മദീനാ സന്ദർശനം
മദീനയിലെ മസ്ജിദുന്നബവിയെന്ന പ്രവാചകന്റെ പള്ളിയും അദ്ദേഹത്തിന്റെ ഖബ് റും സന്ദർശിക്കുക ദൈവസാമീപ്യം ലഭിക്കുന്ന ഏറ്റവും മഹനീയ പുണ്യകർമങ്ങളിൽ ഒന്നാകുന്നു (കാലാകാലങ്ങളിൽ മുസ്ലിം ലോകത്തിന്റെ സമവായം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ഖബ്ർ സന്ദർശനം കൂടി ലക്ഷ്യം വെക്കുന്നതു സംബന്ധിച്ച് ഇമാം ഇബ്നു തൈമിയ്യയുടെ ഒറ്റപ്പെട്ട എതിരഭിപ്രായം തെളിവു സഹിതം ഖണ്ഡിക്കപ്പെട്ടിട്ടുമുണ്ട്. മദീനാ യാത്രക്ക് അല്ലാഹു തൗഫീഖ് ചെയ്താൽ ആദ്യം പള്ളിയും പിന്നെ ഖബ് റുമെന്ന് ക്രമത്തിലായിരിക്കണം ലക്ഷ്യം വെക്കുന്നത്. മദീനയിലെത്തിയാൽ കുളിച്ച് വൃത്തിയാവണം. നബി(സ)യുടെ മഹത്വവും മദീനയുടെ പുണ്യവും മനസ്സിലേക്ക് ആവാഹിക്കണം. പള്ളിയിൽ പ്രവേശിച്ചാൽ റൗദ എന്ന ഭാഗത്തേക്ക് പോവുകയും തിരുഖബറിനും മിഹ്റാബിനുമിടയിലുള്ള ഭാഗത്തുനിന്ന് അഭിവാദന(തഹിയ്യത്ത്)മായി രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്യുക. അതുകഴിഞ്ഞ് ഖബറിനടുത്തേക്ക് നീങ്ങുക. ഖബർ സ്ഥിതിചെയ്യുന്ന മുറിയുടെ ചുമരിലോ ഗ്രിൽസിലോ തൊടുകയോ തടവുകയോ ചെയ്യാതെ അൽപം വിട്ടുനിന്ന് തലതാഴ്ത്തി ആദരവോടെ അദ്ദേഹത്തിന് സലാം ചൊല്ലുക. എന്നിട്ട് വലത്തോട്ടൽപം മാറിനിന്ന് ഖിബ് ലക്കു നേരെ തിരിഞ്ഞ് (ഖബറിനു നേരെയല്ല) അല്ലാഹുവിനോടു മാത്രം പ്രാർഥിക്കുക. ഇപ്പറഞ്ഞതിനു വിരുദ്ധമായി പലരും പലതും ചെയ്യുന്നത് കണ്ടു എന്നുവരും. അതുപോലെയൊന്നും ചെയ്യരുത്.
യസ് രിബ് എന്ന അറബ്നഗരം “മദീനത്തുന്നബി'(പ്രവാചകനഗരം)യായിത്തീർന്നതും ലോക മുസ്ലിംകളുടെ രണ്ടാമത്തെ പുണ്യകേന്ദ്രമായ മസ്ജിദുന്നബവി ഉണ്ടായതും എന്നായിരുന്നു, എങ്ങനെയായിരുന്നു, എന്തു വിലയാണതിനെല്ലാം കൊടുക്കേണ്ടിവന്നത് എന്നും ഒന്നോർത്തുനോക്കണം. മൂന്നു വർഷത്തെ ആസൂത്രണവും അല്ലാഹു വാഗ്ദാനം ചെയ്ത സംരക്ഷണവുമുണ്ടായിട്ടും അന്ത്യപ്രവാചകന്റെ മദീനായാത്ര (ഹിജ്റ) അവസാനനിമിഷത്തിൽ ജീവനും കൊണ്ടുള്ള ഒളിച്ചോട്ടം പോലെത്തന്നെയായിരുന്നല്ലോ? എങ്കിൽ പിന്നെ അനുയായികളുടെയും കുടുംബാംഗങ്ങളുടെയും കാര്യം പറയുകയും വേണ്ട…. മകൾ സൈനബ് ഹിജ്റ പോകുമ്പോൾ ശത്രുക്കൾ സൃഷ്ടിച്ച ഭീകരാന്തരീക്ഷത്തിൽ പേടിച്ച് ഇളകിവശായ ഒട്ടകപ്പുറത്തുനിന്ന് വീണ് ഗർഭമലസുകയും അതുണ്ടാക്കിയ അസുഖം മൂലം പിന്നീടവർ മരിക്കുകയും ചെയ്തപ്പോൾ ഒരു പിതാവെന്ന നിലയിലുണ്ടായിട്ടുള്ള വേദന പ്രവാചകൻ(സ) അനുഭവിച്ചിട്ടുള്ളവയിൽ ഒന്നു മാത്രമാണ്. മക്കയുടെ വീണ്ടെടു പിനും കഅ്ബയുടെ വിമോചനത്തിനുമായി ബദ്റും ഉഹുദും ഖൻദഖും ഖൈബറും ഹുദൈബിയയുമൊക്കെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ലോകോത്തരമായ റോഡുകളിലൂടെ മേത്തരം വാഹനങ്ങളിൽ മദീനയിലേക്കും അവിടെനിന്ന് മക്കയിലേക്കും പോയിവരുമ്പോൾ അതൊക്കെ മനസ്സിലുണ്ടായിരിക്കണം. യാത്ര പകലാണങ്കിൽ റോഡിന് ഇരുവശവും പരന്നുകിടക്കുന്ന മരുഭൂമിയിലേക്ക് ഒന്നു കണ്ണയക്കണം. ആ മണൽകൂനകളോട് ഒരുപാട് കടപ്പാടുള്ളത് മറക്കാതിരിക്കുക.
ഹജ്ജിന്റെ കർമശാസ്ത്രപരമായ വിശദാംശങ്ങൾ കൂടുതൽ വായിച്ച് വിഷമിക്കാൻ നിൽക്കരുത്. ഒരു സാധാരണക്കാരനെ സംബന്ധിച്ചേടത്തോളം സ്വീകാര്യമായ ഹജ്ജ് ചെയ്യാൻ ഈയുള്ളവന്റെ ഈ കുറിപ്പുകൾ മതിയാവും. സയ്യിദ് അബുൽ അഅ്ലാ മൗദൂദി യുടെ ഖുത്തുബാത്തിലെ ഹജ്ജിനെക്കുറിച്ച് അധ്യായങ്ങളും അദ്ദേഹത്തിന്റെ ഹറമിന്റെ സന്ദേശം എന്ന ലഘുകൃതിയും കൂടി ഇതോടൊപ്പം വായിക്കുക.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE