ഹജ്ജിന് പോകാന്‍ ഭര്‍ത്താവിന്റെ അനുവാദം വേണ്ടതുണ്ടോ?
ചോദ്യം : ഒരു സ്ത്രീക്ക് ഹജ്ജിന് പോകാന്‍ ഭര്‍ത്താവിന്റെ അനുവാദം വാങ്ങേണ്ടതുണ്ടോ? മതനിഷ്ഠ പുലര്‍ത്താത്ത ഭര്‍ത്താക്കന്‍മാര്‍ പലപ്പോഴും അവര്‍ക്ക് അനുവാദം നല്‍കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. അനുവാദം ലഭിക്കാത്ത അത്തരം അവസ്ഥയുടെ വിധി എന്താണ്?
മറുപടി : സ്ത്രീ ഭര്‍ത്താവിന്റെ അനുവാദം വാങ്ങല്‍ അനിവാര്യമാണ്. എന്നാല്‍ ഇസ്‌ലാമില്‍ അവള്‍ക്ക് നിര്‍ബന്ധമായ ആദ്യത്തെ ഹജ്ജിന് ഭര്‍ത്താവ് അനുവാദം നല്‍കിയില്ലെങ്കിലും പോകാവുന്നതാണ്. കാരണം ഹജ്ജ് അവളുടെ നിര്‍ബന്ധ ബാധ്യതയാണ്. സ്രഷ്ടാവായ അല്ലാഹുവിനുള്ള അവകാശമാണത് അതുകൊണ്ട് തന്നെ അത് നിര്‍വഹിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. മാത്രമല്ല, സ്രഷ്ടാവിനെ ധിക്കരിച്ച് കൊണ്ട് സൃഷ്ടിയെ അനുസരിക്കേണ്ടതുമില്ല. ഭര്‍ത്താവിനെ അനുസരിക്കല്‍ നിര്‍ബന്ധമായത് പോലെ നിര്‍ബന്ധമാണ് ഹജ്ജും. ഒരു നിര്‍ബന്ധ കാര്യം ചെയ്യുന്നതില്‍ നിന്ന് അവളെ തടയാന്‍ ഭര്‍ത്താവിന് അവകാശമില്ല. അവള്‍ നമസ്‌കരിക്കുന്നത് ഭര്‍ത്താവ് തടഞ്ഞാല്‍ അതില്‍ സ്വീകരിക്കേണ്ട വിധി തന്നെയാണ് നിര്‍ബന്ധമായ ഹജ്ജിലും സ്വീകരിക്കേണ്ടത്. എന്നാല്‍ അവള്‍ നേരത്തെ ഒരു ഹജ്ജ് ചെയ്തിട്ടുണ്ടെങ്കില്‍, പിന്നീട് നിര്‍വഹിക്കുന്ന ഐശ്ചികമായ ഹജ്ജിന് ഭര്‍ത്താവിന്റെ അനുവാദം ലഭിക്കല്‍ നിര്‍ബന്ധം തന്നെയാണ്.