Back To Top

 കാൽനടയായുള്ള ഹജ്ജിനാണോ കൂടുതൽ പ്രതിഫലം ?

കാൽനടയായുള്ള ഹജ്ജിനാണോ കൂടുതൽ പ്രതിഫലം ?

Spread the love

ചോദ്യം- വിമാനത്തിലോ, കാറിലോ, കാൽനടയായോ ഹജ്ജിന്നു പോകേണ്ടത്? ഏതാണ് ശ്രേഷ്ഠം? പാകിസ്ഥാനിൽനിന്ന് ചിലർ കാൽനടയായി ഹജ്ജിന്നെത്തുകയുണ്ടായി. തങ്ങൾക്ക് വമ്പിച്ച പ്രതിഫലം കിട്ടുമെന്നവർ പറയുന്നു. ശരിയാണോ?

ഉത്തരം- ആരാധനകൾക്ക് കൂടുതൽ പ്രതിഫലം ലഭിക്കുന്നത്, അതിന്നു വേണ്ടി വരുന്ന ക്ലേശത്തെ മാത്രം ആധാരമാക്കിയല്ല. മറ്റു പല പരിഗണനകളുടെയും ഉപാധികളുടെയും അടിസ്ഥാനത്തിലാണ്. ആത്മാർഥതയും ഉദ്ദേശ്യശുദ്ധിയുമാണവയിൽ പ്രധാനം. ആരാധനാ കർമത്തിന്റെ മര്യാദകളും നിയമങ്ങളും സൂക്ഷ്മമായി പാലിക്കുന്നതും അതിൽ പെടുന്നു. ആരാധനക്ക് ആവശ്യമായി വരുന്ന ക്ലേശം അതിന്നു ശേഷമേ വരുന്നുള്ളൂ. അനുഷ്ഠാനകർമങ്ങളുടെ നിർവഹണത്തിന്ന് ഒരാൾ സഹിക്കുന്ന വമ്പിച്ച ക്ലേശങ്ങൾ അല്ലാഹു ഒരിക്കലും പാഴാക്കുന്നതല്ല. അത് പക്ഷേ, കൃത്രിമമായി ഉണ്ടാക്കുന്ന ക്ലേശങ്ങളാകരുത്. ഒരാളുടെ വീട്ടിന്നു സമീപത്തു തന്നെ പള്ളിയുണ്ടെന്നു സങ്കൽപിക്കുക. അതിലേക്കുള്ള ദൂരം അധികരിപ്പിക്കുന്നതിന്നും തദ്വാരാ പ്രതിഫലം വർധിപ്പിക്കുന്നതിന്നും വേണ്ടി അയാൾ ചുറ്റിക്കറങ്ങി വരണമോ? ഒരിക്കലും വേണ്ടതില്ല. മറിച്ച്, വീട് സ്വാഭാവികമായും പള്ളിയിൽ നിന്നകലെയാണെങ്കിൽ പള്ളിയിലെത്താനുദ്ദേശിച്ച് അയാൾ വെക്കുന്ന ഒാരോ ചുവടിനും പ്രതിഫലം ലഭിക്കുന്നു. ഒരിക്കൽ സലമ ഗോത്രം മദീനയുടെ പ്രാന്തത്തിലുള്ള ഭവനങ്ങളുപേക്ഷിച്ച് പള്ളിയുടെ സമീപത്തേക്ക് താമസം മാറ്റുവാനൊരുങ്ങി. പക്ഷേ, തിരുദൂതർ അതനുവദിച്ചില്ല. പള്ളിയിലെത്താനുദ്ദേശിച്ച് ചവിട്ടുന്ന ഒാരോ ചുവടിന്നും പ്രതിഫലം ലഭിക്കുമെന്ന് അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു. എന്നാൽ, പ്രതിഫലം ഉദ്ദേശിച്ച് കൂടുതൽ ചുവടുവെയ്ക്കുകയും കൂടിയ വഴിദൂരം സഞ്ചരിക്കുകയും ചെയ്യണമെന്ന് ഇതിന്നർഥമില്ല.

വിമാനത്തിൽ സഞ്ചരിക്കാൻ ധനശേഷിയില്ലാത്തതു കാരണം കാൽനടയായോ മൃഗങ്ങളുടെ പുറത്തോ കപ്പലിലോ വരുന്നവർക്ക് ഒട്ടും ക്ലേശം അനുഭവിക്കാതെ ഒന്നോ രണ്ടോ മണിക്കൂറിനകം ലക്ഷ്യസ്ഥാനത്തെത്തുന്നവരെക്കാൾ കൂടുതൽ പ്രതിഫലം ലഭിക്കുമെന്നതിൽ സംശയമില്ല. ക്ലേശം കൃത്രിമമായി ഉണ്ടാക്കിയതാവാതിരിക്കുക എന്നതാണ് പ്രധാനം. വിമാനത്തിലോ, കാറിലോ, ബസ്സിലോ വരാൻ ധനശേഷിയുള്ളവർ കാൽനടയായിവന്ന് കൃത്രിമ ക്ലേശങ്ങൾ അനുഭവിക്കുന്നത് ശരിയല്ല. മറ്റു നിവൃത്തിയില്ലാത്തതിനാൽ നേരിടേണ്ടിവരുന്ന ക്ലേശങ്ങൾക്കാണ് പ്രതിഫലം നൽകപ്പെടുന്നത്.

Prev Post

മസ്ജിദുന്നബവി ചരിത്രത്തിലൂടെ

Next Post

ഹജ്ജിന്റെ അന്തസ്സത്ത

post-bars

Related post

You cannot copy content of this page