പതിനാലാം വയസ്സിൽ ഹജ്ജ് ചെയ്താൽ സ്വീകാര്യമാവുമോ?
ചോദ്യം- പതിനാലാം വയസ്സിൽ ഹജ്ജ് ചെയ്താൽ സ്വീകാര്യമാവുമോ? ഹജ്ജ് ചെയ്തശേഷം ചെയ്യുന്ന പാപകർമങ്ങൾ ഹജ്ജിനെ ബാത്വിലാക്കുമോ?
ഉത്തരം- പ്രായപൂർത്തിവന്നതായി സ്വപ്നസ്ഖലനത്തിലൂടെ അനുഭവപ്പെട്ടിട്ടില്ലെങ്കിൽ, പതിനാലാം വയസ്സിൽ ചെയ്യുന്ന ഹജ്ജ് നിർബന്ധ ഹജ്ജ് ആവില്ല. നിർബന്ധ ബാധ്യതയുള്ള ഹജ്ജ് പ്രായപൂർത്തിയായ ശേഷം നിർവഹിക്കേണ്ടതാണ്. ഒന്നുകിൽ പതിനഞ്ചു വയസ്സായി എന്നുറപ്പുവരുക, അല്ലെങ്കിൽ സ്ഖലനത്തിലൂടെ അത് സ്ഥിരീകരിക്കപ്പെടുക – ഇതാണ് പ്രായപൂർത്തിയുടെ മാനദണ്ഡം. പ്രായപൂർത്തി ഉറപ്പായ ശേഷം ഒരിക്കൽ ഹജ്ജ് നിർവഹിച്ചാൽ പിന്നീട് അത് ആവർത്തിച്ച് അനുഷ്ഠിക്കേണ്ടതില്ല.
ഹജ്ജ് നിർവഹിച്ചശേഷം ചെയ്യുന്ന പാപങ്ങൾ ഹജ്ജിനെ ബാത്വിലാക്കുന്നതല്ല. കാരണം, പാപകർമങ്ങൾ ചെയ്യുന്നതുകൊണ്ട് സത്കർമങ്ങൾ നിഷ്ഫലമാവില്ല. എന്നാൽ, അതിന്റെ പ്രതിഫലത്തിൽ കുറവ് സംഭവിക്കും. അല്ലാഹു ചെറുതും വലുതുമായ സർവകാര്യങ്ങളും വിചാരണ ചെയ്യും. സത്കർമങ്ങൾ തുലാസിന്റെ ഒരു തട്ടിലും ദുഷ്കൃത്യങ്ങൾ മറ്റൊന്നിലും. കൂടുതൽ ഭാരം ഏതിന്നാണോ അതനുസരിച്ചായിരിക്കും വിധി. “”ആർ അണുത്തൂക്കം നൻമ ചെയ്യുന്നുവോ അതവൻ കാണും. ആർ അണുത്തൂക്കം തിൻമ പ്രവർത്തിക്കുന്നുവോ അതും അവൻ കാണും. അന്ത്യദിനത്തിൽ നാം നീതിയുടെ തുലാസ് കൊണ്ടുവരും. ഒരാത്മാവിനോടും അശേഷം അക്രമം ചെയ്യുന്നതല്ല. വല്ലവരും ഒരു കടുകുമണിത്തൂക്കം ഹാജരാക്കിയിട്ടുണ്ടെങ്കിൽ അത് കണക്കാക്കുവാൻ മതിയായവനാണ് നാം.”
ഉദ്ദേശ്യശുദ്ധിയോടും ആത്മാർഥതയോടും കൂടി ഹജ്ജ്കർമം നിർവഹിക്കുവാനും അതിന്റെ സദ്ഫലം മനസ്സിലും ശരീരത്തിലും പ്രകടമാക്കുവാനുമാണ് മുസ്ലിം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. മുമ്പ് അയാൾ സ്വശരീരത്തോട് അക്രമം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ പശ്ചാത്തപിക്കുകയും പഴയ ജീവിതരീതി ആവർത്തിക്കാതിരിക്കുകയും വേണം. അയാളുടെ മനസ്സ് ശുദ്ധവും അല്ലാഹുവുമായുള്ള ബന്ധം ദൃഢവുമാകണം. അതാണ് ഉദ്ദേശ്യശുദ്ധിയും ആത്മാർഥതയുമുള്ള ഹജ്ജിന്റെ സദ്ഫലം. ചോദ്യകർത്താവ് പ്രായപൂർത്തിക്കു മുമ്പാണ് ഹജ്ജ്കർമം നിർവഹിച്ചതെങ്കിൽ വീണ്ടും ഹജ്ജ് ചെയ്തേ പറ്റൂ.