ഹജ്ജ് സംശയങ്ങള്‍ക്ക് മറുപടി
മറ്റുള്ളവര്‍ക്കു വേണ്ടി ഹജ്ജും ഉംറയും നിര്‍വഹിക്കാമോ? അതിന്റെ ഉപാധികള്‍ എന്തെല്ലാമാണ്? ഇഹ്‌റാം ചെയ്യുമ്പോള്‍ നിയ്യത്ത് എങ്ങനെയായിരിക്കണം?
മറ്റുള്ളവര്‍ക്ക് വേണ്ടി ഹജ്ജും ഉംറയും നിര്‍വഹിക്കാം. മറ്റുള്ളവര്‍ക്കു വേണ്ടി നിര്‍വഹിക്കുന്നവന്‍ അവ രണ്ടും തനിക്കു വേണ്ടി നിര്‍വഹിച്ചിരിക്കണം. ആര്‍ക്കു വേണ്ടിയാണോ നിര്‍വഹിക്കുന്നതെങ്കില്‍ അയാള്‍ മരിച്ചുപോയവരോ, യാത്ര ചെയ്യാന്‍ സാധിക്കാത്ത വിധം അവശരോ ആയിരിക്കണം. ഇഹ്‌റാം ചെയ്യുമ്പോള്‍ ഇന്ന ആള്‍ക്കു വേണ്ടി നിര്‍വഹിക്കുന്നു എന്ന് കരുതിയാല്‍ മതി.
മറ്റുള്ളവര്‍ നല്‍കിയ പണം ഉപയോഗിച്ച് ഹജ്ജും ഉംറയും നിര്‍വഹിക്കാമോ?
നിര്‍വഹിക്കാവുന്നതാണ്. അത് താന്‍ നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട ഹജ്ജിനു പകരമാകുന്നതാണ്.
കടബാധ്യതയുള്ളവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമുണ്ടോ?
കടബാധ്യത കഴിച്ച് ഹജ്ജ് നിര്‍വഹിക്കാന്‍ സാമ്പത്തിക ശേഷിയുള്ള ആള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാണ്. യാത്രക്ക് മുമ്പായി അവധിയെത്തിയ കടം തിരിച്ചടക്കുകയും അവധിയെത്താത്ത കടം യഥാസമയം വീട്ടാനുള്ള ഏര്‍പ്പാട് ചെയ്യുകയും വേണം.
ഹജ്ജിനും ഉംറക്കും മീഖാത്ത് ഏതാണ്?
ഇഹ്‌റാം ചെയ്യാന്‍ നബി (സ) അഞ്ച് സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് പോകുന്നവര്‍ യലംലമിലൂടെയാണ് പോകുന്നതെങ്കില്‍ അവിടെനിന്നും ഖര്‍നുല്‍ മനാസിലിലൂടെയാണ് പോകുന്നതെങ്കില്‍ അവിടെ നിന്നുമാണ് ഇഹ്‌റാം ചെയ്യേണ്ടത്. വിമാന യാത്രക്കാര്‍ ജിദ്ദാ എയര്‍പോര്‍ട്ടിന്റെ ഏകദേശം അര മണിക്കൂര്‍ മുമ്പാണ് മീഖാത്തിലെത്തുക.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന വ്യക്തി തനിക്ക് നിര്‍ബന്ധമായ ഹജ്ജും ഉംറയും നിര്‍വഹിക്കാതെ തന്റെ മാതാപിതാക്കളെക്കൊണ്ട് ഹജ്ജും ഉംറയും നിര്‍വഹിപ്പിക്കുന്നത് ശരിയാകുമോ?
ഇല്ല. കാരണം ഒരാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമായാല്‍ ആദ്യം സ്വയം നിര്‍വഹിക്കുന്നത് നിര്‍ബന്ധവും മാതാപിതാക്കളെക്കൊണ്ട് നിര്‍വഹിപ്പിക്കുന്നത് ഐഛികവുമാണ്.
മാതാപിതാക്കള്‍ക്കു വേണ്ടി ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തി ആദ്യം നിര്‍വഹിക്കേണ്ടത് മാതാവിനോ പിതാവിനോ?
ആദ്യം ഹജ്ജ് നിര്‍വഹിക്കേണ്ടത് മാതാവിനായിരിക്കണം. മാതാവിനോടും പിതാവിനോടും ബാധ്യതയുണ്ടെങ്കിലും കൂടുതല്‍ ബാധ്യത മാതാവിനോടാണെന്ന് അല്ലാഹുവും നബി(സ)യും പഠിപ്പിച്ചിരിക്കുന്നു.
ആര്‍ത്തവകാരി ഇഹ്‌റാമിനു മുമ്പുള്ള സുന്നത്ത് നമസ്‌കാരം എങ്ങനെ നിര്‍വഹിക്കും?
ആര്‍ത്തവകാരി ഇഹ്‌റാമിനു മുമ്പ് സുന്നത്ത് നമസ്‌കരിക്കേണ്ടതില്ല. മറ്റു മുന്നൊരുക്കങ്ങള്‍ ചെയ്ത് കഴിയുന്നത്ര ശുദ്ധിയായി ഇഹ്‌റാം ചെയ്താല്‍ മതി.
ഹജ്ജിന് പോകുന്ന സ്ത്രീക്ക് ആര്‍ത്തവം പിന്തിക്കാനുള്ള മരുന്ന് ഉപയോഗിക്കാമോ?
ഉപയോഗിക്കാം. ശരീരത്തിന് ദോഷകരമല്ലാത്തതും ദീനില്‍ നിഷിദ്ധമല്ലാത്തതുമായിരിക്കണം.
ഇഹ്‌റാമില്‍ ഉദ്ദേശ്യപൂര്‍വമല്ലാതെ മുടി കൊഴിഞ്ഞുപോവുകയോ നഖം മുറിഞ്ഞുപോവുകയോ ചെയ്താല്‍ പ്രായശ്ചിത്തമെന്താണ്?
ഉദ്ദേശ്യപൂര്‍വമല്ലാതെ സംഭവിച്ചാല്‍ പ്രായശ്ചിത്തമില്ല. ഇഹ്‌റാമില്‍ നിഷിദ്ധമായത് ഉദ്ദേശ്യപൂര്‍വം ചെയ്താലേ പ്രായശ്ചിത്തമുള്ളൂ.
ത്വവാഫിനിടയില്‍ വുദൂ മുറിഞ്ഞുപോയാല്‍ എന്താണ് ചെയ്യേണ്ടത്?
ത്വവാഫ് നിര്‍ത്തി വുദൂ എടുത്ത് തിരികെ വരണം.
മുറിഞ്ഞുപോയ ത്വവാഫ് പുനരാരംഭിക്കുമ്പോള്‍ ആദ്യം ചെയ്ത ത്വവാഫ് വീണ്ടും ആവര്‍ത്തിക്കേണ്ടതുണ്ടോ?
ആവര്‍ത്തിക്കേണ്ടതില്ല. ബാക്കിയുള്ള ത്വവാഫുകളുടെ എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. എന്നാല്‍, ത്വവാഫിന്റെ ആരംഭ സ്ഥലത്തു വെച്ചല്ല ത്വവാഫ് മുറിഞ്ഞുപോയതെങ്കില്‍ മുറിഞ്ഞുപോയ ത്വവാഫ് പരിഗണിക്കുകയില്ല. അതിനു പകരം പൂര്‍ണമായ ഒരു ത്വവാഫ് കൂടുതല്‍ ചെയ്യണം.
ത്വവാഫിനിടയില്‍ ശരീരത്തില്‍നിന്ന് രക്തം പുറപ്പെട്ടാല്‍ ത്വവാഫ് ശരിയാകുമോ?
ശരീരത്തില്‍നിന്ന് രക്തം പുറപ്പെടുന്നതുകൊണ്ട് ത്വവാഫ് മുറിയുകയില്ല എന്ന അഭിപ്രായമാണ് പ്രബലം.
ത്വവാഫിന്റെ ആരംഭത്തില്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ സുന്നത്താണല്ലോ. വലിയ തിരക്കുള്ളപ്പോള്‍ ഹജറുല്‍ അസ്‌വദ് മുത്താന്‍ വേണ്ടി തിക്കും തിരക്കുമുണ്ടാക്കുന്നത് ശരിയാണോ?
ശരിയല്ല. ഹജറുല്‍ അസ്‌വദ് മുത്തല്‍ സുന്നത്ത് മാത്രമാണ്. തിക്കും തിരക്കുമുണ്ടാക്കി മുസ്‌ലിം സഹോദരങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്നത് ഹറാമുമാണ്. ഒരു സുന്നത്തിനു വേണ്ടി ഹറാം ചെയ്യുന്നത് ശരിയല്ല.
ത്വവാഫിനും സഅ്‌യിനുമിടയില്‍ ജമാഅത്ത് നമസ്‌കാരത്തിന് ഇഖാമത്ത് കൊടുത്താല്‍ എന്താണ് ചെയ്യേണ്ടത്?
ത്വവാഫോ സഅ്‌യോ നിര്‍വഹിക്കുന്നതിനിടയില്‍ നമസ്‌കാരത്തിന് ഇഖാമത്ത് കൊടുത്താല്‍ സാധ്യമെങ്കില്‍ അവ നിര്‍ത്തി ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കുചേരുകയാണ് വേണ്ടത്. അതിന് സാധിക്കാത്ത സാഹചര്യമാണെങ്കില്‍ ജമാഅത്തില്‍ പങ്കെടുക്കാതെ ത്വവാഫും സഅ്‌യും പൂര്‍ത്തിയാക്കിയാല്‍ മതി. വലിയ തിരക്കുള്ള സമയത്ത് ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല.
ഇഹ്‌റാമിന്റെ വസ്ത്രത്തില്‍ രക്തമോ അഴുക്കോ ആയാല്‍ ആ വസ്ത്രം കഴുകാമോ? മുമ്പ് ധരിച്ചിരുന്ന വസ്ത്രത്തിനു പകരം വേറൊന്ന് ധരിക്കുന്നതിന് വിരോധമുണ്ടോ?
ഇഹ്‌റാമിന്റെ വസ്ത്രം കഴുകുന്നതിനും പകരം വേറൊരു വസ്ത്രം ധരിക്കുന്നതിനും വിരോധമില്ല.
ഇഹ്‌റാമോടു കൂടി മസ്ജിദുല്‍ ഹറാമില്‍ പ്രവേശിക്കുന്ന ആള്‍ തഹിയ്യത്തുല്‍ മസ്ജിദായി രണ്ട് റക്അത്ത് നമസ്‌കരിക്കുകയാണോ ത്വവാഫ് ചെയ്യുകയാണോ വേണ്ടത്?
ത്വവാഫിനാവശ്യമായത്ര സമയമുണ്ടെങ്കില്‍ നേരെ പോയി ത്വവാഫ് ചെയ്താല്‍ മതി. ത്വവാഫിന് സമയമില്ലെങ്കില്‍ രണ്ട് റക്അത്ത് തഹിയ്യത്തുല്‍ മസ്ജിദ് നമസ്‌കരിച്ച് പള്ളിയില്‍ ഇരിക്കുകയും ജമാഅത്ത് നമസ്‌കാരശേഷം ത്വവാഫ് നിര്‍വഹിക്കുകയുമാണ് വേണ്ടത്.
ഇഹ്‌റാമില്‍ പ്രവേശിച്ച ആള്‍ ടൈഗര്‍ ബാം പോലെ ഗന്ധമുള്ള മരുന്നുകള്‍ ഉപയോഗിക്കാമോ?
ഇഹ്‌റാമില്‍ പ്രവേശിച്ച ശേഷം സുഗന്ധമുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. തലവേദന തുടങ്ങിയ രോഗങ്ങള്‍ക്ക് സുഗന്ധമല്ലാത്ത വസ്തുക്കളാണ് ഉപയോഗിക്കേണ്ടത്. മറ്റൊന്നും ലഭിക്കാത്ത നിര്‍ബന്ധിതാവസ്ഥകളില്‍ സുഗന്ധമുള്ള ഔഷധങ്ങളും ഉപയോഗിക്കാം.
മൂത്രസ്രാവ അസുഖമുള്ളവര്‍ എങ്ങനെയാണ് ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കുക?
മൂത്രസ്രാവമുള്ള ആളുകള്‍ സാധാരണ നമസ്‌കാരവേളയില്‍ ചെയ്യുന്ന തരത്തിലുള്ള മൂത്രം പുറത്തു ചാടാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്താല്‍ മതി. ഇഹ്‌റാമിന്റെ സമയത്ത് ശരീരത്തിന്റെ ആകൃതിയിലോ ഏതെങ്കിലും അവയവത്തിന്റെ രൂപത്തിലോ വട്ടത്തില്‍ തുന്നിയ വസ്ത്രം ഉപയോഗിക്കാന്‍ പാടില്ല. കോണകം പോലെ തുന്നിയ വസ്ത്രങ്ങള്‍ ആകാവുന്നതാണ്.
ത്വവാഫിനു ശേഷമുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരവും പ്രാര്‍ഥനയും നിര്‍വഹിക്കേണ്ടത് മഖാമു ഇബ്‌റാഹീമിനു പിന്നില്‍ പോയിട്ടാണല്ലോ. അവിടെ വലിയ തിരക്കാണെങ്കില്‍ എന്തു ചെയ്യും?
മഖാമു ഇബ്‌റാഹീമിനു പിന്നില്‍ വലിയ തിരക്കുണ്ടെങ്കില്‍ അതിനു പിന്നിലോ, മസ്ജിദുല്‍ ഹറാമില്‍ സൗകര്യമുള്ള മറ്റു സ്ഥലങ്ങളിലോ വെച്ച് നിര്‍വഹിച്ചാല്‍ മതി.
സ്വഫാ മര്‍വാക്കിടയില്‍ സഅ്‌യ് നടത്തുമ്പോള്‍ പച്ച ലൈറ്റുള്ള സ്ഥലത്ത് പുരുഷന്മാര്‍ ഓടുന്നതുപോലെ സ്ത്രീകളും ഓടേണ്ടതുണ്ടോ?
സ്ത്രീകള്‍ ഓടേണ്ടതില്ല, വേഗത്തില്‍ നടന്നാല്‍ മതി.
കഅ്ബയോട് ചേര്‍ന്നു കിടക്കുന്ന ഹിജ്ര്‍ ഇസ്മാഈല്‍ എന്ന സ്ഥലത്തിനുള്ളിലൂടെ ത്വവാഫ് ചെയ്താല്‍ ശരിയാകുമോ?
ശരിയാവുകയില്ല. അത് കഅ്ബയില്‍ പെട്ട സ്ഥലമാണ്.
ഉംറ നിര്‍വഹിക്കുന്ന ആള്‍ ത്വവാഫിനും സഅ്‌യിനും ശേഷം മുടിയെടുക്കുന്നതിനു മുമ്പ് സാധാരണ വസ്ത്രം ധരിച്ചുപോയാല്‍ എന്താണ് ചെയ്യേണ്ടത്?
ഇഹ്‌റാമിനു ശേഷം ത്വവാഫ്, സഅ്‌യ്, മുടിയെടുക്കല്‍ എന്നീ കര്‍മങ്ങള്‍ക്കു ശേഷമേ ഉംറ നിര്‍വഹിക്കുന്ന ആള്‍ക്ക് സാധാരണ വസ്ത്രം ധരിക്കാന്‍ അനുവാദമുള്ളൂ. ആരെങ്കിലും മുടിയെടുക്കുന്നതിനു മുമ്പ് സാധാരണ വസ്ത്രം ധരിച്ചുപോയാല്‍ ഓര്‍മയായ ഉടനെ ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കണം. അബദ്ധത്തില്‍ സംഭവിച്ചതിന് പ്രായശ്ചിത്തം ആവശ്യമില്ല.
തമത്തുഅ് (ഹജ്ജ് മാസങ്ങളില്‍ ഉംറ നിര്‍വഹിച്ച് ഇഹ്‌റാമില്‍നിന്ന് ഒഴിവായി അതേ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന) രൂപത്തില്‍ ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തിക്ക് നിര്‍ബന്ധ ബലികര്‍മം ഹജ്ജിനു മുമ്പ് മക്കയില്‍ വെച്ച് നിര്‍വഹിക്കാമോ?
തമത്തുഅ് രൂപത്തിലോ ഖീറാന്‍ രൂപത്തിലോ ഹജ്ജ് നിര്‍വഹിക്കുന്ന വ്യക്തിക്ക് നിര്‍ബന്ധമായ ബലികര്‍മം ദുല്‍ഹജ്ജ് പത്തിനു മുമ്പ് നിര്‍വഹിക്കാന്‍ അനുവാദമില്ല. ആരെങ്കിലും അങ്ങനെ ചെയ്തുപോയാല്‍ ദുല്‍ഹജ്ജ് പത്തിനോ അതിനു ശേഷമോ പകരം മറ്റൊരു ആടിനെ കൂടി ബലിയറുക്കേണ്ടതാണ് എന്നത്രെ പ്രബലമായ അഭിപ്രായം.
ചില ആളുകള്‍ ഉംറ നിര്‍വഹിച്ച ശേഷം മദീനയില്‍ പോയി ഹജ്ജിന്റെ അടുത്ത ദിവസം വരെ അവിടെ താമസിച്ച് മദീനക്കാരുടെ മീഖാത്തായ ദുല്‍ഖുലൈഫയില്‍നിന്ന് ഹജ്ജിന് ഇഹ്‌റാം ചെയ്ത് മക്കയില്‍ വരുന്നു. ബലികര്‍മത്തില്‍നിന്ന് രക്ഷപ്പെടാനാണ് അവരങ്ങനെ ചെയ്യുന്നത്. അത് ശരിയാണോ?
ശരിയല്ല. അതില്‍ പല അബദ്ധങ്ങളുമുണ്ട്. ഇസ്‌ലാമില്‍ പ്രബലമായ ഇബാദത്തായ ബലിയില്‍നിന്ന് രക്ഷപ്പെടുക എന്ന ചിന്ത തന്നെ തെറ്റാണ്. മദീനയില്‍ പോയതുകൊണ്ട് മാത്രം തമത്തുഅ് രൂപത്തില്‍നിന്ന് രക്ഷപ്പെടുകയുമില്ല. ഒരാള്‍ പുറപ്പെട്ട തന്റെ നാട്ടിലേക്ക് തിരിച്ചുപോയി രണ്ടാമത് ഹജ്ജിനുവേണ്ടി വന്നാല്‍ മാത്രമേ തമത്തുഇന്റെ വിധിയില്‍നിന്ന് ഒഴിവാകുകയുള്ളൂ എന്നതാണ് പ്രബലമായ അഭിപ്രായം. മൂന്നാമതായി മസ്ജിദുല്‍ ഹറാമില്‍ വെച്ചുള്ള നമസ്‌കാരത്തിന് സാധാരണ നമസ്‌കാരത്തേക്കാള്‍ ഒരു ലക്ഷം ഇരട്ടി പ്രതിഫലം ലഭിക്കുമ്പോള്‍ മസ്ജിദുന്നബവിയിലെ നമസ്‌കാരത്തിന് ആയിരം ഇരട്ടി മാത്രമാണ് പ്രതിഫലം ലഭിക്കുക. മദീനയില്‍ പോയി താമസിക്കുന്ന കാലത്തോളം വര്‍ധിച്ച ആ പുണ്യം നഷ്ടപ്പെടുന്നു. നാലാമതായി, മക്കയിലാണെങ്കില്‍ ഏറെ പുണ്യകരമായ ത്വവാഫ് ധാരാളം ചെയ്ത് കൂടുതല്‍ പുണ്യം നേടാന്‍ സാധിക്കും. മദീനയില്‍ അതിന് സാധിക്കുകയില്ല.
ദുല്‍ഹജ്ജ് എട്ടിന് ഹജ്ജില്‍ പ്രവേശിക്കുന്നവര്‍ എവിടെ നിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്? ഇഹ്‌റാമിനു മുമ്പ് ത്വവാഫ് സുന്നത്തുണ്ടോ?
അവര്‍ തങ്ങളുടെ താമസസ്ഥലത്തുനിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്. അതിനു മുമ്പ് ത്വവാഫ് സുന്നത്തില്ല.
ദുല്‍ഹജ്ജ് എട്ടിന് ഒരാള്‍ മിനായില്‍ പോവുകയോ അവിടെ താമസിക്കുകയോ ചെയ്യാതെ ഒമ്പതിന് നേരെ അറഫയിലേക്ക് പോവുകയാണെങ്കില്‍ അയാളുടെ ഹജ്ജ് ശരിയാകുമോ?
ശരിയാകും. ദുല്‍ഹജ്ജ് എട്ടിന് മിനായില്‍ പോകലും അവിടെ വെച്ച് അഞ്ചു നേരം നമസ്‌കരിക്കലും അവിടെ രാത്രി കഴിച്ചുകൂട്ടലും സുന്നത്ത് മാത്രമാണ്. അത് നഷ്ടപ്പെടുമെന്നു മാത്രം.
തമത്തുഅ് രൂപത്തിലോ ഖീറാന്‍ രൂപത്തിലോ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് നിര്‍ബന്ധമായ ബലി കര്‍മം നാട്ടില്‍ തിരിച്ചെത്തിയ ശേഷം നിര്‍വഹിച്ചാല്‍ മതിയാവുമോ? അറുക്കുന്ന ആള്‍ക്ക് അതിന്റെ മാംസം തിന്നാമോ?
മതിയാവുകയില്ല. ഹറമിനുള്ളില്‍ വെച്ചുതന്നെ ബലിയറുക്കേണ്ടതാണ്. അറുക്കുന്ന ആള്‍ക്ക് അതിന്റെ മാംസം തിന്നുന്നതിന് വിരോധമില്ല.
നിര്‍ബന്ധമായ ബലികര്‍മത്തെക്കുറിച്ച് ധാരണയില്ലാതെ ഒരാള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ എന്താണ് ചെയ്യേണ്ടത്?
നിര്‍ബന്ധമായ ബലികര്‍മത്തെക്കുറിച്ച ധാരണയില്ലാതെ ഒരാള്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ അതുസംബന്ധിച്ച ധാരണയും അറിവും ലഭിച്ച ഉടനെ മക്കയില്‍ വെച്ച് അത് നിര്‍വഹിക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയാണ് വേണ്ടത്. മക്കയില്‍ വെച്ച് ചെയ്യേണ്ടുന്ന ബലികര്‍മം നാട്ടില്‍ വെച്ച് ചെയ്താല്‍ ശരിയാവുകയില്ല.
തനിക്കു വേണ്ടി ഉംറ നിര്‍വഹിച്ച ശേഷം മറ്റുള്ളവര്‍ക്കു വേണ്ടി ധാരാളം ഉംറ നിര്‍വഹിക്കുന്നതിന് വല്ല അടിസ്ഥാനവുമുണ്ടോ?
തനിക്കു വേണ്ടി ഉംറ നിര്‍വഹിച്ച ശേഷം മക്കയില്‍ താമസിക്കുന്ന ദിവസങ്ങളില്‍ ചിലര്‍ തന്‍ഈമില്‍ പോയി തങ്ങളുടെ ബന്ധുക്കള്‍ക്കും മറ്റും വേണ്ടി ഉംറ നിര്‍വഹിക്കുന്നതു കാണാം. അതിന് ദീനില്‍ അടിസ്ഥാനമൊന്നുമില്ല. നബി(സ)യില്‍നിന്നും സ്വഹാബത്തില്‍നിന്നും അതിന് മാതൃകയുമില്ല. തന്റെ മാതാപിതാക്കള്‍ക്കോ മറ്റോ വേണ്ടി ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തദാവശ്യാര്‍ഥം നാട്ടില്‍നിന്നു തന്നെ വന്ന് ഉംറ ചെയ്യുകയാണ് വേണ്ടത്.
ഹജ്ജ് സമയത്ത് സ്ത്രീകള്‍ പര്‍ദ ധരിക്കേണ്ടതുണ്ടോ?
ഹജ്ജ് സമയത്ത്, പര്‍ദ എന്ന പേരില്‍ അറിയപ്പെടുന്ന പ്രത്യേക വസ്ത്രം സ്ത്രീകള്‍ ധരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ ഹിജാബിന്റെ നിയമങ്ങള്‍ പാലിച്ചിരിക്കണം.
മിനായിലും അറഫയിലും മുസ്ദലിഫയിലും വെച്ചുള്ള നമസ്‌കാരങ്ങള്‍ എങ്ങനെയാണ് നിര്‍വഹിക്കേണ്ടത്?
മിനായില്‍ വെച്ചുള്ള നമസ്‌കാരങ്ങള്‍ ഓരോന്നും അതിന്റെ സമയത്തുതന്നെയാണ് നിര്‍വഹിക്കേണ്ടത്. ളുഹ്ര്‍, അസ്വ്ര്‍, ഇശാഅ് എന്നീ നമസ്‌കാരങ്ങള്‍ ഖസ്വ്ര്‍ ആക്കി രണ്ട് റക്അത്ത് വീതമാണ് നമസ്‌കരിക്കേണ്ടത്. അറഫയില്‍ വെച്ച് ളുഹ്ര്‍, അസ്വ്ര്‍ എന്നീ നമസ്‌കാരങ്ങള്‍ ജംഉം ഖസ്വ്‌റുമായി രണ്ട് റക്അത്ത് വീതം ളുഹ്‌റിന്റെ സമയത്ത് നിര്‍വഹിക്കണം. മഗ്‌രിബ്, ഇശാഅ് നമസ്‌കാരങ്ങള്‍ മുസ്ദലിഫയിലെത്തിയ ശേഷം അവിടെ വെച്ച് ജംഉം ഖസ്വ്‌റുമായി നിര്‍വഹിക്കുകയാണ് വേണ്ടത്.
അറഫാ ദിനത്തില്‍ അറഫയുടെ അതിര്‍ത്തിയിലുള്ള മസ്ജിദു നമിറയില്‍ പോയി തിരിച്ചുവരികയാണെങ്കില്‍് ഹജ്ജ് ശരിയാവുമോ?
അറഫയുടെ അതിര്‍ത്തിയിലുള്ള മസ്ജിദുനമിറയുടെ മുന്‍ഭാഗം അറഫക്കു പുറത്തും ബാക്കി ഭാഗം അറഫക്കുള്ളിലുമാണ്. ഒരാള്‍ അറഫക്ക് പുറത്തുള്ള ഭാഗത്ത് മാത്രം പോയി തിരിച്ചുവന്നാല്‍ അയാളുടെ ഹജ്ജ് ശരിയാവുകയില്ല. കാരണം അയാള്‍ക്ക് അറഫയിലെ നിര്‍ത്തം ലഭിച്ചിട്ടില്ല.
അറഫയിലെ ജബലുര്‍റഹ്മ എന്ന കുന്നില്‍ കയറി പ്രാര്‍ഥിക്കുന്നതിന് വല്ല പ്രത്യേക പുണ്യമുണ്ടോ?
ജബലുര്‍റഹ്മയുടെ മുകളില്‍ കയറി പ്രാര്‍ഥിക്കുന്നതിന് പ്രത്യേക പുണ്യമൊന്നുമില്ല.
അറഫയിലെ നിര്‍ത്തം ഏതു സമയം വരെയാണ്? മഗ്‌രിബിന്റെ സമയമായാല്‍ അവിടെ വെച്ച് നമസ്‌കരിച്ച ശേഷം പുറപ്പെടുന്നതല്ലേ നല്ലത്?
അറഫയിലെ നിര്‍ത്തം സൂര്യാസ്തമയം വരെയാണ്. മഗ്‌രിബിന്റെ സമയമായ ശേഷം മഗ്‌രിബ് നമസ്‌കരിക്കാതെയാണ് അവിടെ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെടേണ്ടത്. അങ്ങനെയാണ് നബി (സ) ചെയ്തത്.
അറഫാ ദിനം വെള്ളിയാഴ്ചയാണെങ്കില്‍ അന്ന് അവിടെ വെച്ച് ജുമുഅ നമസ്‌കരിച്ചുകൂടേ?
ഹാജിമാര്‍ക്ക് അറഫയില്‍ ജുമുഅ നമസ്‌കാരമില്ല. വെള്ളിയാഴ്ച മസ്ജിദു നമിറയില്‍ വെച്ച് ഇമാം നിര്‍വഹിക്കുന്ന ഖുത്വ്ബ ഹജ്ജിന്റെ ഖുത്വ്ബയായിരിക്കും, ജുമുഅ ഖുത്വ്ബയല്ല. നമസ്‌കാരം ളുഹ്‌റുമായിരിക്കും. ജുമുഅ നമസ്‌കാരമല്ല. നമസ്‌കാരത്തില്‍ ഇമാം ഫാതിഹയും സൂറത്തും ഉറക്കെയല്ല ഓതുക.
ഹാജിമാര്‍ യാത്രക്കാരല്ലാത്തതിനാല്‍ അവര്‍ മിനായിലും അറഫയിലും മുസ്ദലിഫയിലും വെച്ച് ഓരോ നമസ്‌കാരവും ജംഉം ഖസ്‌റുമില്ലാതെയാണ് നിര്‍വഹിക്കേണ്ടതെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. അത് ശരിയാണോ?
ശരിയല്ല. നബി (സ) പഠിപ്പിച്ചതിനെതിരാണത്. ‘നിങ്ങള്‍ ഹജ്ജിലെ കര്‍മങ്ങള്‍ ഞാന്‍ ചെയ്യുന്നതു കണ്ട് അങ്ങനെ ചെയ്യുക’ എന്നാണ് നബി (സ) പറഞ്ഞിട്ടുള്ളത്. മിനായിലും അറഫയിലും മുസ്ദലിഫയിലുമുള്ള നമസ്‌കാരങ്ങള്‍ ഹജ്ജ് കര്‍മങ്ങളുടെ ഭാഗമാണ്. അവിടെ യാത്രയുടെ മസ്അല കൊണ്ടുവരുന്നത് ശരിയല്ല.
അറഫയില്‍ സുന്നത്ത് നമസ്‌കാരം അനുവദനീയമാണോ?
അറഫയില്‍ ഫര്‍ദ് നമസ്‌കാരങ്ങള്‍ തന്നെ ചുരുക്കി നമസ്‌കരിക്കുന്നതിനാല്‍ സുന്നത്ത് നമസ്‌കരിക്കേണ്ടതില്ല. അത് നബിചര്യക്ക് എതിരുമാണ്.
ജംറകളില്‍ എറിയാന്‍ മുസ്ദലിഫയില്‍നിന്ന് എത്ര കല്ലുകളാണ് എടുക്കേണ്ടത്?
മുസ്ദലിഫയില്‍നിന്ന് ദുല്‍ഹജ്ജ് പത്തിന് ജംറത്തുല്‍ അഖബയില്‍ എറിയാനുള്ള ഏഴു കല്ലുകള്‍ എടുത്താല്‍ മതി. മറ്റു ദിവസത്തെ ഏറിനുള്ള കല്ലുകള്‍ മിനായില്‍നിന്നു തന്നെ എടുക്കാവുന്നതാണ്. നബി (സ) മുസ്ദലിഫയില്‍നിന്ന് പുറപ്പെട്ട ശേഷം വഴിയില്‍ വെച്ച് ഏഴു കല്ലുകള്‍ പെറുക്കിയെടുക്കാന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)നോട് കല്‍പിക്കുകയാണ് ചെയ്തത്. മറ്റു ദിവസത്തെ ഏറിനുള്ള കല്ലുകള്‍ മിനായില്‍നിന്നു തന്നെയാണ് എടുത്തത്.
മുസ്ദലിഫയില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടാന്‍ പ്രയാസമുള്ളവര്‍ എന്താണ് ചെയ്യേണ്ടത്?
മുസ്ദലിഫയില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടാന്‍ പ്രയാസമുള്ള രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് അര്‍ധ രാത്രിക്കു ശേഷം മിനായിലേക്ക് പുറപ്പെടാന്‍ അനുവാദമുണ്ട്.
അര്‍ധരാത്രിക്കു ശേഷം മിനായിലേക്ക് പുറപ്പെടാന്‍ അനുവാദമുള്ളവര്‍ക്ക് പ്രഭാതത്തിന് മുമ്പുതന്നെ ജംറത്തുല്‍ അഖബായില്‍ കല്ലേറ് നടത്താമോ?
നടത്താവുന്നതാണ്, വിരോധമില്ല.
എറിയാനുള്ള കല്ലുകളില്‍ ഒന്നോ രണ്ടോ വഴിയില്‍ വീണുപോവുകയോ ജംറയില്‍ തട്ടാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്?
കല്ലുകളില്‍ ഒന്നോ രണ്ടോ വഴിയില്‍ വീണുപോവുകയോ ജംറയില്‍ തട്ടാതിരിക്കുകയോ ചെയ്താല്‍ അതിന് പ്രായശ്ചിത്തമൊന്നും ആവശ്യമില്ല. കല്ലെടുക്കുമ്പോള്‍ നിശ്ചിത എണ്ണത്തേക്കാള്‍ ഒന്നോ രണ്ടോ കൂടുതല്‍ കരുതുന്നതിന് വിരോധമില്ല.
ദുല്‍ഹജ്ജ് പത്തിന് എന്തെല്ലാം കര്‍മങ്ങളാണ് അനുഷ്ഠിക്കേണ്ടത്?
ജംറത്തുല്‍ അഖബയില്‍ കല്ലെറിയുക, ബലിയറുക്കുക, മുടിയെടുക്കുക, ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കുക, സഅ്‌യ് ചെയ്യുക.
ഇഹ്‌റാമില്‍നിന്ന് ഒഴിവാകാന്‍ എന്താണ് വേണ്ട്?
മേല്‍പറഞ്ഞ അഞ്ച് കാര്യങ്ങളില്‍നിന്ന് രണ്ട് കാര്യങ്ങള്‍ ചെയ്താല്‍ ഇഹ്‌റാമില്‍നിന്ന് ഭാഗികമായി ഒഴിവാകാവുന്നതാണ്. ഇഹ്‌റാം കൊണ്ട് നിഷിദ്ധമായ കാര്യങ്ങളില്‍ ഭാര്യാഭര്‍തൃ ബന്ധമൊഴികെയുള്ള എല്ലാ കാര്യങ്ങളും അതോടെ അനുവദനീയമാകും. ത്വവാഫുല്‍ ഇഫാദ കൂടി ചെയ്താല്‍ അതും അനുവദനീയമാകും.
ബലികര്‍മത്തിന് കൂപ്പണെടുത്ത ആള്‍ക്ക് ഇഹ്‌റാമില്‍നിന്ന് ഒഴിവാകാന്‍ ബലികര്‍മം നടന്നുകഴിഞ്ഞോ എന്നറിയേണ്ടതുണ്ടോ?
അറിയേണ്ടതില്ല. മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും രണ്ട് കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ മതി.
ബലികര്‍മം ഏതെല്ലാം തരമാണ്? അവയുടെ വിധിയെന്താണ്?
ബലികര്‍മം മൂന്നു തരമാണുള്ളത്. ഒന്ന്, തമത്തുഅ-ഖീറാന്‍ രൂപങ്ങളില്‍ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് നിര്‍ബന്ധമായ ബലി. ദുല്‍ഹജ്ജ് പത്തിനോ ശേഷമുള്ള ദിവസങ്ങളിലോ ഹറമില്‍ വെച്ചാണത് നിര്‍വഹിക്കേണ്ടത്. അതിന്റെ മാംസം ബലിയറുക്കുന്നവര്‍ക്കും ഭക്ഷിക്കാവുന്നതാണ്. രണ്ട്, ഇഹ്‌റാമില്‍ നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്തതിന്റെ പേരിലോ ഹജ്ജില്‍ നിര്‍ബന്ധമായ (വാജിബ്) കാര്യം ചെയ്യാതിരുന്നതിന്റെ പേരിലോ നിര്‍ബന്ധമായ പ്രായശ്ചിത്ത ബലി. അത് നിര്‍ബന്ധമായ സ്ഥലത്തുവെച്ചോ ഹറമില്‍ വെച്ചോ നിര്‍വഹിക്കാവുന്നതാണ്. അതിന്റെ മാംസം ബലിയറുക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. മൂന്ന്, ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ബലി. അത് ഹറമില്‍ വെച്ചും നിശ്ചിത സമയത്ത് നാട്ടില്‍ വെച്ചും നിര്‍വഹിക്കാം. അതിന്റെ മാംസം അറുക്കുന്നവര്‍ക്കും ഭക്ഷിക്കാം.
ഹാജിമാര്‍ക്ക് ബലിപെരുന്നാള്‍ നമസ്‌കാരം സുന്നത്തുണ്ടോ?
സുന്നത്തില്ല. എന്നാല്‍ ബലിപെരുന്നാള്‍ നമസ്‌കാരസമയത്ത് അവര്‍ മസ്ജിദുല്‍ ഹറാമിലെത്തിയിട്ടുണ്ടെങ്കില്‍ അവിടത്തെ നമസ്‌കാരത്തില്‍ പങ്കെടുക്കാവുന്നതാണ്.
ഹജ്ജ് യാത്രികനായ ഒരാളുടെ വശം ബലികര്‍മത്തിനാവശ്യമായ സംഖ്യയുണ്ട്. അയാള്‍ തിരിച്ചുപോകുമ്പോള്‍ ബന്ധുമിത്രാദികള്‍ക്ക് ഗിഫ്റ്റായി ചില സാധനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നു. അയാള്‍ക്ക് ബലികര്‍മത്തിനു പകരം നോമ്പനുഷ്ഠിച്ച് കൈവശമുള്ള സംഖ്യ കൊണ്ട് ഗിഫ്റ്റിനുള്ള സാധനങ്ങള്‍ വാങ്ങാമോ?
അത് ശരിയാവുകയില്ല. നിര്‍ബന്ധമായ ബലികര്‍മം നിര്‍വഹിക്കുകയാണ് അയാള്‍ വേണ്ടത്. ബലിക്കാവശ്യമായ സംഖ്യ കൈവശമുണ്ടായിരിക്കെ അയാള്‍ നോമ്പനുഷ്ഠിച്ചാല്‍ അത് ശരിയാവുകയില്ല.