Back To Top

 മുസ്ദലിഫയിലെ രാപ്പാർപ്പ് എത്ര സമയം?

മുസ്ദലിഫയിലെ രാപ്പാർപ്പ് എത്ര സമയം?

Spread the love

ചോദ്യം- ഞാൻ എല്ലാ വർഷവും ഹജ്ജ് ചെയ്യാറുണ്ട്. പക്ഷേ, മുസ്ദലിഫയിൽ രാത്രി താമസിക്കാറില്ല. രണ്ടോ മൂന്നോ മണിക്കൂർ അവിടെ ചെലവഴിക്കും എന്നു മാത്രം. പത്തിനും പന്ത്രണ്ടിനും ഇടക്ക് പ്രായമുള്ള പുത്രിയെ എല്ലാ വർഷവും കൂടെ കൊണ്ടുപോകാറുണ്ട്. അവൾ ഹജ്ജിനും ഉംറക്കും ഇഹ്റാം കെട്ടും. രണ്ട് പ്രശ്നങ്ങളുടെയും വിധിയെന്താണ്?

ഉത്തരം- മുസ്ദലിഫയിലെ രാപ്പാർപ്പ് സംബന്ധമായി പണ്ഡിതർക്കിടയിൽ വിയോജിപ്പുണ്ട്. തിരുദൂതർ ചെയ്തതുപോലെ പുലരുവോളം അവിടെ താമസിക്കൽ നിർബന്ധമുണ്ടോ? അതോ മഗ്രിബും ഇശാഉം ഒന്നിച്ചു നമസ്കരിച്ചാൽ മാത്രം മതിയോ? ഹമ്പലീ മദ്ഹബ് അനുസരിച്ച് അർധരാത്രിവരെ മുസ്ദലിഫയിൽ തങ്ങേണ്ടതുണ്ട്. മാലികീ മദ്ഹബ് പ്രകാരം മഗ്രിബും ഇശാഉം ഒന്നിച്ച് നമസ്കരിക്കുവാനും അല്പം ഭക്ഷണം കഴിക്കാനും വേണ്ടുന്ന സമയം മാത്രമേ നില്ക്കേണ്ടതുള്ളൂ. പിന്നീട് യാത്ര തുടരാം.

മാലികീ വീക്ഷണമാണ് ഏറക്കുറെ സൗകര്യമെന്നു തോന്നുന്നു. ഇക്കാലത്ത് ഹജ്ജ്കർമം സുഗമമാക്കുന്ന കാര്യങ്ങളോടാണ് എനിക്ക് ചായ്വ്. ഹജ്ജ് കർമത്തിനെത്തുന്ന ആളുകളുടെ പ്രതിവർഷം ഏറിയേറിവരുന്ന സംഖ്യ കണക്കിലെടുത്താണിതു പറയുന്നത്. ഏറക്കുറെ സൗകര്യപ്രദമായ ഇൗ അഭിപ്രായം സ്വീകരിക്കാതിരിക്കുന്നത് ആളുകൾക്ക് വമ്പിച്ച ക്ലേശങ്ങൾ വരുത്തിവെക്കാനിടയാക്കും. മുസ്ദലിഫയിലെത്തുന്ന സർവജനങ്ങളോടും പുലരുംവരെ അവിടെത്തന്നെ താമസിക്കുക എന്നു നമുക്ക് പറയാനാവില്ല. കാരണം അരമില്യനിലേറെവരും അവരുടെ സംഖ്യ. വരും വർഷങ്ങളിൽ ഇനിയും വർധിച്ചെന്നുമിരിക്കും. ജനക്കൂട്ടങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി നീങ്ങിപ്പോയില്ലെങ്കിൽ വളരെ ബുദ്ധിമുട്ടുണ്ടാകും. ഇന്ന് മുസ്ദലിഫയിലനുഭവപ്പെടുന്ന തിരക്ക് നേരിട്ട് കാണാൻ ഗതകാല പണ്ഡിതർക്ക് കഴിഞ്ഞിരുന്നുവെങ്കിൽ അവരും നമ്മുടെ ഇൗ അഭിപ്രായം തന്നെ പറയുമായിരുന്നു. അല്ലാഹുവിന്റെ ദീൻ ക്ലേശം ലക്ഷ്യമാക്കുന്നില്ല. ഹജ്ജിലെ ഏതെങ്കിലുമൊരു കാര്യം ആദ്യമോ ഒടുവിലോ സൗകര്യംപോലെ ചെയ്യുന്നത് സംബന്ധിച്ച് ചോദിച്ചാൽ തിരുമേനി എപ്പോഴും പറഞ്ഞിരുന്ന മറുപടി, “ചെയ്തോളൂ, കുഴപ്പമില്ല’ എന്നായിരുന്നു. ജനങ്ങൾക്ക് സൗകര്യം നല്കുവാനായിരുന്നു ഇത്. അന്ന് ഇന്നത്തെപ്പോലെ ജനത്തിരക്കുണ്ടായിരുന്നില്ല എന്നുകൂടി ഒാർക്കുക.

ഇക്കാരണത്താൽ മഗ്രിബും ഇശാഉം ഒന്നിച്ചു നമസ്കരിക്കുവാനും ഭക്ഷണം കഴിക്കുവാനും വേണ്ട സമയം മാത്രമേ തീർഥാടകർ മുസ്ദലിഫയിൽ തങ്ങേണ്ടതുള്ളൂ എന്ന മാലികീ പണ്ഡിതരുടെ അഭിപ്രായം ഞാൻ സ്വീകരിക്കുന്നു; ഒപ്പം സ്ത്രീകളും കുട്ടികളുമുണ്ടെങ്കിൽ വിശേഷിച്ചും. ഇൗ നിലക്ക് തെണ്ടം ബാധ്യതയാകുന്നില്ല.

അടുത്തചോദ്യം: കൂടെയുള്ള പ്രായം തികയാത്ത കുട്ടിക്കുവേണ്ടി ഇഹ്റാം കെട്ടുകയും “തമത്തുഅ്'( ഉംറ നേരത്തെ ചെയ്ത് ഹജ്ജ് വരെ സൗകര്യം ഉപയോഗപ്പെടുത്തുക. ) സ്വീകരിക്കുകയുമാണെങ്കിൽ സാധ്യമായ ബലിനൽകേണ്ടതാകുന്നു. പ്രതിഫലം അവൾക്കും ലഭിക്കാൻ അത് ആവശ്യമാണ്. തനിക്കുവേണ്ടി ചെയ്യുന്ന മറ്റു കർമങ്ങളെല്ലാം അവൾക്കുവേണ്ടിയും ചെയ്യണം. പക്ഷേ, കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ അവൾ ഹജ്ജിന്റെ ബാധ്യതയിൽനിന്ന് മുക്തയാകുന്നില്ല. അവൾക്കും അവൾക്കുവേണ്ടി ഹജ്ജ് ചെയ്തയാൾക്കും പ്രതിഫലം ലഭിക്കും എന്നു മാത്രം. പെൺകുട്ടിയാണെങ്കിൽ പ്രായംകൊണ്ടോ ആർത്തവംകൊണ്ടോ, ആൺകുട്ടിയാണെങ്കിൽ പ്രായംകൊണ്ടോ സ്വപ്നസ്ഖലനംകൊണ്ടോ പ്രായപൂർത്തിയായെന്ന് ഉറപ്പായ ശേഷം ഹജ്ജ് നിർവഹിച്ചാൽ മാത്രമേ ഹജ്ജിന്റെ നിർബന്ധബാധ്യതയിൽനിന്ന് ഒഴിവാകൂ. കുട്ടിയെ കൈയിലേന്തിക്കൊണ്ടൊരു സ്ത്രീ തിരുദൂതരോട് ചോദിച്ചു: “തിരുദൂതരേ! ഇതിന് ഹജ്ജുണ്ടോ?’ അദ്ദേഹം പറഞ്ഞു: “ഉണ്ട്, നിങ്ങൾക്ക് പ്രതിഫലവുമുണ്ട്.’

Prev Post

ബലിയുടെ പൊരുളറിയുന്നവർ

Next Post

സ്ത്രീക്ക് ഏകയായി ഹജ്ജ് യാത്ര നടത്താമോ? അതോ നീട്ടിവെക്കേണ്ടതുണ്ടോ?

post-bars

Related post

You cannot copy content of this page