Back To Top

8 Post

ബഹുഭാഷാ പണ്ഡിതന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, അധ്യാപകന്‍. ജമാല്‍ മലപ്പുറം എന്ന പേരില്‍ അറിയപ്പെടുന്ന ജമാല്‍ മുഹമ്മദ് കൊടിയാടന്‍ 1948 ജൂണ്‍ ഒന്നിന് മലപ്പുറം കോട്ടപ്പടിയില്‍ ജനിച്ചു. പിതാവ് കല്ലേരി കുഞ്ഞിക്കോയ. മാതാവ് മലപ്പുറം വിലയങ്ങാടി ഉണ്ണിപ്പാത്തു. മലപ്പുറം ഗവ. എല്‍.പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് 11 വര്‍ഷത്തെ എഫ്.ഡി, ബി.എ.എസ്.സി കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ മുസ്‌ലിം എജ്യൂക്കേഷന്‍ അസോസിയേഷനു(എം.ഇ.എ) കീഴിലെ പള്ളി ഖത്വീബും മദ്‌റസഃ അധ്യാപകനുമായി. അല്‍പകാലത്തിനു ശേഷം പ്രബോധനത്തില്‍ സഹപത്രാധിപരായി. 1973-ല്‍ പ്രബോധനം വിട്ട് ഹജ്ജിനു പോയി. ഹജ്ജിനു ശേഷം മക്കഃയില്‍ തങ്ങി. മുത്വവ്വിഫിന്റെ സ്ഥാപനത്തില്‍ ഹജ്ജ് മാനേജറായി പ്രവര്‍ത്തിച്ചു.

തുടര്‍ന്ന് മക്കഃ ആസ്ഥാനമായ മുസ്‌ലിം വേള്‍ഡ് ലീഗി(റാബിത്വഃ)ന്റെ പ്രഥമ പ്രതിനിധിയായി കേരളത്തിലേക്ക് നിയോഗിക്കപ്പെട്ടു. 1974-ല്‍ ചേന്ദമംഗല്ലൂര്‍ ഇസ്വ്‌ലാഹിയ്യഃ കോളേജ് വൈസ് പ്രിന്‍സിപ്പലായിട്ടായിരുന്നു നിയമനം. കേരളത്തില്‍ ആദ്യമായി ആര്‍ട്‌സ് ആന്റ് ഇസ്‌ലാമിക് കോഴ്‌സ് ഇസ്വ്‌ലാഹിയ്യഃയില്‍ പരീക്ഷിച്ച വേളയില്‍ കോഴ്‌സിന്റെ ഇസ്‌ലാമിക സിലബസ് തയ്യാറാക്കിയത് ജമാലാണ്. കോളേജ് ആക്ടിംഗ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1979-ല്‍ വീണ്ടും പ്രബോധനത്തില്‍ സഹപത്രാധിപരായി. 1981-ല്‍ പത്രപ്രവര്‍ത്തന ജോലി വിട്ട് മുംബൈയിലെത്തി. ട്രാവല്‍ ഏജന്‍സിയില്‍ മാനേജരായി ഒരുവര്‍ഷം ജോലി ചെയ്തശേഷം 1982 മാര്‍ച്ചില്‍ ദമ്മാമില്‍ ജര്‍മന്‍ കമ്പനിയായ സീമെന്‍സില്‍ ട്രാന്‍സ്‌ലേറ്ററായി. 1983 മാര്‍ച്ചില്‍ അല്‍കോബാറില്‍ നിയമനം ലഭിച്ചു. 1991-ലെ ഗള്‍ഫ് യുദ്ധവേളയില്‍ ജിദ്ദഃ ഓഫീസിലേക്ക് മാറി. കാല്‍ നൂറ്റാണ്ടിലേറെയായി ഇതേ കമ്പനിയില്‍ ജോലി ചെയ്തു.

കേരള ഇസ്‌ലാമിക് ഗ്രൂപ്പ് ജിദ്ദഃ സോണല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രബോധനത്തിലും ബോധനത്തിലും സ്ഥിരമായി എഴുതിയിരുന്നു. ബോധനത്തിലെ ഖുര്‍ആന്‍ പംക്തി, ഖുര്‍ആനിക വിഷയങ്ങളിലുള്ള അവഗാഹം വിളിച്ചോതുന്നതാണ്. മലയാളത്തിലെന്നപോലെ അറബി, ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. കുവൈത്, ഖത്വര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2011 ജനുവരി ഏഴിന് ജിദ്ദഃയില്‍ മരിച്ചു. ജിദ്ദഃയിലെ റുവൈസില്‍ ഖബ്‌റടക്കി.

കൃതികള്‍: ഹജ്ജ് ഗൈഡ്, മാറ്റൊലി, ആത്മീയതയുടെ പൊരുള്‍ (ലേഖന സമാഹാരം), ഖുര്‍ആന്‍: തെരഞ്ഞെടുത്ത സൂക്തങ്ങള്‍, കുറ്റവും ശിക്ഷയും (രണ്ടും വിവര്‍ത്തനം). ഭാര്യ: ഫാത്വിമഃ ബീവി കാനം. മക്കള്‍: റൂഹിബാനു, നജ്‌ലാബാനു, മുശീറുല്‍ ഹഖ്ഖ്.

ജമാൽ മലപ്പുറം Founder

You cannot copy content of this page