കുട്ടികളെ ഹജ്ജിന് കൊണ്ടു പോകുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍
ഹജ്ജ് മുസ്‌ലിമിന് ജീവിതത്തില്‍ ഒരു പ്രാവശ്യം മാത്രം നിര്‍ബന്ധമുള്ള കര്‍മമാണ്. ഇസ്‌ലാമിന്റെ പൂര്‍ണതക്ക് അനിവാര്യമായ അഞ്ചാമത്തെ തൂണുമാണത്. പഴയകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹജ്ജ് യാത്ര വളരെ സുഖകരമായ ഇക്കാലത്ത് മക്കളെകൂടി ഹജ്ജിന് കൂടെ കൊണ്ടുപോകുന്ന പതിവ് അധികരിച്ചിട്ടുണ്ട്. ആത്മീയവും മാനസികവുമായ അനുഭൂതി നല്‍കുന്ന ആരാധനാ കര്‍മമെന്ന നിലയില്‍ കുട്ടികളെകൂടി അതില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്. ചെറുപ്പംമുതലേ കുട്ടികളില്‍ ആരോഗ്യകരമായ ആത്മീയത വളര്‍ത്താനും അത് നല്ലതാണ്. എന്നാല്‍ കുട്ടികളുടെ കൂടെ ഹജ്ജിന് പുറപ്പെടുന്ന മാതാപിതാക്കള്‍ ചിലകാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഹജ്ജ് യാത്രയിലെ പ്രശ്‌നങ്ങളും പ്രയാസങ്ങളും മുന്നില്‍ കണ്ട് യാത്രയില്‍ മക്കളെ കൂടെ കൂട്ടാത്തവരും സമൂഹത്തിലുണ്ട്. അവരുടെ നിലപാട് ശരിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. അത്തരം പ്രയാസങ്ങളും പ്രശ്‌നങ്ങളും മറികടക്കാനുള്ള കരുതലുകളും പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി ചെയ്ത് മക്കളെ കൂടി കൂടെ കൂട്ടാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ബാക്കി കാര്യങ്ങള്‍ ദൈവസഹായം കൊണ്ട് നല്ല രീതിയില്‍ മുമ്പോട്ട് പോകും.
താഴെ പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് കുടുംബത്തോടൊപ്പമുള്ള ഹജ്ജ് യാത്ര സുഖകരമാക്കും.
1) മക്കളെ ഹജ്ജിനെ കുറിച്ച് പഠിപ്പിക്കുക: നിങ്ങളുടെ മക്കള്‍ കാര്യങ്ങളെ കുറിച്ച് പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായമെത്തിയവരാണെങ്കില്‍ അവരെ ഹജ്ജിന്റെ ശ്രേഷ്ടതയെയും കര്‍മങ്ങളെയും കുറിച്ച് പഠിപ്പിക്കണം. ഹജ്ജിന്റെ ആത്മീയ വശങ്ങള്‍ പ്രത്യേകം കുട്ടികളെ ഉണര്‍ത്തണം. കുട്ടികളുടെ മനസ്സിനിണങ്ങുന്ന തരത്തില്‍ ഹജജ് കര്‍മങ്ങളുടെ ആശയങ്ങളും ഉദ്ദേശങ്ങളും പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം.
2) കട്ടികുറഞ്ഞ നൂല്‍തുണികള്‍ കുട്ടികളുടെ ഇഹ്‌റാം വസ്ത്രമാക്കുക: കുട്ടികള്‍ക്ക് ചൂടുള്ള അന്തരീക്ഷത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്ന കട്ടികുറഞ്ഞ നൂല്‍വസ്ത്രം ഉപയോഗിക്കുക. കുട്ടികള്‍ക്ക് മാറി ധരിക്കാന്‍ കഴിയുന്ന തരത്തില്‍ ഒന്നില്‍ കൂടുതല്‍ ഇഹ്‌റാം വസ്ത്രം കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം. കുട്ടികളെ കൂടെ കൊണ്ട് പോകുമ്പോള്‍ അനിവാര്യമായും രക്ഷിതാക്കള്‍ക്കും ഒന്നില്‍ കൂടുതല്‍ വസ്ത്രം കരുതുന്നത് നല്ലതാണ്.
3) വെള്ളവും മറ്റ് പാനീയങ്ങളും കരുതുക: ഹജ്ജിന്റെ കര്‍മങ്ങള്‍ക്കിടയില്‍ ചൂടും ക്ഷീണവും കാരണം പെട്ടെന്ന് നിര്‍ജലീകരണം സംഭവിക്കാന്‍ ഇടയുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. അതുകൊണ്ട് തന്നെ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സാധിക്കുന്ന തരത്തില്‍ വെള്ളവും മറ്റ് പാനീയങ്ങളും കൂടെ കരുതുന്നത് നല്ലതാണ്. മിനയിലും മറ്റുമുള്ള ടെന്റുകളില്‍ അത് വളരെ അനിവാര്യമാണ്.
4) സൂര്യാഘാതം തടയാനുള്ള ഉപകരണങ്ങള്‍: കടുത്തചൂടും വെയിലുമുള്ള പ്രദേശമാണ് ഹറമിന് ചുറ്റുമുള്ളത്. ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും ശീതീകരണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുടപോലുള്ള വെയില് തടയുന്ന ഉപകരണങ്ങളും കുട്ടികള്‍ക്ക് സണ്‍ബേണ്‍ തടയാനുള്ള സൗകര്യങ്ങും സജ്ജീകരണങ്ങളും കൂടെ കരുതണം.
5) രോഗപ്രതിരോധത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുക: കുട്ടികള്‍ക്ക് സാധാരണ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് പരിഹാരമാകുന്ന പ്രാഥമിക ഒരുക്കങ്ങള്‍ നാം ചെയ്യേണ്ടതുനണ്ട്. അത്യാവശ്യ മരുന്നുകളും പ്രഥമശുശ്രൂഷാ ഉപകരണങ്ങളും കൂടെ കരുതണം. പനി, തലവേദന, ജലദോശം എന്നിവയെ തടുക്കുന്ന പ്രതിരോധ മരുന്നുകളും സൂക്ഷിക്കണം.
6) ചുമക്കുള്ള മരുന്ന്: ഹറമിലെ ആളുകളുടെ ആധിക്യം കൊണ്ടും തിരക്കുകൊണ്ടും പൊടിപടലങ്ങള്‍ കൊണ്ടും രാത്രി മഞ്ഞ് കൊണ്ടും ചുമപോലുള്ള രോഗങ്ങള്‍ പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സൗജന്യമായി മക്കയില്‍ വിതരണം ചെയ്യപ്പെടുന്ന മരുന്നുകള്‍ക്ക് പുറമേ സാധാരണ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളും കൂടെ കൊണ്ടുപോകേണ്ടതുണ്ട്.
7) അറഫയിലെ പ്രാര്‍ത്ഥനയില്‍ കുട്ടികളെ കൂടെ കൂട്ടുക: കുട്ടികളെ ഹജ്ജിന്റെ ഓരോ കര്‍മങ്ങളിലും സഹായിക്കണം. അറഫയില്‍ നില്‍കുമ്പോഴുള്ള പ്രാര്‍ത്ഥനയില്‍ അവരെ പ്രത്യേകം ഉള്‍പ്പെടുത്തണം. പ്രാര്‍ത്ഥനയില്‍ മക്കളെ കൂടി പങ്കെടുപ്പിക്കണം.
8) മുസ്ദലിഫയിലെ തണുത്ത രാത്രിക്ക് വേണ്ടി തയ്യാറെടുക്കുക: സാധാരണ മുസ്ദലിഫയിലെ രാത്രി വളരെ തണുപ്പുള്ളതാകും. അതുകൊണ്ട് തന്നെ അതിന്ന് നന്നായി തയ്യാറാകേണ്ടതുണ്ട്. തണുപ്പ് തടയാന്‍ സഹായിക്കുന്ന പുതപ്പുകളും രോമവിരിപ്പുകളും സൂക്ഷിക്കണം. കുട്ടികളെ തണുപ്പില്‍ നിന്ന് രക്ഷിക്കാന്‍ അത് അനിവാര്യമാണ്.
9) കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സൗകര്യങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കുക: ഹജ്ജ് സീസണില്‍ സൗദീ സര്‍ക്കാറും മറ്റ് ഹജ്ജ് സേവന സംഘങ്ങളും കുട്ടികളുടെ ഹജ്ജ് നിര്‍വഹണത്തിന് സഹായകമാകുന്ന സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്നും എവിടെയാണ് അവ ലഭിക്കുകയെന്നും മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടതുണ്ട്. കുട്ടികള്‍ക്ക് വേണ്ട പ്രത്യേക പോഷകാഹാരങ്ങളും ഇവിടെ ലഭ്യമാണ്.
10) കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ കരുതുക: കുട്ടികള്‍ക്ക് ഹജ്ജിനിടയിലെ ഒഴിവുസമയങ്ങള്‍ ചിലവഴിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ചെറിയ കളിപ്പാട്ടങ്ങള്‍ കരുതാവുന്നതാണ്. രക്ഷിതാക്കള്‍ ആരാധനയിലും പ്രാര്‍ത്ഥനകളിലും മുഴുകിയ സന്ദര്‍ഭത്തില്‍ കുട്ടികള്‍ ശല്ല്യപ്പെടുത്താതിരിക്കാന്‍ ഇത് നല്ലതാണ്.
11) കുട്ടികള്‍ക്ക് ശയ്യോപകരണങ്ങള്‍ കരുതുക: കുട്ടികള്‍ക്ക് സാധാരണ രീതിയിലുള്ള ഉറക്കം നഷ്ടപ്പെടുന്നത് ഹജ്ജിനിടയില്‍ ക്ഷീണം വര്‍ദ്ധിക്കാന്‍ കാരണമാകും. അതുകൊണ്ട് തന്നെ അവരുടെ ഉറക്കം നഷ്ടപ്പെടാത്ത രീതിയില്‍ അവര്‍ക്കാവശ്യമായ ശയ്യോപകരണങ്ങള്‍ കൂടെ കരുതുന്നത് നല്ലതാണ്.
എല്ലാ മുന്‍കരുതലുകള്‍ക്കും ഉപരിയായി തങ്ങളുടെ ഹജ്ജിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഞങ്ങളുടെ നാഥാ! നീ ഞങ്ങളിരുവരെയും നിന്നെ അനുസരിക്കുന്നവരാക്കേണമേ! ഞങ്ങളുടെ സന്തതികളില്‍നിന്ന് നിന്നെ വഴങ്ങുന്ന ഒരു സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരേണമേ! ഞങ്ങളുടെ ഉപാസനാക്രമങ്ങള്‍ ഞങ്ങള്‍ക്കു നീ കാണിച്ചു തരേണമേ! ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കേണമേ; സംശയമില്ല, നീ പശ്ചാത്താപം ഉദാരമായി സ്വീകരിക്കുന്നവനും കരുണാമയനും തന്നെ.’
- ജുമൈല്‍ കൊടിഞ്ഞി