രക്തസാക്ഷിക്ക് വേണ്ടിയുള്ള ഹജ്ജ് നിര്‍വഹണം
ചോദ്യം : രക്തസാക്ഷിക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കല്‍ അനുവദനീയമാണോ? രക്തസാക്ഷിത്വത്തിന് മുമ്പ് അവര്‍ വസ്വിയ്യത്ത് ചെയ്തിട്ടില്ലെന്നിരിക്കെ അതിന്റെ വിധിയെന്താണ്?
ഉത്തരം : രക്തസാക്ഷിക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കല്‍ അനുവദനീയമാണ്. ഇസ്‌ലാമില്‍ നിര്‍ബന്ധമായ ഹജ്ജ് ജീവിതത്തില്‍ ഒരിക്കല്‍ നിര്‍വഹിക്കാന്‍ അവസരം കിട്ടാതെ രക്തസാക്ഷിയായവര്‍ക്ക് വേണ്ടി ഹജ്ജ് നര്‍വഹിക്കല്‍ അനുവദനീയമാണ്. ഹജ്ജ് പൂര്‍ത്തീകരണത്തിന്, മരണത്തിന് മുമ്പ് വസ്വിയ്യത്ത് ചെയ്യണമെന്ന നിബന്ധനയൊന്നുമില്ല. രക്തസാക്ഷിക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കാന്‍ ഉത്തമരായിട്ടുള്ളത് മക്കളോ, സഹോദരങ്ങളോ, കുടംബക്കാരോ ആയ ഏറ്റവും അടുത്തവരാണ്. രക്തബന്ധത്തലുളളവര്‍ ഹജ്ജ് നിര്‍വഹിക്കാനില്ലാത്ത സാഹചര്യത്തില്‍ ദീനിലെ സഹോദരങ്ങള്‍ക്ക് നിര്‍വഹിക്കാവുന്നതാണ്. ദീനിലെ സാഹോദര്യം രക്തബന്ധത്തന്റെ സ്ഥാനത്ത് വരുന്നതാണ്. അല്ലാഹു പറയുന്നു: ‘വിശ്വാസികള്‍ സഹോദരങ്ങളാകുന്നു'(അല്‍ ഹുജറാത്ത്: 10).
കുടംബക്കാരാണ് ഹജ്ജ് നിര്‍വഹണത്തില്‍ ആദ്യ പരിഗണനയര്‍ഹിക്കുന്നത്. കാരണം, മാതാപിതാക്കള്‍ക്ക് വേണ്ടി നിര്‍വഹിക്കുന്ന ഹജ്ജുമായി ബന്ധപ്പെട്ട ഹദീസുകള്‍ പരിശോധിക്കുമ്പോള്‍ മുഴുവനും മക്കളില്ലാത്ത (ആണ്‍മക്കളാണെങ്കിലും പെണ്‍മക്കളാണെങ്കിലും) സാഹചര്യത്തില്‍ എറ്റവും അടുത്തവര്‍ നിര്‍വഹിക്കുന്നതായാണ് കാണാന്‍ കഴുയുന്നത്. അത്തരത്തിലുളള ഒരു ഹദീസാണിത്. ഒരു മനുഷ്യന്‍ വന്ന് പറഞ്ഞു; നാഥാ, ശുബ്‌റുമക്ക് വേണ്ടി നിന്റെ വിളിക്ക് ഉത്തരം നല്‍കുന്നു. പ്രവാചകന്‍(സ) അദ്ദേഹത്തോട് ചോദിച്ചു: ആരാണ് ശുബ്‌റുമ? ആ മനുഷ്യന്‍ പറഞ്ഞു; എന്റെ സഹോദരനും കുടുംബക്കാരനുമാണ്. പ്രവാചകന്‍(സ) ചോദിച്ചു; താങ്കള്‍ സ്വന്തത്തിന് വേണ്ടി ഹജ്ജ് ചെയ്തിട്ടിണ്ടോ? ആ മനുഷ്യന്‍ പറഞ്ഞു; ഇല്ല. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു; ആദ്യം സ്വന്തത്തിന് വേണ്ടി ഹജ്ജ് ചെയ്യുക, തുടര്‍ന്ന് ശുബ്‌റുമക്ക് വേണ്ടി ഹജ്ജ് നിര്‍വഹിക്കുക.
വിവ.അര്‍ശദ് കാരക്കാട്