ഹജ്ജിന്റെയും ഉംറയുടെയും സാങ്കേതിക പദാവലികൾ
ഹജ്ജിന്റെയും ഉംറയുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിൽ പ്രാധാന്യം കൽപിക്കപ്പെടുന്ന നിരവധി സാങ്കേതിക പദാവലികളുണ്ട്. ഹജ്ജും ഉംറയും ചെയ്യുന്നവർക്ക്(ഹാജിയും മുഅ്തമിറും) ഉപകാര പ്രദമാകുന്ന ചില പദാവലികൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ താൽപര്യം. ഹജ്ജും ഉംറയും പൂർണാർഥത്തിൽ അനുവർത്തിക്കാനും അവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നും അനാവരണം ചെയ്യാൻ ഇത് സഹായകമാകും.
ഫവാത്ത്: ഒരു പ്രവർത്തനം അതിന്റെതായ സമയത്ത് ചെയ്യാതിരിക്കലാണ് ഫവാത്ത്. ഇവിടെ അതുകൊണ്ടുള്ള താൽപര്യം അറഫയിലെ നിർത്തം നഷ്ടമാകൽകൊണ്ട് ഹജ്ജ് നഷ്ടമാകുകയെന്നതാണ്. ഉംറക്ക് പ്രത്യേകമായ സമയില്ലാത്തതിനാൽതന്നെ അത് നഷ്ടമാവുകയില്ല.
ഇഹ്‌സ്വാർ: ശത്രു, രോഗം പോലെ ആരാധന കർമങ്ങളിൽ ഹാജിയെയും മുഅ്തമിറിനെയും തടയുന്നവ.
ആഫാഖിയ്: ഇഹ്‌റാമിന് നിശ്ചയിക്കപ്പെട്ട മീഖാത്തിന് പുറത്തുള്ളവൻ, അതിനി മക്കക്കാരനാണെങ്കിലും ശരി. അതേസമയം, മീഖാത്തിന് അകത്തുള്ളവന് അൽആഫാഖിയുൽ ഹല്ലിയ് എന്നാണ് പറയുന്നത്. മക്കയുടെ ഹറമിന്റെ അതിർത്തിക്കകത്തുള്ളവനെ ഹറമിയ് എന്നും പറയുന്നു.
ഇസ്തിലാം: ഹജറുൽ അസ്‌വദ് ചുംബിക്കുകയോ സ്പർശിക്കുകയോ ചെയ്യുക. ശക്തമായ തിരക്കില്ലാത്ത സമയത്തത് സുന്നത്താണ്. എന്നാൽ, തിരക്കുള്ള സമയമാണെങ്കിൽ ഇസ്തിലാമിനെക്കാൾ കൈ അങ്ങോട്ട് നീട്ടി കൈ ചുംബിക്കുന്നതാണ് ഉത്തമം.
ഇള്തിബാഅ്: ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കൽ. വലതുഭാഗത്തെ കക്ഷത്തിലൂടെ എടുത്ത് ഇടതു ചുമലിൽ ഇടുന്ന രൂപം.
തൽബിയത്: ഇഹ്‌റാമിന് ശേഷം ഹാജിയും മുഅ്തമിറും: ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്, ഇന്നൽ ഹംദ വന്നിഅ്മത്ത ലക വൽമുൽക്, ലാ ശരീക്ക ലക്. എന്ന് ചൊല്ലൽ.
ഇഹ്‌റാം: ഹജ്ജിനെയും ഉംറയെയും മഹത്തരമാക്കുന്ന കാര്യങ്ങളിൽ പ്രവേശിക്കൽ. ഇഹ്‌റാം ധരിക്കൽകൊണ്ടോ മീഖാത്തിൽ എത്തൽകൊണ്ടോ അല്ല ഇഹ്‌റാമിന്റെ ആരംഭത്തിലെ നിയ്യത്തുകൊണ്ടാണത് സാധ്യമാവുക. നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ്. ഞാൻ നിയ്യത്ത് ചെയ്യുന്നു എന്ന് ഉച്ചരിക്കൽ സുന്നത്താണ്.
മീഖാത്ത്: ഹാജിമാർക്കും മുഅ്തമിറുമാർക്കും ഇഹ്‌റാം ചെയ്യാനായി ശരീഅത്ത് നിശ്ചയിച്ച സ്ഥലങ്ങളാണ് മീഖാത്തുകൾ. ഹജ്ജും ഉംറയും ഉദ്ദേശിക്കുന്നവർ ഇവിടെ വെച്ചാണ് ഇഹ്‌റാം ചെയ്യേണ്ടത്. ദുൽഹുലൈഫ, ജുഹ്ഫ, ഖർന് മനാസിൽ, യലംലം, ദാതു ഇർഖ് എന്നിവയാണ് ആ സ്ഥലങ്ങൾ.
ഇഫ്‌റാദ്: ഹജ്ജിന് വേണ്ടി മാത്രമായി ഇഹ്‌റാം ചെയ്യൽ.
തമത്തുഅ്: ഹജ്ജ് നാളിന് മുമ്പായി ഉംറ നിർവഹിക്കുകയും പിന്നീട് ഇഹ്‌റാമിൽനിന്ന് ഒഴിവാകുകയും ചെയ്യുക. എന്നിട്ട് ഹജ്ജിന് വേണ്ടി വീണ്ടും ഇഹ്‌റാം ചെയ്യുക. തമത്തുഅ് ചെയ്യുന്ന വ്യക്തിയെ മുതമത്തിഅ് എന്ന് പറയുന്നു.
ഖിറാൻ: ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്‌റാം ചെയ്യുക. അല്ലെങ്കിൽ ഹജ്ജിന്റെ മാസം ഉംറകൊണ്ട് ഇഹ്‌റാം ചെയ്യുകയും പിന്നീട് ഹജ്ജിൽ പ്രവേശിക്കുകയും ചെയ്യുക.
അൽഅജ്ജു വസ്സജ്ജു: തൽബിയത്ത് ഉറക്കെ ആക്കുന്നതിനാണ് അജ്ജെന്ന് പറയുന്നത്. ദരിദ്രരെ ഊട്ടാൻ ആരാധനയെന്ന ഉദ്ദേശത്തോടെ ഉള്ഹിയത്ത്, ഹദിയ് മൃഗങ്ങളുടെ രക്തം ചിന്തുന്നതിനാണ് സജ്ജെന്ന് പറയുന്നത്. ‘ഏറ്റവും നല്ല ഹജ്ജ് അജ്ജും സജ്ജുമാണെന്ന്’ ഹദീസിലുണ്ട്.
ഇഫാളത്ത്: അറഫയിലെ താമസം കഴിഞ്ഞ് പിരിഞ്ഞുപോരുന്നതിനാണ് ഇഫാളത്തെന്ന് പറയുന്നത്. ‘അറഫാത്തിൽ നിന്നു മടങ്ങുമ്പോൾ മശ്അറുൽ ഹറാമിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കുക'(ബഖറ: 198) എന്ന് വിശുദ്ധ ഖുർആനിൽ കാണാം.
റഫസ്, ഫുസൂഖ്, ജിദാൽ: റഫസെന്നാൽ സംയോഗം എന്നാണ് ഉദ്ദേശം. ഇഹ്‌റാമിലായിരിക്കെ അത് നിഷിദ്ധമാണ്. വേട്ട മൃഗത്തെ കൊല്ലൽ, നഖം മുറിക്കൽ തുടങ്ങിയവയെല്ലാം ഫുസൂഖിന്റെ ഭാഗമാണ്. അസഭ്യം പറയലാണ് ഫുസൂഖ് കൊണ്ടുള്ള താൽപര്യമെന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പരസ്പരം തർക്കത്തിലും വാഗ്വാദത്തിലും ഏർപ്പെടലാണ് ജിദാൽ. ഇഹ്‌റാം ചെയ്‌തൊരാളെ സംബന്ധിച്ചിടത്തോളം അതെല്ലാം നിഷിദ്ധമാണ്.
സഅ്‌യ്: സ്വഫാ, മർവ പർവതങ്ങൾക്കിടയിലെ ദൂരം ഏഴ് പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കലാണ് സഅ്‌യ്. ത്വവാഫിന് ശേഷമാണ് ഇത് ചെയ്യേണ്ടത്.
അൽമീലാനുൽ അഖ്‌ളറാനി: സ്വഫാ, മർവക്കിടയിലെ രണ്ട് പച്ച തൂണുകളാണിവ. ഇവക്കിടയിലാണ് ഹാജിയും മുഅ്തമിറും സഅ്‌യ് നടത്തുന്നത്. ഇവ തിരിച്ചറിയാനായി പ്രകാശംകൊണ്ടുള്ള പ്രത്യേക അടയാളങ്ങളോടെയാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.
ത്വവാഫ്: കഅ്ബക്ക് ചുറ്റും തുടർച്ചയായി ഏഴ് പ്രാവശ്യം വലയം വെക്കുന്നതിനാണ് ത്വവാഫ് എന്ന് പറയുന്നത്.
റമൽ: ത്വവാഫിനിടയിൽ കാലുകൾ അടുപ്പിച്ചുവെച്ച് ധൃതിയിൽ നടക്കുന്നതിനാണ് റമൽ എന്ന് പറയുന്നത്. ത്വവാഫിന്റെ ആദ്യ മൂന്ന് വലയത്തിലായി പുരുഷന്മാർക്കാണ് ഇത് സുന്നത്ത്.
ത്വവാഫുൽ ഖുദൂം: ഹജ്ജ് നിർവഹിക്കാൻ വരുന്ന സമയത്ത് ഹാജി നിർവഹിക്കുന്ന ത്വവാഫ്. ഇത് സുന്നത്താണ്.
ത്വവാഫുൽ ഇഫാളത്: അറഫയിൽ രാപ്പാർത്തതിന് ശേഷം പെരുന്നാൾ ദിവസം നിർവഹിക്കുന്ന ത്വവാഫ്. ഇതിന് റുക്‌നുൽ ഹജ്ജെന്നും പറയാറുണ്ട്.
ത്വവാഫുൽ വിദാഅ്: ഹജ്ജിന്റെ എല്ലാ കർമങ്ങളും നിർവഹിച്ചതിനുശേഷം ഹാജി നിർവഹിക്കുന്ന ത്വവാഫ്. സ്വദേശത്തേക്കുള്ള മടക്കത്തിന് തയ്യാറാകലാണത്. ഹജ്ജിൽ നിർബന്ധയ ഈ കർമം ഉംറയിലും ചെയ്യൽ ശ്രേഷ്ഠമായ കാര്യമാണ്.
അയ്യാമുത്തശ്‌രീഖ്: പെരുന്നാൾ ദിവസത്തിനുശേഷമുള്ള മൂന്ന് ദിവസം. അന്നേ ദിവസം അറബികൾ ബലി മൃഗത്തിന്റെ മാംസങ്ങൾ കഷ്ണിക്കുകയും വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. അതുകൊണ്ടാണതിന് അങ്ങനെ പേരുവന്നത്. അയ്യാമുൽ മഅ്ദൂദാത്തെന്നും ഇതിന് പേരുണ്ട്.
അൽഹജ്ജുൽ അക്ബർ: പെരുന്നാൾ ദിവസം. അല്ലാഹു പറയുന്നു: ‘മഹത്തായ ഹജ്ജ് സുദിനത്തിൽ അല്ലാഹുവിന്റെയും റസൂലിന്റെയും പക്കൽ നിന്നു ജനങ്ങൾക്കുള്ള അറിയിപ്പാണിത്'(തൗബ: 3).
യൗമുത്തർവിയ: ദുൽഹിജ്ജ എട്ടാം ദിനമാണത്. അറഫ, മിന എന്നിവിടങ്ങളിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ അന്നേദിവസം അവർ ദാഹമകറ്റുമായിരുന്നു. ഹാജിമാർ രാപ്പാർക്കാനായി മിനയിലേക്ക് പോകുന്ന ദിവസം കൂടിയാണിത്.
യൗമുൽഖർറ്: ബലിപെരുന്നാളിന് തൊട്ടടുത്ത ദിവസമാണിത്. അഥവാ, ദുൽഹിജ്ജ പതിനൊന്നാം ദിവസം. കല്ലേറ് പൂർത്തികരിക്കാനായി ഹാജിമാർ ഈ ദിവസം മിനയിൽ രാപ്പാർക്കുന്നതിനാലാണ് ഇങ്ങനെ പേരുവന്നത്.
യൗമുന്നഹ്ർ: ഈദുൽ അള്ഹായുടെ നാളുകളിൽ ഒന്നാമത്തേത്. അഥവാ, ദുൽഹിജ്ജ പത്ത്. അല്ലാഹുവിലേക്കുള്ള ആരാധനയെന്നോണം ഈ ദിവസം മൃഗങ്ങളെ ബലി നടത്തുന്നതുകൊണ്ടാണ് ഇങ്ങനെ പേരുവന്നത്. കല്ലേറിന് ശേഷം മിനയിൽ വെച്ച് ഉള്ഹിയത്ത് അറുക്കുന്നതിനാണ് നഹ്ർ എന്ന് പറയുന്നത്.
യൗമുന്നഫ്ർ: ജംറയിലെ കല്ലേറിന് ശേഷം ജനങ്ങൾ മിനയിൽനിന്നും മക്കയിലേക്ക് കൂട്ടമായി പോകുന്നതിനാലാണ് ഇങ്ങനെ പേരുവന്നത്. ഒന്നാം യൗമുന്നഫ്‌റെന്നും ഇത് അറിയപ്പെടാറുണ്ട്. ദുൽഹിജ്ജ പന്ത്രണ്ടാം നാളും അയ്യാമുത്തശ്‌രീഖിന്റെ അവസാന നാളുമാണിത്.
ജമ്‌റയിലെ കല്ലേറ്: യൗമുന്നഹ്‌റിലും അയ്യാമുത്തശ്‌രീഖിലും ഹാജിമാർ ചെയ്യുന്ന പ്രവർത്തനമാണിത്. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദീകരിക്കപ്പെട്ടതുപോലെ പ്രത്യേകമായ രീതിയിൽ ഏഴ് കല്ലുകൾ എറിയൽ. മൂന്ന് ജംറകളാണുള്ളത്: ജംറത്തുൽ ഊലാ, ജംറത്തുൽ വുസ്ത്വാ, ജംറത്തുൽ അഖബ. മസ്ജിദുൽ ഖീഫിന് സമീപമാണിത് സ്ഥിതി ചെയ്യുന്നത്.
ഹദ്‌യ്: ഹാജി തീർഥാടനത്തിൽ കൂടെക്കൂട്ടുകയോ അറുക്കുകയെന്ന നിയ്യത്തോടെ വാങ്ങുകയോ ചെയ്യുന്ന മൃഗം. കഅ്ബയിലേക്ക് നൽകുന്ന ഹദിയയാണത്.
തഖ്‌ലീദുൽ ഹദ്‌യ്: ഹദ്‌യാണെന്ന് അറിയിക്കുന്ന തരത്തിൽ തൊലിപോലെയുള്ള എന്തെങ്കിലു വസ്തു ഹദ്‌യ് മൃഗത്തിന്റെ പിരടിയിൽ ചേർത്തുവെക്കുക.
ഇശ്ആറുൽ ഹദ്‌യ്: ഖിബിലക്ക് നേരെ നിർത്തി ഒട്ടകത്തിന്റെ പൂഞ്ഞയുടെ മുകൾഭാഗത്ത് കുത്തി രക്തം ഒലിപ്പിക്കുക. അത് ഹദ്‌യ് മൃഗമാണെന്ന് അറിയാൻ വേണ്ടിയാണത്.
ഫിദിയത്തുൽ അദാ: തുന്നിയ വസ്ത്രം ധരിക്കൽ, സുഗന്ധം പുരട്ടൽ പോലെ ഇഹ്‌റാമിന്റെ സമയത്ത് നിഷിദ്ധമായ എന്തെങ്കിലും ചെയ്താൽ അതിന് പകരമായി അല്ലാഹുവിന് സമർപ്പിക്കുന്നതാണത്.
ബദനത്ത്: കഴുത, പോത്ത് എന്നിവക്കും ഇത് നിരുപാധികം പറയാറുണ്ട്. അതല്ല, ഒട്ടകം, ആട്, മാട് എന്നിവക്ക് പറയുന്നതാണെന്നും അഭിപ്രായമുണ്ട്. അത് ഒട്ടകത്തിന് പ്രത്യേകമായ നാമമാണെന്ന് പറഞ്ഞവരുമുണ്ട്.
മുസ്ദലിഫ: സൂര്യൻ അസ്ഥമിച്ചതിന് ശേഷം മഗ്‌രിബ്, ഇശാഅ് എന്നിവ ജമ്ആയോ ഖസ്വ്‌റായോ നമസ്‌കരിക്കാൻ അറഫിയിൽനിന്നും ഹാജിമാർ ഒരുമിച്ചുകൂടുന്ന ഇടം. ഇവിടെ നിൽക്കൽ നിർബന്ധമാണെന്നത് തന്നെയാണ് മദ്ഹബുകളിലെ എല്ലാവരുടെയും അഭിപ്രായം.
മഖാമു ഇബ്‌റാഹീം: കഅ്ബയുടെ വാതിലിന് നേരെയുള്ള ചില്ലിനുള്ളിലെ നിർമിതി. കഅ്ബ നിർമാണ സയത്ത് ഇബ്‌റാഹീം നബി ചവിട്ടി നിന്ന കല്ലാണ് അതിനകത്തുള്ളത്. കെട്ടിടത്തിന് മുകളിലേക്ക് കല്ലെടുത്തുവെക്കാൻ അതിൽ ചവിട്ടിയാണ് ഇബ്‌റാഹീം നബി കയറിത്. ത്വവാഫിന് ശേഷം അതിനു പിന്നിൽ നിന്ന് രണ്ട് റക്അത്ത് നമസ്‌കരിക്കൽ സുന്നത്തുണ്ട്.
ഖീഫ്: മിനായിലെ ഒരു പ്രദേശം. യൗമുന്നഹ്‌റിൽ ഇമാം മസ്ജിദുൽ ഖീഫിൽ വെച്ചാണ് നമസ്‌കരിക്കുക.
ഹിജ്‌റു ഇസ്മാഈൽ: 1.3 മീറ്റർ ഉയരത്തിൽ കഅ്ബയെ വലയം ചെയ്തു നിൽക്കുന്ന വളയം. അതും കഅ്ബയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ അതിനകത്ത് ത്വവാഫ് ചെയ്താൽ സ്വീകാര്യമാവുകയില്ല.
മുൽതസിം: കഅ്ബയുടെ വാതിലിനും ഹജറുൽ അസ്‌വദിനുമിടയിൽ ഹാജിമാർ പ്രത്യേകം പ്രാർഥന നടത്തുന്ന സ്ഥലം.
റുക്‌നുൽ യമാനി: യമനിന്റെ ഭാഗത്തായതുകൊണ്ടാണ് ഈ പേര് വന്നത്. ത്വവാഫ് ചെയ്യുന്ന വ്യക്തിക്ക് അതിൽ കൈകൊണ്ട് തൊട്ടു ചുംബിക്കൽ സുന്നത്താണ്. തിരക്കാണെങ്കിൽ ചൂണ്ടേണ്ടതുമില്ല.
മീസാബ്: മഴവെള്ളം നീങ്ങാനായി കഅ്ബക്ക് മുകളിൽ സ്ഥാപിതമായ പാത്തി. അതിന് മീസാബുർറഹ്‌മ എന്നും പേരുണ്ട്. കഅ്ബയുടെ വടക്കുഭാഗത്തെ ചുമരിന്റെ പാതിയിലാണിത് സ്ഥിതി ചെയ്യുന്നത്.
വിവ: മുഹമ്മദ് അഹ്‌സൻ പുല്ലൂർ