സംസം വെള്ളത്തിന്റെ സവിശേഷത?
ചോദ്യം- സംസം കിണറ്റിലെ ജലം കുടിക്കുന്നത് ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാക്കേണ്ടതാണെന്നും ഹജ്ജിലെ കർമങ്ങളുമായി സംസംജലപാനത്തിന് ഒരു ബന്ധവുമില്ലെന്നും ഒരു ഡോക്ടർ കൈറോയിൽനിന്ന് പുറപ്പെടുന്ന ഒരു മാസികയിലെഴുതിയിരിക്കുന്നു – പ്രതികരിച്ചാലും.
ഉത്തരം- സംസംജലപാനം ആരോഗ്യത്തിന് ഹാനികരമാണോ എന്ന് തീരുമാനിക്കും മുമ്പ് അത് രാസപരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. അക്കാര്യം തദാവശ്യാർഥം പ്രവർത്തിക്കുന്ന ഒൗദ്യോഗിക സംവിധാനങ്ങൾക്ക് വിടുക. മതപരമായ വീക്ഷണത്തിൽ സംസമിന് വല്ല പ്രത്യേകതയുമുണ്ടോ എന്ന് പരിശോധിക്കുകയാണ് എന്റെ ബാധ്യത. അതു സംബന്ധിച്ച ഒട്ടേറെ സംശയങ്ങൾ നിലവിലുണ്ട്. സംസമിന് ദീനീ വീക്ഷണത്തിൽ വല്ല പവിത്രതയുമുണ്ടോ? അതിലെ ജലപാനം നിർബന്ധമോ ഐച്ഛികമോ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതോ ആയ ഒന്നാണോ? ഡോക്ടർ പറയും പോലെ അത് മലിനമാണെന്ന് സ്ഥിരീകരിക്കപ്പെട്ട ശേഷവും അതു കുടിക്കണമെന്നു വരുമോ? സംസജലം വല്ല കാരണവശാലും മലിനമാവുക എന്നത് മതവീക്ഷണത്തിൽ അസംഭവ്യമാണോ?
സംസമിനെക്കുറിച്ച് നിവേദിതമായ തിരുവചനങ്ങൾ പരിശോധിക്കുകയും ഹദീസ് പണ്ഡിതരുടെ പക്കൽ അവക്കുള്ള സ്വീകാര്യതയും അസ്വീകാര്യതയും ഗ്രഹിക്കുകയും ചെയ്യുന്നതോടെ മുൻചൊന്ന പ്രശ്നങ്ങൾ എളുപ്പം പരിഹൃതമാവും.
1. സ്വഹീഹുൽ ബുഖാരിയിൽ “ഹജ്ജ്’ എന്ന അധ്യായത്തിൽ സംസം ജലത്തെ പരാമർശിക്കുന്ന ഒരു ഹദീസുണ്ട്. അതിൽ സംസമിന്റെ ശ്രേഷ്ഠതയെയോ “ബർകത്തി’നെയോ കുറിച്ച് ഒന്നും പറയുന്നില്ല. “മലക്കുകൾ തിരുമേനിയുടെ മാറു പിളർന്നെടുത്ത വസ്തു സംസം വെള്ളത്തിൽ കഴുകി’ എന്ന പരാമർശം മാത്രമേ അവിടെയുള്ളൂ. മറ്റൊരു ഹദീസിൽ തിരുദൂതർ സംസം കുടിച്ചതായി പറയുന്നുണ്ട്. രണ്ടു ഹദീസിലും സംസമിന്റെ ശ്രേഷ്ഠതയോ മഹത്വമോ സ്പഷ്ടമാക്കുന്ന ഒന്നുമില്ല. ഇൗ ഹദീസ് വ്യാഖ്യാനിക്കവെ ഹാഫിളുബ്നു ഹജർ “ഫത്ഹുൽബാരി’യിൽ പറയുന്നു:
“സംസമിന്റെ ശ്രേഷ്ഠതയും മഹത്വവും സംബന്ധിച്ച തന്റെ ഉപാധികൾ പ്രകാരം സ്വീകാര്യമായ ഒറ്റ ഹദീസും അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നു തോന്നുന്നു. “സിഖായതുൽ ഹാജ്ജ്’ എന്ന ഉപശീർഷകത്തിൽ ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്ന ഒരു ഹദീസുണ്ട്: നബി (സ) ജലപാനം നടത്തുന്നിടത്തേക്ക് വന്ന് വെള്ളം ചോദിച്ചു. അപ്പോൾ അബ്ബാസ് പറഞ്ഞു: “”അല്ലയോ ഫദ്ൽ, ഉമ്മയുടെ അടുത്ത് പോയി തിരുദൂതർക്ക് അൽപം വെള്ളം കൊണ്ടുവരൂ.” അതുകേട്ട പ്രവാചകൻ: “”എനിക്കത് തരൂ!” അബ്ബാസ്: “”തിരുദൂതരേ! അവരതിൽ കൈയിട്ടിട്ടുണ്ട്.” പ്രവാചകൻ: “”എനിക്കത് തരൂ!” തിരുദൂതർ അത് കുടിച്ചു. പിന്നീട് അദ്ദേഹം സംസമിന്റെ അടുത്തെത്തി. അവിടെ ആളുകൾ വെള്ളം കോരിക്കൊടുക്കുന്നുണ്ടായിരുന്നു. അദ്ദേഹം അരുളി: “”ചെയ്തോളൂ! നിങ്ങൾ ഒരു നല്ല കാര്യമാണ് ചെയ്യുന്നത്.” അദ്ദേഹം തുടർന്നു: “”നിങ്ങളിവിടെ തിക്കിത്തിരക്കുന്നില്ലായിരുന്നെങ്കിൽ ഞാനെന്റെ കഴുത്തിൽ കയർ കെട്ടിക്കൊണ്ടുപോലും അതിൽ ഇറങ്ങുമായിരുന്നു.”
തീർഥാടകർക്കുള്ള ജലവിതരണത്തിന് നേതൃത്വം നൽകിയിരുന്ന അബ്ബാസ് തിരുദൂതർക്കായി സ്വഭവനത്തിൽനിന്ന് വെള്ളം കൊണ്ടുവരാൻ മകനെ അയക്കുന്നത് നാം കാണുന്നു. വിതരണം ചെയ്യുന്ന ജലത്തിൽ ആളുകൾ കൈയിട്ടിട്ടുണ്ടെന്നതായിരുന്നു കാരണം. പക്ഷേ, വിശ്വാസികൾക്ക് ഒരു മാതൃകയാവുന്നതിനും തനിക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സവിശേഷത കൽപ്പിക്കാതിരിക്കുന്നതിനും പൊതു വിതരണത്തിന്നുവെച്ച വെള്ളംതന്നെ അദ്ദേഹം കുടിക്കുന്നു. ആ ജലത്തിന് വല്ല കുഴപ്പവുമുള്ളതായി അദ്ദേഹം കരുതുന്നില്ല. ഉണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിക്കുന്നുമില്ല. അബ്ബാസ് പ്രകടിപ്പിച്ച ഒരു വൈമനസ്യം മാത്രമായിരുന്നു അത്. പക്ഷേ, തിരുദൂതർക്ക് ആത്മധൈര്യമുണ്ടായിരുന്നു. മാത്രമല്ല, ഇതര മുസ്ലിംകളെ അപേക്ഷിച്ച് തനിക്കൊരു സവിശേഷത കല്പിക്കപ്പെടുന്നത് അംഗീകരിച്ചുകൊടുക്കാൻ തന്റെ വിനയം അദ്ദേഹത്തെ അനുവദിച്ചില്ല. ഇതേ ഹദീസ് ഉദ്ധരിക്കുന്ന ത്വബ്റാനി ഇപ്രകാരം രേഖപ്പെടുത്തുന്നു: അബ്ബാസ് പറഞ്ഞു: “”ഇതിൽ ആളുകൾ കൈയിട്ടിരിക്കുന്നു. അങ്ങക്ക് ഞാൻ എന്റെ വീട്ടിൽ നിന്ന് വെള്ളം കൊണ്ടുവരട്ടെയോ?” “”എനിക്കിത് തരൂ, ആളുകൾ കുടിക്കുന്ന അതേ വെള്ളം!”
ഇൗ ഹദീസിൽ സംസമിന്റെ പവിത്രത കുറിക്കുന്ന വല്ലതുമുണ്ടോ? ഇല്ല. അതിൽ ആകക്കൂടിയുള്ളത്, ഇബ്നു ഹജർ പറഞ്ഞപോലെ, വെള്ളം കുടിപ്പിക്കുന്നതിനെ-വിശിഷ്യാ സംസം വെള്ളം-പ്രോത്സാഹിപ്പിക്കൽ മാത്രം. തിരുദൂതരുടെ വിനയത്തിലേക്കും ഭക്ഷ്യപാനീയങ്ങളെ മലിനമായും വെറുക്കപ്പെട്ടതായും കാണുന്നതിലുള്ള അനഭിലഷണീയതയിലേക്കുമുള്ള സൂചനയും ജനങ്ങൾ കൈ മുക്കിയ വെള്ളം തിരുദൂതർ കുടിച്ചതിനാൽ, ശുദ്ധമായിരിക്കുക എന്നതാണ് പദാർഥങ്ങളുടെ മൗലികസ്വഭാവം എന്നും ഇതിൽനിന്ന് ഗ്രഹിക്കാം.
2. അബൂദർറിൽനിന്ന് മുസ്ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ സംസമിനെക്കുറിച്ച് വന്ന ഒരു പരാമർശം “അത് കുടിക്കുന്നവർക്ക് വിശപ്പടങ്ങും’ എന്നത്രേ.
3. അഹ്മദും ഇബ്നുമാജയും ജാബിറിൽനിന്ന് ഇവ്വിഷയകമായുദ്ധരിക്കുന്ന ഹദീസിന്റെ നിവേദന പരമ്പര ദുർബലമാണെന്ന ഹദീസ് പണ്ഡിതർ സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ പരമ്പരയിൽ അബ്ദുല്ലാഹിബ്നുൽ മുഅമ്മൽ എന്ന ഒരാളുണ്ട്. അദ്ദേഹം അസ്വീകാര്യനാണ്. അതേ ഹദീസ് ബൈഹഖി ജാബിറിൽനിന്നുതന്നെ മറ്റൊരു പരമ്പരയിലുടെ ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, അതിലുമുണ്ട് തീർത്തും അസ്വീകാര്യനായ ഒരാൾ- സുവൈദുബ്നു സഇൗദ്. യഹ്യബ്നു മുഅയ്യൻ അയാളെക്കുറിച്ച് പറഞ്ഞത്, “”എനിക്കൊരു കുതിരയും കുന്തവും ഉണ്ടായിരുന്നുവെങ്കിൽ ഞാൻ സുവൈദിനോട് പടവെട്ടുമായിരുന്നു” എന്നത്രേ. ഹദീസിന് സുവൈദ് വരുത്തുന്ന ദ്രോഹമാണ് ഇങ്ങനെ പറയാൻ കാരണം.
4. സംസം ജലപാനം രോഗമുക്തി കൈവരുത്തുമെന്നും വിശപ്പടക്കുമെന്നും ദാഹം ശമിപ്പിക്കുമെന്നും അർഥം വരുന്ന ഒരു ഹദീസ് ദാറഖുത്വ്നി ഇബ്നു അബ്ബാസിൽനിന്ന് ഉദ്ധരിക്കുന്നു. സത്യത്തിൽ ഇൗ ഹദീസ് തിരുദൂതരുടെ മൊഴിയല്ല. ഇബ്നു അബ്ബാസിന്റേതാണ്. അത് തിരുദൂതരിലേക്ക് ചേർക്കപ്പെട്ടിട്ടില്ല. ഇൗ ഹദീസ് തിരുദൂതരിലേക്ക് ചേർക്കുന്ന നിവേദകനിൽ ഹാഫിള് ഇബ്നു ഹജർ “തൽഖീസ്വി’ൽ വീഴ്ച ആരോപിച്ചിരിക്കുന്നു. അയാളുടെ നിവേദനം ഒറ്റപ്പെട്ടവയാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴിത് ഇബ്നു അബ്ബാസിന്റെ സ്വന്തം വാക്കുകളാണ്. വ്യക്തിഗതമായ ഒരഭിപ്രായം. അത് സ്വീകരിക്കുവാനോ അദ്ദേഹത്തോടൊപ്പം അതിൽ വിശ്വസിക്കുവാനോ നാം നിർബന്ധിതരല്ല. തിരുദൂതരല്ലാത്ത ആരെയും പ്രമാണങ്ങൾക്ക് അവലംബിക്കേണ്ടതുമില്ല.
5. അബൂദർറിൽനിന്ന് ബർറാഅ് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം: “”സംസം വിശപ്പടക്കുകയും രോഗമുക്തി കൈവരുത്തുകയും ചെയ്യും.” അതിന്റെ നിവേദകപരമ്പര കുറ്റമറ്റതാണെന്ന് അൽ മുൻദിരി സ്ഥിരീകരിച്ചിട്ടുണ്ട്. ത്വയാലിസി തന്റെ “മുസ്നദി’ൽ ഇത് ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു. സംസംവെള്ളം ഭക്ഷണവും ഒൗഷധവുമാണെന്ന് സൂചിപ്പിക്കുന്ന സ്വീകാര്യമായ ഏക ഹദീസ് ഇതു മാത്രമാണ്. എന്നാൽ സംസം നിത്യസാധാരണമായ പ്രാപഞ്ചിക നിയമങ്ങൾക്ക് അതീതമാണെന്നോ ഒരു കാരണവശാലും അതു മലിനമാകയില്ലെന്നോ ഇൗ ഹദീസിന് അർഥമുണ്ടോ? സംസം ജലം ആരോഗ്യത്തിന് ഹാനികരമാംവിധം മലിനമായിട്ടുണ്ടെന്ന് ശാസ്ത്രീയപരിശോധനയിലൂടെ സ്ഥിരീകൃതമാവുന്നപക്ഷം, ഹദീസിന് വിരുദ്ധമാണെന്ന പേരിൽ ആ നിഗമനത്തെ നാം നിരസിക്കേണ്ടതുണ്ടോ? ഇൗ ഹദീസ് ഖണ്ഡിതമായ ഒരു തെളിവല്ല എന്നുള്ളതാണ് വസ്തുത. വിശിഷ്യാ അതിലുള്ള “ശിഫാഉ സഖ്മിൻ’ (രോഗമുക്തി) എന്ന പദപ്രയോഗം ബുഖാരിയിലോ മുസ്ലിമിലോ മറ്റ് പ്രാമാണികമായ ഹദീസ് ഗ്രന്ഥങ്ങളിലോ വന്നിട്ടുമില്ല.
ഇവിടെ പ്രത്യേകം ശ്രദ്ധേയമായ രണ്ടു കാര്യങ്ങളുണ്ട്:
ഒന്ന്: മുസ്ലിംകൾ അംഗീകരിച്ചുപോരുന്ന ഒരു മദ്ഹബിലും സംസം വെള്ളം കുടിക്കുക എന്നത് ഹജ്ജിന്റെ കർമങ്ങളിൽപെട്ടതോ ഒരു സുന്നത്തുപോലുമോ അല്ല. ഹജ്ജ് കാലത്ത് വിതരണം നടത്തപ്പെടാറുള്ള സംസം ജലം അബ്ദുല്ലാഹിബ്നു ഉമർ കുടിക്കാറുണ്ടായിരുന്നില്ല. തിരുചര്യയും മറ്റു നടപടികളും അനുധാവനം ചെയ്യുന്നതിൽ തികഞ്ഞ സൂക്ഷ്മത പുലർത്തിയിരുന്ന സഹാബിയായിരുന്നു ഇബ്നു ഉമർ. ഹജ്ജ് കർമങ്ങളുടെ പൂർണതക്ക് സംസംവെള്ളം കുടിച്ചേ തീരൂ എന്നൊരു ധാരണ ജനങ്ങൾക്കുണ്ടാകുമോ എന്ന ഭയം മൂലമാണ് താനത് കുടിക്കാതിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. തിരുദൂതർ സംസംവെള്ളം കുടിച്ചിരുന്നതിനെ അടിസ്ഥാനമാക്കി അത് നല്ലതാണെന്ന് ചിലർ പറഞ്ഞിട്ടുണ്ട്. ഇടക്കിടെ ജലപാനം പർവതപ്രദേശവാസികളുടെ പ്രകൃതമാണെന്നും അതിനാൽ ദീനീവീക്ഷണത്തിൽ “നല്ലത്’ എന്നു വിധിക്കാൻ അത് തെളിവല്ലെന്നും മറുപക്ഷം വിശദീകരിക്കുന്നു.
രണ്ട്: ഒരു ശാസ്ത്രനിഗമനം മുൻനിർത്തിയാണ് നാം ഇത്രയും പറഞ്ഞത്. എന്നാൽ സംസം, നമ്മുടെ പൂർവപിതാക്കളായ ഇബ്റാഹീമിന്റെയും ഇസ്മാഇൗലിന്റെയും കാലഘട്ടത്തിന്റെ സുന്ദരസ്മരണകളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നത്രേ. അത് മലിനമായിക്കഴിഞ്ഞതായി വിശ്വാസയോഗ്യമായ വിവരമൊന്നും നമുക്ക് ലഭിച്ചിട്ടില്ല. ഏതായാലും പൊതുജനാരോഗ്യം പരിഗണിച്ചും മുസ്ലിം മനസ്സുകൾക്ക് പ്രിയപ്പെട്ട ഒന്നിനെചൊല്ലിയുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനും ഇൗ കിണർ മലിനമാക്കപ്പെടുന്നത് തടയുന്നതിന്നാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സഉൗദിയിലെയും ഇതര ഇസ്ലാമിക രാജ്യങ്ങളിലെയും ആരോഗ്യവകുപ്പുകൾക്ക് ബാധ്യതയുണ്ട്.