ജോലി ആവശ്യാര്‍ത്ഥം ഹറമിലെത്തിയവരുടെ ഹജ്ജ്
ചോദ്യം: കച്ചവടത്തിനുവേണ്ടിയോ, വേതനം ലഭിക്കുമെന്ന അടിസ്ഥാനത്തില്‍ ഹാജിമാര്‍ക്ക് സഹായത്തിനായോ, മറ്റു ജോലി ആവശ്യാര്‍ത്ഥമോ ഹറമിലെത്തയിവര്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന്റെ വിധിയെന്താണ്?
ഉത്തരം: വ്യത്യസ്ത രാഷ്ട്രങ്ങളില്‍ നിന്ന് ഹാജിമാരുടെ ശുശ്രൂഷക്കായി വന്നെത്തുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും, വെള്ളമെത്തിക്കുന്ന സഹായികളും, ഹാജിമാരുടെ സേവനത്തിനായി വന്നുചേരുന്നവരും(നിശ്ചിത വേതനം ലഭിക്കുമെന്ന അടിസ്ഥാനത്തില്‍), ഹജ്ജ് കരാറുമായി ഹറമിലെത്തുന്നുവരും ധാരാളമായി ഉന്നയിക്കാറുളള ചോദ്യമാണിത്. അതുപോലെ, മക്കയില്‍ ഭക്ഷണവും പഴവര്‍ഗങ്ങളും മറ്റും കച്ചവടം ചെയ്യുന്നവരും സമാന ചോദ്യം ഉന്നയിക്കാറുണ്ട്. ഇത്തരത്തിലുളളവര്‍ക്ക് വേതനം ലഭ്യമാവുകയോ അല്ലെങ്കില്‍ ലാഭമുണ്ടാവുകയോ ചെയ്യുന്നു. അതേസമയം അവര്‍ ഹജ്ജും നിര്‍വഹിക്കുന്നു. ഇതിന് ഇസ്‌ലാമിക ശരീഅത്ത് അനുവാദം നല്‍കുന്നുണ്ടോ? അവരുടെ ഹജ്ജ് പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി പരിഗണിക്കുമോ എന്നത് ന്യായമായ ഒരു സംശയമാണ്.
ഹജ്ജിന്റെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട അടിസ്ഥാന നിബന്ധനകള്‍ പാലിച്ച് കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ഹജ്ജ് സ്വീകാര്യമാണ്. അവരുടെ ഉദ്ദേശത്തെ മുന്‍നിര്‍ത്തി രക്ഷിതാവിങ്കല്‍ നിന്ന് പ്രതിഫലം ലഭ്യമാവുന്നതുമാണ്. എല്ലാ പ്രവര്‍ത്തനവും ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണല്ലോ സ്വീകരിക്കപ്പെടുന്നത്. നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു ഒരിക്കലും പാഴാക്കി കളയുകയുമില്ല. എന്നാല്‍, ഹജ്ജ് മാത്രം ലക്ഷ്യമാക്കി മക്കയിലെത്തിയവര്‍ക്ക് ഇത്തരക്കാര്‍ക്കുളള പ്രതിഫലമല്ല ലഭിക്കുന്നത്. അവര്‍ക്ക് പ്രത്യേക സ്ഥാനമാണുളളത് എന്ന് കൂടി മനസ്സിലാക്കണം.
വിവ.അര്‍ശദ് കാരക്കാട്