മാതാപിതാക്കൾക്കുവേണ്ടിയുള്ള മക്കളുടെ ഹജ്ജ്
ചോദ്യം- എന്റെ മാതാപിതാക്കൾ ഹജ്ജ് കർമം നിർവഹിക്കാതെ മരിച്ചുപോയി. അവർക്കുവേണ്ടി ഞാൻ ഹജ്ജ്കർമം നിർവഹിച്ചാൽ അവർക്ക് പ്രതിഫലം ലഭിക്കുമോ?
ഉത്തരം- ആരാധനകളുടെ – വിശിഷ്യാ ശാരീരികാരാധനകളുടെ – അടിസ്ഥാന സ്വഭാവം അവ സ്വയംനിർവഹിക്കുക എന്നുള്ളതാണ്. സ്വയം നിർവഹിക്കുവാൻ സാധിക്കാതെവരുന്നപക്ഷം അവരുടെ മരണാനന്തരം അവരുടെ മക്കൾക്ക് അത് നിർവഹിക്കാവുന്നതാണ്. “നിങ്ങളുടെ മക്കൾ നിങ്ങളുടെ പ്രയത്നഫലമാണ്’ എന്ന് തിരുദൂതർ പറയുകയുണ്ടായി. സന്താനങ്ങൾ മാതാപിതാക്കളുടെ തുടർച്ചയാണ്. കർമങ്ങളുടെ ഒരു ഭാഗമാണ്. മാതാപിതാക്കളുടെ മരണശേഷവും മക്കൾ അവരുടെ അനുബന്ധമായി ഗണിക്കപ്പെടുന്നു. ഒരു തിരുമൊഴി ഇപ്രകാരമുണ്ട്: “”മനുഷ്യൻ മരിച്ചാൽ മൂന്നുകാര്യങ്ങളൊഴിച്ച് അവന്റെ കർമങ്ങൾ മുറിഞ്ഞുപോകുന്നു. ശാശ്വത ദാനം, ഉപകാരപ്രദമായ വിജ്ഞാനം, തനിക്കുവേണ്ടി പ്രാർഥിക്കുന്ന സൽസന്തതി എന്നിവയാണ് മൂന്നുകാര്യങ്ങൾ.”( ബുഖാരി, മുസ്ലിം.)
നല്ല സന്തതി മാതാപിതാക്കളുടെ ജീവിതത്തിന്റെയും അസ്തിത്വത്തിന്റെയും ഒരനുബന്ധമാണ്. ഇക്കാരണത്താൽ മാതാപിതാക്കൾക്കുവേണ്ടി ഹജ്ജ്കർമം നിർവഹിക്കുവാൻ മക്കൾക്ക് അനുവാദമുണ്ട്. സ്വയം നിർവഹിക്കുന്നില്ലെങ്കിൽ മറ്റാരെയെങ്കിലും ചുമതലപ്പെടുത്താം. വാർധക്യത്താൽ ഹജ്ജ് ബാധ്യതയായിത്തീരുകയും വാഹനപ്പുറത്ത് സഞ്ചരിക്കുവാൻ സാധിക്കാതെ വന്നതിനാൽ അത് നിർവഹിക്കാതെ മരിച്ചുപോവുകയും ചെയ്ത സ്വന്തം പിതാവിനുവേണ്ടി തനിക്ക് ഹജ്ജ് നിർവഹിക്കാമോ എന്നന്വേഷിച്ച ഒരു വനിതക്ക് തിരുദൂതർ അതിന്ന് അനുമതി നൽകുകയുണ്ടായി. ഹജ്ജ് നിർവഹിക്കുവാൻ നേർച്ചയാക്കുകയും അത് പൂർത്തിയാക്കാതെ മരിച്ചുപോവുകയും ചെയ്ത തന്റെ മാതാവിന് വേണ്ടി ഹജ്ജ് ചെയ്യുവാൻ മറ്റൊരു സ്ത്രീക്കും പ്രവാചകൻ അനുവാദം നൽകി. എന്നിട്ടദ്ദേഹം ചോദിച്ചു: “”അവർക്ക് വല്ല കടബാധ്യതയും ഉണ്ടായിരുന്നെങ്കിൽ അതു നീയല്ലേ അടച്ചുവീട്ടുക?” ആ സ്ത്രീ പറഞ്ഞു: “”അതെ”. “”എന്നാലിതും വീട്ടിക്കോളൂ. കടബാധ്യത തീർത്തു കിട്ടുവാൻ ഏറ്റം അവകാശമുള്ളവനാണല്ലാഹു” -തിരുദൂതർ പറഞ്ഞു. “അല്ലാഹുവിന്റെ കടമാണ് വീട്ടപ്പെടാൻ ഏറ്റവും അർഹമായിട്ടുള്ളത്’ എന്നാണ് മറ്റൊരു നിവേദനത്തിലുള്ളത്.
ഭൗതിക രംഗങ്ങളിൽ പിതാവിന്റെ കടം വീട്ടാൻ മക്കൾ ബാധ്യസ്ഥരായതുപോലെ ആത്മീയവും ആരാധനാപരവുമായ കാര്യങ്ങളിലും അവർക്ക് ആ ബാധ്യതയുണ്ട്. അതിനാൽ, മകന്നോ മകൾക്കോ മാതാപിതാക്കൾക്കുവേണ്ടി ഹജ്ജ് ചെയ്യാം. ചുരുങ്ങിയത് അക്കാര്യം മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുകയാവാം. അപ്പോൾ ഏതു നാട്ടിൽവെച്ചാണോ പരേതന്ന് ഹജ്ജ് ബാധ്യതയായിത്തീർന്നത് അവിടെനിന്നു വേണം ഹജ്ജിന് പോകാൻ. എന്നാൽ മരിച്ചയാളുടെ സാമ്പത്തികസ്ഥിതി അനുവദിക്കാത്തതുമൂലം സ്വന്തം പണമുപയോഗിച്ചാണ് ഹജ്ജിന് പോകുന്നതെങ്കിൽ സൗകര്യമുള്ള ഏതു നാട്ടിൽ നിന്നും പോകാം. മകൻ സ്വന്തം ധനം വിനിയോഗിച്ച് മറ്റൊരാളെ ചുമതലപ്പെടുത്തുകയാണെങ്കിലും ഇങ്ങനെത്തന്നെ.