Back To Top

 പെരുന്നാളിന് ബലിയറുക്കും മുമ്പ്‌

പെരുന്നാളിന് ബലിയറുക്കും മുമ്പ്‌

Spread the love

പാപവിമുക്തിയുടെയും മോക്ഷപ്രാപ്തിയുടെയും ശുഭവസ്ത്രങ്ങളാല്‍ അകവും പുറവും പുതപ്പിച്ച് കൊണ്ട് ലോകത്ത് നീതി സ്ഥാപിക്കാനും, വിശപ്പിനെ ഇല്ലാതാക്കാനും, ഭയത്തെ തുടച്ചുമാറ്റുവാനുമായുള്ള പരിശീലനം സിദ്ധിക്കുന്ന ജനസാഗരത്തിന്റെ ഒത്തുചേരലായ ഹജ്ജിന്റെ നാളുകള്‍ ഒരിക്കല്‍ കൂടി വന്നെത്തിയിരിക്കുന്നു. അലി ശരീഅത്തിയുടെ ഭാഷയില്‍ ഇബ്രാഹിം(അ)നെ ജീവിതത്തില്‍ പകര്‍ത്തിയാടാന്‍ എത്തിയ അഭിനേതാക്കള്‍. സ്‌നേഹത്തിന്റെ, സംഗമത്തിന്റെ, ഐക്യത്തിന്റെ, ത്യാഗത്തിന്റെ, അനുസരണയുടെ, പ്രാര്‍ഥതനയുടെ, പ്രതീക്ഷയുടെ, വിശ്വാസത്തിന്റെ മഹാ നിമിഷങ്ങള്‍. വൈവിധ്യങ്ങളാര്‍ന്ന വര്‍ണങ്ങളുടെ ഒത്തുചേരല്‍. ഈ പുണ്യ ഗേഹത്തില്‍ നിന്നും വര്‍ഷം തോറും പരിശീലനം നേടിയിറങ്ങുന്ന നീതിയുടെ, സമാധാനത്തിന്റെ, നന്മയുടെ വിശുദ്ധരായ പോരാളികള്‍ എത്രയെത്ര!

ഹാജിമാര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസികളും നിര്‍വഹിക്കുന്ന വളരെ പ്രധ്യാന്യമര്‍ഹിക്കുന്ന കര്‍മമാണ് ബലി. നമ്മുടെ സ്വാര്‍ഥതയെ കരിയിച്ച് കളയുന്ന ഔഷധം. ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവകാരിയായ പ്രവാചകന്‍ ഇബ്രഹിമിന്റെയും(അ) മകന്‍ ഇസ്മായിലിന്റെയും(അ) ത്യാഗോജ്വലമായ സംഭവത്തിന്റെ പ്രതീകാത്മക രൂപം. നാം ബലിനല്‍കുന്നത് ഉരുവിനെയാണെങ്കിലും അതിന്റെ ആത്മാവ് എന്നത് അല്ലാഹുവിനോടുള്ള അനുസരണത്തിനും, സ്‌നേഹത്തിനും എതിരായി വരാന്‍ സാധ്യതയുള്ള എല്ലാറ്റിനെയുമാണല്ലോ. ഒരു മനുഷ്യനിലും കര്‍മങ്ങള്‍ ജനിക്കുനില്ല, ഉദ്ദേശ്യങ്ങളില്ലാതെ. വിശ്വാസിയെ സംബന്ധിച്ച് വളരെ ഗൗരവവും പ്രാധാന്യവും അര്‍ഹിക്കുന്ന സംഗതിയാണത് ഉദ്ദേശ്യശുദ്ധി എന്നത്. അത് നഷ്ടപെട്ടാല്‍ ആത്മാവ് ഇല്ലാത്ത ശരീരം പോലെ. ആത്മാവ് വിടപറഞ്ഞ ശരീരം എത്ര വലിയ സ്വര്‍ണകട്ടിലില്‍ കിടത്തിയാലും അത് കുടുംബത്തിനും സമുഹത്തിനും ജീര്‍ണവും ഭാരവുമാണ്.

പക്ഷെ ബലിയെന്ന കര്‍മത്തിന്റെ ആത്മാവിനെ നഷ്ടപെടുത്തി കര്‍മശാസ്ത്രത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന ആളുകളും നമ്മുടെ സമൂഹത്തില്‍ ധാരാളമായി കാണുന്നു. അവരുടെ മനസിന് സമധാനം നല്‍കുന്നത് കണിശമായി പുലര്‍ത്തേണ്ട ഫിഖ്ഹി മസ്അലകളുടെ പുര്‍ത്തീകരണമാണ്. യഥാര്‍ത്ഥത്തില്‍ ബലി എന്നത് ഈമാനുമായി അഗാധബന്ധമുള്ള കാര്യം തന്നെയാണ്. മനുഷ്യന്റെ വിചാരം അവനു ചുറ്റുമുള്ള കാര്യകാരണങ്ങളാണ് തന്റെ ജീവിതത്തെ സുഗമമാക്കുന്നതെന്നും അവയില്‍ എന്തിനെങ്കിലും ഒന്നിന് ഒരു വീഴ്ചയോ, അഭാവമോ സംഭവിച്ചാല്‍ ജീവിതത്തിന്റെ സുഗമമായ ഒഴുക്ക്  അവസാനിക്കുമെന്നുള്ള ഭയമാണ്. പണം, സന്താനം, ഭാര്യ, പ്രശസ്തി എന്നിങ്ങനെ പോകുന്നു ആ പട്ടിക. ഭൗതിക ലോകത്തുപോലും സ്ഥായിയായി നിലനില്‍കാത്തവയില്‍ നാളയുടെ പ്രതീക്ഷ സമര്‍പിച്ച് മനസിന് സുരക്ഷിതത്വ ബോധം നല്‍കി അവന്‍ സ്വയം നിര്‍ഭയനാകാന്‍ ശ്രമിക്കുന്നു. ഇവിടെയാണ് അല്ലാഹുവിന്റെ അടിമ വ്യതിരിക്തനാകുന്നത്. അവനു നിര്‍ഭയത്വം നല്‍കുന്നത് സ്ഥായിയായി എന്നെനും നിലനില്‍കുന്ന അസ്ഥിത്വമാണ്. പ്രതീക്ഷയും, പ്രത്യാശയും നല്‍കുന്നത് അല്ലാഹുവാണ്. അവനു മാത്രമേ തരുവാനും തിരിച്ചെടുക്കുവനുമുള്ള കഴിവുള്ളു. അപ്പോള്‍ അവന്‍ നല്‍കിയ വിഭവങ്ങള്‍ അവന്റെ മാര്‍ഗത്തില്‍ ത്യജിക്കാന്‍ എന്തിനു വൈമനസ്യം കാണിക്കണം. അവനോടുള്ള പ്രേമത്തിനു മുമ്പില്‍ ഒരു ത്രാസ്സും തൂങ്ങുകയില്ലലോ.

സ്വാര്‍ത്ഥത തന്നെയാണ് നമ്മുടെ ത്യാഗങ്ങളെ തടഞ്ഞുനിര്‍ത്തുന്ന വികാരം. ഭൂരിഭാഗം ആളുകളും തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങളുടെയും സ്വകാര്യ നേട്ടങ്ങളുടെയും അകത്ത് കുടുങ്ങികിടക്കുന്നവരാണ്. മുതലാളിത്ത സംസ്‌കാരം അതുതന്നെയല്ലേ പഠിപ്പിക്കുനതും. റൂമി പാടി ”നിങ്ങള്‍ക്ക് നിങ്ങളുടെ സ്വാര്‍ത്ഥയെ ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ കാണാമായിരുന്നു എതവസ്ഥയില്‍ ആയിരുന്നു നിങ്ങളുടെ ആത്മാവിനെ നിങ്ങള്‍ പീഡിപ്പിച്ചിരുന്നതെന്ന്!”. ബലി സ്വാര്‍ത്ഥതയും ഐഹികഭ്രമവും മാറ്റി ഹൃദയ വിശാലത പ്രധാനം ചെയ്യുന്നു. അതെ, ഏറ്റവും പ്രിയപെട്ടതിന്റെ ബലിയാണ് അല്ലാഹു സ്വീകരിക്കുക (3:2). ഉറക്കം മനുഷ്യന്‍ വളരെ പ്രിയപെട്ടതാണ്. അതുകൊണ്ടുതന്നെ ദൈവസാമിപ്യം കൊതിക്കുന്നവരുടെ നമസ്‌കാരം ഉറക്കത്തെ ബലി നല്‍കികൊണ്ട് രഹസ്യ സംഭാഷണത്തിനായി എഴുന്നേറ്റു നില്‍ക്കാന്‍ രാത്രിയുടെ യാമങ്ങള്‍ തന്നെ അല്ലാഹു തിരഞ്ഞെടുത്തത്. ഈ സമയത്ത് കിടക്ക നല്‍കുന്ന സുഖം ബലി നല്‍കി എഴുന്നേറ്റ് നില്‍ക്കുന്നവരുടെ പ്രാര്‍ഥനകളും അഭ്യര്‍ഥനകളും കേള്‍ക്കാന്‍ അല്ലാഹു കീഴ്മാനത്തേക്ക് ഇറങ്ങിവരികയും എന്നിട്ട് ഇപ്രകാരം പറയുകയും ചെയ്യും, ‘പശ്ചാതപിക്കുന്നവരുടെ പശ്ചാതാപം ഞാന്‍ സ്വീകരിക്കുന്നതാണ്. എന്റെ കാരുണ്യം തേടുന്നവരെ ഞാന്‍ എന്റെ കാരുണ്യത്തിന്റെ വസ്ത്രാഞ്ചലം കൊണ്ട് പുതപ്പിക്കുന്നതാണ്’. ഇവിടെ ബലിയുടെ ആത്മാവിനേയും അതിന്റെ വ്യാപ്തിയുടെയും, അര്‍ത്ഥത്തിന്റെയും  സ്വീകര്യതയുടെയും മാനദണ്ഡവുമാണ് കാണിച്ചുതരുന്നത്.

ലക്ഷണമൊത്ത വിശ്വാസിയുടെ യോഗ്യതയാണ് ത്യാഗസന്നദ്ധത. ലൗകികവും വൈകാരികവുമായ കാര്യങ്ങളെ നിസാരമായി കാണാന്‍ പ്രേരിപ്പിക്കുന്ന ശക്തിയാണത്. ഇസ്‌ലാമിന്റെ സുവര്‍ണകാലത്ത് തികഞ്ഞ മനസംതൃപ്തിയോടെ സമ്പത്തും ശരീരവും ദൈവിക മാഗത്തില്‍ ബലിനല്‍കിയതിന്റെ ഉജ്ജ്വല മാതൃകകള്‍ സമര്‍പിച്ചിട്ടുണ്ട്. കൂടിയ തോതില്‍ മുടന്തുള്ള അന്‍സ്വാരിയായിരുന്നു അംറുബിനുല്‍ ജമൂഹ്. ഉഹ്ദ് യുദ്ധദിവസത്തില്‍ അദ്ദേഹത്തിന്റെ യുവാക്കളായ നാല് മക്കളോട് സന്നാഹങ്ങള്‍ ഒരുക്കികൊടുക്കുവാന്‍ ആവിശ്യപെട്ടു. മക്കള്‍ പറഞ്ഞു. ‘അല്ലാഹു താങ്ങള്‍ക്ക് ഇളവുതന്നിരിക്കുന്നു. താങ്കള്‍ ഇവിടെയിരുന്നാലും. താങ്കള്‍ക്ക് പകരം ഞങ്ങള്‍ മതി. അങ്ങയില്‍ നിന്ന് അല്ലാഹു ജിഹാദിന്നുള്ള ബാധ്യത നീക്കം ചെയ്തിരിക്കുന്നു’. പക്ഷേ, അദ്ദേഹം പ്രവാചകനെ സമീപിച്ചു പറഞ്ഞു. ‘അങ്ങയോടൊപ്പം യുദ്ധം ചെയ്യുന്നതില്‍ നിന്നും എന്റെ മക്കള്‍ എന്നെ തടയുന്നു അല്ലാഹുവിന്റെ ദൂതരെ. രക്തസാക്ഷിയാകുവാനും ഈ മുടന്തുമായി സ്വര്‍ഗത്തില്‍ കാലുകുത്താനും എനിക്ക് ആഗ്രഹമുണ്ട്’. റസുല്‍ പറഞ്ഞു. ‘താങ്കളെപോലുള്ളവരില്‍ നിന്ന് അല്ലാഹു ജിഹാദിന്നുള്ള ബാധ്യത എടുത്തു കലഞ്ഞിട്ടുണ്ടല്ലോ’. മക്കളോടായി പ്രവാചകന്‍ പറഞ്ഞു. നിങ്ങളെന്തിനാണ് അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തുന്നത്, അല്ലാഹു അദ്ദേഹത്തിനു രക്തസാക്ഷിത്വം പ്രദാനം ചെയ്‌തെങ്കിലോ?’. അങ്ങനെ അദ്ദേഹം തിരുദൂതരുമായി പുറപെട്ടു ഉഹ്ദില്‍ രക്തസാക്ഷിയായി. അദ്ദേഹത്തെപറ്റി തിരിമേനി അന്‍സ്വാരികളോട് പറഞ്ഞു. ‘അന്‍സ്വാര്‍ സമൂഹമേ അല്ലാഹുവിന്റെ പേരില്‍ പ്രതിജ്ഞയെടുത്താല്‍ എന്തുവിലകൊടുത്തും അത് പാലിക്കുന്നവര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ട്. അംറ് ബിന്‍ അല്‍ആസ്വ് ജമൂഹ് അക്കൂട്ടത്തില്‍ പെട്ടവനായിരുന്നു’.

ഹജ്ജിനായി പുറപെട്ട സൂഫിവര്യന്‍ അബ്ദുല്ലാ ബിന്‍ മുബാറക് വഴിമധ്യേ ഒരു കുട്ടി വിശപ്പു സഹിക്കവയ്യാതെ ചത്ത പക്ഷികുഞ്ഞിനെ എടുത്തുകൊണ്ട് പോകുന്നത് കണ്ടപ്പോള്‍ താന്‍ ഹജ്ജിനായി കരുതിവെച്ച മുഴുവന്‍ തുകയും കരഞ്ഞുകൊണ്ട് അവളുടെ വിശപ്പകറ്റാന്‍ നീക്കിവെക്കുകയാണ് ചെയ്തത്. ലോകത്ത് 936 ദശലക്ഷം ആളുകള്‍ക്ക്  മതിയായ ഭക്ഷണം ലഭിക്കുന്നില്ല. 20864 ആളുകള്‍ ദിനംപ്രതി വിശപ്പുമുലം മരിക്കുന്നു. ഐക്യരാഷ്ട്രസഭ പുറത്തുവിട്ട ഒരു പഠനത്തെപറ്റി ദി ഹിന്ദു പത്രത്തില് ജൂണ്‍ 2014  വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് നമ്മുടെ ഇന്ത്യയില്‍ 2012  1.4 ദശലക്ഷം കുട്ടികളാണ് പട്ടിണി കാരണം 5 വയസ്സ് തികയും മുമ്പ് മരിച്ചുവീഴുന്നത്. എന്തേ വിശുദ്ധ ഖുര്‍ആന്‍ പുണ്യ ഗേഹത്തിന്റെ അവകാശികളുടെ കര്‍ത്തവ്യമായി പറഞ്ഞ വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചനം നല്‍കാന്‍ (106 :34) നമ്മുടെ ആരാധനാ കര്‍മങ്ങള്‍ക്ക് സാധിക്കത്തത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എതിരായി നില്‍ക്കുന്ന എല്ലാ വിലങ്ങുതടികളെയുമാണ് നാം ബലിയറുക്കുന്നത് എന്ന ബോധവും ബോധ്യവും നമ്മുക്കുണ്ടാവേണ്ടതുണ്ട്. ഈ പെരുന്നാളിനും നാം ബലി അറുക്കാനായും കൊടുക്കാനായും പുറപ്പെടുമ്പോള്‍ അതിന്റെ ആത്മാവിനെ നഷ്ടപെടാതെ സുക്ഷിക്കുക. ഇബ്രാഹിമും(അ) ഇസ്മാഈലും(അ) നമ്മെ പഠിപ്പിക്കുന്നതും അതുതന്നെയല്ലേ. മറ്റെന്തിനെക്കാളും ആല്ലാഹുവിന്റെ കല്‍പനകള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ബോധം തഖ്‌വയുടെതാണ്. ‘അവയുടെ മാംസമോ രക്തമോ അല്ലാഹുവിനെ പ്രാപിക്കുന്നില്ല. മറിച്ച്, അവനെ പ്രാപികുന്നത് നിങ്ങളുടെ തഖ്‌വയാകുന്നു’. (വി.ഖു  22 : 37)

 

  • ഇബ്‌നു ബഷീര്‍ ആലപ്പുഴ
Prev Post

ഹജ്ജിന്റെ ക്രമം ഒറ്റനോട്ടത്തില്‍

Next Post

അല്ലാഹുവിന്റെ പ്രിയ കൂട്ടുകാരന്‍

post-bars

Related post

You cannot copy content of this page