Back To Top

 ബലിമാംസം ഇസ്‌ലാമേതര വിഭാഗങ്ങള്‍ക്ക്

ബലിമാംസം ഇസ്‌ലാമേതര വിഭാഗങ്ങള്‍ക്ക്

Spread the love

ബലിപെരുന്നാളിന് മുന്നോടിയായി മുസ്‌ലിം സമൂഹങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് വിഷയീഭവിക്കാറുള്ള ധാരാളം കര്‍മശാസ്ത്ര പ്രശ്‌നങ്ങളുണ്ട്. അവയില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഇസ്‌ലാമേതര വിഭാഗങ്ങള്‍ക്ക് ബലിമാംസം നല്‍കാമോ എന്നത്. അനുകൂലമായും പ്രതികൂലമായും ധാരാളം ഫത്‌വകളും അഭിപ്രായങ്ങളും നല്‍കപ്പെട്ട കാര്യമാണിത്. പ്രസ്തുത വിഷയത്തെ പ്രമാണികമായി വിലയിരുത്താനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.

ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളില്‍പെട്ടതാണ് ഇഹ്‌സാന്‍്. ഇസ്‌ലാമിക ശരീഅത്ത് നിഷ്‌കര്‍ഷിക്കുന്ന, മുസ്‌ലിം തന്റെ ഇടപാടുകളില്‍ മാനദണ്ഡമായി സ്വീകരിക്കേണ്ട അടിസ്ഥാന ഗുണമാണത്. ഇസ്‌ലാമേതര വിഭാഗങ്ങളും ഇതില്‍ നിന്ന് ഒഴിവല്ല. അവരോടും നല്ല രീതിയില്‍ വര്‍ത്തിക്കുകയും, അവര്‍ക്ക് നന്മ ചെയ്യുകയും, അവരോട് കുടുംബ ബന്ധങ്ങള്‍ പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു ‘മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.’ (മുംതഹിന: 8). പ്രവാചക ചര്യയില്‍ നമുക്ക് ഇപ്രകാരം വായിക്കാം. ‘അബൂബക്‌റിന്റെ മകള്‍ അസ്മാഅ്(റ) പറയുന്നു. ‘എന്റെ ഉമ്മ അവര്‍ ബഹുദൈവരാധകയായിരിക്കെ എന്റെയടുത്ത് വന്നിരിക്കുന്നു. അവരോട് കുടുംബ ബന്ധം ചേര്‍ക്കേണ്ടതുണ്ടോ എന്ന് ഞാന്‍ പ്രവാചകന്‍(സ)യോട് അന്വേഷിച്ചു. അദ്ദേഹം അതെയെന്നാണ് പറഞ്ഞത്.’ (ബുഖാരി 5878, മുസ്‌ലിം 1003). ഉമര്‍(റ) മക്കയിലായിരുന്ന തന്റെ സഹോദരന് അയാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് ഒരു പുടവ കൊടുത്തയക്കുകയുണ്ടായി.’ (ബുഖാരി 2619)

മദ്ഹബുകളുടെ നിലപാട്
1. പ്രമുഖ ഹമ്പലി പണ്ഡിതനായിരുന്ന ഇബ്‌നു ഖുദാമ പറയുന്നു ‘അതില്‍ നിന്നും (ബലിമാംസം) സത്യനിഷേധിക്ക് ഭക്ഷിക്കാന്‍ നല്‍കാവുന്നതാണ്. ഹസന്‍, അബൂഥൗര്‍, ഇജ്തിഹാദിന്റെ വക്താക്കള്‍ തുടങ്ങിയവര്‍ ഈ അഭിപ്രായക്കാരാണ്. അവരല്ലാത്തവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇമാം മാലിക് വ്യക്തമാക്കുന്നു…..
നമുക്ക് അത് ഭക്ഷണമായിരിക്കെ, മറ്റുളളവര്‍ക്ക് എന്ത് കൊണ്ട് ഭക്ഷിച്ച് കൂടാ. അതിനാല്‍ തന്നെ മറ്റ് ഭക്ഷണങ്ങളെപ്പോലെ ദിമ്മികള്‍ക്കും ബന്ധികള്‍ക്കും ബലിമാംസം നല്‍കാവുന്നതാണ്. കാരണം അത് ഐഛിക ദാനധര്‍മമാണല്ലോ. എന്നാല്‍ നിര്‍ബന്ധ ദാനധര്‍മം അത് നിഷേധികള്‍ക്ക് നല്‍കാവതല്ല. സകാത്തും, സത്യം ലംഘിച്ചാലുള്ള പ്രായശ്ചിത്തവും പോലുള്ള കാര്യമാണത്’ (അല്‍ മുഗ്‌നി11/111). ഇബ്‌നു മുന്‍ദിറില്‍ നിന്ന് ഇമാം നവവി ഉദ്ധരിക്കുന്നു ‘ബലി മാംസത്തില്‍ നിന്ന് മുസ്‌ലിം ദരിദ്രര്‍ക്ക് നല്‍കാമെന്നതില്‍ ഉമ്മത്ത് ഏകോപിച്ചിരിക്കുന്നു. ദിമ്മികളില്‍പെട്ട ദരിദ്രര്‍ക്ക് നല്‍കാമോ എന്നതില്‍ അവര്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്. പ്രമുഖ താബിഈയായ ഇമാം ഹസന്‍ ബസ്വരി, ഇമാം അബൂ ഹനീഫ, അബൂഥൗര്‍ തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിരിക്കുന്നു. അവരല്ലാത്തവരാണ് മുന്‍ഗണന അര്‍ഹിക്കുന്നതെന്ന് ഇമാം മാലിക് അഭിപ്രായപ്പെടുന്നു. അതിന്റെ തോലോ, മാംസമോ ്രൈകസ്തവര്‍ക്ക് നല്‍കുന്നത് ഇമാം മാലിക് നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. പാചകം ചെയ്തതില്‍ നിന്നാണെങ്കില്‍ പ്രശ്‌നമില്ല, മുസലിംകളോടൊപ്പം ദിമ്മികള്‍ക്കും കഴിക്കാമെന്നാണ് ലൈഥിന്റെ അഭിപ്രായം. ഇത്രയും ഉദ്ധരിച്ചത് ഇബ്‌നുല്‍ മുന്‍ദിറില്‍ നിന്നുള്ള വാചകങ്ങളാണ്. എന്റെ ആളുകള്‍ക്ക്(പൂര്‍വകാല ശാഫിഈ പണ്ഡിതര്‍) ഇതില്‍ പ്രത്യേക അഭിപ്രായം കണ്ടിട്ടില്ല. ചുരുക്കത്തില്‍ ഐഛികമായ ബലിമാംസത്തില്‍ നിന്നും അവര്‍ക്ക് കൊടുക്കാമെന്നത് തന്നെയാണ് അഭിപ്രായം’ (അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ് 8/316).

ശാഫിഈ പണ്ഡിതനായ ഖത്വീബ് ശര്‍ബീനി പറയുന്നു. ‘മുസ്‌ലിം എന്ന നിബന്ധനയോടെ മറ്റുള്ളവര്‍ പുറത്തായിരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ബലിമാംസം നല്‍കാവതല്ല, ബുവൈത്വയില്‍ വ്യക്തമാക്കപ്പെട്ടത് പോലെ. ദിമ്മികളില്‍പെട്ടവര്‍ക്ക് നിര്‍ബന്ധബലിയില്‍ നിന്ന് പാടില്ല ഐഛിക ബലിമാംസത്തില്‍ നിന്ന് നല്‍കാവുന്നതാണെന്ന് മജ്മൂഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അഭിപ്രായത്തില്‍ അദ്‌രഇ അല്‍ഭുതം പ്രകടപ്പിക്കുകയാണുണ്ടായത്(അല്‍ ഇഖ്‌നാഅ 7/18). മറ്റൊരു ശാഫിഈ പണ്ഡിതനായ അബൂ യഹ്‌യാ സകരിയ്യാ അല്‍അന്‍സാരി പറയുന്നു. ‘ബലിമാംസത്തില്‍ നിന്ന് ദിമ്മികള്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ ശറഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നമ്മുടെ മദ്ഹബിന്റെ ആളുകള്‍ക്ക് (ശാഫിഈ) ഇതില്‍ അഭിപ്രായമുള്ളതായി കണ്ടിട്ടില്ലെന്നും, ഐഛിക ബലിയില്‍ നിന്ന് അവര്‍ക്ക് നല്‍കാമെന്നതാണ് പൊതു അഭിപ്രായമെന്നും ഇമാം നവവി പറയുന്നു. മുസ്‌ലിം എന്ന ശാരിഹി(വിശദീകരിച്ചയാള്‍)ന്റെ നിബന്ധനക്ക് വിപരീതമാണ് ഈ അഭിപ്രായം. ദിമ്മികളിലെ ദരിദ്രര്‍ക്കും നല്‍കാമെന്നതിന് പറ്റിയ വല്ല നിബന്ധനയും അവിടെയുണ്ടോ? സത്യനിഷേധികള്‍ അവര്‍ സമ്പന്നാരണെങ്കിലും നിരുപാധികം നല്‍കാമോ? ദിമ്മകളെല്ലാത്തവര്‍ക്കും ഇത് ബാധകമാണോ? തുടങ്ങിയ വിഷയങ്ങളില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. ദിമ്മികളും മറ്റുള്ളവരും തമ്മില്‍ ഇക്കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.’ മുകളിലുദ്ധരിച്ച ഇമാം നവവിയുടെ അഭിപ്രായം പരാമര്‍ശിച്ച് താജുദ്ദീന്‍ സുബുകി പറയുന്നു. ഇമാം ശാഫിഈ പറയുന്നു. മുസ്‌ലിംകളെല്ലാത്ത ആര്‍ക്കും ബലിമാംസത്തില്‍ നിന്ന് നല്‍കാവതല്ല. ബുവൈത്വിയില്‍ അത് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു’ (ത്വബകാത്ത് ശാഫിഇയ്യത്തുല്‍ കുബ്‌റാ 3/105).

ചുരുക്കത്തില്‍ ബലിമാംസത്തില്‍ നിന്ന് നിഷേധികള്‍ക്ക് നല്‍കാവതല്ല എന്നാണ് ഭൂരിപക്ഷ ശാഫിഈ പണ്ഡിതരുടെയും അഭിപ്രായം. ഐഛിക ബലിയില്‍ നിന്ന് നല്‍കാമെന്നാണ് അവരില്‍ ചിലരുടെ അഭിപ്രായം. ഇപ്രകാരം ശാഫിഈ മദ്ഹബില്‍ തന്നെ ഇവ്വിഷയകമായി വിവിധാഭിപ്രായങ്ങള്‍ രൂപപ്പെടാനുള്ള കാരണം മാലികി പണ്ഡിതനായ ദസൂഖി വ്യക്തമാക്കുന്നുണ്ട്. ‘ബലിമാംസത്തില്‍ നിന്നും നിഷേധികള്‍ക്ക് കഴിക്കല്‍ അനുവദനീയമാണെന്ന് ഇമാമില്‍(ശാഫിഈ) നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീട് അത് അനഭിലഷണീയമാണെന്ന് അദ്ദേഹം മാറ്റി. അതാണ് പ്രസിദ്ധമായ അഭിപ്രായവും. ഇബ്‌നു റുഷ്ദ് പറയുന്നു. ‘ഇമാം മാലികിന് ഈ വിഷയത്തില്‍ രണ്ടഭിപ്രായമാണ് ഉള്ളത്. മുസ്‌ലിമിന്റെ സംരക്ഷണത്തില്‍ പെട്ടവനോ, അവന്റെ കൂടെയുള്ളവനോ ആണ് നിഷേധിയെങ്കില്‍ അവര്‍ക്ക് ഭക്ഷിക്കാമെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. അല്ലാത്ത പക്ഷം പറ്റുകയില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍. എന്നാല്‍ ഇബ്‌നുല്‍ ഹാജിബ് പറയുന്നു. ഇമാം മാലികില്‍ നിന്നും ഉദ്ധരിക്കപ്പെട്ട രണ്ടഭിപ്രായങ്ങളും നിരുപാധികമാണ്. മുസ്‌ലിമിന്റെ സംരക്ഷണത്തിന് കീഴിലാണെങ്കിലും അല്ലെങ്കിലും എന്നര്‍ത്ഥം. എന്നാല്‍ ഇബ്‌നു ഹുബൈബിന് മറ്റൊരു വീക്ഷണമാണുള്ളത്. ‘ഇമാം മാലികിന്റെ രണ്ടഭിപ്രായങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യമൊന്നും ഇല്ല. അദ്ദേഹം നിരുത്സാഹപ്പെടുത്തിയത് സംരക്ഷണത്തിന് കീഴിലോ, കുടുംബത്തിലേക്ക് എത്തിയവരോ അല്ലാത്തവരുടെ കാര്യത്തിലാണ്. അദ്ദേഹം അനുവദിച്ചത് ഈ പറഞ്ഞ രണ്ട് വിഭാഗത്തിന് മാത്രമാണ്’ (ഹാശിയത്തുദ്ദസൂഖി അലശ്ശറഹില്‍ കബീര്‍ 2/392).

ഹനഫി ശാഖകളില്‍പെട്ട ‘ഹിന്‍ദിയ്യ’യില്‍ പറയുന്നു. ‘ഐഛിക ദാനധര്‍മം ദിമ്മികള്‍ക്ക് നല്‍കാവുന്നതെന്നതില്‍ ഏകാഭിപ്രായമാണുള്ളത്’. എന്നാല്‍ യുദ്ധം ചെയ്യുന്ന, അഭയം തേടി വന്നവന് നിര്‍ബന്ധ ദാനമോ മറ്റോ നല്‍കരുതെന്നത് ഇജ്മാഅ് ആണ്. ഐഛികമായത് കൊടുക്കുന്നത് കൊണ്ട് വിരോധമില്ല.’ (അല്‍ഹിന്ദിയ്യ 1/188)

ഹനഫീ പണ്ഡിതനായ അബ്ദുല്‍ ഹമീദ് ത്വഹ്മാസ് പറയുന്നു ‘ബലിമാംസത്തില്‍ നിന്ന് സത്യനിഷേധിക്കും നല്‍കാവുന്നതാണ്. ഹസന്‍, അബൂഥൗര്‍ തുടങ്ങിയവരുടെ അഭിപ്രായവും ഇത് തന്നെയാണ്. അവരല്ലാത്തവരാണ് മുന്‍ഗണന അര്‍ഹിക്കുന്നതെന്നാണ് ഇമാം മാലികിന്റെ അഭിപ്രായം. സത്യനിഷേധികള്‍ക്ക് നല്‍കുന്നുവെന്നത് മുസ്‌ലിംകള്‍ക്ക് നാം മുന്‍ഗണന നല്‍കുന്നില്ല എന്നതിനെയല്ല കുറിക്കുന്നത്. മറിച്ച് അവര്‍ക്ക് കൂടി അനുവദനീയമായ ഭക്ഷണമാണ് അതെന്നതാണ് അതിന്റെ അര്‍ത്ഥം. അതിനാല്‍ മറ്റ് ഐഛിക ദാനധര്‍മ്മങ്ങളെപ്പോലെ ദിമ്മികള്‍ക്കും ബന്ധികള്‍ക്കും അതില്‍ നിന്ന് നല്‍കാവുന്നതാണ്. എന്നാല്‍ നേര്‍ച്ചയാക്കപ്പെട്ട ബലി പോലെ നിര്‍ബന്ധ ബാധ്യതകളില്‍പെട്ടവയില്‍ നിന്ന് സത്യനിഷേധിക്ക് നല്‍കാവതല്ല. കാരണം അത് നിര്‍ബന്ധ ദാനധര്‍മമാണ്’ (അല്‍ഫിഖ്ഹുല്‍ ഹനഫീ ഫീ ഥൗബിഹീ അല്‍ജദീദ് ഭാ 5 പേജ് 217218).

പരിഗണനീയമായ അഭിപ്രായം
ബലിമാംസത്തില്‍ നിന്നും സത്യനിഷേധിക്കും നല്‍കാമെന്ന ഇമാം അബൂ ഹനീഫ, അഹ്മദ് തുടങ്ങിയവരുടെയും മറ്റുള്ളവരുടെയും അഭിപ്രായമാണ് പരിഗണനീയമായിട്ടുള്ളത്. കാരണം വിശുദ്ധ ഖുര്‍ആന്‍ ബലിമാംസത്തിന്റെ അവകാശികളെക്കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്. ‘ അങ്ങനെ പാര്‍ശ്വങ്ങളിലേക്ക് അവ വീണുകഴിഞ്ഞാല്‍ നിങ്ങളവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവരെയും ചോദിച്ചുവരുന്നവരെയും തീറ്റിക്കുക.’ (ഹജ്ജ് 36) ഇവിടെ ദാരിദ്ര്യത്തെയും പട്ടിണിയെയും അല്ലാഹു ഇസലാം കൊണ്ട് അതിര് കെട്ടുകയോ, നിബന്ധന വെക്കുകയോ ചെയ്തിട്ടില്ല. ഇക്‌രിമ പറയുന്നു ‘കഷ്ടപ്പെടുന്നവന്‍ എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത് ദരിദ്രനെയും ചോദിക്കാന്‍ മടിക്കുന്നവനെയുമാണ്’ (തഫ്‌സീറുത്വബ്‌രി 9/139).

‘ഖാനിഅ്’ എന്നതിന്റെ അര്‍ത്ഥം കിട്ടിയത് കൊണ്ട് തൃപ്തിയടയുന്നവന്‍ എന്നാണ്. അവന്‍ മറ്റുള്ളവരോട് ചോദിക്കുകയില്ല.

‘മുഅതര്‍റ്’ എന്നാല്‍ ചോദിക്കുന്നവന്‍ എന്നാണര്‍ത്ഥം. ഇമാം ആലൂസി തന്റെ തഫ്‌സീറില്‍ ഖാനിഅ് വിശദീകരിക്കുന്നത് ഇപ്രകാരമാണ് ‘തന്റെ കയ്യിലുള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവനാണ് ‘ഖാനിഅ്’. അവന്‍ മറ്റുള്ളവരോട് ചോദിക്കുകയില്ല. ‘മുഅ്തര്‍റ്’ എന്നാല്‍ തന്റെ ആവശ്യം മറ്റുള്ളവരോട് ചോദിക്കുന്നവനാണ് (റൂഹുല്‍ മആനി 9/150).

ബലിദാനം നടത്തിയവന് സമ്പന്നനായിരിക്കെത്തന്നെ തന്റെ ബലിയില്‍ നിന്ന് ഭക്ഷിക്കാമെങ്കില്‍ ദരിദ്രനെന്നോ, സമ്പന്നനെന്നോ വ്യത്യാസമില്ലാതെ മുസ്‌ലിമിനും നിഷേധിക്കും അതില്‍ നിന്ന് നല്‍കാവുന്നതാണ്. രക്തമൊഴുക്കുന്നതും ദാനം ചെയ്യുന്നതും ഐഛികമായ ആരാധനയാണ്. അത് മറ്റ് ദാനധര്‍മങ്ങളെപ്പോലെ സമ്പന്നര്‍ക്കും, നിഷേധിക്കും നല്‍കാവുന്നതാണ്. ഒരുപക്ഷെ നിഷേധിക്ക് ഇസ്‌ലാമിനോട് താല്‍പര്യമുണ്ടാക്കാന്‍ അത് വഴിവെച്ചേക്കും. അവനെ നിഷേധത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അതിന് സാധിച്ചേക്കും. എന്നാല്‍ ചില ശാഫിഈകള്‍ ബലിമാംസത്തെ സകാത്തുമായി ഖിയാസ് ചെയ്തത് യോജിച്ച വിധത്തിലല്ല, അത് ശരിയുമല്ല. കാരണം സകാത്ത് നല്‍കുന്നവന് അതില്‍ നിന്ന് ഉപയോഗിക്കാനോ, നിഷേധിക്ക് കൊടുക്കാനോ അനുവദിക്കപ്പെടുകയില്ല. കാരണം അവ പൂര്‍ണമായ അര്‍ത്ഥത്തിലുള്ള ആരാധനയാണ്. എന്നാല്‍ ബലിയിലെ ആരാധന അത് അറുക്കുന്നതിലാണ്. അതിലെ മാംസം വിതരണം ചെയ്യുന്നതിലല്ല. അതിനാല്‍ അതില്‍ തനിക്കനുവദനീയമായ വിധത്തില്‍ തന്നെ മറ്റുള്ളവര്‍ക്കും നല്‍കാവുന്നതാണ്. കരാറിലുള്ള നിഷേധിക്ക് ഭക്ഷണം കൊടുക്കുന്നതോ, അവനോട് കുടുംബ ബന്ധം പുലര്‍ത്തുന്നതോ, അവര്‍ക്ക് പുണ്യം ചെയ്യുന്നതോ അല്ലാഹു വിലക്കിയിട്ടില്ല. മാലികികള്‍ പറയുന്നത് പോലെ അതില്‍ അനഭിലഷണീയമായതൊന്നുമില്ല താനും. ബലി അറുക്കുന്നതോടെ ആരാധന പൂര്‍ണമായി. മാംസത്തിന്റെ കാര്യത്തില്‍ അത് ബാധകവുമല്ല. ബലിയറുത്തവന് അതില്‍ നിന്ന് ഭക്ഷിക്കാവുന്നത് പോലെ സമ്പന്നര്‍ക്കും നിഷേധിക്കും അതില്‍ നിന്ന് നല്‍കാവുന്നതാണ്. എന്നാല്‍ ഈ വിഷയത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ആവശ്യക്കാരായ വിശ്വാസികള്‍ക്ക് തന്നെയാണ്. മുസലിംകളിലെ ദരിദ്രരെ പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. അതിന് ശേഷം ഇസ്‌ലാമേതര വിഭാഗങ്ങള്‍ക്കും നല്‍കാവുന്നതാണ്.

– അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Prev Post

ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നതിലെ യുക്തി

Next Post

കുട്ടികളെ ഹജ്ജിന് കൊണ്ടു പോകുന്നവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍

post-bars

Related post

You cannot copy content of this page