന്ന് നബി(സ)യും പറഞ്ഞിട്ടുണ്ട്. മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞത് “നിങ്ങൾ അൽപം പരുക്കൻ ജീവിതം ശീലിച്ചുവെക്കുക’ എന്നായിരുന്നു. ഖബറിൽ കിടക്കാനും മഹ്ശറിൽ ദാഹിച്ചുവലയാനും ചൂടുകൊണ്ട് പൊരിയാനും ഉള്ളതല്ലേ! അബൂദർറുൽ ഗിഫാരിയോട് അദ്ദേഹം ചോദിച്ചു: “നീ ഒരു യാത്ര ഉദ്ദേശിച്ചാൽ അതിന് തയാറെടുക്കുകയില്ലേ?” “അതേ എന്നുപറഞ്ഞപ്പോൾ അവിടുന്ന് വീണ്ടും ചോദിച്ചു: “അന്ത്യദിന വഴി ക്കുള്ള യാത്രക്കോ? അന്നേക്ക് നിനക്ക് ഉപകാരപ്പെടുന്ന ചിലത് പറഞ്ഞുതരട്ടെയോ?” അബൂദർറ് (റ): “അല്ലാഹുവിന്റെ ദൂതരേ, അതേ. പ്രവാചകൻ തുടർന്നു: ”
– കൊടുംചൂടുള്ള ഒരു ദിവസം ഒരു നോമ്പ് നോൽക്കുക; ഉയിർത്തെഴുന്നേൽപുനാളിനുവേണ്ടി.
– രാത്രിയിൽ ഇരുട്ടത്ത് 2 റക്അത്ത് നമസ്കരിക്കുക; ഖബറിലെ ഏകാന്തതക്കുവേണ്ടി.
– ഒരു ഹജ്ജ് ചെയ്യുക; മഹാകാര്യങ്ങൾ സാധിക്കുന്നതിനുവേണ്ടി.
– ഒരഗതിക്ക് ധർമം ചെയ്യുക.
– നല്ലത് പറയുകയോ തിന്മ പറയാതിരിക്കുകയോ ചെയ്യുക.
പാഥേയം എന്നുപറഞ്ഞാൽ പോയിവരുന്നതുവരേക്കുള്ള ഭക്ഷണം, വസ്ത്രം, വാഹനം, താമസം എല്ലാം ഉൾപ്പെടും. ദേശീയവും അന്തർദേശീയവുമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കണം. ഇതൊന്നും സാധിക്കാത്തവർക്ക് ഹജ്ജ് നിർബന്ധമില്ല. എന്നുമാത്രമല്ല, ആത്മപീഡനവും ഭിക്ഷാടനവും കർശനമായി നിരോധിക്കപ്പെടുകകൂടി ചെയ്തിരിക്കുന്നു. എന്നാൽ മേൽപറഞ്ഞ പാഥേയം ഒരുക്കിയതുകൊണ്ടു മാത്രമായില്ല. തഗ് വകൂടി ഉണ്ടായിരിക്കണം. യഥാർഥവും ഏറ്റവും ഉത്തമവുമായ പ്രസ്തുത പാഥേയവും ഇവിടെനിന്നുതന്നെ കൊണ്ടുപോയിരിക്കണം. അതിനാവശ്യമായ ചില വിശദാംശങ്ങളിതാ.
– ഹജ്ജിന് പോകണമെന്ന് ഉൾവിളിയുണ്ടായാൽ അന്തിമതീരുമാനം എടുക്കുന്നതിനുമുമ്പ് നല്ലൊരു തീരുമാനം എടുക്കുന്നതിനും എടുക്കുന്ന തീരുമാനം നല്ലതിനാകുന്നതിനും വേണ്ടി പ്രത്യേകം പ്രാർഥിക്കണം. പ്രാർഥനക്ക് കൂടുതൽ സ്വീകാര്യതയുള്ള ഏതെങ്കിലുമൊരു സമയത്ത് സാധാരണ രീതിയിലുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിച്ച് താഴെ കാണിച്ചവിധം പ്രാർഥിക്കുക:
“അല്ലാഹുവേ! നിന്റെ അറിവിനെ മുൻനിർത്തി നിന്നോട് ഞാൻ നന്മതേടുന്നു. നിന്റെ കഴിവിനെ മുൻനിർത്തി നിന്നോട് ഞാൻ കഴിവ് തേടുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽനിന്ന് നിന്നോട് ഞാൻ ചോദിക്കുന്നു. നിനക്ക് കഴിവുണ്ട്, എനിക്ക് കഴിവില്ല. നീ അറിയുന്നു, ഞാൻ അറിയുന്നില്ല. അദൃശ്യങ്ങളെല്ലാം അറിയുന്നവൻ നീയാണല്ലോ. അല്ലാഹുവേ! ഈ കാര്യം (ഏതു കാര്യമെന്ന് ഇവിടെ വ്യക്തമാക്കുക) എന്റെ ദീനീജീവിതത്തിലും എന്റെ ഭൗതി കജീവിതത്തിലും എന്റെ അന്തിമപരിണാമത്തിലും അഥവാ എന്റെ താൽക്കാലിക ജീവിതത്തിലും ഭാവി ജീവിതത്തിലും എനിക്ക് ഗുണ കരമാണ് എന്നാണ് നിന്റെ അറിവെങ്കിൽ അത് നീയെനിക്ക് സാധ്യ മാക്കേണമേ. എനിക്കത് എളുപ്പമാക്കിത്തരേണമേ. ഇനി ഈ കാര്യം എന്റെ ദീനീജീവിതത്തിലും ഭൗതികജീവിതത്തിലും എന്റെ അവസാനപരിണാമത്തിലും എന്റെ താൽക്കാലികജീവിതത്തിലും ദോഷ കരമാണെന്നാണ് നിന്റെ അറിവെങ്കിൽ എന്നെ അതിൽ നിന്നും അതിനെ എന്നിൽ നിന്നും തിരിച്ചുകളയേണമേ. നന്മ എവിടെയാണെങ്കിലും അതെനിക്ക് വിധിക്കേണമേ. അതിലെനിക്ക് സംതൃപ്തി നൽകേണമേ” (ബുഖാരി). ഇതിന് നന്മ തേടിയുള്ള നമസ്കാരം (സ്വലാത്തുൽ ഇസ്തിഖാറ) എന്നുപറയുന്നു. ഹജ്ജിന് മാത്രമല്ല, മറ്റേതു നല്ലകാര്യത്തിന് ഇറങ്ങുമ്പോഴും ഇങ്ങനെ ചെയ്യുന്നത് പ്രവാ ചകചര്യയിൽപെട്ടതാകുന്നു. പ്രാർഥനക്കുശേഷം ഒരുറച്ച തീരുമാന മെടുക്കുകയും അതിൽ അടിയുറച്ചുനിൽക്കുകയും ചെയ്യുക.
– അടുത്തതായി വേണ്ടത് പശ്ചാത്താപ(തൗബ)മാകുന്നു. നാളിതുവരേക്കുമുള്ള ജീവിതത്തിൽ അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ളതും സംഭവിച്ചുപോയിട്ടുള്ളതുമായ ചെറുതും വലുതുമായ തെറ്റുകുറ്റങ്ങളൊക്കെയും എന്നെന്നേക്കുമായി വിട്ടു പൊറുത്ത് മാപ്പാക്കിത്തരാൻ അല്ലാഹുവിനോട് കരഞ്ഞുയാചിക്കുക. അല്ലാഹുവിനെക്കുറിച്ച് അകമഴിഞ്ഞ പ്രതീക്ഷയോടും അങ്ങേയറ്റത്തെ ശുഭാപ്തിയോടും കൂടിയായിരിക്കണം ഇത് ചെയ്യുന്നത്. മേലിൽ അവയൊന്നും ആവർത്തിക്കുകയില്ലെന്ന് സുദൃഢമായി അവനോട് പ്രതിജ്ഞ ചെയ്യുക. ഇതുകൊണ്ട് മാത്രമായില്ല; കുടുംബത്തിലും ബന്ധത്തിലും നാട്ടിലും മറുനാട്ടിലുമായി സ്ഥിരമായോ വല്ലപ്പോഴുമോ ബന്ധപ്പെടേണ്ടിവന്നിട്ടുള്ളവരിൽ ആരോടെങ്കിലും അഹിതകരമായി പെരുമാറിയിട്ടുണ്ടെങ്കിൽ, ബന്ധങ്ങൾ അസുഖകര മാണെങ്കിൽ സ്വയം തെറ്റുകാരനല്ലെങ്കിൽ പോലും എല്ലാം മറ ക്കാനും പൊറുക്കാനും ആവശ്യപ്പെടുകയും അവർക്കങ്ങോട്ട് പൊറുത്തുകൊടുക്കുകയും അവർക്കുവേണ്ടി കൂടി പ്രാർഥിക്കു കയും വേണം. ആത്മാർഥമായും ‘ആത്മാഭിമാനം’ അടിയറവെച്ചും വേണം ഇതുചെയ്യാൻ. നേരിൽ കാണാൻ കഴിയാത്തവർ ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണം. എന്നാൽ ഇവ്വിഷയകമായി ഏറ്റവും ഗുരുതരമായിട്ടുള്ളത് സാമ്പത്തിക ഇടപാടുകളാണ്. കൊടുക്കാനുള്ള കടങ്ങൾ കൊടുത്തുവീട്ടുകയും അവധിയുള്ളവർക്ക് കടം തന്നവരുമായി വ്യവസ്ഥയുണ്ടാക്കി സമ്മതം വാങ്ങുകയും വേണം. കിട്ടാനുള്ളവയിൽ പ്രയാസപ്പെടുന്നവർക്ക് പരമാവധി വിട്ടുവീഴ്ച ചെയ്യുകയും ബാക്കിയുള്ളവ വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക. ചുരുക്കത്തിൽ അല്ലാഹുവിന്റെ അവകാശങ്ങളും (ഹുഖൂഖുല്ലാഹ്) അവന്റെ ദാസന്മാരുടെ അവകാശങ്ങളും (ഹുഖൂഖുൽ ഇബാദ്) പൂർത്തിയാക്കി, വൃത്തിയാക്കി വെച്ചിരിക്കണം. സൂക്ഷിപ്പുമുതലുകൾ തിരിച്ചേൽപിക്കണം. സംഘടനകളും സ്ഥാപനവുമായി ബന്ധപ്പെട്ട ചുമതലകളും നിയമാനുസൃതം കൈമാറിയിരിക്കണം.
– വസ്വിയ്യത്ത് മുറപ്രകാരം എഴുതിവെക്കണം.
– യാത്ര പുറപ്പെട്ട് തിരിച്ചുവരുന്നതുവരേക്കും താൻ ചെലവിനു കൊടുക്കാൻ ബാധ്യതപ്പെട്ടവരുടെ ചെലവുകൾക്ക് അത്യാവശ്യമായ ഏർപ്പാടുകൾ ചെയ്തുവെക്കണം. തന്റെ ശാരീരികമായ അസാന്നിധ്യം കാരണം അവർ അവ്വിഷയകമായി വിഷമിക്കാൻ ഇടവരുത്തരുത്.
– മാതാപിതാക്കൾ, അവരുടെ സുഹൃത്തുക്കൾ, ഗുരുനാഥന്മാർ, കാരണവന്മാർ, ഗുരുത്വം വാങ്ങിയിരിക്കേണ്ട മറ്റുള്ളവർ എന്നി വരെയെല്ലാം സന്തോഷിപ്പിക്കണം. മാതാവിനും പിതാവിനും മകൻ ഹജ്ജിനു പോകുന്നത് ആദ്യത്തെ നിർബന്ധ ഹജ്ജിനല്ലെങ്കിൽ ആവശ്യമാണെങ്കിൽ തടയാവുന്നതാണ്. നിർബന്ധ ഹജ്ജ് തട യാൻ പറ്റുകയില്ല. എന്നാൽ തിരിച്ചുവരുന്നതുവരേക്കുള്ള അവരുടെ സംരക്ഷണത്തിന് ഏർപ്പാട് ചെയ്തിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ.
– ഭാര്യക്ക് ഹജ്ജിനു പോകാൻ ഭർത്താവിന്റെ സമ്മതം വേണം. രണ്ടുപേരും കഴിവതും ഒന്നിച്ചുപോകുന്നതാണ് കൂടുതൽ അഭികാമ്യം. ഭാര്യ ഹജ്ജിനു പോകുന്നത് ആദ്യത്തെ നിർബന്ധ ഹജ്ജിനല്ലെങ്കിൽ ഭർത്താവിന് ആവശ്യമെങ്കിൽ തടയാവുന്നതാണ്. ഭാര്യ ഹജ്ജിനു പോകുമ്പോൾ യുദ്ധത്തിനു പോകാനൊരുങ്ങിയ ഭർത്താവിനോട് യുദ്ധം വിട്ട് ഭാര്യയുടെ കൂടെപ്പോകാൻ തിരുമേനി (സ) നിർദേശിച്ചതും സ്മരണീയമാണ്.
– പാഥേയം അല്ലാഹു അനുവദിച്ചിട്ടില്ലാത്തതോ മറ്റു നിലക്ക് നിയമവിരുദ്ധമായതോ ആയ വഴിക്ക് കൈവന്നതാവരുത്. അവ അല്ലാഹു സ്വീകരിക്കുകയില്ല. അയാൾ സഞ്ചരിച്ച വാഹന’ത്തിന് ഒരുപക്ഷേ, ഹജ്ജ് കിട്ടി എന്നുവരുമെന്ന് പാടിയിട്ടുണ്ട് ഒരു കവി.
– നല്ലൊരു കൂട്ടുകാരനെ കണ്ടെത്തണം. അതൊക്കെ സ്വൈരക്കേടാണ്, “വണ്ടിക്കും വലക്കുമൊന്നും പോകേണ്ട’ എന്ന ചിന്താ ഗതി തെറ്റാണ്. ഒന്നോ കൂടുതലോ കൂട്ടുകാരുമായി ഇടപഴകി അവരെ സഹിച്ചും സേവിച്ചും ചെയ്യുന്ന ഹജ്ജ് കൂടുതൽ പ്രതിഫലമുള്ളതാണ്. മറ്റേതിനെ നിരുത്സാഹപ്പെടുത്തിയിട്ടുമുണ്ട്.
– ഹജ്ജിന് പുറപ്പെടുമ്പോൾ സാധ്യതയും സൗകര്യവുമനുസരിച്ച് എല്ലാവരോടും യാത്ര പറയണം. അവർക്കുവേണ്ടി പ്രാർഥിക്കുകയും അവർ അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കുകയും വേണം.
– വീട്ടിൽ നിന്ന് പുറപ്പെടുന്നത് വ്യാഴാഴ്ച ദിവസം കാലത്താകുന്നത് സാധ്യമാണെങ്കിൽ ഉത്തമമാണ്; നിർബന്ധമുള്ളതല്ല. വ്യാഴാഴ്ച സാധ്യമല്ലെങ്കിൽ തിങ്കളാഴ്ചയാണ് കൂടുതൽ ഉത്തമം. മറ്റു ദിവസങ്ങളിലൊന്നും പുറപ്പെടാൻ പാടില്ല എന്നല്ല പറയുന്നത്.
– ഇറങ്ങുന്നതിനു മുമ്പ് രണ്ടു റക്അത്ത് സാധാരണ സുന്നത്ത് നമസ്കരിക്കുക.
– യാത്രാമര്യാദകൾ പാലിക്കണം. യാത്രയിലുടനീളം വിനയത്തോടും സൗഹാർദത്തോടും കൂടിവേണം പെരുമാറാൻ. നല്ലതേ പറയാവൂ, നല്ലതേ ചെയ്യാവൂ. സഹയാത്രികരിൽനിന്നുള്ള ബുദ്ധിമു ട്ടുകൾ സഹിക്കുകയും അവർക്കങ്ങോട്ട് സാധ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും വേണം. ഒരാളുടെ മാന്യതയും സംസ്കാരവും അളക്കാനും കണക്കാക്കാനും ഏറ്റവും മികച്ച മൂന്നാമത്തെ മാർഗമാണ് ഒരുമിച്ചുള്ള യാത്ര. അയൽവാസവും പണമിടപാടു മാണ് മറ്റു രണ്ടെണ്ണം. ഒന്നിച്ചുപോയവർ രണ്ടിച്ചു വരരുത്. രണ്ടിച്ചു പോയവർ പോലും ഒന്നിച്ചു വരുന്നതാണ് ഹജ്ജ്.
– പരസ്പരം സ്നേഹാദരവുകളുള്ള ഒരു കൂട്ടം ഹജ്ജിന് പുറപ്പെട്ടാൽ ഇബ് ലീസും തന്റെ മക്കളുടെ ഒരു കൂട്ടത്തെ അവരോടൊപ്പം വിടുമെന്ന് പറഞ്ഞിട്ടുള്ളത് ഓർമയുണ്ടായിരിക്കണം. അവർക്ക് മുതലെടുക്കാൻ അവസരം നൽകാതിരിക്കുന്നതിനു വേണ്ടി രണ്ടുപേർക്ക് ഒരുപോലെ ആവശ്യമായ സാധനങ്ങൾ വെവ്വേറെ കരുതണമെന്നും ഷെയർ ചെയ്യാവുന്ന സാധനങ്ങൾ പോലും വെവ്വേറെ ഉണ്ടായിരിക്കണമെന്നും പണ്ഡിതന്മാർ നിർദേശി ച്ചിട്ടുണ്ട്.
– സഹയാത്രികരെയും കണ്ടുമുട്ടുന്ന അഗതികളെയും പണമോ പാഥേയമോ നൽകി സഹായിക്കണമെന്നും അതിനായി തന്നെ അവരണ്ടും കൂടുതൽ കരുതുന്നത് അഭികാമ്യമാണെന്നും ഇമാമുമാർ നിർദേശിച്ചിട്ടുണ്ട്. ഹജ്ജുൻ മബ്റൂർ (പുണ്യകരമായ ഹജ്ജ്) എന്നതിലെ ബിർറ് എന്താണ് എന്ന ചോദ്യത്തിന് ഭക്ഷണം കഴിപ്പിക്കലും നല്ല വർത്തമാനം പറയലും എന്നാണല്ലോ പ്രവാചകൻ (സ) തന്നെ വിശദീകരിച്ചിട്ടുള്ളത്. ആഇശ (റ) ഉംറക്ക് പോകുമ്പോൾ നബി (സ) പറയുകയുണ്ടായി “നീ ശാരീരികമായി ക്ലേശിക്കുന്നതിനും മറ്റുള്ളവർക്കായി ചെലവഴിക്കുന്നതിനുമനുസരിച്ചാണ് നിനക്ക് പ്രതിഫലം ലഭിക്കുക” (ഹാകിം).
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL