Eid Articles Hajj All

ഓണവും പെരുന്നാളും

നീണ്ട മുപ്പത്തിമൂന്ന് വര്‍ഷത്തിനു ശേഷം കേരളീയര്‍ പെരുന്നാളും ഓണവും ഒന്നിച്ചാഘോഷിക്കുകയാണ്. ഏതൊരാഘോഷവും സ്‌നേഹപൂര്‍വമായ കൂട്ടായ്മയുടേതാണ്, സൗഹൃദസംഗമത്തിന്റെതാണ്, വേണ്ടപ്പെട്ടവരുടെ ഒത്തുചേരലിന്റേതാണ്. സര്‍വോപരി സന്തോഷത്തിന്റ പങ്കുവെപ്പിന്റേതാണ്.

വേട്ടക്കാരുടെ വീക്ഷണത്തില്‍ ഓണത്തിന്റെ കേന്ദ്രബിന്ദു വാമനനാണ്. ഇരകളുടെ കാഴ്ച്ചപാടില്‍ മഹാബലിയും. ചരിത്രത്തിന്റെ തെളിവെളിച്ചത്തില്‍ നടന്ന സംഭവമല്ല ഓണത്തിന് പിന്നിലെ സങ്കല്‍പം. അതിമനോഹരമായ കാല്‍പനികത കതിരിട്ടു നില്‍ക്കുന്ന ഇതിഹാസ കഥാപാത്രമാണ് മഹാബലി. എന്നാല്‍ ഓണം മുന്നോട്ടുവെക്കുന്നത് സമത്വസുന്ദര, സുരഭില, സുമോഹന സമൂഹത്തെ സംബന്ധിച്ച സങ്കല്‍പമാണ്. വിത്തപ്രതാപത്തിന്റെ പിത്തലാട്ടങ്ങല്‍ കീറിമുറിച്ചിട്ടില്ലാത്ത; വംശീയതയുടെ വിഷം കലര്‍ന്നിട്ടില്ലാത്ത; ജാതീയതയുടെ ഭ്രാന്ത് ബാധിച്ചിട്ടില്ലാത്ത; അസഹിഷ്ണുതയുടെ ആസുരതക്കടിപ്പെടാത്ത സമൂഹത്തെ സംബന്ധിച്ച സ്വപ്‌നവും സങ്കല്‍പവുമാണത്. ഇതിന്റെ സാക്ഷാല്‍കാരവും പ്രായോഗിക മാതൃകയുമാണ് ഹജ്ജും ബലി പെരുന്നാളും.

ധരിച്ച വസ്ത്രം ഉരിഞ്ഞുമാറ്റി ഇഹ്‌റാമില്‍ പ്രവേശിക്കുന്നതോടെയാണ് ഹജ്ജിന്റെ തുടക്കം. മനുഷ്യനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്ന എല്ലാ പ്രത്യേകതകളുടെയും വകഞ്ഞുമാറ്റലാണത്. അതോടെ വ്യക്തികള്‍ അപ്രസക്തമാകുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ ജനലക്ഷങ്ങള്‍ ഒന്നായിത്തീരുന്നു. അമേരിക്കയിലെ നീഗ്രോയും യൂറോപിലെ വെള്ളക്കാരനും ആഫ്രിക്കയിലെ കറുത്തവനും അഫ്ഗാനിസ്താനിലെ ആജാനബാഹുവും തിബത്തിലെ കുറിയവനും രാജാവും ചക്രവര്‍ത്തിയും പ്രധാനമന്ത്രിയും പ്രസിഡന്റും സാധാരണക്കാരനും പണക്കാരനും പാവപ്പെട്ടവനുമെല്ലാം ഒരൊറ്റ സാകല്യത്തില്‍ ലയിച്ചു ചേരുന്നു. വെള്ളത്തുള്ളികള്‍ മഹാപ്രവാഹത്തില്‍ ലയിച്ചില്ലാതാകുന്ന പോലെ വ്യക്തികളുടെ എല്ലാ പ്രത്യേകതകളും അപ്രത്യക്ഷമായി എല്ലാവരും മനുഷ്യമഹാസാഗരത്തിന്റെ ഭാഗമായി ലയിച്ചു ചേരുന്നു. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങള്‍ – അല്ലാഹുവിന്റെ അതിഥികള്‍. ത്വവാഫും സഅ്‌യും മിനായിലെ താമസവും അറഫയിലെ നിറുത്തവും മുസ്ദലിഫയിലെ രാപാര്‍ക്കലും മനുഷ്യര്‍ക്കിടയിലെ എല്ലാ വിഭജനങ്ങളും ഇല്ലാതാക്കി അവരെയൊക്കെ ഒന്നാക്കി ഒന്നുപോലെയാക്കി മാറ്റുന്നു. വിശ്വാസിയെ വ്യക്തിവൃത്തത്തില്‍ നിന്നുയര്‍ത്തി വിശ്വപൗരനാക്കുന്നു.

ഓണത്തിന്റെ മറ്റൊരു സന്ദേശം വാക്കുപാലിക്കാനായി അനുഷ്ഠിക്കുന്ന ത്യാഗത്തിന്റേതാണ്. സ്വയം സമര്‍പ്പണത്തിലൂടെയുള്ള ആത്മത്യാഗം. വാമനനു കൊടുത്ത വാക്ക് പാലിക്കാനായി സ്വന്തത്തെ സമര്‍പ്പിക്കുകയാണ് ഇതിഹാസങ്ങളിലെ മഹാബലി. എന്നാല്‍ ചരിത്രത്തിന്റെ തെളിവെളിച്ചത്തില്‍ സ്വന്തത്തെ അല്ലാഹുവിന് സമ്പൂര്‍ണമായി സമര്‍പിക്കുകയും അതിനായി അസമാനമായ ത്യാമനുഷ്ഠിക്കുകയും ചെയ്ത ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ഹാജറിന്റെയും ജീവിതാനുഭവങ്ങളുടെ അനുസ്മരണവും അനുധാവനവുമാണ് ഹജ്ജ്.

ഓണത്തിലെ കാല്‍പനിക സങ്കല്‍പത്തിലും ഹജ്ജിനു പിന്നിലെ ഇബ്‌റാഹീം പ്രവാചകന്റെ പ്രതീക്ഷാ പൂര്‍ണമായ പ്രാര്‍ഥനയിലും നിറഞ്ഞു നില്‍ക്കുന്നത് പട്ടിണിയും പേടിയുമില്ലാത്ത സമൂഹവും നാടുമാണ്. അതിന്റെ സാക്ഷാല്‍കാരത്തിനായുള്ള പ്രയാണത്തില്‍ നമുക്കും പങ്കുചേരാം. അല്ലാഹു അനുഗ്രഹിക്കട്ടെ.

About the author

ശൈഖ് മുഹമ്മദ് കാരകുന്ന്