Back To Top

 സ്ത്രീക്ക് ഏകയായി ഹജ്ജ് യാത്ര നടത്താമോ? അതോ നീട്ടിവെക്കേണ്ടതുണ്ടോ?

സ്ത്രീക്ക് ഏകയായി ഹജ്ജ് യാത്ര നടത്താമോ? അതോ നീട്ടിവെക്കേണ്ടതുണ്ടോ?

Spread the love

ചോദ്യം- ആരോഗ്യവതിയും സമ്പന്നയുമായ, ഹജ്ജ്കർമം ബാധ്യതയായിത്തീർന്ന, ഒരു സ്ത്രീക്ക് കൂട്ടിന്നു പോകാൻ ഭർത്താവിനോ വിവാഹം നിഷിദ്ധമായ രക്തബന്ധുക്കൾക്കോ സൗകര്യപ്പെടുന്നില്ല. ആ സ്ത്രീക്ക് മറ്റു മുസ്ലിം പുരുഷൻമാരുടെയോ സ്ത്രീകളുടെയോ ഒപ്പം, ഇക്കാലത്ത് യാത്ര സുരക്ഷിതവും മുൻകാലങ്ങളെ അപേക്ഷിച്ച് അപകടം കുറഞ്ഞതുമാണ് എന്ന വസ്തുത പരിഗണിച്ച്, ഹജ്ജ് യാത്ര നടത്തുന്നത് അനുവദനീയമാണോ? അതോ, വിവാഹം പാടില്ലാത്ത ഒരു രക്തബന്ധുവിനെ കൂട്ടിനു തരപ്പെടുവോളം ഹജ്ജ് യാത്ര നീട്ടിവെക്കേണ്ടതുണ്ടോ?

ഉത്തരം- സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക എന്നതാണ് ഇസ്ലാമിക ശരീഅത്തിന്റെ വിധി. ഭർത്താവിന്റെയോ വിവാഹം പാടില്ലാത്ത രക്തബന്ധുവിന്റെയോ ഒപ്പം മാത്രമേ അവൾ യാത്ര ചെയ്യാവൂ. ബുഖാരിയും മറ്റും ഇബ്നു അബ്ബാസിൽനിന്ന് നിവേദനം ചെയ്ത ഹദീസാണതിനു നിദാനം. തിരുദൂതർ പറഞ്ഞു: “”സ്ത്രീ രക്തബന്ധുവിനോടൊപ്പമല്ലാതെ യാത്ര ചെയ്യരുത്. രക്തബന്ധുവിന്റെ സാന്നിധ്യത്തിലല്ലാതെ ഒരന്യപുരുഷൻ അവളുടെ അടുത്ത് പ്രവേശിക്കയുമരുത്.” അബൂഹുറയ്റയിൽ നിന്നുദ്ധരിക്കപ്പെടുന്ന മറ്റൊരു തിരുവചനം ഇപ്രകാരമാണ്: “”രക്തബന്ധുവോ ഭർത്താവോ ഒപ്പമില്ലാതെ ഒരു രാത്രിയും പകലുംവരുന്ന ദൂരം യാത്രചെയ്യുന്നത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സ്ത്രീക്ക് അനുവദനീയമല്ല.”( ബുഖാരി, മുസ്ലിം, അബൂദാവൂദ്, തിർമിദി, ഇബ്നു മാജ) അബൂസഇൗദ് നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ, “ഭർത്താവോ രക്തബന്ധുവോ ഇല്ലാതെ സ്ത്രീ രണ്ടു ദിവസത്തെ ദൂരം യാത്ര ചെയ്യരുത്'( ബുഖാരി, മുസ്ലിം) എന്നാണുള്ളത്. ഇബ്നു ഉമർ നിവേദനം ചെയ്ത ഒരു ഹദീസിൽ മൂന്നു ദിവസത്തെ യാത്രാദൂരം( ബുഖാരി, മുസ്ലിം) എന്നുമുണ്ട്.

പലർ പലപ്പോഴായി ചോദിച്ച ചോദ്യങ്ങൾക്ക് നൽകിയ മറുപടികളാണിവ. ചോദ്യങ്ങളുടെയും ചോദ്യകർത്താക്കളുടെയും സ്വഭാവം ഭിന്നമായതാവണം നിവേദനങ്ങളിൽ കാണുന്ന അന്തരത്തിന് ഹേതു. എന്നാൽ ഇമാം അബൂഹനീഫ ഇബ്നു ഉമറിന്റെ ഹദീസിന് പ്രാബല്യം നൽകുന്നു. നമസ്കാരം ചുരുക്കിയനുഷ്ഠിക്കാവുന്ന ദൂരം യാത്ര ചെയ്യുമ്പോൾ മാത്രമേ രക്തബന്ധു വേണ്ടതുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ഇൗ തിരുവചനങ്ങൾ എല്ലാ യാത്രകളെയും പരാമർശിക്കുന്നു. വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി നടത്തുന്ന യാത്രയും അതിൽ പെടും. ചിലർ തെറ്റിദ്ധരിച്ചതുപോലെ സ്ത്രീയുടെ സ്വഭാവ ശുദ്ധിയിലുള്ള ശങ്കയല്ല ഇൗ വിധിക്കാധാരം. മറിച്ച് അവളുടെ സത്പേരും മാന്യതയും പരിരക്ഷിക്കുക എന്നതാണ്. ദുർബലമനസ്കരും മൃഗതൃഷ്ണയുള്ളവരും റൗഡികളും മറ്റുമായ ആളുകളിൽനിന്ന് സ്ത്രീകൾക്ക് രക്ഷനൽകുകയാണതിന്റെ ലക്ഷ്യം. വിശിഷ്യാ നാഗരികത എന്തെന്നറിയാത്ത, ക്രമസമാധാനം പുലർന്നിരുന്നില്ലാത്ത ഒരു കാലത്ത് അപകടം നിറഞ്ഞ മണലാരണ്യങ്ങൾ താണ്ടിക്കടക്കേണ്ടിയിരുന്ന യാത്രകളിൽ.

എന്നാൽ, നിർബന്ധമോ അല്ലാത്തതോ ആയ യാത്രക്ക് രക്തബന്ധുവിനെ കൂട്ടിന് കിട്ടാത്ത സാഹചര്യം വന്നാലോ? വിശ്വസ്തരായ അന്യപുരുഷൻമാരോ സ്ത്രീകളോ കൂട്ടിന് പറ്റുമോ? വഴി സുരക്ഷിതമാണെങ്കിൽ ഒറ്റക്ക് യാത്രയാകാമോ? സ്ത്രീകൾക്ക് ഹജ്ജ് നിർബന്ധമാകുന്ന സാഹചര്യം മുൻനിർത്തി കർമശാസ്ത്ര പണ്ഡിതൻമാർ ഇവ്വിഷയം ചർച്ച ചെയ്തിട്ടുണ്ട്. ഹദീസുകളുടെ പ്രത്യക്ഷമായ അർഥം കണക്കിലെടുക്കുന്ന ചിലർ അത് നിഷിദ്ധമായി കരുതുന്നു. മറ്റുചിലർ അന്യപുരുഷൻമാരുടെ ആകർഷണ കേന്ദ്രമാവാൻ സാധ്യതയില്ലാത്ത പടുവൃദ്ധകളെ നിഷിദ്ധത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. വിശ്വസ്തരായ സ്ത്രീകളോടൊപ്പമുള്ള യാത്രയെ വേറെചിലർ അനുവദിച്ചിട്ടുണ്ട്. എന്നാൽ കൂട്ടിനുള്ള സ്ത്രീ സ്വതന്ത്രയാണെങ്കിൽ ഒരാൾ മതി എന്നു ചിലർ പറയുന്നു. വഴി സുരക്ഷിതമാണെങ്കിൽ ഒറ്റക്ക് യാത്ര ചെയ്യാമെന്ന് മറ്റൊരു പക്ഷം. ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ പ്രസ്തുത വീക്ഷണം പുലർത്തുന്നു. “അൽ ഫുറൂഇ’ൽ ഇബ്നു മുഫ്ലിഹ് ശൈഖുൽ ഇസ്ലാമിനെ ഉദ്ധരിക്കുന്നു: “”നിർഭയയായ ഏതു സ്ത്രീക്കും രക്തബന്ധുവില്ലാതെ ഹജ്ജിനു പോകാം.” അദ്ദേഹം തുടരുന്നു: “”അനുവദനീയമായ എല്ലാ യാത്രകൾക്കും ഇത് ബാധകമാക്കാവുന്നതാണ്. എെച്ഛികമായ ഹജ്ജിനെ സംബന്ധിച്ച് പറയുന്നേടത്ത് അൽകറാബീസി ഇത് ശാഫിഇൗയിൽനിന്നും ഉദ്ധരിച്ചിട്ടുണ്ട്. വ്യാപാരം, സന്ദർശനം പോലുള്ള നിർബന്ധമില്ലാത്ത എല്ലാ യാത്രകളിലും ഇത് സാധുവാണെന്ന് അദ്ദേഹത്തിന്റെ ചില ശിഷ്യൻമാർ പറഞ്ഞിട്ടുണ്ട്.”( അൽഫുറൂഅ് ഭാഗം: 3, പുറം : 237 രണ്ടാം പതിപ്പ്)

നിർബന്ധമായ ഹജ്ജ്കർമത്തിന് പോകാൻ രക്തബന്ധു ഒരു ഉപാധിയല്ലെന്ന് ഇമാം അഹ്മദ് പറഞ്ഞതായി അസ്റം ഉദ്ധരിക്കുന്നു. കാരണം, അവൾ മറ്റു സ്ത്രീകളോടൊപ്പമാണ് യാത്രചെയ്യുന്നത്. മുസ്ലിം പുരുഷന്റെ കൂടെ പോകുന്നതിൽ ഇബ്നുസീരീൻ തെറ്റു കാണുന്നില്ല. ഇമാം ഒൗസാഇയുടെ അഭിപ്രായത്തിൽ നീതിമാൻമാരായ സംഘത്തോടൊപ്പം പോകാം. സ്ത്രീകളുടെ സംഘത്തോടൊപ്പമാവാമെന്ന് മാലിക്; സ്വതന്ത്രയും വിശ്വസ്തയുമായ ഒരു സ്ത്രീ മതിയെന്ന് ശാഫിഇൗ; വഴി സുരക്ഷിതമാണെങ്കിൽ ഒറ്റക്ക് പോകാമെന്ന് അദ്ദേഹത്തിന്റെ ശിഷ്യൻമാർ.”( അൽഫുറൂഅ് ഭാഗം :3 പുറം : 235, 236)

അൽ ഹാഫിളുബ്നു ഹജർ പറയുന്നു: “”ഭർത്താവോ രക്തബന്ധുവോ വിശ്വസ്തരായ സ്ത്രീകളോ കൂട്ടിനുണ്ടാവുകയെന്ന ഉപാധിയാണ് ശാഫിഇൗ മദ്ഹബിൽ അംഗീകൃതം. വിശ്വസ്തയായ ഒരു സ്ത്രീ മതിയെന്നൊരഭിപ്രായമുണ്ട്. അൽ കറാബീസി ഉദ്ധരിച്ച മറ്റൊരു അഭിപ്രായപ്രകാരം വഴി സുരക്ഷിതമാണെങ്കിൽ സ്ത്രീക്ക് ഒറ്റക്ക് യാത്ര പോകാം.” ഇൗ അഭിപ്രായങ്ങളെല്ലാം ഹജ്ജിനും ഉംറക്കും വേണ്ടിയുള്ള യാത്രകളെസ്സംബന്ധിച്ചാണെങ്കിലും എല്ലാ യാത്രകൾക്കും ഇൗ വിധി ബാധകമാക്കാവുന്നതാണ്. ചില പണ്ഡിതൻമാർ അത് വ്യക്തമാക്കിയിട്ടുണ്ട്.( ഫത്ഹുൽബാരി ഭാഗം : 4 പുറം : 247) കാരണം, സ്ത്രീയുടെ സുരക്ഷിതത്വമാണ് നിയമത്തിന് നിദാനം. വഴി സുരക്ഷിതമാവുകയും വിശ്വസ്തരായ സ്ത്രീകളോ പുരുഷൻമാരോ കൂട്ടിനുണ്ടാവുകയും ചെയ്താൽ പ്രസ്തുത ലക്ഷ്യം പൂർത്തിയാവുന്നു. ഇതിന് തെളിവുകളുണ്ട്:

ഒന്ന്: ബുഖാരി ഉദ്ധരിച്ച ഒരു സംഭവം. ഉമറുബ്നുൽ ഖത്ത്വാബ് ഒടുവിലത്തെ ഹജ്ജ് നിർവഹിച്ച ഘട്ടത്തിൽ പ്രവാചക പത്നിമാർക്കു കൂടി പങ്കെടുക്കാൻ അനുവാദം നൽകി. ഉസ്മാനുബ്നു അഫ്ഫാനെയും അബ്ദുർറഹ്മാനുബ്നു ഒൗഫിനെയുമാണ് അവരുടെ കൂട്ടിന് അയച്ചത്. ഉമറും ഉസ്മാനും അബ്ദുർറഹ്മാനും പ്രവാചക പത്നിമാരും അതിൽ യോജിച്ചു. സഹാബികളിൽ മറ്റാരും അത് എതിർക്കുകയുണ്ടായില്ല. ഇത് ഒരു “ഇജ്മാഅ്’ ആയി ഗണിക്കപ്പെടുന്നു.( ഫത്ഹുൽബാരി)

രണ്ട്: അദിയ്യുബ്നു ഹാത്തിമിൽനിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസ്: ഇസ്ലാമിന്റെ ഭാവിയെയും അതിന്റെ പ്രചാരത്തെയും കുറിച്ച് തിരുദൂതർ ഹാത്തിമിനോട് പറഞ്ഞ കൂട്ടത്തിൽ ഇങ്ങനെ കാണാം: “”സ്ത്രീകൾ, ദൈവഭവനം ലക്ഷ്യംവെച്ച് ഭർത്താക്കൻമാരോടൊപ്പമല്ലാതെ, അല്ലാഹുവിനെയൊഴിച്ച് ഒന്നിനെയും ഭയക്കാതെ ഹീറ(ഇറാഖിലാണീ നഗരം)യിൽനിന്ന് യാത്ര പുറപ്പെടുന്നതാണ്….” ഇത് അങ്ങനെ സംഭവിക്കുമെന്ന് സൂചിപ്പിക്കുക മാത്രമല്ല, അതിന്റെ അനുവദനീയതയിലേക്ക് ചൂണ്ടുകകൂടി ചെയ്യുന്നു. കാരണം, ഇസ്ലാമിന്റെ തണലും അത് കൈവരുത്താൻ പോകുന്ന ശാന്തിയും മുൻനിർത്തിയുള്ള ഒരു പ്രകീർത്തനത്തിന്റെ സന്ദർഭത്തിലാണ് പ്രസ്തുത വാക്യങ്ങൾ തിരുദൂതർ അരുൾചെയ്തത്.

ഇതിൽ രണ്ട് മഹത്തായ തത്ത്വങ്ങൾ അടങ്ങിയിരിക്കുന്നു:
ഒന്ന്: സമ്പ്രദായങ്ങളും സാമൂഹിക ഇടപാടുകളും സംബന്ധിച്ച വിധി അവയുടെ ആശയവും ഉദ്ദേശ്യവും പരിഗണിച്ച് ആയിരിക്കേണ്ടതുണ്ട്. എന്നാൽ, ആരാധനാ കർമങ്ങളുടെ സ്ഥിതി അതല്ല. തികഞ്ഞ വിധേയത്വവും അനുസരണവുമാണ് അവയ്ക്കടിസ്ഥാനം. ആശയവും ഉദ്ദേശ്യവും നോട്ടമില്ല. ഇമാം ശാത്വബി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയും തെളിവു സഹിതം സമർഥിക്കുകയും ചെയ്തിരിക്കുന്നു.

രണ്ട്: സത്തയിൽത്തന്നെ നിഷിദ്ധമായ കാര്യങ്ങൾ നിർബന്ധിതാവസ്ഥയിലല്ലാതെ അനുവദനീയമാവില്ല. എന്നാൽ, ഒരു പഴുതടയ്ക്കുവാൻ വേണ്ടി നിഷിദ്ധമാക്കപ്പെട്ടവ ഒരാവശ്യത്തിന് അനുവദനീയമാവുന്നതാണ്. രക്തബന്ധുവില്ലാതെ സ്ത്രീ യാത്രചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ടത് ഒരു പഴുതടയ്ക്കുവാൻ വേണ്ടിയാണെന്ന കാര്യത്തിൽ സംശയമില്ല.

അനുബന്ധമായ ഒന്നു കൂടി പറയട്ടെ. ഇക്കാലത്തെ യാത്ര മുൻകാലങ്ങളെ അപേക്ഷിച്ച് തുലോം വ്യത്യസ്തമാണ്. വിജനമായ മരുപ്രദേശങ്ങൾ താണ്ടി, കള്ളൻമാരെയും കൊള്ളക്കാരെയും ഭയപ്പെട്ടു വേണ്ടിയിരുന്നു മുൻകാലങ്ങളിൽ യാത്ര. ഇന്ന് കപ്പലുകളിലും വിമാനങ്ങളിലും ബസ്സുകളിലും ജനങ്ങൾ കൂട്ടത്തോടെ സഞ്ചരിക്കുന്നു. ഇത് യാത്രകളെ സുരക്ഷിതമാക്കുകയും സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകൾ അകറ്റുകയും ചെയ്യുന്നു. കാരണം, ഒരിടത്തും സ്ത്രീ ഒറ്റപ്പെട്ടുപോവില്ല. ഇത്തരം ഒരന്തരീക്ഷം ഉള്ളേടത്ത് സ്ത്രീ ഒറ്റക്ക് ഹജ്ജിന്നു പോകുന്നതിൽ ഒരു തെറ്റുമില്ല.

Prev Post

മുസ്ദലിഫയിലെ രാപ്പാർപ്പ് എത്ര സമയം?

Next Post

റസൂലി (സ) ന്റെ പേരിൽ ബലി അറുക്കാമോ?

post-bars

Related post

You cannot copy content of this page