ഹജറുൽ അസ് വദും ശിലാപൂജയും
ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?
ഉത്തരം- തൊലിപ്പുറമെയുള്ള പഠനം നമ്മുടെ വിദ്യാർഥിസമൂഹത്തെ നേരിടുന്ന അപകടങ്ങളിലൊന്നാണ്. അഗാധമായ ഒരു പഠനത്തിന്നോ അറിവുള്ളവരോട് അന്വേഷിക്കാനോ തുനിയാതെ ധൃതിപിടിച്ച് ഒരുവിധിത്തീർപ്പിലെത്തുന്നത് അത്തരം പഠനത്തിന്റെ സ്വാഭാവിക ഫലവും. മതകാര്യങ്ങളിൽ സംശയിക്കുന്നവർ ഒന്നുകിൽ അജ്ഞരായിരിക്കും; അല്ലെങ്കിൽ ഭാഗികമായ ചില വിജ്ഞാനീയങ്ങൾ കാതുകളിൽ കുത്തി നിറക്കപ്പെട്ട വിദ്യാർഥികളും- എന്നിങ്ങനെ പറയപ്പെടുന്നത് എന്തു മാത്രം സത്യമാണ്. ഹജറുൽ അസ്വദ് പോലുള്ള ഒരു വിഷയത്തെച്ചൊല്ലി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും അതു സംബന്ധിച്ച് ഉദ്ധൃതമായ ഹദീസുകൾ തള്ളിക്കളയുന്നതും ശുദ്ധ അസംബന്ധമാണ്. വിജ്ഞാനത്തിന്റെയും ദീനിന്റെയും യഥാർഥ സ്വഭാവത്തെക്കുറിച്ചുള്ള വിവരക്കേടിന്റെ ഫലം!
വിജ്ഞാന സമ്പാദനത്തിന്റെ സ്വഭാവമെന്താണ്? ഏതൊരു കാര്യത്തിന്റെയും ശാഖാപരവും സാമാന്യവുമായ വശങ്ങളെ അതിന്റെ അടിസ്ഥാനനിദാനങ്ങളുടെ വെളിച്ചത്തിൽ വിലയിരുത്തുക എന്നുള്ളതാണത്. ഹദീസ് വിജ്ഞാനീയത്തിന് പണ്ഡിതൻമാർ നിശ്ചയിച്ചിട്ടുള്ള ചില അടിസ്ഥാനതത്ത്വങ്ങളും നിദാനശാസ്ത്രങ്ങളുമുണ്ട്. ഹദീസുകളിലെ നെല്ലും പതിരും വേർതിരിക്കുന്നതിനുള്ള മാനദണ്ഡമാണവ. ഇൗ മാനദണ്ഡങ്ങളുപയോഗിച്ച് തിരുചര്യ അരിച്ചുപെറുക്കിയെടുക്കാനും അവ നമുക്കെത്തിച്ചുതരുവാനും വേണ്ടി പണ്ഡിതൻമാർ, രണാങ്കണത്തിലെ യോദ്ധാക്കളെന്നവണ്ണം ത്യാഗം ചെയ്യുകയുണ്ടായി. അവരതിൽ മനുഷ്യസാധ്യതയുടെ പരമാവധി സത്യസന്ധതയും സൂക്ഷ്മതയും പുലർത്തി. ഹജറുൽ അസ്വദിനെക്കുറിച്ചുവന്ന ഹദീസുകളും അമ്മട്ടിൽ മൂല്യഗുണമുള്ളവ തന്നെ. ചില ഉദാഹരണങ്ങിളിതാ:
ബുഖാരി ഇബ്നു ഉമറിൽന്ന് നിവേദനം ചെയ്യുന്നു: ഹജറുൽ അസ്വദ് സ്പർശിക്കുന്നത് സംബന്ധിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “”റസൂൽ (സ) അതിനെ സ്പർശിക്കുന്നതും ചുംബിക്കുന്നതും കണ്ടു.”
നാഫിഇൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: “”ഇബ്നു ഉമർ തന്റെ കൈകൊണ്ട് ഹജറുൽ അസ്വദ് സ്പർശിക്കുന്നതും പിന്നീട് ആ കൈ ചുംബിക്കുന്നതും ഞാൻ കണ്ടു. തുടർന്ന് അദ്ദേഹം ഇപ്രകാരം പറയുകയും ചെയ്തു: “തിരുദൂതർ ഇങ്ങനെ ചെയ്യുന്നത് കണ്ട നാൾമുതൽ ഇത് ഞാൻ ചെയ്യാതിരുന്നിട്ടില്ല.”( ബുഖാരി, മുസ്ലിം)
ഉമറിൽനിന്ന് നിവേദനം: അദ്ദേഹം ഹജറുൽ അസ്വദ് ചുംബിച്ച ശേഷം പറഞ്ഞു: “”ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിയാത്ത ഒരു ശില മാത്രമാണ് നീയെന്ന് എനിക്ക് തീർച്ചയായും അറിയാം. റസൂൽ (സ) നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല.”( ബുഖാരി, മുസ്ലിം, അഹ്മദ്, അബൂദാവൂദ്, നസാഇൗ, തിർമിദി, ഇബ്നുമാജ)
ത്വബ്രി പറയുന്നു: ഉമർ ഇങ്ങനെ പറയുവാൻ കാരണമുണ്ട്. ജനങ്ങൾ സമീപകാലംവരെ വിഗ്രഹാരാധകരായിരുന്നു. അതിനാൽ, ഹജറുൽ അസ്വദ് ചുംബിക്കുന്നത്, അറബികൾ ജാഹിലിയ്യാ കാലത്ത് ചെയ്തിരുന്നതുപോലെ ശിലകൾക്ക് ആദരവ് കല്പിക്കുന്ന ഒരു രൂപമാണെന്ന് വിവരമില്ലാത്തവർ കരുതിയേക്കുമോ എന്നദ്ദേഹം ഭയപ്പെട്ടു. തൻമൂലം ശിലയെ സ്പർശിക്കുന്നത് പ്രവാചകന്റെ ഒരു നടപടിയുടെ അനുധാവനം മാത്രമാണെന്നും, ജാഹിലിയ്യാ കാലത്ത് അവിശ്വാസികൾ വിശ്വസിച്ചിരുന്നതുപോലെ ശിലക്ക് സ്വന്തം നിലയിൽ ഗുണമോ ദോഷമോ ചെയ്യുവാൻ കഴിവുള്ളതുകൊണ്ടല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കരുതി. പരാമൃഷ്ട ഹദീസുകളെല്ലാം സ്വീകാര്യവും സ്ഥിരീകരിക്കപ്പെട്ടതുമായ വാചികചര്യയാണ്. മുൻഗാമികളോ പിൻഗാമികളോ ആയ പണ്ഡിതൻമാരിലൊരാളും അവയെക്കുറിച്ച് അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല, തിരുദൂതർ പ്രാവർത്തികമാക്കിക്കാണിച്ച ഒരു ചര്യകൂടിയാണത്. തിരുദൂതർ മുതൽ ഇന്നോളം തലമുറകൾ കൈമാറിവന്ന ഒരനുഷ്ഠാനം. ആർക്കും അതിലൊരു സന്ദേഹവുമുണ്ടായില്ല. തദ്വാരാ സമുദായം ഏക സ്വരത്തിലംഗീകരിക്കുന്ന “ഇജ്മാഇ’ ന്റെ സ്വഭാവം അതിനു കൈവന്നു. ഒരു തെറ്റിൽ സമുദായം ഏക സ്വരത്തിൽ ഒന്നിക്കുകയില്ല. നിവേദനം ചെയ്യപ്പെടുന്ന ഏത് ഹദീസിനെക്കാളും ശക്തമാണത്.
ഇത്രയും പറഞ്ഞത് അതിന്റെ വൈജ്ഞാനിക വശം. ഇനി, ഇതിന്റെ മതപരമായ വശമെന്തെന്ന് ചിന്തിക്കാം. ദീൻ വിശ്വാസപരമായി അദൃശ്യത്തിലുള്ള വിശ്വാസത്തിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് വിശ്വാസികൾക്കറിയാം. കർമപരമായി അല്ലാഹുവിന്നുള്ള വിധേയത്വവും കീഴ്വണക്കവുമാണതിന്റെ അടിത്തറ. “ദീൻ’, “ഇബാദത്ത്’ തുടങ്ങിയ പദങ്ങളുടെ ആശയം അതാണ്. ഒരു ദീനെന്ന നിലയിൽ ഇസ്ലാം, ആരാധനാപരമായ ചടങ്ങുകളിൽനിന്ന് മുക്തമല്ല- അത് ഏറ്റവുംകുറഞ്ഞ മതം ഇസ്ലാമാണെങ്കിലും. ഹജ്ജിൽ വിശേഷിച്ചും അത്തരം ചടങ്ങുകൾ ധാരാളമുണ്ട്. ഹജറുൽ അസ്വദ് ചുംബിക്കുന്നത് അതിൽപ്പെട്ടതത്രേ. ആരാധനാപരമായ ചടങ്ങുകളിലന്തർഭവിച്ച വിശദാംശങ്ങളുടെ യുക്തി മനസ്സിലായില്ലെങ്കിലും അതിലെ മൊത്തമായ യുക്തി അറിഞ്ഞിരുന്നാൽമതി. അല്ലാഹു അത് മനുഷ്യനിൽ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നുവെന്നതു തന്നെയാണ് അതിലെ സാമാന്യ യുക്തി. ആരെല്ലാം ദൈവദൂതനെ അനുധാവനം ചെയ്യുമെന്നും ആരെല്ലാം ധിക്കരിക്കുമെന്നും അറിയുവാനുള്ള പരീക്ഷണം.
യഥാർഥമായ അടിമത്തത്തെ അടിമത്ത നാട്യത്തിൽനിന്ന് വേർതിരിച്ചു നിർത്തുന്നത് ആരാധനാപരമായ കാര്യങ്ങളാണ്. യഥാർഥ അടിമ അല്ലാഹുവിന്റെ ഒരു കല്പന കേൾക്കുന്നനിമിഷം തിരുദൂതരും വിശ്വാസികളും പറഞ്ഞതുപോലെ “ഞങ്ങൾ കേട്ടു അനുസരിച്ചു’ എന്ന് പറയും. ജൂതൻമാർ പറഞ്ഞതുപോലെ “ഞങ്ങൾ കേട്ടു; ധിക്കരിച്ചു’ എന്നായിരിക്കും ദൈവധിക്കാരിയുടെ പ്രതികരണം. ദൈവം ബാധ്യതയായി നിശ്ചയിക്കുന്ന സർവകാര്യങ്ങളുടെയും യുക്തി സാമാന്യമായും വിശദമായും സുഗ്രഹമാകുന്നതോടെ ദൈവകല്പനകൾ ശിരസാവഹിക്കുന്ന മനുഷ്യർ, സ്വനാഥനെ അനുസരിക്കുന്നതിന് മുമ്പ് സ്വന്തം ബുദ്ധിയെ അനുസരിക്കുന്നു എന്ന ഒരവസ്ഥയാണ് സംജാതമാവുക.
കഅ്ബ പ്രദക്ഷിണം ചെയ്യുകയോ ഹജറുൽ അസ്വദ് ചുംബിക്കുകയോ ചെയ്യുമ്പോൾ മുസ്ലിമിൽ ആ ഭവനവും അതിലെ സർവതും ഇബ്റാഹീം നബിയുടെ സ്മരണകളാണുണർത്തുന്നത്. ആരായിരുന്നു ഇബ്റാഹീം? വിഗ്രഹങ്ങളുടെ അന്തകൻ; ഏകദൈവാരാധനയുടെ പ്രവാചകൻ; ഋജുവും ഉദാരവുമായ ജീവിതദർശനത്തിന്റെ സന്ദേശവാഹകൻ!
ചോദ്യം- ഇൗജിപ്തിലെ ത്വൻത്വായിൽ സയ്യിദ് അഹ്മദുൽ ബദവിയുടെ മഖാമിന്റെ ഒരു കോണിൽ ചുമരിൽ പതിപ്പിച്ചുറപ്പിച്ച ഒരു ശിലയുണ്ട്. അതിലൊരു കാലടിയുടെ ആഴമുള്ള പാടും കാണാം. ആളുകൾ അത് സ്പർശിക്കുകയും അതിനോട് പ്രാർഥിക്കുകയും ഭക്തി കാണിക്കുകയും ചെയ്യുന്നു. ഇൗ കാല്പാട് തിരുദൂതരുടേതാണെന്ന് പറയപ്പെടുന്നു. ഇതിൽ വല്ല യാഥാർഥ്യവുമുണ്ടോ? ശിലകളോട് അനുഗ്രഹം തേടാമോ?
ഉത്തരം- ഒന്നുകിൽ അതിതീവ്രത; അല്ലെങ്കിൽ അളവുവിട്ട സന്ദേഹം- ഇതു രണ്ടുമാണ് മുസ്ലിംകളെ നശിപ്പിക്കുന്നത്. ചിലർ വിശ്വാസതീവ്രതമൂലം അന്ധവിശ്വാസികളായി മാറുന്നു. ദീൻ ആവശ്യപ്പെടാത്തതും അല്ലാഹു നിരോധിച്ചതുമായ ശിലാരാധനയും ഖബ്ർപൂജയും നടത്തുന്നു. മറ്റു ചിലർ സംശയങ്ങളുടെ നൂലാമാലകളിൽ പെട്ട് ഹജറുൽ അസ്വദ് പോലുള്ള കാര്യങ്ങളെച്ചൊല്ലി വിശ്വാസഭ്രംശം നേരിടുന്നു. എന്നാൽ, ഇതു രണ്ടിന്നും ഇടയിലാണ് സത്യം. ശിലകളോട് കാണിക്കുന്ന ഏത് രൂപത്തിലുള്ള ഭക്തിപ്രകടനവും ഇസ്ലാമിൽ നിഷിദ്ധമാണ്. മുമ്പ് വിശദീകരിച്ച യുക്തി മുൻനിർത്തി ഹജറുൽ അസ്വദ് മാത്രം ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ത്വൻത്വായിലെ ശില ഒരു സാധാരണ ശില മാത്രമാണ്. ഇത് തിരുദൂതരുടെ കാലത്തേതാണെന്ന് സ്ഥാപിക്കാവുന്ന ചരിത്രരേഖകളൊന്നുമില്ല. അതിൽ പതിഞ്ഞ കാല്പാട് തിരുദൂതരുടേതാണെന്നതിനും തെളിവില്ല. ഇതൊരു കാര്യം. രണ്ടാമതായി, സ്വന്തം കാല്പാടുകളോട് അനുഗ്രഹം തേടാനോ ഭക്തി കാണിക്കാനോ അതിന് ദിവ്യത്വപദവി നൽകാനോ നബി തിരുമേനി തന്റെ സമുദായത്തോട് കല്പിച്ചിട്ടില്ല. മറിച്ച്, പരിധിവിട്ട ആദര പ്രകടനത്തെ നിരോധിക്കുകയാണ് ചെയ്തത്. വിശ്വാസഭ്രംശം കടന്നുവരാനിടയുള്ള സർവ കവാടങ്ങളും അദ്ദേഹം കൊട്ടിയടച്ചു. “എന്റെ ഖബ്റിടത്തെ ഉത്സവ വേദിയാക്കരുത്,’ “എന്റെ ഖബ്റിടത്തെ പൂജിക്കപ്പെടുന്ന വിഗ്രഹമാക്കരുത്’ എന്നെല്ലാം അദ്ദേഹമുപദേശിച്ചത് പ്രസ്തുത ലക്ഷ്യം മുൻനിർത്തിയാണ്. “”ജൂതൻമാരെയും കൈ്രസ്തവരെയും അല്ലാഹു ശപിക്കട്ടെ; അവർ തങ്ങളുടെ പ്രവാചകന്മാരുടെ ഖബ്റിടങ്ങളെ പള്ളികളാക്കി” -തിരുനബി അരുളുകയുണ്ടായി. അദ്ദേഹത്തിന്റെ അനുചരൻമാരും ആ വഴി പിന്തുടർന്നു. ഹുദൈബിയ്യയിൽവെച്ച് വിശ്വാസികൾ പ്രവാചകനോട് ആത്മത്യാഗത്തിന്റെ ഉടമ്പടി ചെയ്തത് ഒരു മരച്ചുവട്ടിൽ വെച്ചായിരുന്നു. പ്രസ്തുത വൃക്ഷത്തെ ഖുർആനും പരാമർശിച്ചു. ചിലർ ആ വൃക്ഷത്തോട് ഭക്തിപ്രകടനം നടത്തുന്നതുകണ്ട ഉമർ അത് മുറിച്ചുകളഞ്ഞു.
ഹജറുൽ അസ്വദിനെ ചുംബിക്കുന്നത് തികച്ചും അനുഷ്ഠാനപരമായ ഒരു കാര്യമാണ്. അല്ലാഹുവിന്റെ ഒരാജ്ഞ അപ്പടി ശിരസാവഹിക്കുക എന്നതാണ് അതിന്റെ ചൈതന്യം. “”തിരുദൂതർ നിന്നെ ചുംബിക്കുന്നത് കണ്ടില്ലായിരുന്നുവെങ്കിൽ ഞാൻ നിന്നെ ചുംബിക്കുമായിരുന്നില്ല” എന്ന് ഉമർ പറഞ്ഞതത്രെ വാസ്തവം! “വല്ലവരും ഒരു ശിലയിൽ വിശ്വസിച്ചാൽ അതവന് ഉപകാരപ്പെടും’ എന്ന ഒരു വചനം ചിലർ തിരുദൂതരുടേതായുദ്ധരിച്ചിരിക്കുന്നു- ഒന്നാന്തരം തട്ടിപ്പ്. “ഇതിന്ന് ഒരടിസ്ഥാനവുമില്ല’ എന്ന് ഇബ്നു ഹജറും “അത് വ്യാജനിർമിതിയാണ്’ എന്ന് ഇബ്നു തൈമിയ്യയും വ്യക്തമാക്കിയിട്ടുണ്ട്.