Back To Top

 ഹജ്ജ് പൂര്‍ത്തീകരിക്കാൻ-  കുറഞ്ഞ സമയം

ഹജ്ജ് പൂര്‍ത്തീകരിക്കാൻ- കുറഞ്ഞ സമയം

Spread the love

ചോദ്യം: ഹജ്ജിന് പോകാന്‍ ഉദ്ദേശിക്കുന്ന ഒരുവന്‍ കഴിയുന്നത്രയും വേഗത്തില്‍ അത് പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്നു. അധിക ദിവസം ഹജ്ജിന് വേണ്ടി പുണ്യഭൂമിയില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് അദ്ദേഹത്തിനുള്ളത്. ആ വ്യക്തിക്ക് ഹജ്ജ് പൂര്‍ത്തീകരിക്കാനെടുക്കുന്ന ഏറ്റവും കുറഞ്ഞ സമയം എത്രയാണ്?

ഉത്തരം: വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമായ ഹജ്ജ് മറ്റുളളവരെ എല്‍പിച്ച് കൊണ്ട് ബാധ്യത നിര്‍വഹിക്കാന്‍ കഴിയില്ല. ഓരോ വിശ്വാസിയും സ്വയംതന്നെ നിര്‍വഹിക്കേണ്ടതാണത്. എന്നാല്‍, ഒരുവന് പ്രത്യേക സാഹചര്യത്തെ മുന്‍നിര്‍ത്തി വേഗത്തില്‍ ഹജ്ജ് പൂര്‍ത്തീകരിച്ച് മടങ്ങാന്‍ കഴിയും. പുണ്യഭൂമിയില്‍ അധിക സമയം നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഇരുപത്തിനാല് മണിക്കൂറിനുളളില്‍ തന്നെ ഹജ്ജ് പീര്‍ത്തീകരിക്കാന്‍ കഴിയുന്നതാണ്. അഥവാ ഒരു ദിവസം കൊണ്ട് ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയുന്നതാണ്. ഇതാണ് ഹജ്ജ് പൂര്‍ത്തീകരിക്കാനെടുക്കുന്ന ഏറ്റവും കുറഞ്ഞ സമയം.

ദുല്‍ഹജ്ജ് ഒമ്പത് അറഫാ ദിവസം പ്രഭാതത്തിലോ സൂര്യോദയത്തിന് ശേഷമോ ഹജ്ജിന് പുറപ്പെടുകയും, ഹജ്ജിന് വേണ്ടി ഇഫ്‌റാദായോ(ഹജ്ജ് മാത്രം ഉദ്ദേശിക്കുക) ഖിറാനായോ(ഹജ്ജും ഉംറയും ഉദ്ദേശിക്കുക) നിയ്യത്ത് കരുതുകയും ചെയ്യേണ്ടതാണ്. ഇഫ്‌റാദായിട്ടാണ് നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ‘നാഥാ നിന്റെ വിളിക്ക് ഉത്തരം നല്‍കി ഞാന്‍ ഹജ്ജിന് സന്നിഹിതനായിരിക്കുന്നുവെന്നും’, ഖിറാനായിട്ടാണെങ്കില്‍ ‘നാഥാ നിന്റെ വിളിക്ക് ഉത്തരം നല്‍കി ഞാന്‍ ഹജ്ജും ഉംറയും പൂര്‍ത്തീകരിക്കാന്‍ സന്നിഹിതനായരിക്കുന്നുവെന്നും’ പറയേണ്ടതാണ്. ഈ തല്‍ബിയത്ത് ചൊല്ലിക്കൊണ്ട് ഹജ്ജിലേക്ക് പ്രവേശിക്കുകയാണ്. ഹജ്ജും ഉംറയും ഒരുമിച്ച നിര്‍വഹിക്കുന്നവര്‍ക്ക് അതിന്റെ പ്രതിഫലം അല്ലാഹുവില്‍ നിന്ന് ലഭ്യമാകുന്നതാണ്.

തുടര്‍ന്ന് അവര്‍ (ആടിനെ) ബലിയറുക്കേണ്ടതുണ്ട്. ഈ ദിവസത്തില്‍ (അറഫാ ദിനം) ത്വവാഫും സഅ്‌യും ചെയ്യുന്ന സ്ഥലങ്ങള്‍ തിരക്കില്‍ നിന്ന് മുക്തമാകയാല്‍ എളുപ്പത്തില്‍ തന്നെ ത്വവാഫും സഅ്‌യും ചെയ്യാവുന്നതാണ്. തുടര്‍ന്ന് അറഫയിലേക്ക് പുറപ്പെടുകയും, അവിടെ വെച്ച് നമസ്‌കരിക്കുകയും ചെയ്യേണ്ടതാണ്. അസറിന് മുമ്പാണ് അവിടെ എത്തുന്നതെങ്കില്‍ ളുഹറും അസറും ഒരുമിച്ച് മുന്തിച്ചും, അസറിന് ശേഷമാണെങ്കില്‍ ഒരുമിച്ച് (അസറും ളുഹറും) പിന്തിച്ചുമാണ് നമസ്‌കരിക്കേണ്ടത്. ഒന്നാമത്തേതാണ് ശ്രേഷ്ഠമായിട്ടുളളത്. അറഫയില്‍ അല്ലാഹുവിനെ സ്തുതിച്ച് തക്ബീറും തസ്ബീഹും തഹ്‌ലീലും, തല്‍ബിയത്തും, പിന്നെ കഴിയാവുന്ന പ്രാര്‍ഥനകള്‍ ചൊല്ലി കഴിഞ്ഞുകൂടുക. അറഫയില്‍ നിന്ന് ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പുറപ്പെടുക.

മുസ്ദലിഫയിലെത്തിയാല്‍ മഗ്‌രിബ് ഇശാഅും ഒരുമിച്ച് പിന്തിച്ച് നമസ്‌കരിക്കുകയും അവിടെ നിന്ന് അത്താഴം കഴിക്കുകയും ചെയ്യുക. മാലക്കീ മദ്ഹബ് പ്രകാരം അതിന് ശേഷം പുറപ്പെടാവുന്നതാണ്. എന്നാല്‍ ശ്രേഷ്ഠകരമായുട്ടുളളത് ചന്ദ്രന്‍ വെളിപ്പെടുന്നതു വരെ അവിടെ തന്നെ തങ്ങലാണ്. അഥവാ, രാത്രിയുടെ പകുതി വരെ മുസ്ദലിഫിയില്‍ തന്നെ തങ്ങുക. പിന്നീട് മുസ്ദലിഫയില്‍ നിന്ന് പുറപ്പെടാവുന്നതാണ്. ഇതാണ് ഹമ്പലീ മദ്ഹബിന്റെ വീക്ഷണം(ദുര്‍ബലരായ സ്ത്രീകളെയും കുട്ടുകളെയും പ്രായചെന്നവരേയും കൊണ്ട് മുസ്ദലിഫയില്‍ നിന്ന് പറപ്പെടാവുന്നതാണ്). പിന്നീട് മിനയില്‍(ജംറത്തില്‍ അഖബ) പോയി കല്ലെറിയേണ്ടതാണ്. ശേഷം മുടി വെട്ടുകയോ മുണ്ഡനം ചെയ്യുകയോ ആകാവുന്നതാണ്. പിന്നീട് മക്കയിലിറങ്ങി ത്വവാഫ് ഇഫാദ ചെയ്യുക. ഇത് ഹജ്ജിന്റെ റുക്‌നുകളില്‍ പെട്ടതാണ്. ഇതോടുക്കൂടി ഹജ്ജിന്റെ റുക്‌നുകളും ഫര്‍ദുകളും പൂര്‍ണമാവുകയാണ്.

ശേഷം ആ വ്യക്തിക്ക് നാട്ടിലേക്ക് മടങ്ങാവുന്നതാണ്. ഹജ്ജുമായി ബന്ധപ്പെട്ട് ബാക്കിനില്‍ക്കുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന് പകരമായി മറ്റുളളവര്‍ക്ക് ചെയ്യാവുന്നതാണ്. തുടര്‍ന്നുളള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മൃഗത്തെ(ആട്, പശുവിന്റെ ഏഴിലൊന്ന്) അറുക്കേണ്ടതുണ്ട്. മൃഗത്തെ അറുക്കാനും, ഈദിലെ രണ്ടും മൂന്നും ദിനങ്ങളില്‍ മൂന്ന് ജംറകളില്‍ കല്ലെറിയുന്നതിനും മറ്റുളളവരെ ഏല്‍പ്പിക്കാവുന്നതാണ്. ഹജ്ജും ഉംറയും പൂര്‍ത്തീകരിക്കുകയാണെങ്കില്‍ (ഖിറാന്‍) അതിന് മൃഗത്തെ അറുക്കേണ്ടതുണ്ട്. മിനയില്‍ താമസക്കാത്തതിന് പകരമായും, ജംറയില്‍ കല്ലെറിയുന്നതിന് മറ്റുളളവരെ ഏല്‍പ്പിച്ചതിനാലും മൃഗത്തെ അറുക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടി ഒരു പശുവിനെ അറുക്കാവുന്നതാണ്, അതില്‍ ബാക്കിവരുന്നത് സ്വദഖയാണ്. പ്രത്യേക സാഹചര്യത്തെ മുന്‍നിര്‍ത്തി ഏറ്റവും വേഗത്തില്‍ നിര്‍വഹിക്കാവുന്ന ഹജ്ജാണിത്. അത്തരത്തില്‍ ആവശ്യമായി വരുന്നവര്‍ക്ക് നിര്‍വഹിക്കാവുന്ന ഈ ഹജ്ജ് അല്ലാഹു സ്വീകരിക്കുന്നതാണ്.

വവ:അര്‍ശദ് കാരക്കാട്

Prev Post

കടക്കാരന്‍ ഹജ്ജ് ചെയ്യുമ്പോള്‍

Next Post

ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിലെ യുക്തി

post-bars

Related post

You cannot copy content of this page