Back To Top

 ഇഹ്‌റാമിലെ സെല്‍ഫിയും പ്രകടനപരതയും

ഇഹ്‌റാമിലെ സെല്‍ഫിയും പ്രകടനപരതയും

Spread the love

മക്കയുടെ ചുറ്റിലും നടക്കുന്നതും, ഹജറുല്‍ അസ്‌വദ് മുത്തുന്നതും, സഫ മര്‍വ കുന്നുകളില്‍ നില്‍ക്കുന്നതും, മസ്ജിദുനബവിയുടെ ഖുബ്ബയുടെ മുന്നില്‍ നില്‍ക്കുന്നതുമെല്ലാം ക്യാമറകളുപയോഗിച്ച് പകര്‍ത്തുന്നത് ഇന്ന് നിത്യകാഴ്ചയാണ്. പണ്ഡിതന്മാരുടെയും മറ്റു തീര്‍ഥാടകരുടെയും വിമര്‍ശനങ്ങളും അതൃപ്തിയുമെല്ലാം അവഗണിച്ച്, തീര്‍ഥാടകരെയും സന്ദര്‍ശകരെയും കൂടി സെല്‍ഫി ജ്വരം ബാധിച്ചിരിക്കുന്നു.

സൂര്യനെ അഭിമുഖീകരിച്ച് കൈയ്യുയര്‍ത്തി പ്രാര്‍ഥിക്കുന്ന ഒരു കുടുംബത്തെ കണ്ടപ്പോള്‍, എന്താണിവര്‍ ചെയ്യുന്നതെന്ന് അമ്പരന്നപ്പോഴാണ് അവര്‍ക്ക് മുമ്പില്‍ ഫോട്ടോ എടുക്കുന്നയൊരാളെ കൂടി കണ്ടതെന്ന്, വിദ്യാര്‍ഥിനിയായ സഹ്‌റ മുഹമ്മദ് പറയുന്നു. മസ്ജിദുല്‍ ഹറമിനെ പശ്ചാതലമാക്കി സെല്‍ഫിയെടുക്കുകയും ശേഷമത് ഫേസ്ബുക് പോലുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ആഘോഷിക്കുകയും കേവല പൊങ്ങച്ച പ്രകടനത്തിനു വേണ്ടി ഇബാദത്തിന്റെ വില നശിപ്പിക്കുകയും ചെയ്യുന്നവരാണിന്ന് പലരും.

മക്കയിലെയും മദീനയിലെയും ഓരോ ചലനങ്ങളും പകര്‍ത്താനും അവ ഷെയര്‍ ചെയ്യാനുമുള്ള തിടുക്കം വിശുദ്ധ മസ്ജിദുകള്‍ക്കകത്ത് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ആരാധനാകര്‍മങ്ങളിലൂടെ ലഭിക്കുന്ന യഥാര്‍ഥ അനുഭൂതിയെയും ഫലങ്ങളെയും ബാധിക്കുമെന്ന് പണ്ഡിതന്മാര്‍ ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍വ്വഹിക്കുന്ന ഹജ്ജ് പോലുള്ള കര്‍മങ്ങളില്‍.
ജിദ്ദയിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് അസീം അല്‍ ഹകീം പറയുന്നു:  ഫോട്ടോഗ്രഫിയെ കുറിച്ചുള്ള കര്‍മശാസ്ത്ര ഭിന്നതകള്‍ക്കെല്ലാമപ്പുറത്ത്, ഹജ്ജിലും ഉംറയിലും ഇത്തരം പ്രവൃത്തികള്‍ പാടില്ലെന്നത് തര്‍ക്കരഹിതമാണ്. പ്രവാചക സുന്നത്തിന് നിരക്കാത്തതും ഹജ്ജിന്റെയും ഉംറയുടെയും ഉദ്ദേശശുദ്ധിയെയും, അതിന്റെ ആത്മാവിനെയും, പൂര്‍ണ്ണതയെയും ബാധിക്കുന്നതുമാണത്. പ്രവാചകന്‍ ഹജ്ജിന്റെ വേളയില്‍ പ്രാര്‍ഥിച്ചു: ‘മേനിപറച്ചിലും, പ്രകടനപരതയുമില്ലാത്ത ഒരു ഹജ്ജ് നിര്‍വ്വഹിക്കാന്‍ തുണക്കണേ’ എന്നായിരുന്നു.

പ്രമുഖ പണ്ഡിതന്‍ അബ്ദുറസാഖ് ബദ്ര്‍ പറയുന്നു:  ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫോട്ടോയെടുക്കലും മറ്റും ആശാസ്യമല്ല. പ്രവാചകന്‍ ഹജ്ജില്‍ പ്രവേശിക്കുമ്പോള്‍ പറഞ്ഞു: രിയാഅും (പ്രകടനപരത) പ്രശസ്തിയില്ലാത്തതുമായ ഒരു ഹജ്ജാക്കി തരണമേ! ഇഹ്‌റാമിന്റെ സന്ദര്‍ഭത്തിലാണ് ഈ പ്രാര്‍ഥന നടത്തുന്നത്. ഇതിന് ശേഷമുള്ള ഓരോ പ്രവൃത്തിയും സ്വന്തം മനസ്സിനും വികാരത്തിനുമെതിരായ പ്രയത്‌നമാണ്. എന്നാല്‍ ഇന്ന് ഇഹ്‌റാം മുതല്‍ ആളുകള്‍ ഫോട്ടോ എടുക്കുകയാണ്. തുടര്‍ന്ന് തവാഫിലും, അറഫയിലും, ജംറയിലും ഇത് തുടരുന്നു. ഫോട്ടോയെടുപ്പാണ് യാത്രയുടെ ഉദ്ദേശ്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍.

സ്മാര്‍ട്ട് ഫോണുകളുടെ വില്‍പനയും ഉപയോഗവും വര്‍ധിച്ചതാണ് ഇത്രമേല്‍ സെല്‍ഫിയും ഫോട്ടോ ഷൂട്ടുകളും വിശുദ്ധഭവനങ്ങള്‍ക്കകത്ത് വരെ നിറയാന്‍ ഒരു കാരണം. പ്രഫഷണല്‍ കാമറ പള്ളിക്കകത്തേക്ക് കൊണ്ടുപോകുന്നതിന് ഇന്നും വിലക്കുകളുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ ക്യാമറയുള്ള ഫോണുകള്‍ പള്ളിക്കകത്തേക്ക് കൊണ്ടു പോകുന്നതും വിലക്കിയിരുന്നു. എന്നാല്‍ ഈ വിലക്കുകളില്‍ അധികൃതര്‍ അയവ് വരുത്തിയതാണ് ഇപ്പോള്‍ ആളുകള്‍ക്ക് സൗകര്യമായത്. തടുക്കാനാവാത്ത പകര്‍ച്ചാവ്യാധിയാണിതെന്ന് ശൈഖ് അബ്ദുറസാഖ് പറയുന്നു.

ഇത്തരം പ്രവൃത്തികള്‍ ഹജ്ജിന്റെ ആത്മാവിനെ ചോര്‍ത്തും. മബ്‌റൂര്‍ ആയ ഹജ്ജ് കര്‍മം നിറവേറ്റാന്‍ ഉദ്ദേശിക്കുന്നവര്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ തങ്ങളുടെ കീഴില്‍ വരുന്നവരെ ഉദ്‌ബോധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു.

  • അഫീഫ ജബീന്‍ ഖുറൈശി
Prev Post

ബലിയറുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നഖവും മുടിയും വെട്ടുന്നതിന്റെ വിധി

Next Post

രക്തത്തിന്റെ പവിത്രത

post-bars

Related post

You cannot copy content of this page