Back To Top

 ഹജ്ജും ഉംറയും ആവർത്തിച്ചാവർത്തിച്ചനുഷ്ഠിക്കുന്നതാണോ ഉത്തമം

ഹജ്ജും ഉംറയും ആവർത്തിച്ചാവർത്തിച്ചനുഷ്ഠിക്കുന്നതാണോ ഉത്തമം

Spread the love

ചോദ്യം- ഹജ്ജ് കാലത്ത് തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരണമടയുന്നുവെങ്കിലും പ്രതിവർഷം ഹജ്ജിന്നുപോകാനും എല്ലാ റമദാനിലും ഉംറ ചെയ്യുവാനും വ്യഗ്രത കാണിക്കുന്ന ചിലരുണ്ട്. അത്തരക്കാർ ഹജ്ജിനും ഉംറക്കും വേണ്ടി ചെലവഴിക്കുന്ന പണം ദരിദ്രരെയും അഗതികളെയും സഹായിക്കുവാനും സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ധർമസ്ഥാപനങ്ങൾക്കും ഇസ്ലാമിക സ്ഥാപനങ്ങൾക്കും സംഭാവന നല്കുവാനും വിനിയോഗിക്കുന്നതല്ലേ ഉത്തമം? അതോ, ഏറെത്തവണ ഹജ്ജും ഉംറയും ചെയ്യുന്നതാണോ ദൈവമാർഗത്തിൽ, ഇസ്ലാമിക സേവന രംഗത്ത് പണം ചെലവു ചെയ്യുന്നതിലും പുണ്യം?

ഉത്തരം- മതത്തിന്റെ നിർബന്ധാനുഷ്ഠാനങ്ങളുടെ നിർവഹണം മുസ്ലിമിന്റെ പ്രഥമ ബാധ്യതയാണെന്നതിൽ തർക്കമില്ല- അത് ദീനിന്റെ അടിസ്ഥാന കാര്യമാവുമ്പോൾ വിശേഷിച്ചും. അതേസമയം എെഛിക കാര്യങ്ങൾ സ്വമേധയാ ചെയ്യുന്നത് അല്ലാഹുവിന് ഏറെ പ്രിയമുള്ളതാണ്. അത് ദൈവദാസനെ ദൈവതൃപ്തിയിലേക്ക് അടുപ്പിക്കുന്നു. ബുഖാരി ഉദ്ധരിച്ച ഖുദ്സിയ്യായ ഒരു ഹദീസിൽ ഇപ്രകാരം കാണാം: “”ഞാൻ നിർബന്ധമാക്കിയ കാര്യങ്ങൾക്ക് തുല്യമായ മറ്റൊന്നുകൊണ്ടും ഒരു ദാസന് ദൈവസാമീപ്യം സിദ്ധിക്കുന്നില്ല. എന്നാൽ ഐഛിക കാര്യങ്ങളുടെ അനുഷ്ഠാനംമൂലം ഞാനവനെ സ്നേഹിക്കുവോളം അവൻ എന്നിലേക്ക് അടുത്തുകൊണ്ടേയിരിക്കും. ഞാനവനെ സ്നേഹിച്ചുകഴിഞ്ഞാൽ ഞാനവന്റെ കണ്ണും കാതും ആയിത്തീരും.” ഇതോടൊപ്പം ഇസ്ലാമിക നിയമവ്യവസ്ഥയുടെ ചില അടിസ്ഥാനങ്ങളെക്കുറിച്ച് നാം മനസ്സിലാക്കേണ്ടതുണ്ട്. അവ ചുവടെ കൊടുക്കുന്നു:

ഒന്ന്: നിർബന്ധാനുഷ്ഠാനങ്ങൾ നിർവഹിക്കാതെ അല്ലാഹു ഐച്ഛിക കാര്യങ്ങൾ സ്വീകരിക്കുന്നതല്ല. ഇയ്യടിസ്ഥാനത്തിൽ നിർബന്ധമായ സകാത്ത് മുഴുവനായോ ഭാഗികമായോ നല്കാൻ ലുബ്ധുകാണിക്കുന്ന ചില ആളുകൾ നിർവഹിക്കുന്ന ഐച്ഛികമായ ഹജ്ജുകളും ഉംറകളും തിരസ്കരിക്കപ്പെടുന്നതായിരിക്കും. പണം ഹജ്ജിനും ഉംറക്കും വേണ്ടി വിനിയോഗിക്കുന്നതിനുമുമ്പ് തനിക്ക് ബാധ്യതയുള്ള സകാത്ത് അടച്ചുതീർക്കുകയാണ് വേണ്ടത്. അതുപോലെ പണം നല്കുന്നതിന് അവധി നിശ്ചയിച്ചുകൊണ്ട് വ്യാപാരം നടത്തുകയോ പണം കടം വാങ്ങുകയോ ചെയ്ത ഒരാൾ നിശ്ചിത അവധി കഴിഞ്ഞിട്ടും കടംവീട്ടാതെ എെച്ഛികമായ ഹജ്ജോ ഉംറയോ നിർവഹിക്കുന്നത് സാധുവല്ല.

രണ്ട്: ഒരു നിഷിദ്ധകർമത്തിലേക്ക് നയിക്കുന്ന ഐച്ഛികമായ അനുഷ്ഠാനം അല്ലാഹു സ്വീകരിക്കുകയില്ല. കാരണം, ഐച്ഛിക കർമം ചെയ്ത് പ്രതിഫലം നേടുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത് നിഷിദ്ധത്തിന്റെ പാപത്തിൽനിന്ന് രക്ഷനേടുന്നതിനാണ്. അപ്പോൾ എെച്ഛിക ഹജ്ജ്കർമത്തിനെത്തുന്നവരുടെ ആധിക്യം മൂലമാണ് മറ്റനേകം മുസ്ലിംകൾക്ക് ഉപദ്രവം-ദുസ്സഹമായ ക്ലേശം, രോഗപ്പകർച്ച, നിലത്തു ബോധരഹിതരായി വീഴുന്നവരെ അറിയാതെയോ അറിഞ്ഞാൽതന്നെ മറ്റു പോംവഴികളില്ലാത്തതിനാലോ ചവിട്ടിത്തേച്ചുപോവുക തുടങ്ങിയവക്ക് കാരണമാകുന്ന തിക്കും തിരക്കും- ഉണ്ടാകുന്നതെങ്കിൽ സാധ്യമായവിധം തിരക്കു കുറയ്ക്കൽ നിർബന്ധമാണ്. അതിനുള്ള ഒരു വഴി നിർബന്ധ ഹജ്ജ് കർമം നിർവഹിച്ചിട്ടില്ലാത്തവരുടെ സൗകര്യം പരിഗണിച്ച്, പല തവണ ഹജ്ജു ചെയ്തവർ ഹജ്ജിനെത്തുന്നത് വിലക്കുക എന്നതത്രേ.

ഇമാം ഗസ്സാലി (റ) തീർഥാടകർ പാലിക്കേണ്ടുന്ന ചില വ്യവസ്ഥകളെക്കുറിച്ച് പറയുന്നു: “”അവർ സ്വന്തം ധനം ചുങ്കമായി നൽകിക്കൊണ്ട് അല്ലാഹുവിന്റെ ശത്രുക്കളെ-അല്ലാഹുവിന്റെ ഭവനത്തെ വിലങ്ങുന്ന മക്കയിലെ ഭരണാധികാരികളും വഴിയിൽ പതിയിരിക്കുന്ന മരുഭൂവാസികളായ അറബികളും- സഹായിക്കരുത്. അവർക്കു പണം നൽകുന്നത് അക്രമത്തിനു കൂട്ടുനിൽക്കലും അവരുടെ വഴി സുഗമമാക്കിക്കൊടുക്കലുമാണ്. സ്വയം അക്രമം ചെയ്യുന്നതിന് തുല്യമാണത്. അതിനാൽ, രക്ഷപ്പെടാൻ എന്തെങ്കിലും തന്ത്രം കരുതിക്കൊള്ളട്ടെ. അതു സാധിച്ചില്ലെങ്കിൽ എെഛികമായ ഹജ്ജ് ഉപേക്ഷിച്ച് വഴിക്കുവെച്ച് മടങ്ങുന്നതാണ് അക്രമത്തിനു കൂട്ടുനിൽക്കുന്നതിനേക്കാളുത്തമം എന്ന് ചില കർമശാസ്ത്രജ്ഞൻമാർ പറഞ്ഞിട്ടുണ്ട്. അവർ പറഞ്ഞതിൽ തെറ്റില്ല. തന്നിൽനിന്ന് അത് നിർബന്ധപൂർവ്വം പിടിച്ചെടുക്കുകയാണല്ലോ എന്ന് വാദിക്കുന്നതിലർഥമില്ല. അയാൾ വീട്ടിൽ ഇരിക്കുകയോ വഴിക്കുവെച്ച് മടങ്ങുകയോ ആണെങ്കിൽ അയാളിൽനിന്ന് ഒന്നും പിടിച്ചെടുക്കപ്പെടുകയില്ലല്ലോ. ഒരു നിർബന്ധിത സാഹചര്യത്തിലേക്ക് അയാളെ കൊണ്ടുപോവുന്നത് അയാൾ തന്നെയാണ്.”( ഇഹ് യ പു. 1 പേ. 236)

ഇൗ ഉദ്ധരണിയിൽനിന്ന് നമുക്ക് ഗ്രഹിക്കാവുന്നത് ഇതാണ്: എെഛികമായ ഹജ്ജ് നിർവഹണത്തിന്റെ പേരിൽ നിഷിദ്ധം പ്രവർത്തിക്കേണ്ടിവരുകയോ പരോക്ഷമായെങ്കിലും അതിന് സഹായിയായിത്തീരുകയോ ചെയ്യുന്ന സാഹചര്യത്തിൽ സ്വനാഥന്റെ സാമീപ്യം നേടാൻ ശ്രമിക്കുന്ന മുസ്ലിമിന് അതുപേക്ഷിക്കലാണുത്തമം.

മൂന്ന്: ദൂഷ്യം തടയുന്നതിനാണ് സുകൃതം ചെയ്യുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത്. ദൂഷ്യം സാമൂഹിക വ്യാപ്തിയുള്ളതും സുകൃതം വ്യക്തിയിൽ പരിമിതപ്പെട്ടതുമാവുമ്പോൾ വിശേഷിച്ചും. നിരവധി തവണ തീർഥാടനം നിർവഹിക്കുന്നതിൽ വ്യക്തിക്ക് ഗുണമുണ്ടാകാം. പക്ഷേ, അതുമൂലം ലക്ഷക്കണക്കിൽ തീർഥാടകർക്ക് പ്രയാസമുണ്ടാക്കുന്ന സാമൂഹിക വ്യാപ്തിയുള്ള ദൂഷ്യമുണ്ടെങ്കിൽ, അത് തടയപ്പെടേണ്ടതുണ്ട്. പ്രസ്തുത ദൂഷ്യത്തിന് കാരണമാകുന്ന ജനബാഹുല്യം തടയുക വഴി അതു സാധിക്കാം.

നാല്: എെഛിക കർമങ്ങൾ ചെയ്ത് പുണ്യം നേടാവുന്ന മേഖല വളരെയേറെ വിശാലമാണ്. അതിൽ അല്ലാഹു സ്വദാസൻമാർക്ക് ഇടുക്കം സൃഷ്ടിച്ചിട്ടില്ല. ഉൾക്കാഴ്ചയുള്ള വിശ്വാസി അവയിൽനിന്ന് സന്ദർഭത്തിനിണങ്ങിയതും കാലം ആവശ്യപ്പെടുന്നതും തെരഞ്ഞെടുക്കുന്നു. എെഛിക ഹജ്ജ് കർമം മറ്റു മുസ്ലിംകൾക്ക് വിഷമവും ബുദ്ധിമുട്ടും സൃഷ്ടിക്കുന്നുവെങ്കിൽ അല്ലാഹു സ്വദാസൻമാർക്ക് സൃഷ്ടിച്ചുകൊടുത്തിട്ടുള്ള വിശാലമായ ഇതര മേഖലകളുണ്ട്. അതുപയോഗിച്ച് പരദ്രോഹം ചെയ്യാതെ തന്നെ ദൈവസാമീപ്യം തേടാവുന്നതാണ്.

ദരിദ്രർക്കും അഗതികൾക്കും ദാനം ചെയ്യുക എന്നത് അവയിലൊന്നാണ്- വിശിഷ്യാ സ്വകുടുംബങ്ങളും ബന്ധുക്കളുമായ ദരിദ്രർക്ക്. തിരുദൂതർ പറയുന്നു: “”അഗതിക്ക് ദാനം നൽകുന്നത് പുണ്യമാണ്. രക്തബന്ധുക്കൾക്ക് ദാനം ചെയ്യുന്നതിൽ രണ്ട് പുണ്യമുണ്ട്; ദാനത്തിന്റെയും സ്വകുടുംബബന്ധം ചാർത്തിയതിന്റെയും.” ബന്ധുക്കൾ ദരിദ്രരും താൻ ധനികനുമായിരിക്കുമ്പോൾ അവർക്ക് ദാനം നൽകൽ നിർബന്ധമായിത്തീരും. മറ്റൊരു കൂട്ടരാണ് ദരിദ്രരായ അയൽവാസികൾ. മുസ്ലിംകൾ എന്നതിനു പുറമേ അയൽവാസികൾ എന്ന നിലയിലും അവർക്ക് അവകാശമുണ്ട്. അവരെ സഹായിക്കുക എന്നത് പലപ്പോഴും നിർബന്ധത്തിന്റെ പദവിയിലേക്ക് ഉയരാം. അപ്പോൾ അതിൽ വീഴ്ച വരുത്തുന്നത് കുറ്റകരമായിരിക്കും. ഇതുകൊണ്ടാണ് “”അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ സത്യവിശ്വാസിയല്ല” എന്ന് തിരുദൂതർ പറഞ്ഞത്.

ദീനീ സംഘടനകൾ, ഇസ്ലാമിക കേന്ദ്രങ്ങൾ, ഖുർആൻ പാഠശാലകൾ, ഇസ്ലാമിക സേവനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങൾ തുടങ്ങി ധാരാളം രംഗങ്ങളുണ്ട്. പണത്തിന്റെ കമ്മി നിമിത്തം അവയിൽ പലതും ഇഴഞ്ഞുനീങ്ങുകയാണ്. അതേസമയം കൈ്രസ്തവ മിഷനറികൾ ലക്ഷങ്ങളും കോടികളും മുടക്കി അവയ്ക്കെതിരെ ഗൂഢതന്ത്രങ്ങൾ പയറ്റുന്നു. അവ ഇസ്ലാമിനെതിരെ ഹീനമായ കുപ്രചാരണങ്ങൾ അഴിച്ചുവിടുകയും മുസ്ലിംകളെ ഇസ്ലാമിൽ നിന്നകറ്റാനും മുസ്ലിംകളുടെ ഐക്യം തകർക്കാനും ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഇസ്ലാമിക പ്രവർത്തനത്തെ ബാധിക്കുന്ന മാന്ദ്യഹേതു മുസ്ലിംകളുടെ സാമ്പത്തിക പരാധീനതയല്ല. ഇസ്ലാമിക രാഷ്ട്രങ്ങളിൽ പലതുമിന്ന് അതിസമ്പന്നങ്ങളാണ്. അവിടെ ഉദാരരും ധർമിഷ്ഠരുമായ മുസ്ലിംകൾ ഇല്ലാത്തതുമല്ല കുഴപ്പം. മുസ്ലിംകൾ ധാരാളമായി സത്കാര്യങ്ങളിൽ ചെലവഴിക്കുന്നവരാണ്, പക്ഷേ, അവിയിലേറെയും അസ്ഥാനത്ത് വിനിയോഗിക്കപ്പെടുന്നുവെന്നതാണ് പ്രശ്നം.

വർഷംതോറും ഹജ്ജും ഉംറയും ചെയ്യുന്ന ലക്ഷക്കണക്കിനാളുകൾ അതിൽ വിനിയോഗിക്കുന്ന പണം ഇസ്ലാമികമായ വല്ല പദ്ധതിയും ആരംഭിക്കുവാനോ നിലവിലുള്ള പദ്ധതികളെ സഹായിക്കുവാനോ അവയുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കുവാനോ നീക്കിവെച്ചിരുന്നെങ്കിൽ അത് മുസ്ലിംകൾക്ക് പൊതുവിൽ ഗുണകരമായ കാര്യമാകുമായിരുന്നു. മാത്രമല്ല. മിഷനറികൾ, കമ്യൂണിസ്റ്റുകൾ തുടങ്ങിയ സർവകാര്യങ്ങളിലും പരസ്പരം ഭിന്നിക്കുകയും യഥാർഥ ഇസ്ലാമിക ശക്തികളെ എതിർക്കുകയും അതിന്റെ മുന്നേറ്റം തടയുകയും സർവമാർഗേണയും മുസ്ലിം സമൂഹത്തെ ശിഥിലമാക്കുകയും ചെയ്യുന്നതിൽ മാത്രം ഒന്നിക്കുകയും ചെയ്യുന്ന പാശ്ചാത്യവും പൗരസ്ത്യവുമായ സർവ മതവിരുദ്ധശക്തികളുടെയും മുമ്പിൽ പിടിച്ചുനിൽക്കാനുള്ള മനക്കരുത്ത് ഇസ്ലാമിക പ്രബോധന രംഗത്ത് ആത്മാർഥ സേവനമനുഷ്ഠിക്കുന്ന ധർമഭടൻമാർക്ക് പ്രദാനം ചെയ്യാനും അത് ഉതകിയേനെ.

ഹജ്ജും ഉംറയും ആവർത്തിച്ചാവർത്തിച്ചനുഷ്ഠിക്കുന്നതിൽ വ്യഗ്രരായ, കറയറ്റ മതഭക്തി പുലർത്തുന്ന സഹോദരങ്ങളോട് എനിക്കുള്ള ഉപദേശം ഇതാണ്. ഇനി, ഒന്നിലേറെ ഹജ്ജും ഉംറയും നിർവഹിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടെങ്കിലത് അഞ്ചുവർഷത്തിലൊരിക്കൽ എന്ന തോതിൽ ആയിക്കൊള്ളട്ടെ. അതുവഴി രണ്ട് വൻനേട്ടങ്ങളുണ്ട്. ഒന്ന്: അതിൽനിന്ന് ലഭിക്കുന്ന പണം സാമൂഹിക സേവനത്തിന്റെയും ഇസ്ലാമിക പ്രബോധനത്തിന്റെയും മാർഗത്തിൽ വിനിയോഗിക്കാവുന്നതാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലെ മർദിത മുസ്ലിം ന്യൂനപക്ഷങ്ങൾക്കും അതു പ്രയോജനപ്പെടും.

രണ്ട്: അതുവഴി തങ്ങളുടെ മേൽ നിർബന്ധ ബാധ്യതയായിത്തീർന്ന ഹജ്ജ്കർമം നിർവഹിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഇതര മുസ്ലിംകൾക്ക് കൂടുതൽ സൗകര്യം നൽകുവാൻ സാധിക്കും. ഇൗ വിഭാഗത്തിന് സൗകര്യം ചെയ്തുകൊടുക്കുകയും തീർഥാടകർക്ക് പൊതുവേതന്നെ അനുഭവപ്പെടുന്ന തിക്കുംതിരക്കും കുറയ്ക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഐഛികമായ ഹജ്ജ്കർമം ഉപേക്ഷിക്കുന്നത് അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്ന ത്യാഗമാണെന്നതിൽ മതവിജ്ഞാനമുള്ളവരാരും ശങ്കിക്കുകയില്ല. “ഒാരോ മനുഷ്യന്നും തന്റെ ഉദ്ദേശ്യമനുസരിച്ചാണ് പ്രതിഫലം നൽകപ്പെടുന്നത്.’

Prev Post

ഹജ്ജ് സംശയങ്ങള്‍ക്ക് മറുപടി

Next Post

നബിയുടെ ഹജ്ജ്

post-bars

Related post

You cannot copy content of this page