Back To Top

 ഹജ്ജ് വീണ്ടും ചെയ്യലാണോ അതല്ല, പാവങ്ങളെ സഹായിക്കലാണോ ഉത്തമം?

ഹജ്ജ് വീണ്ടും ചെയ്യലാണോ അതല്ല, പാവങ്ങളെ സഹായിക്കലാണോ ഉത്തമം?

Spread the love

ചോദ്യം: ചിലയാളുകള്‍ എല്ലാ വര്‍ഷവും ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. മറ്റുചിലര്‍ റമദാനില്‍ ഉംറയും നിര്‍വഹിക്കുന്നു. ഈയടുത്ത കാലത്തായി ഹജ്ജ് നിര്‍വഹിക്കുന്ന വേളയില്‍ അതിയായി തിരക്ക് അനുഭവപ്പെടുന്നു. തിരക്ക് കാരണം ഒരുപാട് ആളുകള്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്യുന്നു. ജംറയില്‍ കല്ലെറിയുമ്പോഴും ത്വവാഫിലും സഅ്‌യിലുമാണ് പ്രത്യേകിച്ച് തിരക്ക് അനുഭവപ്പെടുന്നത്. ഇത്തരത്തില്‍ ഐഛികമായ ഹജ്ജിനും ഉംറക്കും പണം ചെലവഴിക്കുന്നതാണോ അതല്ല, നിരാലംബരായ പാവങ്ങളെ സഹായിക്കുകയും നന്മയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇസ്‌ലാമിക സംരംഭങ്ങള്‍ക്കും പണം നല്‍കുക എന്നതാണോ ഉത്തമമായിട്ടുള്ളത്? താങ്കളില്‍നിന്ന് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

ഉത്തരം: വിശ്വാസികളോട് കല്‍പ്പിക്കപ്പെട്ട നിര്‍ബന്ധ കാര്യങ്ങളാണ് ആദ്യമായി പരിഗണിക്കേണ്ടത്. പ്രത്യേകിച്ച്, ദീനിന്റെ അടിസ്ഥാന സ്തംഭങ്ങളില്‍പ്പെട്ടവ. എന്നാല്‍, സുന്നത്തായ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിലേക്ക് അടുക്കുവാനും അവന്റെ ഇഷ്ടം സമ്പാദിക്കുവാനുമുളളതാണ്. പ്രവാചകന്‍ ഹദീസ് ഖുദ്‌സിയില്‍ അറിയിച്ചതുപോലെ; ഞാന്‍ നിര്‍ബന്ധമാക്കിയതിലൂടെ എന്റെ അടിമ എന്നിലേക്ക് അടുക്കുകയും സുന്നത്തായ പ്രവര്‍ത്തനങ്ങളിലൂടെ എന്റെ ഇഷ്ടം സമ്പാദിക്കുന്നതുവരെ എന്നിലേക്ക് അടുത്തുകൊണ്ടിരിക്കുകയും ചെയ്യും. അങ്ങനെ, ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഞാന്‍ അവന്റെ കാഴ്ച്ചയും കേള്‍വിയുമാവുന്നതാണ്.
സുന്നത്തായ കര്‍മങ്ങളുമായി ബന്ധപ്പെട്ട ചില അടിസ്ഥാന നിയമങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്.

ഒന്ന്: ഫര്‍ദുകള്‍ നിര്‍വഹിക്കാതെ സുന്നത്തുകള്‍ അല്ലാഹു സ്വീകരിക്കുകയില്ല. ഇതിന്റെ അടിസ്ഥാനത്തില്‍, വിശ്വാസികള്‍ക്ക് ഒരിക്കല്‍ നിര്‍ബന്ധമായിട്ടുളള ഹജ്ജും ഉംറയും നിര്‍വഹിച്ച ശേഷം വീണ്ടും നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍, സകാത്ത് നല്‍കാതെയാണ് നിര്‍വഹിക്കുന്നതെങ്കില്‍ അവ സ്വീകാര്യമാവുകയില്ല. ഹജ്ജിനും ഉംറക്കും വേണ്ടി സമ്പത്ത് ചെലവഴിക്കുന്നതിനേക്കാള്‍ ഉന്നതമായിട്ടുള്ളത് സകാത്ത് നല്‍കുന്നതാണ്. അതുപോലെ, കച്ചവടവുമായി ബന്ധപ്പട്ട് ഏതെങ്കിലും തരത്തില്‍ കടമുണ്ടാവുകയോ, നിശ്ചിത സമയത്തെ മുന്‍നിര്‍ത്തി സാധനം വാങ്ങി പണം സമയപരിധിക്കുളളില്‍ തിരിച്ച് നല്‍കാതിരിക്കുകയോ, കടം അവധിക്ക് മുമ്പ് വീട്ടാതിരിക്കുകയോ ചെയ്യുന്ന അവസരത്തില്‍ സുന്നത്തായ ഹജ്ജും ഉംറയും നിര്‍വഹിക്കല്‍ അനുവദനീയമല്ല. ഫര്‍ദായ കര്‍മങ്ങള്‍ കഴിഞ്ഞ് ചെയ്യേണ്ടതാണ് സുന്നത്തായ കര്‍മങ്ങള്‍.

രണ്ട്: നിഷിദ്ധമായ പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്ന സുന്നത്തായ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കുകയില്ല. തീര്‍ച്ചയായും, സമാധാനത്തിനും ശാന്തതക്കും സ്വസ്ഥതക്കുമാണ് സുന്നത്തായ കര്‍മങ്ങളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത്. ഐഛികമായി ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവരുടെ ആധിക്യത്തിലൂടെ തിരക്ക് കൂടവാനുളള സാഹചര്യമുണ്ടാവുകയും രോഗം വ്യാപിക്കുവാനും ആളുകള്‍ മരണമടയാനും കാരണമാവുന്നുവെങ്കില്‍, തിരക്ക് കുറക്കുവാനുളള സാഹചര്യങ്ങളെ പരിശോധിക്കുകയാണ് ചെയ്യേണ്ടത്. ആയതിനാല്‍, ഒരിക്കല്‍ ഹജ്ജും ചെയ്തവര്‍ മറ്റുളളവര്‍ക്ക് വേണ്ടി അവസരം ഒരുക്കി കൊടുക്കേണ്ടതാണ്. നിര്‍ബന്ധമായ ഹജ്ജ് ചെയ്യാന്‍ അവര്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ട്.

മൂന്ന്: ‘ഉസ്വൂലുല്‍ ഫിഖഹി’ലെ അടിസ്ഥാന നിയമപ്രകാരം, നന്മകള്‍ കൊണ്ട് വരുന്നതിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് തിന്മകള്‍ തടയുന്നതിനാണ്. പ്രത്യേകിച്ച്, തിന്മ പൊതുസമൂഹത്തെ ബാധിക്കുന്നതും നന്മ വ്യക്തി തലത്തിലുമാണെങ്കില്‍. ചില വ്യക്തികളുടെ സുന്നത്തായ പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നു. എത്രത്തോളമെന്നാല്‍, ഐഛികമായി നിര്‍വഹിക്കുന്നവര്‍ക്ക് പോലും പ്രയാസങ്ങള്‍ സംഭവിക്കാന്‍ കാരണമാകുന്നു എന്നതാണ്. ആയതിനാല്‍, ആളുകളെ മുഴ്‌വനായും തിരക്കിലേക്ക് തള്ളിവിടുന്നതും തുടര്‍ന്ന് പ്രയാസങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നത് നിര്‍ബന്ധമായും തടയേണ്ടതാണ്.

നാല്: ഐഛിക കര്‍മങ്ങള്‍ക്കുളള അവസരം എപ്പോഴും തുറന്ന് കിടക്കുകയാണ്. ദീര്‍ഘവീക്ഷണമുളള വിശ്വാസി ഉചിതമായ സമയത്ത് അത് നിര്‍വഹിക്കുകയാണ് ചെയ്യുക. ഐഛികമായ ഹജ്ജ് നിര്‍വഹിക്കുന്നത് മുഖേന വിശ്വാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നതെങ്കില്‍, അല്ലാഹു വിശ്വാസികള്‍ക്ക് മറ്റുളള സുന്നത്തായ കര്‍മങ്ങള്‍ പരിചയപ്പെടുത്തുന്നു. അതിലൂടെ അല്ലാഹിവിലേക്ക് അടുക്കുവാനും പ്രയാസങ്ങള്‍ ഇല്ലായ്മ ചെയ്യാനും കഴിയുന്നു. ദരിദ്രരായവര്‍ക്കും അഗധികള്‍ക്കുമുളള ദാനധര്‍മങ്ങളാണത്. പ്രത്യേകിച്ചും അത് നല്‍കപ്പെടേണ്ടത് ഏറ്റവും അടുത്ത കുടംബക്കാര്‍ക്കാണ്. പ്രവാചകന്‍ പറയുന്നു: ഇല്ലാത്തവര്‍ക്ക് നല്‍കല്‍ സ്വദഖയാണ്(ദാനധര്‍മം). അടുത്തവരായ ആളുകള്‍ക്ക് നല്‍കുമ്പോള്‍ അതില്‍ രണ്ട് കാര്യമുണ്ട്. ദാനധര്‍മവും കുടുംബ ബന്ധം ചേര്‍ക്കലും അതിലൂടെ നടപ്പിലാവുന്നു എന്നതാണ്.
ഇവിടെ ഒരുപാട് ഇസ്‌ലാമിക സ്ഥാപനങ്ങളും ഖുര്‍ആന്‍ പാഠശാലകളും സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങളുമുണ്ട്. എന്നാല്‍, അവക്ക് വേണ്ടവിധത്തിലുളള സഹായവും സമ്പത്തും ലഭ്യമല്ലാത്തതിനാല്‍ ഉഴലുകയാണ്. അതേസമയം, സുവിശേഷ സംഘങ്ങള്‍ കോടിക്കണക്കിന് പണം ചെലവഴിച്ച് ഇസ്‌ലാമിലെതിരെ പ്രവര്‍ത്തിക്കുകയും മുസ്‌ലിംകള്‍ക്കിടയില്‍ ഛിദ്രതയുണ്ടാക്കുകയും ഇസ്‌ലാമില്‍ നിന്ന് വിശ്വാസികളെ തെറ്റിക്കുവാന്‍ പണിയെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇസ്‌ലാമികമായ സംരംഭങ്ങള്‍ സമ്പത്തിന്റെ കുറവ് കൊണ്ട് മാത്രമല്ല കഷ്ഠതകളനുഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലുളള അറേബ്യന്‍ രാഷ്ട്രങ്ങള്‍ പണത്തിന്റെ ദൗര്‍ലഭ്യം കൊണ്ടല്ല, അധിക ചെലവുകളും അസ്ഥാനത്ത് ഉപയോഗിക്കുന്നു എന്നതിനാലാണ് പ്രതിസന്ധികള്‍ നേരിടുന്നത്. ഓരോ വര്‍ഷവും പതിനായരക്കണക്കിന് ആളുകള്‍ ഐഛികമായി ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ എത്തുന്നുണ്ട്. അവരുടെ സമ്പത്ത് ഇസ്‌ലാമിക സേവന രംഗത്ത് നല്‍കുകയാണെങ്കില്‍ ലോക മുസ്‌ലിംകള്‍ക്ക് നന്മ ലഭിക്കുന്നതിന് കാരണമാകുമായിരുന്നു. ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക,് സുവിശേഷകരെയും കമ്മ്യൂണിസ്റ്റ്കളേയും മതേതരവാദകളേയും തടഞ്ഞ് ഇസ്‌ലാമിനെ പ്രതിരോധിച്ച് നിര്‍ത്താന്‍ കുറച്ചൊക്കെ കഴിയുമായിരിന്നു.

അവസാനമായി, ഹജ്ജും ഉംറയു നിര്‍വഹിക്കുന്നവരോട് ഉപദേശപൂര്‍വം പറയാനുളളത്, വീണ്ടും നിര്‍വഹിക്കുവാനുളള ഉള്‍ക്കടമായ ആശയുണ്ടെങ്കില്‍ അഞ്ച് വര്‍ഷത്തലൊരിക്കലാവുന്നതാണ് ഉചിതം. രണ്ട് ഗുണവശങ്ങളാണിത് നേടിതരുന്നത്. ഒന്ന്, സമ്പത്ത് ഇസ്‌ലാമിന് ഗുണകരമാവുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുവാനും ഇസ്‌ലാമിക പ്രബോധന രംഗത്ത് ചെലവഴിക്കാനും കഴിയുന്നു. ഇസ്‌ലാമിക രാഷ്ടങ്ങളിലുളളവര്‍ക്കും രാഷ്ട്രത്തിന് പുറത്തുളള ന്യൂനപക്ഷ മുസ്‌ലിംകള്‍ക്കും സഹായമായി തീരുന്നു. രണ്ട്, വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അനുയോജ്യമായ രീതിയില്‍ അവസരം ഒരുക്കി കൊടുക്കാന്‍ കഴിയുന്നു. തീര്‍ച്ചയായും, അവസരം നല്‍കലും പ്രയാസരഹിതമായ അന്തരീക്ഷം സൃഷ്ടിക്കലും ഉന്നതമായിട്ടുള്ള കാര്യങ്ങളാണ്. എല്ലാ പ്രവര്‍ത്തനവും ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടുന്നത്.

വിവ.അര്‍ശദ് കാരക്കാട്

Prev Post

ബാങ്കിലെ ശബളം കൊണ്ട് ഹജ്ജ് നിര്‍വഹിക്കാമോ?

Next Post

കഴിവുണ്ടായിട്ടും ഹജ്ജ് ചെയ്യാത്തവരുടെ വിധി

post-bars

Related post

You cannot copy content of this page