മരുഭൂമിയിലെ മഹാദ്ഭുതം
ഇപ്പോൾ ഞങ്ങൾ മഖാമു ഇബ്റാഹീമിനടുത്താണ്. അതു നോക്കിനിന്നപ്പോൾ മനസ്സ് നാൽപത്തിയൊന്ന് നൂറ്റാണ്ട് പിറകോട്ടു പറന്നുപോയി. മക്കയിലെ മലഞ്ചെരിവുകളിൽനിന്ന് പാറക്കല്ലുകൾ പിഴുതെടുക്കുന്ന പിതാവിന്റെയും പുത്രന്റെയും ചിത്രം അവിടെ തെളിഞ്ഞുവന്നു. കത്തിയാളുന്ന മരുഭൂവാതമേറ്റ് കല്ല് ചുമന്നുവരുന്ന ഇബ്റാഹീം പ്രവാചകനും മകൻ ഇസ് മാഈൽ നബിയും. അവരൊരു ഭവനം പണിയുകയാണ്. തങ്ങൾക്കോ മക്കൾക്കോ താമസിക്കാനല്ല, മുഴുവൻ മനുഷ്യർക്കുമായി. അവരുടെ കർമങ്ങൾക്ക് സാക്ഷിയും മേൽനോട്ടക്കാരനുമായുണ്ടായിരുന്നത് അല്ലാഹുവാണ്. അന്ന് മകനെടുത്തുകൊടുത്ത കല്ലുകൾ പിതാവ് ചുമരുകളിൽ അടുക്കുവെച്ചത് ഈ കല്ലിൽ ചവിട്ടി നിന്നുകൊണ്ടാണ്. സഹസ്രാബ്ദങ്ങളിലൂടെ സംരക്ഷിക്കപ്പെടുന്ന അനാർഭാടവും അതീവ ലളിതവുമായ സ്മാരകമാണിത്. ഇപ്പോഴത് വെള്ളി കൊണ്ട് പൊതിഞ്ഞിരിക്കുന്നുവെന്നതും കണ്ണാടിക്കൂട്ടിലാക്കിയിട്ടുണ്ടെന്നതും ശരിതന്നെ. എന്നാലും സാധാരണ കാലടികളെക്കാൾ ഇത്തിരി നീളം കൂടുത ലുള്ള കാൽപ്പാടുകൾ പതിഞ്ഞ ആ വെറും കല്ല് കഅ്ബാ നിർമാണത്തെയും അതിന്റെ നിർമാതാക്കളെയും ഓർമിപ്പിക്കുന്നു; അവരുടെ ത്യാഗനിർഭരവും സംഭവബഹുലവുമായ ജീവിതത്തെയും. ഇതേകല്ലിൽ കയറിനിന്നുകൊണ്ടാണ് ഹജ്ജിന് വിളംബരം ചെയ്തതെന്ന് വിശ്വസിക്കപ്പെടുന്നു. കാലം ഏറ്റുവാങ്ങി കൈമാറിയ ക്ഷണം സ്വീകരിച്ചാണല്ലോ ഞങ്ങളും വന്നിരിക്കുന്നത്. ഹിജ്ർ ഇസ്മാഈലിലുള്ള ഹാജറയുടെ വീടിനെ അല്ലാഹു വിശുദ്ധമന്ദിരത്തിന്റെ ഭാഗമാക്കി. അങ്ങനെ മാതാവിന്റെയും മകന്റെയും വാസസ്ഥലം വിശുദ്ധ മന്ദിരത്തിൽ വിലയം പ്രാപിച്ചു. അവരുടെ ഓർമകളെ അത് ഉള്ളിലൊതുക്കി. പിതാവിന്റെ കാലടികൾ പതിഞ്ഞ കല്ല് കാലത്തിന് സാക്ഷിയായി കഅ്ബക്കരികെ നിലനിർത്തി.
“മഖാമു ഇബ്റാഹീമിനെ നിങ്ങൾ നമസ്കാരസ്ഥലമാക്കുക” (അൽബ ഖറ: 125). അല്ലാഹുവിന്റെ ഈ ആജ്ഞയനുസരിച്ച് പ്രാർഥന നടത്താൻ ഞങ്ങൾ അവിടെ ഒരിടം തേടുകയായിരുന്നു. പക്ഷേ, അടുത്തൊന്നും ഒട്ടും സ്ഥലമുണ്ടായിരുന്നില്ല. ത്വവാഫ് ചെയ്യുന്നവരുടെയും നമസ്കാരം നിർവഹിക്കുന്നവരുടെയും പ്രാർഥിക്കുന്നവരുടെയും തിക്കും തിരക്കുമായിരുന്നു. മഖാമു ഇബ്റാഹീം മത്വാഫിലായതിനാൽ ഹജ്ജിനോടടുത്ത നാളുകളിൽ അവിടെ ആളൊഴിഞ്ഞ നേരമുണ്ടാവുകയില്ല. ഞങ്ങൾ കുറേകൂടി പിറകോട്ട് മാറിനിന്നു. കഅ്ബയെ അഭിമുഖീകരിച്ചപ്പോൾ ഞങ്ങൾക്കും വിശുദ്ധ മന്ദിരത്തിനുമിടയിൽ മഖാമു ഇബ്റാഹീം. തൗഹീദിന്റെ ദീപമുയർത്തി ലോകത്തിന് വെളിച്ചം കാണിച്ച വീര വിപ്ലവകാരിയുടെ സ്ഥാനത്താണല്ലോ നിൽക്കുന്നതെന്ന ചിന്ത മനസ്സിനെ കോരിത്തരിപ്പിക്കുന്നു. ഞങ്ങൾ അവിടെ വെച്ച് രണ്ട് റക്അത്ത് നമസ്കരിച്ചു. പ്രവാചകൻ പഠിപ്പിച്ചതനുസരിച്ച് ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ ഫാതിഹക്കുശേഷം അൽകാഫിറൂനും രണ്ടാമത്തേതിൽ ‘അൽ ഇഖലാസു’മാണ് പാരായണം ചെയ്തത്.
നമസ്കാരശേഷം അവിടെയിരുന്ന് ദീർഘനേരം പ്രാർഥിച്ചു. ദൈവസന്നിധാനത്തിൽ മനസ്സു തറപ്പിച്ചുനിർത്താവുന്ന അപൂർവം സന്ദർഭങ്ങളിലൊന്നായിരുന്നു അത്. മുന്നോട്ടുനോക്കിയപ്പോൾ കഅ്ബയുടെ വാതിലും അതു തൊട്ടു പ്രാർഥിക്കുന്ന ഭക്തരും ശ്രദ്ധയിൽപ്പെട്ടു. പതിനാലിലേറെ നൂറ്റാണ്ടുമുമ്പ് നടന്ന ഐതിഹാസികമായ സംഭവം ഓർമയിൽ തെളിഞ്ഞുവന്നു. ആ വാതിൽ തുറക്കാനുള്ള താക്കോൽ സൂക്ഷിച്ചിരുന്നത് ഉസ്മാനുബ്നു ത്വൽഹയായിരുന്നു. നബിതിരുമേനി അദ്ദേഹത്തോട് അതൊന്ന് തുറന്നുകൊടുക്കാനാവശ്യപ്പെട്ടു. ഒരൊറ്റ പ്രാവശ്യം കഅ്ബയ്ക്കകത്ത് കടന്ന് പ്രാർഥന നടത്താനുള്ള അതിയായ ആഗ്രഹമായിരുന്നു പ്രവാചകന്. വിഗ്രഹാരാധകനും ഇസ്ലാമിന്റെ എതിരാ ളിയുമായിരുന്ന ഉസ്മാൻ താക്കോൽ കൊടുത്തില്ല, മാത്രമല്ല, പ്രവാചകനെ രൂക്ഷമായി ആക്ഷേപിക്കുകയും ചെയ്തു. അപ്പോൾ പ്രവാചകൻ പറഞ്ഞു: ഉസ്മാനേ, ഒരുനാൾ താങ്കൾക്ക് ഈ താക്കോൽ എന്റെ കൈയിൽ കാണാം. അന്ന് ഞാനത് ഞാനിഷ്ടപ്പെടുവരെ ഏൽപിക്കും. പിന്നീട് പ്രവാചകന് മക്കയോട് വിടപറയേണ്ടി വന്നു. സംഘർഷഭരിതവും കർമനിരതവുമായ പലയാണ്ടുകൾ പിന്നിട്ട ശേഷം അദ്ദേഹവും അനുയായികളും ജേതാക്കളായി അവിടെ തിരിച്ചെത്തി. ഖസ് വാ എന്ന സ്വന്തം ഒട്ടകപ്പുറത്താണ് നബിതിരുമേനി വന്നത്. വിശുദ്ധ മന്ദിരത്തെ ഏഴുതവണ ചുറ്റി ത്വവാഫ് പൂർത്തിയാക്കിയ പ്രവാചകൻ ഉസ്മാനുബ്നു ത്വൽഹയെ വിളിച്ചു. കഅ്ബയുടെ വാതിൽ തുറക്കാനാവശ്യപ്പെട്ടു. അനുസരണമുള്ള കൊച്ചുകുട്ടിയെപ്പോലെ ഉസ്മാനുബ്നു ത്വൽഹ വാതിൽ തുറന്നുകൊടുത്തു. അദ്ദേഹവും നബിതിരുമേനിയും തമ്മിൽ വർഷങ്ങൾക്കുമുമ്പ് നടന്ന സംസാരം രണ്ടുപേരും ഓർത്തുകാണും. പ്രവാചകൻ കഅ്ബയിൽ പ്രവേശിച്ചു. അതിന്റെ ചുമരുകളിൽ മാലാഖമാരുടെയും പ്രവാ ചകൻമാരുടെയും ചിത്രങ്ങളുണ്ടായിരുന്നു. ശകുനക്കോലുകളും മരത്താൽ നിർമിതമായ പ്രാവും കൈയിൽ പിടിച്ചുനിൽക്കുന്ന ഇബ്റാഹീം പ്രവാചകന്റെ പ്രതിരൂപം പ്രവാചകൻ അവയൊക്കെ സ്വന്തം കൈകൊണ്ടുതന്നെ പറിച്ചെറിഞ്ഞു. തന്റെ പൂർവപിതാവ് ഇബ്റാഹീം നബിയുടെ പ്രതിരൂപത്തെ നോക്കി നബിതിരുമേനി പറഞ്ഞു: “മക്കാ നിവാസികൾക്കു നാശം! നമ്മുടെ നായകനെ അവർ ശകുനം നോക്കുന്നവനാക്കിയിരിക്കുന്നു. ശകുനം നോക്കലും ഇബ്റാഹീമും തമ്മിലെന്തു ബന്ധം?
സുന്ദരികളുടെ രൂപത്തിലായിരുന്നു മാലാഖമാരെ വരച്ചുവെച്ചിരുന്നത്. ആ ചിത്രങ്ങൾക്കുനേരെ തിരിഞ്ഞ്, മാലാഖമാർക്ക് ജഡരൂപമില്ലെന്നും അവർ സ്ത്രീകളോ പുരുഷൻമാരോ അല്ലെന്നും പ്രവാചകൻ പ്രഖ്യാപിച്ചു. തുടർന്ന് അവയൊക്കെ നീക്കം ചെയ്യാനാജ്ഞാപിച്ചു. കഅ്ബക്കകത്തും പുറത്തു മുണ്ടായിരുന്ന വിഗ്രഹങ്ങളും ചുമരുകളിലെ ചിത്രങ്ങളുമെല്ലാം തുടച്ചുമാറ്റി. അവയെ നോക്കി നബിതിരുമേനി ഉരുവിട്ടു: “പ്രഖ്യാപിക്കുക. സത്യം പുലർന്നു; അസത്യം തകർന്നു, സത്യം പുലർന്നു; അസത്യം തകർന്നു. അസത്യം തകരുന്നതുതന്നെ.
വിശുദ്ധ മന്ദിരത്തെ ബഹുദൈവത്വത്തിന്റെ എല്ലാ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിച്ചശേഷം നബിതിരുമേനി പുറത്തു കടന്ന് വാതിൽ പൂട്ടി. താക്കോൽ സൂക്ഷിക്കാൻ ഉസ്മാനുബ്നു ത്വൽഹയെത്തന്നെ ഏൽപിച്ചു. ലോകവസാനം വരെ അതിനുള്ള അവകാശം അദ്ദേഹത്തിന്റെ കുടുംബത്തിനു നൽകി, മുഴു ലോകത്തിനും നന്മയുടെ അചുംബിതമായ മാനസികൗന്നത്യത്തിന്റെ മഹിത മാതൃക സൃഷ്ടിച്ചു. ഇന്നും കഅ്ബയുടെ താക്കോൽ സൂക്ഷിക്കുന്നത് ഉസ്മാനുബ്നു ത്വൽഹയുടെ പിൻമുറക്കാരാണ്. താക്കോൽ സൂക്ഷിക്കുന്ന വ്യക്തിക്ക് “സാദിൻ’ എന്നാണ് പറയുക.
ഞങ്ങൾ മരുഭൂമിയിലെ മഹാദ്ഭുതമായ സംസമിന്റെ അടുത്തേക്ക് നീങ്ങി. കഅ്ബയുടെ, ഹജറുൽ അസ് വദ് സ്ഥിതിചെയ്യുന്ന മൂലയിൽ നിന്ന് പതിനെട്ട് മീറ്റർ ദൂരെയാണിത് (മസ്ജിദുൽ ഹറാമിലെ ബനൂ ശൈബ വാതിലിനുനേരെ. “സംസം വെള്ളം’ എന്നു രേഖപ്പെടുത്തിയ വൃത്തം കഅ്ബയുടെ വാതിലിനു നേരെ മത്വാഫിലായിരുന്നു. എന്നാൽ ഇപ്പോൾ സംസം എന്ന ബോർഡ് എവിടെയുമില്ല). എന്നാൽ, കിണർ ഇപ്പോഴുള്ളത് അതിനിടയിൽ ഭൂഗർഭ ഹാളിലും. സംസം കിണറിന്റെ ആഴം ഇരുപത്താറു മീറ്ററാണ്.
മത്വാഫിന്റെ കിഴക്കേ അറ്റത്തിലൂടെ സംസം കിണറുള്ള ഹാളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമായിരുന്നു. ഇപ്പോൾ ആ സൗകര്യം ഇല്ല. ഒരു ഭിത്തി സ്ഥാപിച്ച് ഹാൾ സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വേർതിരിച്ചിരിക്കുന്നു. തണുപ്പിച്ച സംസംവെള്ളം കുടിക്കാനായി നൂറുകണക്കിന് ടാപ്പുകളുണ്ട്. സുഊദി ഭരണകൂടം 1984-ൽ ആണ് സംസം വെള്ളം ശീതീകരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചത്. മസ്ജിദുൽ ഹറാമിന്റെ എല്ലാ സ്ഥലത്തും വെള്ളം നിറച്ച് ആയിരക്കണക്കിന് വീപ്പകളുണ്ട്. ഈ വീപ്പകളിൽ സംസം നിറക്കാനായി നൂറുകണക്കിന് ജീവനക്കാർ മസ്ജിദുൽ ഹറാമിൽ ജോലി ചെയ്തുവരുന്നു. ഹറാമിന്റെ പരിസരത്തും മക്കയുടെ വിവിധ കേന്ദ്രങ്ങളിലും സംസം വെള്ളം ലഭ്യമാക്കാനായി നിരവധി ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും പരിസരപ്രദേശങ്ങളിലേക്കും വെള്ളമെത്തിക്കാനായി ധാരാളം ടാങ്കറുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 2015 മുതൽ സംസം ഡിസ്ട്രിബ്യൂഷൻ പ്ലാന്റ് എന്നപേരിൽ കുദയ് കാർപാർക്കിംഗിനു സമീപം ഒരു സംസം വിതരണകേന്ദ്രവുമുണ്ട്. തണുപ്പിക്കാത്ത വെള്ളവും എല്ലായിടത്തും ലഭിക്കും. ഹജ്ജ്കാലത്ത് പ്രത്യേകം സീൽ ചെയ്ത് സംസം കുപ്പികൾ പല സ്ഥലങ്ങളിലും വിതരണം ചെയ്യാറുണ്ട്. മദീനയിലെ മസ്ജിദുന്നബവിയിൽ എക്കാലവും സംസം ലഭ്യമാണ്.
സാധാരണകാലത്ത് ദിനംപ്രതി നൂറ് ക്യുബിക് മീറ്റർ വെള്ളമാണ് ഉപയോഗിക്കാറുള്ളത്. വെള്ളിയാഴ്ചകളിൽ ഇത് 220 ക്യുബിക് മീറ്ററായി വർധിക്കുന്നു. റമദാനിലും ഹജ്ജ് വേളകളിലും സംസം കിണറിൽ നിന്ന് ആയിരം ക്യുബിക് മീറ്റർവരെ വെള്ളമെടുക്കുന്നു. ആവശ്യത്തിനനുസരിച്ച് എത്രയും വെള്ളം നൽകാൻ കഴിയുന്ന സംസം കിണർ ഭൗതിക വ്യാഖ്യാനങ്ങളിലൊതുങ്ങാത്ത മരുഭൂമിയിലെ ദിവ്യാദ്ഭുതമത്.
1979 (ഹിജ്റ വർഷം 1399)-ൽ സുഊദി ഭരണകൂടം സംസം കിണർ വൃത്തിയാക്കുകയും അതിലെ ഉറവ പ്രവഹിക്കുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അതോടൊപ്പം അവ രേഖപ്പെടുത്തിയ മാപ്പും തയ്യാറാക്കി. അതനുസരിച്ച് സംസമിന് പ്രധാനമായും രണ്ട് ഉറവകളാണുള്ളത്. ഒന്ന്, കഅ്ബ സ്ഥിതിചെയ്യുന്ന പടിഞ്ഞാറ് ഭാഗത്തുനിന്നും രണ്ട മത്തേത് ഖുബൈസ് പർവതത്തിന്റെ അടിയിൽ നിന്നും. ഇതിൽ ഒന്നാമത്തെ പ്രവാഹമാണ് കൂടുതൽ ശക്തം. ഇവ കൂടാതെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കൊച്ച് ഉറവകൾ വേറെയുമുണ്ട്. നിലവിലുള്ള സംവിധാനമനുസരിച്ച് കിണറ് കാണാനാവില്ല. അവിടെ സ്ഥാപിച്ചിട്ടുള്ള പമ്പുകളും പൈപ്പുകളും മാത്രമേ കാണാൻ കഴിയൂ. ആദ്യ യാത്രാ വേളയിൽ കിണറ് കാണാമായിരുന്നു. കിണറിൽ നിന്ന് ബക്കറ്റുകൊണ്ട് കോരിക്കുടിക്കാൻ നേരത്തെ ഉണ്ടായിരുന്ന സൗകര്യം ഇപ്പോഴില്ല.
ഇസ്മാഈൽ കാലിട്ടടിച്ചിടത്തുനിന്ന് പൊട്ടിയൊഴുകിയ സംസം വിജന മായിരുന്ന മക്കയെ ജനവാസകേന്ദ്രമാക്കി. മരുഭൂമിയിലെ ഈ മഹാദ്ഭുതം നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായിട്ടുണ്ട്. സംസമിന്റെ ആധിപത്യത്തിനായി അറബിഗോത്രങ്ങൾ പോരാടിയിരുന്നു. പിൽക്കാലത്ത് ആ കിണർ തൂർന്നുപോയി. വെള്ളം വറ്റുകയും ചെയ്തു. ജുർഹും ഗോത്രം മക്കയിൽ കഴിഞ്ഞിരുന്ന കാലത്ത് സംസം കിണറിന്റെ അടയാളം പോലും കാണാനില്ലായിരുന്നു. പിന്നീട് പ്രവാചകന്റെ പിതാമഹൻ അബ്ദുൽ മുത്ത്വലിബ് സ്വപ്നത്തിൽ കിണറിന്റെ സ്ഥാനം മനസ്സിലാക്കുകയും അവിടെ കുഴിച്ച് അത് കണ്ടത്തുകയുമാണുണ്ടായത്. മക്കയിലെത്തുന്ന തീർഥാടകർക്ക് സംസം വെള്ളം പകർന്നുകൊടുക്കുന്നത് തദ്ദേശീയർ നൂറ്റാണ്ടുകളായി പുണ്യകർമമായി കരുതിപ്പോരുന്നു. അതിന്റെ വിതരണച്ചുമതല ഏറ്റെടുത്തിരിക്കുന്നത് ‘സമാസിമ’ എന്ന പേരിലറിയപ്പെടുന്ന സന്നദ്ധസേവകരായിരുന്നു. സംസമിന്റെ വിതരണത്തിന് ആധുനിക സൗകര്യങ്ങൾ സ്ഥാപിതമായതോടെ അവരുടെ സേവനം മക്കയുടെ പ്രാന്തപ്രദേശങ്ങളിൽ പരിമിതമായി.
പല ശ്രേഷ്ഠതകളും ഔഷധഗുണങ്ങളും സംസം വെള്ളത്തിനുള്ളതായി വിശ്വസിക്കപ്പെടുന്നു. പ്രവാചകൻ അത് കുടിക്കുകയും അത് അനുഗൃഹീത മാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് അരുൾ ചെയ്തു: “ഭൂമിയിലുള്ള വെള്ളത്തിൽ ഏറ്റവും ശ്രേഷ്ഠം സംസം വെള്ളമാണ്. അതിൽ വിശപിന് ശമനമുണ്ട്. രോഗത്തിന് ഔഷധവും.” ഏത് ഉദ്ദേശ്യത്തോടെ സംസം കുടിക്കുന്നുവോ അത് സഫലമാവാൻ സംസം വെള്ളം സഹായകമാണെന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്. അത് രാസപരിശോധനക്ക് വിധേയമാക്കിയപ്പോൾ മറ്റു സ്ഥലങ്ങളിലെ വെള്ളത്തിനില്ലാത്ത പല സവിശേഷതകളും സംസമിനുള്ളതായി തെളിയിക്കപ്പെടുകയുണ്ടായി.
ഞങ്ങൾ മാർബിൾ പടികളിറങ്ങി സംസം കിണറിനരികിലെത്തി. “അല്ലാ ഹുവേ! ഞാൻ നിന്നോട് പ്രയോജനകരമായ അറിവും സുഭിക്ഷമായ ആഹാ രവും എല്ലാ രോഗങ്ങളിൽ നിന്നുമുള്ള ശമനവും അർഥിക്കുന്നു” എന്നർഥം വരുന്ന പ്രാർഥന ചൊല്ലി. മതിവരുവോളം സംസം വെള്ളം കുടിച്ചു. അതിന് കണ്ണീരിന്റെ രുചിയുള്ളതായി തോന്നി. ഹാജറയുടെയും മകൻ ഇസ്മാഈലിന്റെയും കണ്ണീരിൽ കുതിർന്നതാണല്ലോ അത്. ദൈവിക സഹായത്തിന്റെ നിത്യപ്രതീകം. അപ്രതീക്ഷിതവും അമാനുഷവുമായ മാർഗത്തിലൂടെ അല്ലാഹു അവന്റെ അടിമകളെ സഹായിക്കുന്നതിന്റെ എക്കാലത്തെയും ഏറ്റവും മഹിതമായ മാതൃകയാണത്. നൂറ്റാണ്ടുകളായി ജനകോടികളുടെ ദാഹം ശമിപ്പിക്കുകയും വിശപ്പകറ്റുകയും രോഗം മാറ്റുകയും ചെയ്ത മക്കാ താഴ്വരയിലെ ആ വിശിഷ്ട ജലം ഞങ്ങളുടെ ക്ഷീണമകറ്റി. മനസ്സിനും ശരീരത്തിനും നിർവചനാതീതമായ നിർവൃതി നൽകി. ഇന്നും വന്ധ്യമായി കിടക്കുന്ന താഴ്വരകൾക്ക് താഴെ, എല്ലാം കരിച്ചു കളയുന്ന കത്തിജ്വലിക്കുന്ന സൂര്യനു ചുവട്ടിലെ വറ്റാത്ത ഈ നീരുറവ ശാസ് ത്രത്തിന്റെ വിശകലനങ്ങൾക്ക് വഴങ്ങാത്ത യാഥാർഥ്യമത്രെ. കാലത്തിന്റെ ദയാഹർജിക്ക് പ്രപഞ്ചനാഥൻ നൽകിയ പ്രത്യുത്തരം. തൊണ്ടവരണ്ട് കുഞ്ഞിന്റെയും അവന്റെ മാതാവിന്റെയും തപ്തമായ ഹൃദയത്തിന്റെ അഗാധതകളിൽ നിന്ന് പ്രവഹിച്ച് പ്രാർഥനയുടെ ഫലം. സംസം കുടിക്കുമ്പോൾ ഇതൊന്നും ഓർക്കാതിരിക്കാൻ കഴിയില്ല.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE