മഖാമു ഇബ്റാഹീം എന്താണ് ? ഇസ്ലാമിൽ അതിന്റെ സ്ഥാനവും?
ചോദ്യം- കഅ്ബാ പ്രദക്ഷിണത്തിന് കൂടുതൽ സ്ഥലസൗകര്യം ലഭിക്കുന്നതിനുവേണ്ടി മഖാമു ഇബ്റാഹീം ഇപ്പോൾ സ്ഥിതിചെയ്യുന്ന ഇടത്തുനിന്ന് മസ്ജിദുൽ ഹറാമിൽത്തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് ശർഇയായ വല്ല തടസ്സവുമുണ്ടോ?
ഉത്തരം- ആദ്യം എന്താണീ “മഖാമു ഇബ്റാഹീം’ എന്നു നോക്കാം. ഒരിക്കൽ മക്കയിലെത്തിയ ഇബ്റാഹീമി(അ)നെ പുത്രൻ ഇസ്മാഇൗലി(അ)ന്റെ പത്നി സ്വീകരിക്കുകയും ശിരസ്സിൽ വെള്ളമൊഴിച്ച് കഴുകിക്കൊടുക്കുകയുമുണ്ടായി. അതിനുവേണ്ടി ആ സ്ത്രീ ഒരു ശില കൊണ്ടുവന്നു. വലതുകാൽ അതിൻമേലുയർത്തിവെച്ച് ഇബ്റാഹീം (അ) ശിരസ്സിന്റെ ഒരു പാതി പുത്രപത്നിയുടെ നേർക്ക് ചെരിച്ചുവെച്ചു. ആ ഭാഗം കഴുകിയശേഷം ശില മറുഭാഗത്തേക്ക് മാറ്റി കാൽ അതിലെടുത്തുവെച്ച് ശിരസ്സിന്റെ മറുഭാഗം ചെരിച്ചു. ഇൗ ശിലയാണ് പിന്നീട് “മഖാമു ഇബ്റാഹീം’ (ഇബ്റാഹീം നിന്ന സ്ഥലം) എന്ന പേരിൽ അറിയപ്പെട്ടത്. ഇതൊരു നിവേദനം.
മറ്റു ചിലരുടെ അഭിപ്രായം ഇങ്ങനെയാണ്: കഅ്ബ പണിയുകയായിരുന്നു ഇബ്റാഹീം. ഇസ്മാഇൗൽ കല്ലുകൾ എത്തിച്ചുകൊടുക്കുന്നു. ജോലി പുരോഗമിക്കവെ, ഉയർന്ന ചുവരുകളിൽ കല്ലുകൾ വെക്കാൻ ഇബ്റാഹീമിന് പൊക്കം പോരാതെ വന്നു. അദ്ദേഹം ഒരു കല്ലിൽ കയറിനിന്ന് പൊക്കം കൂട്ടി ജോലി തുടർന്നു… ഇൗ സംഭവം ഉദ്ധരിച്ച ശേഷം നിവേദകർ പറയുന്നു: ഇൗ ശിലയാണ് “മഖാമു ഇബ്റാഹീം.’ ഭൂരിപക്ഷം പണ്ഡിതരും സ്വീകരിക്കുന്ന നിവേദനവും ഇതുതന്നെ.
മൂന്നാമത്തെ വീക്ഷണം ഇപ്രകാരമാണ്: ഇബ്നു അബ്ബാസ് പറയുന്നു: ഹജ്ജ് കർമം മുഴുവനും “മഖാമു ഇബ്റാഹീ’മാണ്….. അറഫ ഇബ്റാഹീം നിന്ന സ്ഥലമാണ്; കല്ലെറിയുന്നയിടം ഇബ്റാഹീം നിന്ന സ്ഥലമാണ്. പ്രദക്ഷിണം, ഒാട്ടം തുടങ്ങി ഹജ്ജിലെ ചടങ്ങുകളെല്ലാം “മഖാമു ഇബ്റാഹീം’ ആണ്. വെളിച്ചം കിട്ടിയ ഒരു ബുദ്ധിയിൽനിന്നും വേരുറച്ച ജ്ഞാനത്തിൽനിന്നും വരുന്ന നല്ല ഒരഭിപ്രായം.
അല്ലാഹുവിനോടുള്ള ബാധ്യത നിർവഹിക്കുവാൻ ഇബ്റാഹീം എവിടെയെല്ലാം ചരിച്ചുവോ അവയെല്ലാം ഇബ്റാഹീമിന്റെ “മഖാമു’കൾതന്നെ. അദ്ദേഹം സ്വപുത്രനോടൊത്ത് മക്കയിൽ പലായനം ചെയ്തെത്തി. ദൈവകല്പന പ്രകാരം അദ്ദേഹം അവിടെ ദൈവഭവനം പണിതു; പുത്രനെ ബലി നല്കാൻ മുതിർന്നു… അങ്ങനെ എത്രയോ സംഭവങ്ങൾ. കഅ്ബ പണിയുമ്പോൾ അദ്ദേഹം കയറിനിന്ന ഇൗ ശില ആ മഖാമുകളിലൊന്നാണ്. അതിനാൽ അതിനെ “മഖാമു ഇബ്റാഹീം’ എന്നു വിളിക്കുന്നു. മുസ്ലിം ജാബിറിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം: തിരുദൂതർ ദൈവഭവനം ദൃഷ്ടിയിൽപ്പെട്ടപ്പോൾ അതിനെ അഭിവാദ്യം ചെയ്തു. തുടർന്ന് മൂന്നുതവണ ധൃതിയിലും നാലുതവണ സാവധാനത്തിലും നടന്ന് അതിനെ പ്രദക്ഷിണം ചെയ്തു. പിന്നീട് മഖാമു ഇബ്റാഹീമിനെ സമീപിച്ചു. “മഖാമു ഇബ്റാഹീമിനെ നമസ്കാരസ്ഥലമാക്കുക’ എന്ന് പാരായണം ചെയ്ത് രണ്ട് റക്അത്ത് നമസ്കരിച്ചു. അവയിൽ അൽ കാഫിറൂൻ, അൽ ഇഖ്ലാസ് എന്നീ അധ്യായങ്ങൾ പാരായണം ചെയ്തു.
ഇൗ ശില മുമ്പ് കഅ്ബയുടെ ചുവരിനോട് ചേർന്നാണ് കിടന്നിരുന്നത്. തിരുദൂതരുടെയും അബൂബക്ർ സിദ്ദീഖിന്റെയും കാലത്തും ഉമറിന്റെ ഭരണത്തിൽ അല്പകാലവും അത് അപ്പടി ശേഷിച്ചു. ശിലയുടെ കിടപ്പ് കഅ്ബാ പ്രദക്ഷിണത്തിന് ചെറിയതോതിൽ വിഷമമുണ്ടാക്കുന്നുവെന്നും ജനങ്ങൾക്ക് കഅ്ബയുടെ ചുവരുകളെ സമീപിക്കാൻ അത് അസൗകര്യമാണെന്നും പ്രദക്ഷിണം ചെയ്യുന്നവർ മഖാമിന്നടുത്തുവെച്ച് നമസ്കരിക്കുന്നവർക്ക് പ്രയാസങ്ങളുണ്ടാക്കുന്നുവെന്നും കണ്ട ഉമർ അത് തൽസ്ഥാനത്തുനിന്ന് കിഴക്കുഭാഗത്തേക്ക് മാറ്റിസ്ഥാപിച്ചു. ( ഏതാനും വർഷങ്ങൾക്കുമുമ്പ് അതിന് വീണ്ടും സ്ഥാനഭ്രംശം ഉണ്ടായി. ) ഇന്ന് കഅ്ബക്കു ചുറ്റുമുള്ള പ്രദക്ഷിണവൃത്തം വിശാലമായിട്ടുണ്ട്. മഖാം പ്രസ്തുത പ്രദക്ഷിണ വൃത്തത്തിലാണിപ്പോഴുള്ളത്. തൻമൂലം പ്രദക്ഷിണം വെക്കുന്നവർക്ക് അത് അസൗകര്യമാണെന്ന് മാത്രമല്ല, അവർ മഖാമിന്നടുത്ത് നമസ്കരിക്കുന്നവർക്ക് പ്രശ്നമാവുകയും ചെയ്യുന്നു. നാം ഉമറിനെപ്പോലെ ചിന്തിക്കാൻ നിർബന്ധിതരായിത്തീരുന്നുവെന്നതാണ് ഫലം. അനിവാര്യമായ കാരണങ്ങളാൽ ഉമർ മഖാമു ഇബ്റാഹീം മാറ്റിസ്ഥാപിച്ചു. അതേ അനിവാര്യത മൂലം നമുക്കും അത് ചെയ്യാമോ?
ഇവിടെ ഒരു വിഭാഗത്തെ സൂക്ഷ്മത കീഴടക്കുന്നു. നാമാര്? ഉമർ ആര്? ഉമർ അങ്ങനെ ചെയ്തുവെന്നത് ശരി. ഉമറിന്റെ പ്രവൃത്തിക്ക് സാക്ഷ്യംവഹിക്കാൻ തിരുദൂതരുടെ അനുചരൻമാരുണ്ടായിരുന്നു; അവരുടെ പിൻബലമുണ്ടായിരുന്നു. ആരും അദ്ദേഹത്തിന്റെ പ്രവൃത്തിയെ എതിർത്തില്ല. സമുദായം തലമുറകളായി സൂക്ഷ്മതയോടെ സ്വീകരിച്ചംഗീകരിച്ചുപോരുന്ന ഭിന്നാഭിപ്രായമില്ലാത്ത ഒന്നായിരുന്നു അത്. സഹാബികൾ തൃപ്തിപ്പെട്ടതും ഇന്നോളം തുടർന്നുവരുന്നതുമായ ഒരിടത്തുനിന്ന് “മഖാം’ മാറ്റാൻ നമുക്ക് പാടില്ല. ഇന്നോളമാരും മാറ്റമുദ്ദേശിച്ച് അത് സ്പർശിച്ചിട്ടുമില്ല. കഅ്ബക്കുപോലും വമ്പിച്ച മാറ്റങ്ങൾ സംഭവിച്ചിട്ടും ചിലരുടെ വാദം ഇങ്ങനെയാണ്!
ന്യായമായ ഒരു വാദം തന്നെ. അതിലന്തർലീനമായ വികാരം സ്തുതിക്കപ്പെടേണ്ടതുമാണ്. പക്ഷേ, ഇൗയുള്ളവൻ ചിലത് പറയാനുദ്ദേശിക്കുന്നു. ഉമർ മഖാം മാറ്റിയത് ന്യായമായ ചില കാരണങ്ങളാലാണ്-അനിവാര്യമായ ഘട്ടത്തിൽ. സഹാബികളെല്ലാം ഉമറിനോട് യോജിച്ചു. ഇന്ന് നിലനില്ക്കുന്ന കാരണങ്ങളോ, അന്നത്തേതുതന്നെ. ഉമർ ഇന്ന് ജീവിച്ചിരിക്കുകയും ഇൗ അനിവാര്യത നേരിടുകയുമാണെങ്കിൽ മുമ്പ് മാറ്റിയതുപോലെ ഒരിക്കൽ കൂടി മഖാം മാറ്റുന്നതിൽ തെറ്റു കാണുമോ? സഹാബികളുടെ മാതൃക സ്വീകരിക്കേണ്ട ബാധ്യത നമുക്കില്ലേ? പ്രശ്നങ്ങൾ നേരിട്ടപ്പോൾ അവർ ചെയ്തതു തന്നെ, അതേ പ്രശ്നങ്ങൾ നമുക്ക് നേരിട്ടാൽ നാമും ചെയ്യണമെന്നല്ലേ അതിന്റെ താത്പര്യം?
പ്രദക്ഷിണവൃത്തത്തിൽ ഇടുക്കം അനുഭവപ്പെടാറുണ്ട് എന്നതിൽ സംശയമില്ല. ഹജ്ജ് ചെയ്യുവാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവർ അവിടത്തെ തിക്കും തിരക്കും അനുഭവിച്ചിരിക്കും. അതിൽപ്പെട്ട് ഉന്തും തള്ളുമേല്ക്കേണ്ടിവരുന്ന സ്ത്രീകളുടെ കഷ്ടപ്പാട് അവർ ഒാർക്കുന്നുണ്ടാകും. തിരുദൂതരുടെ ചര്യകളിലൊന്നായ ത്വവാഫിലെ ധൃതിവെച്ച നടത്തം തിരക്കുമൂലം നിഷ്ഫലമായിപ്പോകുന്നതും അവർ മറക്കാനിടയില്ല. അതിനാൽ തീർഥാടകരുടെ സൗകര്യത്തിനും അവരുടെ ക്ലേശം കുറക്കുന്നതിനും തിരുദൂതർ നിശ്ചയിച്ച രൂപത്തിൽത്തന്നെ ത്വവാഫ് പൂർത്തിയാക്കുന്നതിനും പ്രദക്ഷിണവൃത്തം വിശാലമാക്കുന്നത് ഉദാരമായ നമ്മുടെ ദീൻ സ്വാഗതം ചെയ്യുമെന്നതിൽ സംശയില്ല. പക്ഷേ, പ്രദക്ഷിണവൃത്തം വിശാലമാക്കുമ്പോൾ മഖാം അതിൽപ്പെടും. മഖാം അതിൽ ശേഷിച്ചാൽ ഉറപ്പായും വന്നുചേരുന്ന ഒരു അപകടത്തിന് നാം സ്വയം വിട്ടുകൊടുക്കുകയാവും ഫലം.
ഇബ്റാഹീമിന്റെ മഖാമിൽവെച്ച് നമസ്കരിക്കണമെന്ന് അല്ലാഹുവിന്റെ അരുളപ്പാടുണ്ട്. വിശാലമാക്കപ്പെടുന്ന വൃത്തത്തിലൂടെയുള്ള പ്രദക്ഷിണം ഒന്നുകിൽ നമസ്കരിക്കാനുള്ള ദൈവകല്പനയെ നിഷ്ഫലമാക്കും. അല്ലെങ്കിൽ ഭയഭക്തിയോ അടക്കമോ ഇല്ലാതെ ദ്രുതഗതിയിൽ നമസ്കാരം അനുഷ്ഠിക്കേണ്ടതായി വരും. രണ്ടും ശർഇന്റെ അംഗീകാരമില്ലാത്ത കാര്യങ്ങൾ. കൂടുതൽ അപകടകാരിയായ ഒരു ദോഷം തടുക്കാനല്ലാതെ രണ്ടും ശരീഅത്ത് അനുവദിക്കുന്നില്ല. മഖാമിന്റെ സ്ഥാനം മാറുന്നത് ഹജ്ജിലെ കർമങ്ങൾക്ക് ഏതെങ്കിലും നിലയിൽ ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കാൻ ആർക്കും സാധ്യവുമല്ല.
ഇവിടെ ശ്രദ്ധേയമായ രണ്ട് കാര്യങ്ങൾ ഉണർത്തട്ടെ:
ഒന്ന്: ഉമർ(റ) മഖാമു ഇബ്റാഹീം മാറ്റിസ്ഥാപിക്കുമ്പോൾ അത് കഅ്ബയുടെ ചുവരിനോട് ചേർന്നു കിടക്കുകയായിരുന്നു. ആ സ്ഥാനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. എന്നിട്ടും അദ്ദേഹം അത് അവിടെനിന്നും ദൂരേക്ക് മാറ്റി. ഇന്നും നാം ചെയ്യാനുദ്ദേശിക്കുന്ന മാറ്റത്തിൽ അത്രയും പ്രധാനപ്പെട്ട ഒരു സ്ഥാനം അതിന്ന് നഷ്ടപ്പെടുവാനില്ല.
രണ്ട്: മഖാമു ഇബ്റാഹീം മാറ്റിസ്ഥാപിക്കാൻ ഉമർ തീരുമാനിക്കുമ്പോൾ ഇബ്റാഹീം (അ) സ്വകരങ്ങൾകൊണ്ട് വെച്ചതും കഅ്ബ നിർമിക്കാൻ വേണ്ടി കയറിനിന്നതുമായ യഥാർഥ സ്ഥാനത്താണ് അതുണ്ടായിരുന്നത്. പവിത്രമായ ചരിത്രസ്മരണകൾ ഉറങ്ങിക്കിടന്ന സ്ഥലം. ഉമറാകട്ടെ, ഇബ്റാഹീം(അ) നിന്ന യാഥാർഥ സ്ഥലത്തുനിന്നും അദ്ദേഹം നിന്നതല്ലാത്ത ഒരിടത്ത് അത് സ്ഥാപിക്കുകയാണുണ്ടായത്. ഇന്നു നാം അത് ചെയ്യുമ്പോൾ അത്തരം ഒരനുഭവം ഉണ്ടാകാനില്ല.
ഇതെല്ലാം കാണിക്കുന്നത് ശിലയുടെ പഴയ സ്ഥാനം, “ഇബ്റാഹീം നിന്ന സ്ഥലത്തെ നമസ്കാര സ്ഥലമാക്കുക’ എന്ന ഖുർആൻ സൂക്തം അവതരിക്കുന്നതിനുമുമ്പു തന്നെ, മഖാമു ഇബ്റാഹീം എന്ന പേരിൽ ആളുകൾക്ക് സുപരിചിതമായിരുന്നു എന്നാണ്. സുക്തം അവതരിച്ചപ്പോൾ, ശില കിടന്നിരുന്ന കഅ്ബയുടെ ചുവരിനോട് ചേർന്ന ആ സ്ഥാനമല്ലാതെ ജനഹൃദയങ്ങളിൽ തെളിഞ്ഞിരുന്നില്ല. ഒരിക്കൽ കഅ്ബ ത്വവാഫ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റസൂൽ തിരുമേനി പ്രസ്തുത ശിലയെ കടന്നുപോകവെ ഉമർ ചോദിച്ചു: “”ഇതല്ലേ നമ്മുടെ പിതാവായ ഇബ്റാഹീമിന്റെ മഖാം?” “”അതെ” റസൂൽ പറഞ്ഞു. അപ്പോൾ ഉമർ ചോദിച്ചു: “”നമുക്കതിനെ നമസ്കാര സ്ഥലമാക്കിക്കൂടേ?” ഏറെത്താമസിയാതെ തിരുദൂതർക്ക് ദിവ്യബോധനം ലഭിച്ചു. “”നിങ്ങൾ മഖാമു ഇബ്റാഹീം നമസ്കാര സ്ഥലമാക്കുക……”
ഇതിൽനിന്ന് ഖുർആൻ ഇൗ സ്ഥലത്തെ “മഖാമു ഇബ്റാഹീം’ എന്ന് വിളിച്ചത്, അത് നിർണിത അതിരുകളോടും അടയാളങ്ങളോടുംകൂടി ജനഹൃദയങ്ങളിൽ നേരത്തെ സ്ഥലംപിടിച്ച ഒന്നായതുകൊണ്ടാണ്. അതിനെ നമസ്കാരസ്ഥലമാക്കാൻ കല്പിച്ചപ്പോൾ, അവർക്ക് സുപരിചിതമായ ആ സ്ഥലമാണുദ്ദേശിച്ചത്. ആയിടത്താണ് തിരുമേനിയും, അദ്ദേഹത്തിനുശേഷം സഹാബികളും മറ്റുള്ളവരും നമസ്കരിച്ചത്. ഇതിന്റെയെല്ലാം അർഥം, തിരുദൂതർ നമസ്കരിച്ചതും വിശുദ്ധ ഖുർആൻ ഉദ്ദേശിച്ചതുമായ ഒരിടത്തുനിന്നാണ് ഉമർ ആ ശില മാറ്റിസ്ഥാപിച്ചത് എന്നത്രെ. ഇന്ന് നാം അത് മാറ്റുമ്പോൾ, ഖുർആന്റെ അവതരണഘട്ടത്തിൽ ദിവ്യബോധനത്തിലന്തർലീനമായിരുന്ന ഒരാശയത്തിനെതിരായി ഒന്നും ചെയ്യേണ്ടിവരുന്നില്ല. തിരുദൂതർ നമസ്കരിച്ചിരുന്നതല്ലാത്ത ഒരിടത്തുവെച്ച് നമസ്കരിക്കുവാനിടയാക്കുന്നതിന്റെ ഉത്തരവാദിത്വവും നമ്മിൽ വന്നു ചേരുന്നില്ല. ആ നിലക്ക് ഉമറിന് അനുവദനീയമായ ഒരു കാര്യം നമുക്ക് നിഷിദ്ധമാക്കുന്നതെങ്ങനെ?
ഒരു കാര്യം കൂടി. ജാഹിലിയ്യാ കാലത്ത് അറബികൾ കഅ്ബ പുതുക്കിപ്പണിയുകയുണ്ടായി. അവർക്ക് പണത്തിന് ക്ഷാമമുണ്ടായിരുന്നു. അതിനാൽ അവർ കഅ്ബയുടെ അടിത്തറയിലും വ്യാപ്തിയിലും കുറവുവരുത്താൻ നിർബന്ധിതരായി. മുമ്പ് കഅ്ബയുടെ കവാടം നിലംപറ്റിക്കിടപ്പായിരുന്നു. പുതുക്കിപ്പണിതപ്പോൾ അതവർ ഉയർത്തിവെച്ചു. താഴെ വിട്ട ഭാഗം തുറന്നു തന്നെ കിടന്നു. ഇന്ന് ആ ഭാഗം “ഹിജ്ർ’ എന്ന പേരിലറിയപ്പെടുന്നു. മുസ്ലിം ആഇശയിൽനിന്നുദ്ധരിക്കുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക: ആഇശ പറയുന്നു: “”കഅ്ബയിലെ ഹിജ്റിനെപ്പറ്റി അത് കഅ്ബയിൽപ്പെട്ടതാണോ എന്ന് ഞാൻ തിരുദൂതരോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “അതെ.’ ഞാൻ: “അവർ എന്തുകൊണ്ടത് കെട്ടിടത്തിലുൾപ്പെടുത്തിയില്ല?’ അദ്ദേഹം: “നിന്റെ ആൾക്കാരുടെ പക്കൽ പണം കുറവായിരുന്നു.’ ഞാൻ: “അതിന്റെ കവാടം ഉയർത്തിവെച്ചതെന്തിന്?’ അദ്ദേഹം: “അവരിഛിക്കുന്നവരെ പ്രവേശിപ്പിക്കാനും ഇഛിക്കുന്നവരെ തടയാനും.”
“ഹിജ്ർ’ ഉൾപ്പെടുത്തി ഇബ്റാഹീം പണിതതും ഖുർആൻ പ്രസ്താവിച്ചതുമായ പഴയ അടിത്തറയിൽ കഅ്ബ പുനർനിർമിക്കണമെന്ന് തിരുദൂതർക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, ജാഹിലിയ്യാ കാലവുമായുള്ള അടുപ്പം മൂലം ചിലരിലിത് ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലോ എന്ന് അദ്ദേഹം ഭയപ്പെട്ടു. “ആഇശാ, നിന്റെ ആൾക്കാരുടെ കുഫ്റുമായുള്ള സാമീപ്യം കൊണ്ടല്ലെങ്കിൽ ഞാൻ കഅ്ബ പൊളിച്ച് ഇബ്റാഹീമിന്റെ അടിത്തറമേൽ അത് പുതുക്കിപ്പണിതേനെ’ എന്ന് തിരുദൂതർ പറഞ്ഞത് പ്രസ്തുത ആശങ്കയുടെ പ്രകടനമാണ്. മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെക്കാണാം: “”നിന്റെ ജനത ജാഹിലിയ്യാ ഘട്ടവുമായി ബന്ധമുള്ളവരാകയാൽ അവർക്കുണ്ടാകാവുന്ന അപ്രീതി ആശങ്കിച്ചിരുന്നില്ലെങ്കിൽ ഹിജ്റിനെ കഅ്ബയിലുൾപ്പെടുത്തുവാനും അതിന്റെ വാതിൽ നിലത്തോട് ചേർത്തുവെക്കുവാനും ഞാൻ ആലോചിച്ചേനെ.”
ജാഹിലിയ്യാ കാലഘട്ടം കഅ്ബയുടെ ഘടനയിൽ സുപ്രധാനമായ മാറ്റങ്ങളും പരിഷ്കരണങ്ങളും വരുത്തിയത് തിരുദൂതർ കാണുന്നു. എന്നിട്ടും അതിന്റെ വിശുദ്ധിയും പവിത്രതയും അതേപടി നിലനിൽക്കുന്നു. ഇൗ പരിഷ്കരണങ്ങൾ അതിന്റെ ഇന്ദ്രിയഗോചരമായ ഘടനയെ മാത്രം ബാധിക്കുന്നതായേ അദ്ദേഹം കരുതുന്നുള്ളൂ. ഒരു വിശ്വാസത്തെയും അത് സ്പർശിക്കുന്നില്ല. “ദൈവഭവനം’ എന്ന അതിന്റ ഒൗദ്യോഗിക പദവിയുടെ പവിത്രതക്ക് അതൊട്ടും ഹാനിവരുത്തുന്നില്ല. വാതിൽ നിലം പറ്റിക്കിടന്നാലും ഉയർന്നുനിന്നാലും ദൈവഭവനം, ദൈവഭവനം തന്നെ. മുമ്പത്തെ വ്യാപ്തത്തിലൽപം കുറഞ്ഞാലുമേറിയാലും ദൈവഭവനം ദൈവഭവനമല്ലാതാകുന്നില്ല. എന്തൊക്കെ പരിഷ്കരണങ്ങളതിലുണ്ടായിട്ടും തിരുദൂതർ അതിനെ “ദൈവഭവനം’ എന്നുതന്നെ വിളിച്ചു. ദിവ്യബോധനം അത് സ്ഥിരീകരിക്കുകയും ചെയ്തു. അല്ലാഹുവിന്റെ ഭവനം എന്ന ഒൗദ്യോഗിക പദവി അർഹിക്കുവാൻ അതിന്റെ അവശിഷ്ടഘടനതന്നെ ധാരാളം മതി.
അപ്പോൾ കഅ്ബയുടെ മൂല്യം അതിന്റെ ഒൗദ്യോഗിക പദവി കുറിക്കുന്ന ആശയത്തിലാണ്. അല്ലാഹുവുമായുള്ള ബന്ധമാണതിന്റെ പവിത്രതക്കു നിദാനം. അതുൾക്കൊള്ളുന്ന “ബറകത്ത്’ അതിലെ ശിലകളുടെ ആകാരത്തെയോ കെട്ടിടനിർമാണത്തിന്നുപയുക്തമാക്കിയ മറ്റു പദാർഥങ്ങളെയോ ആശ്രയിച്ചുനിൽക്കുന്നതല്ല. മറിച്ച്, അല്ലാഹുവുമായതിനെ ബന്ധപ്പെടുത്തുന്ന ആധ്യാത്മിക ചൈതന്യത്തിന്റെ മഹാത്മ്യത്തെ ആസ്പദിച്ചുനിൽക്കുന്ന കാര്യമാണത്. അതിനാൽ ജാഹിലിയ്യാ കാലത്ത് കഅ്ബക്ക് സംഭവിച്ച പരിഷ്കരണങ്ങൾ നീക്കംചെയ്യേണ്ടത് നിർബന്ധമായ ഒരാവശ്യമായി തിരുദൂതർ കണ്ടില്ല. കാരണം, ഘടനയിലെ മാറ്റം ഒരു വിശ്വാസപ്രമാണത്തെയും ബാധിക്കുന്നതല്ല. കഅ്ബയെ ദൈവഭവനമാക്കുന്ന ആധ്യാത്മിക സത്യങ്ങൾ അതുമൂലം അതിന്ന് നഷ്ടമാകുന്നില്ല. ഇക്കാരണങ്ങളാൽ, ജാഹിലിയ്യത്തുമായി അടുത്ത സമ്പർക്കമുള്ള ഒരു ജനതയുടെ അനുഭാവം നഷ്ടപ്പെടാതിരിക്കുന്നതിന് കഅ്ബക്ക് സംഭവിച്ച “ജാഹിലിയ്യാ പരിഷ്കാരങ്ങൾ’ അദ്ദേഹം അപ്പടി നിലനിർത്തി.
ജാഹിലിയ്യാ കാലത്തെ ബഹുദൈവത്വവുമായും വിഗ്രഹാരാധനയുമായും വിശ്വാസപ്രമാണങ്ങളുമായും പ്രശ്നം വെക്കൽ, ലക്ഷണം നോക്കൽ തുടങ്ങിയ ആചാരങ്ങളുമായും അള്ളിപ്പിടിച്ച ഹൃദയങ്ങളെ മാറ്റിയെടുക്കുവാനാണ് പ്രവാചകൻ നിയുക്തനായതെന്ന വസ്തുത ഇവിടെ ഉൗന്നിപ്പറയേണ്ടതുണ്ട്. അവയിലെത്രയോ അദ്ദേഹം മാറ്റിയെടുത്തു. അപ്പോഴൊന്നും ജനങ്ങളുടെ അനുഭാവം നഷ്ടപ്പെടുമെന്നതോ അവരുടെ ശത്രുത സമ്പാദിക്കേണ്ടി വരുമെന്നതോ അദ്ദേഹത്തിനു പ്രശ്നമായില്ല. ആയിരുന്നെങ്കിൽ തന്റെ ദൗത്യനിർവഹണത്തിൽ ഒരടി മുന്നോട്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. കഅ്ബയുടെ തൂണുകൾക്കും ചുമരുകൾക്കും സത്താപരമായ വല്ല പവിത്രതയും ഉണ്ടായിരുന്നെങ്കിൽ, വിശ്വാസവുമായി ബന്ധപ്പെട്ട വല്ല വിശുദ്ധിയും കൽപ്പിക്കപ്പെട്ടിരുന്നെങ്കിൽ ജനങ്ങളുടെ വെറുപ്പും ശത്രുതയും പ്രതിഷേധവും വകവെക്കാതെ ഇബ്റാഹീം പണിത അടിത്തറകളിൽ കഅ്ബ പുനർനിർമിക്കുന്ന ജോലിയുമായി അദ്ദേഹം മുന്നോട്ടു പോകുമായിരുന്നു. പക്ഷേ, അദ്ദേഹം അത് ചെയ്തില്ല. അപായരഹിതമായ ഒരു കാര്യത്തിൽ അദ്ദേഹം ജനമനസ്സുകളുടെ അനുഭാവത്തിന് മുൻഗണന കൊടുത്തു.
മഖാമു ഇബ്റാഹീം എന്നറിയപ്പെടുന്ന ശിലയുടെ വിശുദ്ധി കഅ്ബയുടെ വിശുദ്ധിയോളമില്ലെന്ന കാര്യം തർക്കമറ്റതത്രേ. കഅ്ബ “അല്ലാഹുവിന്റെ ഭവന’മാണ്; “ജനങ്ങൾക്കുവേണ്ടി നിർമിക്കപ്പെട്ട ആദ്യത്തെ ഭവന’മാണ്; “കഅ്ബ വിശുദ്ധ ഭവന’മാണ്. ഇബ്റാഹീം നിന്ന ശിലക്ക് ഇൗ വിശേഷണങ്ങളൊന്നും നൽകപ്പെട്ടിട്ടില്ല. ദൈവഭവനത്തിന്റെ അസ്സൽ ഘടന നിലനിർത്തുന്നതിൽ തിരുദൂതർക്ക് പ്രത്യേകം നിർബന്ധമൊന്നും ഉണ്ടായിരുന്നില്ല എന്നിരിക്കെ, അത്രയും പവിത്രതയും വിശുദ്ധിയും കൽപിക്കപ്പെടേണ്ടതില്ലാത്ത ഒന്നിന്റെ കാര്യത്തിൽ നമുക്കെന്തിനീ ശാഠ്യം?
കഅ്ബ അതിന്റെ പഴയ അടിത്തറകളിൽ പുനർനിർമിക്കണമെന്ന നിർബന്ധം തിരുദൂതർക്കുണ്ടായിരുന്നില്ല എന്നത് അദ്ദേഹം ആഇശയോടു മറ്റൊരിക്കൽ പറഞ്ഞത് തെളിവ് നൽകുന്നു. മുസ്ലിം ഉദ്ധരിക്കുന്ന പ്രസ്തുത ഹദീസിൽ ഇങ്ങനെ കാണാം: “”നിന്റെ ജനത ദൈവഭവനത്തിന്റെ നിർമാണത്തിൽ കുറവു വരുത്തി. അവർക്ക് ശിർക്കിനോടുള്ള കാലസാമീപ്യം ഇല്ലായിരുന്നുവെങ്കിൽ അവർ വിട്ടുകളഞ്ഞത് ഞാൻ പൂർത്തിയാക്കുമായിരുന്നു. എന്റെ കാലശേഷം അത് പൂർത്തിയാക്കണമെന്ന് നിന്റെ ജനതക്ക് തോന്നുകയാണെങ്കിലോ, വരൂ! അവർ വിട്ടുകളഞ്ഞ ഭാഗം ഞാൻ കാണിച്ചുതരാം…” അദ്ദേഹം ആഇശക്ക് ആറു മുഴത്തോളം വരുന്ന ഒരു ഭാഗം കാണിച്ചുകൊടുത്തു. “എന്റെ കാലശേഷം അതു പൂർത്തിയാക്കണമെന്ന് നിന്റെ ജനതക്ക് തോന്നുകയാണെങ്കിലോ’ എന്ന തിരുമൊഴി അതിലദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നില്ല എന്നു കുറിക്കുന്നു. അക്കാര്യം അദ്ദേഹം സ്വതന്ത്രമായ തീരുമാനത്തിനും തെരഞ്ഞെടുപ്പിനും വിട്ടുകൊടുക്കുകയായിരുന്നു. ആകാരത്തിലെ രൂപഭേദങ്ങൾക്കു സ്വാധീനമില്ലാത്ത ചില ആധ്യാത്മിക സത്യങ്ങളന്തർഭവിച്ച കാര്യമെന്ന നിലയിലാണ് തിരുദൂതർ അതിനെ വീക്ഷിക്കുന്നത്. ഇതേ കാഴ്ചപ്പാടാണ് മഖാമു ഇബ്റാഹീം സ്ഥലം മാറ്റുമ്പോൾ അതേക്കുറിച്ച് ഉമറിനുണ്ടായിരുന്നത്. ഇബ്റാഹീ (അ)മുമായുള്ള ബന്ധത്തെ സ്പർശിക്കുന്ന വശം അദ്ദേഹം പരിഗണിച്ചില്ല. കഅ്ബയുടെ ചുമരിനോട് ചേർന്നുകിടന്നാലും, ഒരനിവാര്യഘട്ടത്തിൽ അവിടെനിന്ന് അകറ്റേണ്ടി വന്നാലും മഖാമു ഇബ്റാഹീം “മഖാമു ഇബ്റാഹീം’ തന്നെ. ഇനി നാം ഉമറിനെപ്പോലെ ആ ശിലയുടെ ആധ്യാത്മിക മൂല്യം മാത്രം പരിഗണിക്കുകയും പ്രദക്ഷിണം ചെയ്യുന്നവർക്ക് വിശാലത നൽകുന്നതിന്നും മഖാമിന്നടുത്തുവെച്ചുള്ള നമസ്കാരത്തിന്ന് ഭക്തിയും ഒതുക്കവും കൈവരുത്തുന്നതിനും അനിവാര്യമായ ഒരുപാധിയെന്ന നിലയിൽ ഉമർ മാറ്റിയവിധം അത് മാറ്റുകയും ചെയ്യുകയാണെങ്കിലും മഖാമു ഇബ്റാഹീം അതേ മഖാമു ഇബ്റാഹീം തന്നെയായിരിക്കും. അല്ലാഹുവാണേറ്റം അറിയുന്നവൻ.